Sunday, March 01, 2020

ധന്യാസി

എന്റെ മനസ്സിൽ അപ്പപ്പോൾ വരുന്ന ചിന്താശകലങ്ങളെ തേച്ചു മിനുക്കി സൂക്ഷിച്ചു വക്കുന്ന ഒരിടം. ഇതു കൊണ്ട് ആർക്കെങ്കിലും പ്രയോജനം ഉണ്ടായാൽ സന്തോഷം. ലോകാസമസ്താ സുഖിനോ ഭവന്തു എന്നത് പ്രമാണം.

Saturday, November 4, 2017

ഹിന്ദുക്കളെങ്കിലും അറിയേണ്ടത്



ഡോ. ഏവൂർ മോഹൻദാസ്

കഴിഞ്ഞ രണ്ടു വർഷത്തിലധികമായി ഞാൻ ഭഗവത് ഗീതയേയും ഹൈന്ദവധർമ്മത്തെയും കുറിച്ച് ഇവിടെയും എന്റെ ബ്ലോഗിലും എഴുതിക്കൊണ്ടിരിക്കുന്നു. മറ്റു മതങ്ങൾക്കുള്ളതുപോലെ വ്യവസ്ഥാപിതമായ ഒരു മതപഠന ക്രമം ഹിന്ദുമതത്തിൽ പ്രയോഗത്തിലില്ലാത്തതു കാരണം ബഹുഭൂരിപക്ഷം ഹൈന്ദവരും അതുപോലെ തന്നെ മറ്റു മതസ്ഥരും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് ഹൈന്ദവധർമ്മത്തെ വിലയിരുത്തുന്നതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ ധർമ്മത്തെക്കുറിച്ചു സമൂഹത്തിനു അറിവു പകർന്നു നൽകാൻ കഴിവുള്ള ജ്ഞാനികളായ  സന്യാസിവര്യന്മാരും ആദരണീയരായ വ്യക്തികളും നമ്മുടെ സമൂഹത്തിലുണ്ടെങ്കിലും എന്തുകൊണ്ടോ സ്വന്തം മതത്തെക്കുറിച്ചു അറിയുന്നതിലും ആ അറിവ് മറ്റുള്ളവർക്കു പകർന്നു നൽകുന്നതിലും ഹൈന്ദവർ പൊതുവെ വിമുഖരായാണ് കാണപ്പെടുന്നത്. അമ്പലത്തിൽ പോകുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പങ്കെടുക്കുകയുമേ വേണ്ടൂ ഹിന്ദുവാകാൻ എന്നൊരു നിർഭാഗ്യകരമായ ചിന്ത പേറുന്നവരാണ് കൂടുതൽ ഹിന്ദുക്കളും. വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും എല്ലാം ഇക്കാര്യത്തിൽ ഒരേ തൂവൽ പക്ഷികളാണ്. ഹിന്ദു സമൂഹത്തിലെ ചാതുർവർണ്യവ്യവസ്ഥയും അതിന്റെ അടിസ്ഥാനത്തിൽ മതപരമായ വിഷയങ്ങൾ പഠിക്കാനും പഠിപ്പിക്കാനുമുള്ള അധികാരം ന്യൂനപക്ഷമായ ഒരു വിഭാഗത്തിലേക്കു നിക്ഷിപ്തമായതും, മതപഠനത്തിൽ നിന്നും ഭൂരിപക്ഷ ഹിന്ദുസമൂഹത്തെ  അകറ്റി നിർത്താൻ  കാരണമായിട്ടുണ്ടെന്നുള്ളതൊരു വസ്തുതയാണ്. നൂറ്റാണ്ടുകളായി തുടർന്നു പോരുന്ന ഈ സാമൂഹിക വ്യവസ്ഥിതി ഭൂരിപക്ഷം ഹിന്ദുക്കളെയും, മറ്റു മതസ്ഥരെപ്പോലെ, അനുസരണാശീലമുള്ള വിശ്വാസികളാക്കി മാറ്റിയെന്നല്ലാതെ വേദോപനിഷത്തുക്കളും ഭഗവത് ഗീതയും വിഭാവനം ചെയ്യുന്ന