Sunday, March 01, 2020

ജ്ഞാനപ്പാന - വ്യാഖ്യാനം -3

  ചിലർ എപ്പോഴും വല്ല കർമ്മങ്ങളും അനുഷ്ഠിച്ചു കൊണ്ടിരിക്കാൻ കൊതിക്കുന്നു. ഇങ്ങനെ പ്രവൃത്തി മാർഗ്ഗം അവലംബിച്ചവർക്കായി കർമ്മഭേദമനുസരിച്ച് കർമ്മശാസ്ത്രങ്ങളിൽ കർമ്മങ്ങൾ വിധിച്ചിട്ടുണ്ട്. വേദത്തിലെ കർമ്മകാണ്ഡവും സ്മൃതികളും കർമ്മശാസ്ത്രങ്ങളാണ്. കർമ്മകാണ്ഡത്തെ വിസ്തരിച്ചു പ്രതിപാദിക്കുന്ന ശാസ്ത്രമാണ് 'മീമാംസ.' നിവൃത്തിമാർഗ്ഗം അവലംബിച്ച് ആത്മജ്ഞാനത്തിനു കൊതിക്കുന്നവർക്കുവേണ്ടി പലവിധത്തിലുള്ള ജ്ഞാനശാസ്ത്രങ്ങളും നടപ്പിലുണ്ട്. ഉപനിഷത്തുകളെന്നറിയപ്പെടുന്ന വേദത്തിലെ ജ്ഞാനകാണ്ഡമാണവ. ജ്ഞാന കാണ്ഡത്തെ വിശദീകരിക്കുന്ന ശാസ്ത്രമാണ് 'വേദാന്തം.' മീമാംസയും വേദാന്തവും കൂടാതെ സാംഖ്യശാസ്ത്രം, യോഗശാസ്ത്രം എന്നിങ്ങനെ സത്യവിവരണങ്ങളായ അനവധി ശാസ്ത്രങ്ങളുണ്ട്. പുരുഷനെയും പ്രകൃതിയെയും വേർതിരിച്ചുകാട്ടി തത്ത്വങ്ങളെ എണ്ണിയെണ്ണിപ്പറയുന്ന ശാസ്ത്രമാണ് 'സാംഖ്യശാസ്ത്രം.' കപിലമഹർഷിയാണ് സാംഖ്യശാസ്ത്രം രചിച്ചത്. സാംഖ്യശാസ്ത്രസിദ്ധാന്തങ്ങളെ അംഗീകരിച്ചുകൊണ്ട് ആത്മസാക്ഷാത്ക്കാരത്തിനുള്ള പ്രായോഗികമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്ന ശാസ്ത്രമാണു 'യോഗശാസ്ത്രം'. പതഞ്ജലിയാണ് യോഗശാസ്ത്രം രചിച്ചത്. ഇങ്ങനെയുള്ള ശാസ്ത്രങ്ങൾ എണ്ണമില്ലാതെയുണ്ട്. ഇവയൊക്കെ ഉൾക്കൊള്ളുന്ന സാരമെന്തെന്നാണ് നാമറിയേണ്ടത്. ജനനമരണരൂപത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്നതാണ് സംസാര ചക്രം. മനുഷ്യർ ഇതിൽ മുങ്ങിയും പൊങ്ങിയും ഉഴലുന്നു. അങ്ങനെ ക്ലേശിക്കുന്ന മനുഷ്യന് ധരിക്കുവാൻ സത്യം സാക്ഷാത്ക്കരിച്ചിട്ടുള്ള മഹത്തുക്കൾ ഒരു പരമാർത്ഥം പറഞ്ഞുവച്ചിട്ടുണ്ട്. അതു ഞാൻ ചുരുക്കിപ്പറയാം. എളുപ്പത്തിൽ മുക്തിനേടണമെന്നുള്ളവർ ഇതു ശ്രദ്ധയോടെ ചെവിക്കൊള്ളേണ്ടതാണ്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സർ അവർകൾ.
തുടരും.

No comments:

Post a Comment