Sunday, March 01, 2020

ദേവീ മാഹത്മ്യം :-
***********************
ഭഗവദ്ഗീതയോളം പ്രാധാന്യം ഭക്തിവിചാരത്തിൽ 'ദേവീ മാഹാത്മ്യത്തിനുമുണ്ട് മഹാഭാരത്തിൽ ഗീത പോലെ മാർക്കണ്ഡേയപൂരാണത്തിൽ ദേവീമാഹത്മ്യം. ആകെ പതിമൂന്ന് അദ്ധ്യായങ്ങൾ, ഭഗവദ്ഗീതയിലെ പതിനെട്ടധ്യായങ്ങളെ മൂന്ന് 'ഷൾ(ഡ്)ക്ക'ങ്ങളായി വിഭജിച്ചിരിക്കുന്നതുപോലെ ദേവീമാഹാത്മ്യത്തെ മൂന്ന് ഭാഗമായി തിരിച്ചിരിക്കുന്നു. ഒന്നാം അധ്യായം പ്രഥമ ചരിത്രം, രണ്ട്, മൂന്ന്, നാല്, അധ്യായങ്ങൾ മധ്യമചരിതം അഞ്ചു മുതൽ പതിമൂന്ന് കൂടി ഒമ്പതദ്ധ്യായങ്ങൾ ഉത്തമ ചരിത്രം. ഗീത പോലെ ദേവീ മാഹാത്മ്യവും സപ്തശതിയാണ്.
ശ്ലോകം : 535
അർദ്ധശ്ലോകം : 42
ഖണ്ഡമന്ത്രങ്ങൾ : 66
ഉവാച മന്ത്രങ്ങൾ : 57
ആകെ എഴുന്നൂറ് ശ്ലോകങ്ങൾ.

ദേവീമാഹാത്മ്യത്തിന് ഒരു പാരായണക്രമം വിധിച്ചിട്ടുണ്ട്. വായനക്കൊത്ത ചില പൂജാ പദ്ധതികളും നിർദ്ദേശിച്ചിരിക്കുന്നത് ഭക്തിയുടെ അനുഷ്ഠാനതലത്തെ സ്പഷ്ടീകരിക്കുന്നു. അർഗളം, കീലകം, കവചം, എന്നീ പേരുകളുള്ള മന്ത്രങ്ങൾ 'ദേവീമാഹാത്മ്യ'ത്തിന്റെ പ്രവേശകം അഥവാ നാന്ദിയാണ്. അർഗളം സ്തോത്രരൂപമായ മന്ത്രം. പദത്തിന്റെ അർത്ഥം 'സാക്ഷ' എന്നാണ്. അർഗളത്തിന്റെ ഋഷി വിഷ്ണുവും ഛന്ദസ്സ് അനുഷ്ടുപ്പും ദേവത മഹാലക്ഷ്മിയുമാണ്. ഫലശ്രുതി ഇങ്ങനെ

' അർഗളാ ഹൃദയേ യസ്യ
സ ചാനർഗള വാക്സദാ'

അർഗളം നിത്യം ചൊല്ലിയാൽ അനർഗള വാക്ധാരയുണ്ടാവും. അതായത് വാചാലനോ വാഗ്മിയോ ഒക്കെയാവാം.

അർഗളത്തിന് ഉദാഹരണം.

'വിധേഹി ദേവി കല്യാണം
വിധേഹി വിപുലം ശ്രിയം
രൂപം ദേഹി ജയം ദേഹി
യശോദേഹി ദ്വിഷോ ജഹി'

അല്ലയോ ദേവീ, എനിക്ക് മംഗളവും വിപുലമായ ഐശ്വര്യവും നൽകിയാലും. രൂപവും ജയവും യശസ്സും അരുളിയാലും . വൈരികളെ കൊന്നാലും.

സ്വാർത്ഥ ലാഭത്തിനായി ദേവീമാഹാത്മ്യം ദുരുപയോഗപ്പെടുത്താതിരിക്കാനായാണ് കീലകമന്ത്രങ്ങൾ. കീലകത്തിനർത്ഥം ആണി . കീലകത്തിന്റെ ഋഷി പരമശിവനും ഛന്ദസ്സ് അനുഷ്ടുപ്പും ദേവത ശ്രീ സരസ്വതിയുമാണ്. ഫലശ്രുതി ഇങ്ങനെ

'കീലകം ഹൃദയേ യസ്യ
വശകീലത മാനസഃ'

കീലകത്തെ വേണ്ടവിധത്തിൽ നിഷ്കാമമായി പ്രയോഗിക്കുന്നുവെങ്കിൽ അവ ഭക്തന്റെ മനസ്സ് ആണിയടിച്ചുറപ്പിച്ചപോലെ സ്വാധീനത്തിലാവും.
കീലകത്തിന് ഉദാഹരണം.
‘ശനൈസ്തു ജപമാനേഽസ്മിൻ
സ്തോത്രേ സമ്പത്തിരുച്ചകൈഃ
ഭവത്യേവ സമഗ്രാപി തതഃ
പ്രാരാംഭ്യമേവ തത്.'

ദേവീമാഹാത്മ്യം പതുക്കെ ജപിച്ചാൽ ഐശ്വര്യം ഉണ്ടാകും. ഉറക്കെ ജപിച്ചാൽ സർവ്വപുരുഷാർത്ഥങ്ങളും ലഭിക്കും . ആകയാൽ അതുറക്കെ ജപിക്കേണ്ടതാകുന്നു.

