Thursday, March 12, 2020

*ഭാഗം 7*

' *പരിഹാരത്തിൻ്റെ ഭാഗമാകൂ* ' എന്ന സ്വാമിയുടെ നിർദ്ദേശം ഞാൻ പലർക്കും പറഞ്ഞു കൊടുക്കാറുണ്ട്. ധാരാളം പേർ അത് പ്രയോജനപ്പെടുത്തി വരുന്നുണ്ടെന്ന കാര്യവും ഈ എഴുത്തിലൂടെ സ്വാമിയെ അറിയിക്കാൻ സന്തോഷമുണ്ട്. പരിഹാരത്തിൻ്റെ പക്ഷത്ത് ഉറച്ചു നിന്ന് മുന്നേറുക എന്നത് എളുപ്പം സാധിക്കുന്ന കാര്യമല്ല. വിശേഷിച്ചും ഒരാളെ കടുത്ത ആത്മനിന്ദയും, വിശ്വാസക്കുറവും ബാധിച്ചിരിക്കുന്ന അവസ്ഥയിൽ. വിപരീതാനുഭവങ്ങളുടെ ഓർമ്മകൾ നമ്മെ വല്ലാതെ തളർത്തിക്കളയും.  സ്നേഹാനുകമ്പക്ക് മാത്രമേ ഇവിടെ ഉചിതമായി ഇടപെടാൻ കഴിയുകയുള്ളൂ എന്നതാണ് എൻ്റെ ബോധ്യം.  പ്രശ്നത്തിൻ്റെ ഭാഗമായി നിൽക്കുമ്പോൾ പ്രശ്നത്തിന് ബാലിയുടെ കഥയിലെന്ന പോലെ കരുത്തു കൂടി വരുമെന്നതും വസ്തുതയാണ്. ഒപ്പം ദുരവസ്ഥകളേയും, ഹിംസാത്മക ചിന്തകളേയും അതിക്രമിക്കാനുള്ള നമ്മുടെ ശേഷി ചോർന്നു പോവുകയും ചെയ്യും.

പത്താം തരത്തിൽ നല്ല മാർക്കു വാങ്ങി പാസായതിനുമപ്പുറത്ത് മറ്റൊരു പ്രധാന കാര്യം സംഭവിച്ചിട്ടുണ്ടെന്ന് വിലയിരുത്താതെ വയ്യ. ഞാൻ എന്നിലെ പരാജിതനെ മനസ്സിലാക്കുകയും, കരുതലോടെ ഇടപെട്ട് പ്രചോദിപ്പിച്ച് വിജയിപ്പിക്കുകയും ചെയ്തു. (അങ്ങിനെ എന്നെ ഉദ്ധരിക്കാൻ ഞാൻ തന്നെ തയ്യാറായതോടെ പ്രിയപ്പെട്ട അദ്ധ്യാപകരുൾപ്പെടെ പലരും എന്നെ പിന്തുണച്ചു. ) അച്ഛൻ്റെ മുന്നിൽ നല്ല കുട്ടിയായി മാറണം, അങ്ങിനെ സന്തുഷ്ടനായ അച്ഛൻ എന്നെ കൂടുതൽ സ്നേഹിക്കാൻ ഇടവരണം - ഇതായിരുന്നു അന്ന് എൻ്റെ മുന്നിലുണ്ടായിരുന്ന ലക്ഷ്യം. പക്ഷേ അച്ഛനിൽ ഞാൻ പ്രതീക്ഷിച്ച മാറ്റം ഉണ്ടായില്ല. അതു കൊണ്ട് ചിട്ടയായ യത്നം കൊണ്ട് നേടിയെടുത്ത വിജയത്തെ ജീവിതത്തിലെ ശുഭകരമായൊരു വഴിത്തിരിവാക്കി മാറ്റിയെടുക്കാൻ എനിക്കു സാധിച്ചില്ല. താത്ക്കാലിക ലക്ഷ്യം മുന്നിൽ വെച്ചു പോയതാണ് എനിക്കവിടെ സംഭവിച്ച പിഴവെന്ന് പിന്നീട് സ്വാമിയുടെ അടുത്തു വന്ന് സംസാരിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചു. അച്ഛൻ എൻ്റെ വിജയത്തെ അംഗീകരിച്ച് അനുഗ്രഹിച്ചിരുന്നെങ്കിൽ ഒരു പക്ഷേ കഥാഗതി മാറി മറിഞ്ഞ് സംതൃപ്തികരമാകുമായിരുന്നു.

