Sunday, March 01, 2020

🙏🏻🙏🏻🙏🏻🙏🏻🕉🔥🕉🙏🏻🙏🏻🙏🏻🙏🏻
 
       *ശ്രീമദ് ദേവീഭാഗവതം*

           *നിത്യപാരായണം*

                   *ദിവസം 57*

           *3. 20. കന്യാബോധം*


*ഇതി വാദിനി ഭൂപാലേ കേരളാധിപതൌ തദാ*
*പ്രത്യുവാച മഹാഭാഗ യുധാജിദപി പാര്‍ത്ഥിവ:*
*നീതിരിയം മഹീപാല യദ് ബ്രവീതി ഭവാനിഹ*
*സമാജേ പാര്‍ത്ഥിവാനം വൈ സത്യവാഗ്വിജിതേന്ദ്രിയ:*


വ്യാസന്‍ തുടര്‍ന്നു: കേരളരാജ്യത്തെ രാജാവ് ഇങ്ങിനെ ന്യായം പറഞ്ഞപ്പോള്‍ യുധാജിത്ത് അതിനു മറുപടിയായി ഇങ്ങിനെ പറഞ്ഞു: 'അങ്ങ്സത്യവാനും നീതിമാനുമാണ്. എന്നാല്‍ ഇപ്പറയുന്നത് ന്യായമാണോ എന്നുകൂടി നോക്കണം. ഈ പെണ്‍കൊടിയെ മാന്യന്മാരുടെ മദ്ധ്യത്തില്‍ നിന്നും അയോഗ്യനായ ഒരുവന് നല്‍കുക എന്നതിനെ എങ്ങിനെയാണ് ന്യായീകരിക്കുക? സിംഹത്തിനുള്ള ഭാഗം ഒരു കുറുക്കന്‍ വന്നു കട്ട്തിന്നുപോയാല്‍ അതെങ്ങിനെ സമ്മതിക്കാന്‍ പറ്റും? ബ്രാഹ്മണര്‍ക്ക് വേദം ബലം, രാജാക്കന്മാര്‍ക്ക് അസ്ത്രം ബലം, അപ്പോള്‍പ്പിന്നെ ബലമുള്ളവന്‍ കന്യകയെ കൊണ്ട് പോകട്ടെ! അതിലെന്താണ് അന്യായമായുള്ളത്? അതുകൊണ്ട് ഈ വിവാഹം നടത്തേണ്ടത് പന്തയം വെച്ചാണ്. അങ്ങിനെ നീതി നടപ്പാക്കാം. കലഹം ഒഴിവാകുകയും ചെയ്യും.' ഇങ്ങിനെ രാജാക്കന്മാര്‍ തമ്മില്‍ ചര്‍ച്ച തുടരവേ, രാജാവായ സുബാഹുവിനെ അവര്‍ വിളിച്ചു വരുത്തി. ‘അങ്ങ് തന്നെ നീതി നടപ്പിലാക്കിയാലും’ എന്ന് രാജാക്കന്മാര്‍ നൃപമുഖ്യനായ സുബാഹുവിനോട് ആവശ്യപ്പെട്ടു. ബലപരീക്ഷണം നടത്തി വിജയിക്ക് കന്യാദാനം ചെയ്യണം എന്നാണ് അവര്‍ ആഗ്രഹിച്ചത്.

അദ്ദേഹം പറഞ്ഞു: 'എന്റെ മകള്‍ മനസാ വരിച്ചത്‌ സുദര്‍ശനനെയാണ് പോലും. ഞാന്‍ പല തടസ്സങ്ങളും പറഞ്ഞിട്ടും അവള്‍ സമ്മതിക്കുന്നില്ല. അവളുടെ മനസ്സ് എന്റെ വരുതിക്ക് നില്‍ക്കുന്നതല്ലല്ലോ. മാത്രമല്ല ധീരനായ സുദര്‍ശനന്‍ തനിച്ച് ഇവിടെ വന്നിട്ടുമുണ്ട്.'