ഉപാസകനെ ആപത്തുകളിൽ നിന്നും പരിരക്ഷിക്കുന്നതാണ് ' കവചം ' പടച്ചട്ടയെന്ന് പദാർത്ഥം. കവചത്തിന്റെ ഋഷി ബ്രഹ്മാവ്, ഛന്ദസ്സ് അനുഷ്ടുപ്പ്, ദേവത ചാമുണ്ഡി. ഫലശ്രുതി ഇങ്ങനെ;
'ശ്രീ ത്രിഗുണാദേവീ പ്രീത്യാർത്ഥം ജപേ വിനിയോഗഃ'

ശക്തിത്രയ സ്വരൂപിണിയായ ദേവിയുടെ പ്രീതിയാണ് പ്രയോജനം.

കവചത്തിന് ഉദാഹരണം - ;
‘അധരേ ചാമൃതകലാ
ജിഹ്വായാം തു സരസ്വതി
ദന്താൻ രക്ഷതു കൗമാരീ
കണ്ഠമധ്യേ തു ചണ്ഡികാ'

അധരോഷ്ഠത്തിൽ അമൃത കലയും ജിഹ്വയിൽ സരസ്വതിയും, ദന്തങ്ങളിൽ കൗമാരിയും , കണ്ഠമദ്ധ്യത്തിൽ ചണ്ഡികയും വാണരുളി അതതു ഭാഗങ്ങളെ രക്ഷിക്കുമാറാകട്ടെ.

ദേവീമാഹാത്മ്യം പഞ്ചമാദ്ധ്യായത്തിലെ പത്തൊമ്പതു മുതൽ മുപ്പത്തിരണ്ടുവരെയുള്ള ശ്ലോകങ്ങൾ നിത്യപരായണത്തിന് വിധേയമാക്കുന്നത് ബോധനവീകരണത്തിന് നന്ന് "യാ ദേവീ സർവ്വഭൂതേഷു' എന്നാരംഭിക്കുന്ന സ്തുതികളിൽ ദേവീമഹിമ പദാൽപ്പദം അഭിവ്യഞ്ജിക്കുന്നു.

ദേവീമാഹാത്മ്യത്തിന്റെ നടുക്കുറ്റി ഈ ശ്ലോകമാണെന്നു പറയാം -
"യാ സംസ്മൃതാ തത്ക്ഷണമേവ ഹന്തി
സർവ്വാപദോ ഭക്തി വിനമ്രമൂർത്തിഭിഃ
കരോതു സാ നഃ ശുഭഹേതുരീശ്വരീ
ശുഭാനി ഭദ്രാണ്യഭിഹന്തു ചാപദഃ "

ഭക്തിഭാരംകൊണ്ടു വണങ്ങിയ ശരീരത്തോടെ സ്മരിച്ചാൽ ആ നിമിഷം ഭക്തന്മാരുടെ ആപത്തുകളെയെല്ലാം അകറ്റുന്നവൾ ആരോ ആ ഭഗവതി അശുഭസ്പർശമില്ലാത്ത സമ്പത്തുകൾ നൽകുമാറകട്ടെ . ഞങ്ങളുടെ താപത്രയത്തെ അപഹരിക്കുമാറാകട്ടെ. ശോഭനകാരിണിയായ ദേവീ , സ്വധർമ്മത്തിൽ ഞങ്ങളെ നിയോഗിക്കുന്നതും അങ്ങുതന്നെയല്ലോ.

പരശക്തിയുടെ പുരുഷരൂപത്തിന് ശൈവപക്ഷത്തിൽ പരമശിവനെന്നും, വൈഷ്ണവ പക്ഷത്തിൽ വാസുദേവനെന്നും വ്യവഹാരമുണ്ട്. സ്ത്രീരൂപം ഗുണാധിഷ്ഠിതമായി ഇങ്ങനെ..

1 - ദുർഗാദേവീ :- പരമാത്മാവിന്റെ സർവ്വശക്തിസ്വരൂപിണീ തമോഗുണ പ്രധാനം,
" മഹാമായ മഹാകാളീ
മഹാമാരീ ക്ഷുധാ തൃഷാ
നിദ്രാതൃഷ്ണാ ചൈകവീരാ
കാളരാത്രിർദുരാത്യയാ"

2 - ലക്ഷ്മീ ദേവീ :- രമാത്മാവിന്റെ ശുദ്ധസത്വസ്വരൂപിണി സർവ്വ പൂജ്യയും സർവ്വവന്ദ്യയും രജോഗുണ പ്രധാനം
" മഹാലക്ഷ്മീരിതിഖ്യാതാ
മഹാശക്തിഃ പരാംബിക "

3 - സരസ്വതീ ദേവീ :- സർവ്വാർത്ഥജ്ഞാന സ്വരൂപിണി. സത്വഗുണ പ്രധാനം.
" മഹമായാ മഹാവണീ
ഭരതീ വാക് സരസ്വതീ
ആര്യാ ബ്രാഹ്മീ കാമധേനുർ
വേദഗർഭാചധീശ്വരി."

__/|\__ __/|\__ __/|\__
Rajeev kunnekkat 

No comments:

Post a Comment