അച്ഛൻ കടുത്ത അവഗണന തുടർന്നതും, മറ്റുള്ളവർ ഉപദേശ വർഷത്താൽ ദ്രോഹിച്ചതും എന്നിലെ വിജയിയെ വലിയൊരു നിഷേധിയാക്കി മാറ്റിക്കളഞ്ഞു. കുട്ടിക്കാലം മുതൽ അടക്കി വെച്ച മനോവേദനകളും, സങ്കടങ്ങളും, വിരോധങ്ങളും പ്രതികാര ചിന്തയായി മാറി എന്നിലെ നിഷേധിക്ക് ഊർജ്ജം പകർന്നു തുടങ്ങി. അച്ഛനോടുള്ള ഭയം തീർത്തും അകന്നു. എല്ലാ അധികാരസ്ഥാനങ്ങളോടും കടുത്ത വിരോധം തോന്നിത്തുടങ്ങിയത് അച്ഛനെ ആസ്ഥാനത്ത് പ്രതിഷ്ഠിച്ച് കണ്ടതുകൊണ്ടാണെന്ന് അന്നെനിക്കു മനസ്സിലായിരുന്നില്ല. (സ്വാമി പറഞ്ഞപ്പോഴാണ് വ്യക്തതയുണ്ടായത്. അച്ഛനെ ഭയന്നിരുന്ന ആ കൊച്ചു കുട്ടി എങ്ങും പോയിരുന്നില്ല. ഭയചകിതനായ കൊച്ചു കുട്ടി തന്നെയാണ് നിഷേധിയുടെ വേഷം കെട്ടി പ്രതിഷേധിച്ചു വന്നതെന്നും സ്വാമിയെനിക്ക് ബോധ്യപ്പെടുത്തി  തരികയുണ്ടായി.) പിന്നീട് വ്യക്തത വന്നശേഷം പലരുടേയും കാര്യത്തിൽ ഈ വേഷപ്പകർച്ച കണ്ടെത്താനും ഇടപെട്ടു തിരുത്താനും എനിക്കു സാധിക്കുന്നുണ്ട്. അച്ഛനോട് ആ ദിവസം പൊട്ടിത്തെറിച്ചത് എന്നെത്തന്നെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു. 'എന്നെ മേലിൽ അപമാനിക്കരുത് ' എന്ന് വെട്ടിത്തുറന്നു പറഞ്ഞത് അച്ഛൻ്റെ ഉള്ളുലച്ച സംഭവമായി.
അച്ഛൻ അന്ന് ആകെ തളർന്നു പോയി. ഒരു കണക്കിന് അതു നന്നായെന്നു തോന്നുന്നു. കടുത്ത ശകാരവും ശിക്ഷാ നടപടികളുമായി അച്ഛൻ എൻ്റെ പൊട്ടിത്തെറിയോട് പ്രതികരിച്ചിരുന്നെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാവുമായിരുന്നു. 