വ്യാസന്‍ തുടര്‍ന്നു: ആ സദസ്സിലേയ്ക്ക് സുദര്‍ശനന്‍ ക്ഷണിക്കപ്പെട്ടു. ശാന്തനായി അവിടെ വന്ന കുമാരനോട്‌ രാജാക്കന്മാര്‍ ചോദിച്ചു: 'അങ്ങാരാണ്? ഇത്ര പ്രമുഖരായ രാജാക്കന്മാര്‍ നിറഞ്ഞ സദസ്സില്‍ ഏകാകിയായി വന്നു ചേരാന്‍ കാരണമെന്താണ്? നിനക്ക് സൈന്യമോ സമ്പത്തോ ഇല്ലല്ലോ? എന്താണ് നിന്റെ ലക്ഷ്യം? നിന്റെ സഹോദരനും ഈ സ്വയം വരത്തിനു വന്നിട്ടുണ്ടെന്ന് നിനക്കറിയാമല്ലോ? ആ കുമാരനാണെങ്കില്‍ നല്ല സൈന്യബലവും ഉണ്ട്. വീരശൂരപരാക്രമിയായ അവന്‍ യുദ്ധസന്നദ്ധനുമാണ്. നിനക്ക് വേണമെങ്കില്‍ ഇവിടെ നിന്ന് സ്വയംവരം കണ്ടിട്ട് പോകാം അല്ലെങ്കില്‍ ഉടന്‍ സ്ഥലം വിടുക. സ്വന്തമായി സൈന്യമൊന്നും ഇല്ലാത്തവനാണ് നീയെന്നു മറക്കണ്ട.'

സുദര്‍ശനന്‍ പറഞ്ഞു: 'ശരിയാണ് എനിക്ക് ധനമോ സൈന്യമോ ഇല്ല. സഹായത്തിനു രാജാക്കന്മാരുമില്ല. ഈ സ്വയംവരം ഒന്ന് കാണാന്‍ വന്നതാണ് ഞാന്‍. അതിനായി ഭഗവതിയുടെ ആദേശം എനിക്കുണ്ടായി എന്നതാണ് സത്യം. ആ ജഗദംബിക എന്ത് തീരുമാനിച്ചുവോ അത് നടക്കട്ടെ. രാജപ്രമുഖരേ, എനിക്കിവിടെ ആരും ശത്രുവായിട്ടില്ല. എല്ലാടവും ലോകജനനിയായ അംബികയെ മാത്രം കാണുന്ന എനിക്ക് ആരെ ശത്രുവായി കണക്കാക്കാന്‍ കഴിയും? എന്നാല്‍ എന്നോടു വൈരം കാണിക്കുന്നവരെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാന്‍ സാക്ഷാല്‍ ഭഗവതിയുണ്ട് എന്നതാണ് എന്റെ ധൈര്യം. ഏതായാലും വരേണ്ടകാര്യം വഴിയില്‍ തങ്ങില്ല. ഇനി അതെക്കുറിച്ച് വ്യാകുലപ്പെടുന്നതെന്തിനാണ്? ഞാന്‍ ഈശ്വരാധീനനാണ്. ദേവന്മാര്‍ക്കും നരന്മാര്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം എകാശ്രയമായിരിക്കുന്നത് ആ മഹാമായ തന്നെയാണ്. ആ ദേവിയുടെ അഭീഷ്ടത്തിനനുസരിച്ച് ഒരാള്‍ക്ക് രാജാവാകാന്‍ കഴിയും. അയാളെ ക്ഷണത്തില്‍ യാചകനാക്കാനും അതേ ദേവിതന്നെ മതി. ആ പരാശക്തിയുടെ പരമപ്രഭാവം പതിച്ചില്ലെങ്കില്‍ ബ്രഹ്മാവിഷ്ണുഹരന്മാര്‍ പോലും ചൈതന്യഹീനരാണ്. ഞാന്‍ ശക്തനോ അശക്തനോ എന്നൊന്നും നോക്കുന്നില്ല. ദേവി കല്‍പ്പിച്ചു, ഞാനിങ്ങു പോന്നു. സത്യമായും ആ ജഗദംബികയുടെ ഇച്ഛ മാത്രമേ നടക്കുകയുള്ളു. ജയിച്ചാലും ഇല്ലെങ്കിലും മാനാപമാനങ്ങള്‍ എന്നെ ബാധിക്കയില്ല. എനിക്ക് ലജ്ജയില്ല. ലജ്ജ ഭഗവതിക്ക് അധീനമത്രേ!'

വ്യാസന്‍ തുടര്‍ന്നു: രാജാക്കന്മാര്‍ കുമാരനെ ഗുണദോഷിച്ചു: 'നീ പറഞ്ഞത് സത്യമാണ്. അതിനെതിരായി ഒന്നും നടക്കുകയില്ല എന്നും ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഉജ്ജയിനിയിലെ രാജാവ് നിന്നെ വധിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. നിഷ്കളങ്കനായ നീ ആലോചിച്ച് എന്താണെന്ന് വച്ചാല്‍ വേണ്ടതുപോലെ ചെയ്താലും.'

