Thursday, March 19, 2020

വിവേകചൂഡാമണി - 95
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

അനന്തവൈഭവമായ ആത്മാവ്

ആത്മാവിനെ മറയ്ക്കുന്ന തമസ്സിന്റെ ആവരണശക്തിയെ വിവരിക്കുന്നു;

ശ്ലോകം 139
അഖണ്ഡനിത്യാദ്വയബോധശക്ത്യാ
സ്ഫുരന്തമാത്മാനമനന്തവൈഭവം
സമാവൃണോത്യാവൃതിശക്തിരേഷാ
തമോമയി രാഹുരിവാര്‍ക്കബിം

അഖണ്ഡവും നിത്യവും അദ്വയബോധവുമാകുന്ന ശക്തിയിൽ പ്രകാശിക്കുന്ന അനന്തവൈഭവമാണ് ആത്മാവ്. സൂര്യനെ രാഹുവെന്നപോലെ, ആത്മാവിനെ തമോമയിയായ ആവരണശക്തി മറയ്ക്കുന്നു.

ബന്ധം എങ്ങനെ വന്നുപെട്ടു? ആത്മസ്വരൂപത്തെക്കുറിച്ച് എന്തുകൊണ്ട് നമുക്കറിയാനാവുന്നില്ല? എന്തുകൊണ്ടാണ് ആത്മാവല്ലാത്ത അനാത്മവസ്തുക്കളെ തെറ്റിദ്ധരിച്ച് ആത്മാവെന്നു കരുതുന്നത്?

ഇത്തരത്തിലുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇവിടെ നൽകുന്നത്.  തമോഗുണത്തിന്റെ ആവരണശക്തിയാൽ മറയ്ക്കപ്പെടുമ്പോഴാണ് ആത്മാവിനെ അറിയാനാകാത്തത്.

ആത്മാവിനേക്കാൾ കേമമാണോ അതിനെ മറയ്ക്കാൻ കഴിയുന്ന തമസ്സിന്റെ ആവരണശക്തിയ്ക്ക് എന്നു തോന്നാനിടയുണ്ട്.  അതിനാൽ, ആത്മാവ് വാസ്തവത്തിൽ എങ്ങനെയുള്ളതെന്നും മറയ്ക്കപ്പെടുന്നത് ഏതുതരത്തിലെന്നും ഉദാഹരണ സഹിതം വ്യക്തമാക്കിയിരിക്കുകയാണ്.

അനാത്മാവ് അഖണ്ഡമായി എങ്ങും നിറഞ്ഞ് നിൽക്കുന്നതാണ്.  അത് നിത്യമാണ്, എന്നുമുള്ളതാണ്, രണ്ടല്ലാത്ത, ഒന്ന് മാത്രമായ അദ്വയബോധശക്തിയാണ്.  അനന്തമായ വൈഭവമായി പ്രകാശിക്കുന്നതുമാണ് ആത്മാവ്.  ഇത്തരം വിശേഷണങ്ങളുള്ള ആത്മാവിന് മറവ് ഉണ്ടാകാൻ സാധ്യമല്ല. പക്ഷേ, തമസ്സിന്റെ ആവരണശക്തി അതിനെ മറയ്ക്കുന്നുണ്ട്, അല്ലെങ്കിൽ മറയ്ക്കപ്പെടുന്നതായി തോന്നിക്കുന്നു. ഇത് സൂര്യബിംബത്തെ രാഹു വിഴുങ്ങുംപോലെയാണ്.

ആത്മതേജസ്സിനെ തമസ്സിന് മറയ്ക്കാൻ കഴിയുമോ? ജ്ഞാനത്തെ എങ്ങനെ അജ്ഞാനംകൊണ്ട് മൂടാനാകും?

ഇത് സൂര്യബിംബത്തെ രാഹു മറയ്ക്കുന്നതുപോലെയാണ്. സൂര്യഗ്രഹണം, സൂര്യനെ രാഹു വിഴുങ്ങുമ്പോഴാണ് സംഭവിക്കുന്നത്. തല മാത്രമുള്ള ആസുരിക ശക്തിയായി രാഹുവിനെ പറയുന്നു.  ഉടലില്ലാത്തതിനാൽ വായിലൂടെ വിഴുങ്ങുന്നത് കഴുത്തിലൂടെ പുറത്തുവരും. ഭൂമിയ്ക്കും സൂര്യനുമിടയിൽ ചന്ദ്രൻ നേരെ വരുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്.  ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രൻ സൂര്യനെ മറയ്ക്കുന്നതായി തോന്നും.  എന്നാൽ യഥാർത്ഥത്തിൽ സൂര്യനെ മറയ്ക്കാൻ ചന്ദ്രന് കഴിയില്ല. ഇത് കണ്ണിന് തൊട്ടു മുന്നിൽ കൈവിരൽ വന്നാൽ പോലും എല്ലാ കാഴ്ചകളും മറയ്ക്കപ്പെടുന്നതുപോലെയാണ്.

ഭൂമിയിൽ നിന്നും സൂര്യൻ ചന്ദ്രനേക്കാൾ എത്രയോ ദൂരെയായതിനാലാണ് സൂര്യൻ മറയ്ക്കപ്പെടുന്നതുപോലെ തോന്നുന്നത്. വാസ്തവത്തിൽ നമ്മുടെ കാഴ്ചശേഷിയെയാണ് ചന്ദ്രൻ മറച്ചത്. ചന്ദ്രമണ്ഡലത്തിൽ നിന്നോ, അതിനപ്പുറത്തുനിന്നോ, സൂര്യമണ്ഡലത്തിൽ നിന്നോ നോക്കിയാൽ ഗ്രഹണം കാണാനാവില്ല.  ആത്മാവിനെ തമസ്സിന്റെ ആവരണശക്തി മറയ്ക്കുന്നു എന്നു പറയുന്നതും ഇതുപോലെയാണ്.

മനസ്സിന്റെ അധിഷ്ഠാന ദേവതയാണ് ചന്ദ്രൻ. മനസ്സ് അറിവില്ലായ്മയിൽ പെട്ടു കിടക്കുന്ന അവസ്ഥയാണ് തമസ്സ്. ആ തമസ്സ് നമ്മിൽ ആവരണശക്തിയായി, മറയായി ഇരിക്കുന്ന കാലത്തോളം ആത്മാവ് മറഞ്ഞുതന്നെയിരിക്കും. എന്റെയും പരമാത്മാവിന്റെയുമിടയ്ക്ക് അവിദ്യാരൂപമായ മനസ്സ് നിലനിൽക്കുന്നിടത്തോളം പരമാത്മ വൈഭവം മൂടിപ്പോകും. അവിദ്യയുടെ രൂപാന്തരമായ മനസ്സിന് അതീതമായി ഉയരാനാകണം. അപ്പോൾ ആത്മസൂര്യനെ നന്നായി ജ്വലിച്ചുകാണാം.

No comments:

Post a Comment