ഞാൻ എന്നെ തുറന്നെഴുതുകയാണ്. ഈ അപഗ്രഥന രീതി സ്വാമി സൂചിപ്പിച്ചതു പോലെ എൻ്റെ ഭാവി ജീവിത ആസൂത്രണത്തിൽ എനിക്ക് കൂടുതൽ സഹായകമാകുമെന്നുറപ്പുണ്ട്. ഈ എഴുത്ത് അങ്ങേക്കു മുമ്പിൽ  സമർപ്പിക്കപ്പെട്ടാൽ അങ്ങ് ഇതെങ്ങിനെ ഉപയോഗിക്കുമെന്നറിയില്ല. ചില പരിഷ്ക്കാരങ്ങൾ വരുത്തി പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ടെന്ന് എനിക്കിപ്പോൾ തോന്നുന്നു. (സ്വാമി പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് കൂട്ടി വായിച്ചപ്പോഴാണ് ഈ ധാരണയുണ്ടായത്.) അത് ഞാൻ എഴുത്തിൻ്റെ ഗതി നിയന്ത്രിക്കും വിധം ഓർമയിൽ വെക്കാനുദ്ദേശിക്കുന്നില്ല. പക്ഷേ വായനക്കാരെ ഉദ്ദേശിച്ചോ, അഥവാ ഒരു പക്ഷേ എന്നെത്തന്നെ ഉദ്ദേശിച്ചോ എഴുത്തിൽ ന്യായീകരണത്തിൻ്റെ സ്വകാര്യ താത്പര്യങ്ങൾ കലർന്നു പോവുന്നുണ്ടോ എന്ന ഒരു ചോദ്യം ഈ അവസരത്തിൽ ഉള്ളിൽ ഉയർന്നു വന്നു. ഇല്ല എന്നു തന്നെയാണ് മറുപടി. ഒന്നാമത്തെ കാരണം ഇതെഴുതുന്ന ഞാൻ ഇപ്പോൾ ഒരു നിഷേധിയല്ല. എല്ലാവർക്കും, എനിക്കു തന്നേയും മാപ്പു നൽകിയ സ്വസ്ഥനാണ്.  പശ്ചാത്താപ ചിന്തകളെന്നെ ഇപ്പോൾ  ശല്യം ചെയ്യുന്നില്ല. (ഇതൊക്കെ സാധ്യമായത് സ്വാമിയുടെ ഔചിത്യപൂർണ്ണ ഇടപെടൽ കൊണ്ടു മാത്രമാണ്.)

നിഷേധഭാവം പ്രായത്തിൻ്റെ പ്രത്യേകതയാണ്. കൗമാരം കടന്ന് യൗവ്വനത്തിലേക്ക് പ്രവേശിക്കുമ്പോൾ പൊതുവെ ധിക്കാരവും, വിപ്ലവാത്മകതയും എല്ലാവരിലും ഉണ്ടാവും എന്ന നിരീക്ഷണം നിലവിലുള്ളതായറിയാം. അതിനോട് ഞാൻ വിയോജിക്കുന്നില്ല. മാതാപിതാക്കൾ മാതൃകാപരമായി പെരുമാറിയാലും കുട്ടികൾ ആരോഗ്യപരമായി വളർന്നു വരണമെന്നില്ല. ഇതിന് ഒട്ടേറെ തെളിവുകൾ നിരത്താനും സാധിച്ചേക്കും. എന്നാൽ എൻ്റെ കാര്യത്തിൽ അച്ഛൻ്റെ സമീപനവൈകല്യം സമ്മാനിച്ച വ്യഥകളും, ഭയവും, നിസ്സഹായതയും പഠനവിധേയമാക്കാതെ പോയിക്കൂടാ. പെൺമക്കളെ നന്നായി സ്നേഹിച്ച അച്ഛൻ എന്നെ അപമാനിച്ചതും, അവഗണിച്ചതും എന്തുകൊണ്ടായിരിക്കും എന്ന അന്വേഷണം അനവധി മാതാപിതാക്കൾക്ക് ആത്മവിശകലനത്തിനും, തിരുത്തലുകൾക്കും സഹായകമാവും.

( തുടരും.....)

പ്രേമാദരപൂർവം
സ്വാമി അദ്ധ്യാത്മാനന്ദ
13th March 2020

No comments:

Post a Comment