സുദര്‍ശനന്‍ പറഞ്ഞു: 'നിങ്ങള്‍ എന്റെ അഭ്യുദയം കാംക്ഷിക്കുന്ന സുഹൃത്തുക്കള്‍ തന്നെയാണ്. എന്നാല്‍ ഞാന്‍ പറഞ്ഞതില്‍ കൂടുതല്‍ ഒന്നുമെനിക്ക് പറയാനില്ല. ആരുടെ മരണവും നമുക്ക് പ്രവചിച്ചു പറയാനാവില്ല. എല്ലാം ദൈവഹിതം മാത്രമാകുന്നു. പ്രാരബ്ധം, സഞ്ചിതം, വര്‍ത്തമാനം, എന്നീ കാലകര്‍മ്മ സ്വഭാവങ്ങള്‍ കൊണ്ട് ബദ്ധമാണീ ലോകം. സമയമാകാതെ ആര്‍ക്കും ആരെയും കൊല്ലാന്‍ സാദ്ധ്യമല്ല. അത് ദേവന്മാര്‍ക്കും ബാധകമാണ്. വാസ്തവത്തില്‍ കാലമാണ് എല്ലാറ്റിനെയും വകവരുത്തുന്നത്. രണവീരനായ എന്റെ അച്ഛന്‍ മരിച്ചത് സിംഹവുമായി മല്ലടിച്ചാണ്. അമ്മയുടെ അച്ഛന്‍ മരിച്ചത് യുധാജിത്തിന്റെ കൈകൊണ്ടാണ്. എത്ര യജ്ഞങ്ങള്‍ ചെയ്താലും ജനിച്ചവര്‍ മരിക്കുക തന്നെ ചെയ്യും. എനിക്ക് യുധാജിത്തിനെ പേടിയില്ല. കാരണം എല്ലാറ്റിനും മീതെ ദൈവം ഉണ്ടെന്നു ഞാന്‍ സുദൃഢമായി അറിയുന്നു. എന്നും ദേവിയെ പൂജിക്കുന്ന എനിക്ക് ആ അമ്മ ശുഭം കൈവരുത്തുമെന്ന് ഉറപ്പുണ്ട്. കര്‍മ്മഫലം നല്ലതോ ചീത്തയോ ആകട്ടെ അവ അനുഭവിക്കാതെയിരിക്കാന്‍ ആര്‍ക്കും കഴിയില്ല. സ്വകര്‍മ്മഫലം അനഭിമതമാകുമ്പോള്‍ മൂഢരായ ജനങ്ങള്‍ അതിനു മറ്റുള്ളവരെ പഴിചാരി വൃഥാശത്രുതയുണ്ടാക്കുന്നു. ഞാന്‍ സ്വയംവരം കാണാന്‍ ഒറ്റയ്ക്ക് വന്നു. ഇനി നടക്കുംപോലെ നടക്കട്ടെ. ദേവിയുടെ ഇച്ഛ നടപ്പിലാവട്ടെ. എനിക്ക് സര്‍വ്വാശ്രയം ഭഗവതിയാണ്. സുഖദുഃഖങ്ങളേകുന്നത് അവളാണ്. യുധാജിത്ത് യഥേഷ്ടം സുഖിച്ചുകൊള്ളട്ടെ. എന്നോടു വൈരം പുലര്‍ത്തുന്നവര്‍ക്കുള്ള ഫലം ആ ഭഗവതി നല്‍കിക്കൊള്ളും.'

വ്യാസന്‍ തുടര്‍ന്നു: കുമാരന്റെ മറുപടിയില്‍ രാജാക്കന്മാര്‍ തൃപ്തരായി. പിറ്റേന്ന് പ്രഭാതമായപ്പോള്‍ സുബാഹു രാജാക്കന്മാരെ മണ്ഡപത്തില്‍ വരുത്തി. രാജാക്കന്മാര്‍ വെട്ടിത്തിളങ്ങുന്ന വേഷഭൂഷകളോടെ അവിടെ സിംഹാസനങ്ങളില്‍ ഇരുപ്പായി. വിമാനരഥങ്ങളില്‍ ദേവന്മാര്‍ എന്നതുപോലെ രാജാക്കന്മാര്‍ അവിടെ സ്വയംവരപ്പന്തലില്‍ അണിനിരന്നു. ‘അവള്‍ ഇപ്പോള്‍ വരുമായിരിക്കും, ആരാകും ആ ഭാഗ്യവാന്‍’ എന്നെല്ലാം രാജാക്കന്മാര്‍ ചിന്തിച്ചു. 'സുദര്‍ശനന് വരണമാല്യം കിട്ടിയാല്‍ വഴക്കുണ്ടാവും എന്നത് തീര്‍ച്ചയാണ്.’ പെട്ടെന്ന് വാദ്യഘോഷങ്ങള്‍ മുഴങ്ങി. സ്നാനം കഴിഞ്ഞു വെള്ളപ്പട്ടുടുത്ത കുമാരി വിവാഹോചിതമായ വേഷവിധാനങ്ങളോടെ മന്ദം മന്ദം അവിടെയെത്തി. സാക്ഷാല്‍ ലക്ഷ്മീദേവിയെപ്പോലെ സുന്ദരിയും ഐശ്വര്യവതിയുമായ മകളോട് സുബാഹു പറഞ്ഞു: 'മകളേ, നീയാ പൂമാല്യം കയ്യിലെടുത്ത് വരിക, എന്നിട്ട് മണ്ഡപത്തില്‍ ഇരിക്കുന്ന രാജാക്കന്മാരെ കാണുക. എന്നിട്ട് അവരില്‍ നിന്നും ഗുണവും രൂപവും ചേര്‍ന്നൊരു കുലീന പുരുഷനെ നീ വരിക്കുക. പലേ രാജ്യങ്ങളില്‍ നിന്നുമുള്ള വീരരാജാക്കന്മാര്‍ മണ്ഡപത്തില്‍ ആസനസ്ഥരായത് കണ്ടാലും.’

അപ്പോള്‍ ശശികല പറഞ്ഞു: 'പിതാവേ, മറ്റുള്ള സ്ത്രീകളെപ്പോലെ കാമുകന്മാരായ രാജാക്കന്മാരുടെ മദ്ധ്യത്തിലേക്ക്‌ ഞാന്‍ വരികയില്ല. ധര്‍മ്മശാസ്ത്രമനുസരിച്ച് കുലസ്ത്രീക്ക് തന്റെ വരനായ ഒരു പുരുഷനെ മാത്രമേ കാണാവൂ. അവള്‍ അന്യനെ നോക്കിക്കൂടാ. മറ്റുള്ള പുരുഷന്മാര്‍ക്ക് അവളില്‍ ആഗ്രഹം തോന്നാന്‍ ഇടയാക്കരുതല്ലോ. വാസ്തവത്തില്‍ വരണമാല്യവുമായി മണ്ഡപത്തില്‍ വരനെ തേടുന്ന കന്യകയുടെ നില വ്യഭിചാരിണികളുടേതിനു തുല്യമത്രേ. വേശ്യയും തെരുവില്‍ചെന്ന് ഗുണാഗുണ വിവേചനത്തോടെ അവള്‍ക്കിഷ്ടപ്പെട്ടയാളെ കണ്ടെത്തുന്നു. ഞാനും അതുപോലെ ചെയ്യണോ? പഴമക്കാര്‍ ഉണ്ടാക്കി വച്ച ഈ ചടങ്ങിന് എന്നെ നിര്‍ബ്ബന്ധിക്കരുത്. സാധാരണ സ്ത്രീയെപ്പോലെ അനേകം പുരുഷന്മാരെ പതിഭാവത്തില്‍ നോക്കിയിട്ട് അതില്‍നിന്നും ഒരാളെ വരിക്കാന്‍ എനിക്ക് വയ്യ. സര്‍വ്വാത്മനാ ഞാന്‍ നേരത്തേതന്നെ വരിച്ചത്‌ സുദര്‍ശനനെയാണ്. സതീവ്രതമനുഷ്ഠിക്കാന്‍ ദൃഢനിശ്ചയം ചെയ്ത എന്നെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ആവില്ല. എനിക്ക് മംഗളമാണ് അങ്ങാഗ്രഹിക്കുന്നതെങ്കില്‍ വിവാഹ വിധിപ്രകാരം നല്ലൊരു നാള് നോക്കി സുദര്‍ശനനുമായി എന്റെ വിവാഹം നടത്തിത്തരണം.'   

*തുടരും ....*   

🙏🏻🙏🏻🙏🏻🙏🏻🕉🔥🕉🙏🏻🙏🏻🙏🏻🙏🏻

No comments:

Post a Comment