വിവേകബുദ്ധിയിലൂടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സനാതനധർമ്മവാദികളാക്കി മാറ്റിയിട്ടില്ല. ആ പഴയ ഇരുണ്ട കാലഘട്ടമൊക്കെ മാറിയിട്ടും ഇന്നും ജനങ്ങൾക്കു മാറി ചിന്തിക്കാൻ കഴിയുന്നില്ല എന്നതാണ് പ്രശ്‌നം. സ്വന്തം മതത്തെയും അതിന്റെ താത്വികപ്രമാണങ്ങളെയും ഈശ്വരവിഷയത്തെയും കുറിച്ച് ഒരേകദേശധാരണയെങ്കിലും വേണമെന്ന് ഹൈന്ദവസമൂഹത്തിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്കെങ്കിലും തോന്നേണ്ടതില്ലേ? ഇങ്ങനെ ഒരിക്കൽ ചിന്തിച്ച ഒരു ചെറുപ്പക്കാരനായിരുന്നു ഞാൻ. വായിച്ചും വിഷയജ്ഞാനമുള്ളവരോടു സംസാരിച്ചും കുറെയൊക്കെ മനസ്സിലാക്കിയപ്പോൾ ആർഷഭാരത ഋഷിപാരമ്പര്യത്തിന്റെ മഹത്വം എന്നെ അതിശയിപ്പിച്ചു കളഞ്ഞു. സഹസ്രാബ്ദങ്ങൾക്കു മുൻപ് ലോകം മുഴുവൻ ഇരുളടഞ്ഞു കിടന്നിരുന്ന ഒരു കാലഘട്ടത്തിൽ, സ്വന്തം ചിന്താശക്തിയെ വാനോളം ഉയർത്തി, ആ ഒരേ ഒരു ശക്തിയുടെ പിൻബലത്തിൽ ഇപ്രപഞ്ചത്തെയും അതിന്റെ പ്രകൃതങ്ങളെയും അവലോകനം ചെയ്ത്, ആ പ്രകൃതങ്ങൾക്കുള്ളിൽ വിവേകബുദ്ധിയുള്ള മനുഷ്യനെന്ന ജീവി എങ്ങിനെയാണ് ജീവിക്കേണ്ടതെന്നു പറഞ്ഞുവക്കാൻ കഴിവുണ്ടായിരുന്ന ദീർഘദർശികളായ ഒരു കൂട്ടം മനുഷ്യർ ജീവിച്ചിരുന്നത് ഭാരതഭൂമിയിൽ മാത്രമായിരുന്നു എന്നതെന്നിൽ ഇന്നും അത്ഭുതം നിറയ്ക്കുകയാണ്. ഈ സംസ്കാരത്തിന്റെ പിൻപറ്റുകാരാണ് ഭാരതീയരെല്ലാം നാമെല്ലാം തന്നെ; പ്രത്യേകിച്ചും സനാതനധർമ്മത്തെ മതമാക്കിയിട്ടുള്ള ഹൈന്ദവസമൂഹം. ഞാൻ ഹിന്ദുവാണെന്ന് ആത്മാഭിമാനത്തോടെ പറയാൻ കഴിയണമെങ്കിൽ, വിശ്വാസവിഷയങ്ങൾക്കപ്പുറത്തുള്ള ഈ ബൗദ്ധികസംസ്കാരത്തിന്റെ ഒരേകദേശരൂപമെങ്കിലും ഓരോ ഹിന്ദുവും മനസ്സിലാക്കിയിരിക്കേണ്ടതാണ്. ഈ അറിവ് ഹിന്ദുവിനെ സാമൂഹികപ്രതിബദ്ധതയുള്ള നല്ല മനുഷ്യനാക്കിത്തീർക്കുന്നതോടൊപ്പം തൻറെ സംസ്കാരത്തെ സ്നേഹിക്കുവാനും അതിന്റെ സംരക്ഷകനും വാഹകനുമാക്കാനും പ്രാപ്തനാക്കും. വിശ്വാസവിഷയങ്ങളുടെ പേരിൽ ഇന്നു നടന്നുകൊണ്ടിരിക്കുന്ന ശീതസമരങ്ങളും അവ സമൂഹങ്ങളിൽ സൃഷ്ട്ടിക്കുന്ന അനാവശ്യസംഘർഷങ്ങളും നല്ലൊരു പരിധി വരെ നിയന്ത്രിക്കുവാൻ ഈ ആർഷഭാരത (സനാതനധർമ്മ) ജ്ഞാനം കൊണ്ട് കഴിയുമെന്നുള്ളത് നിസ്തർക്കമാണ്. വളരെ പരിമിതമായ അറിവേ ഈ മഹത് വിഷയത്തെക്കുറിച്ചു എനിക്കുള്ളൂ എങ്കിലും, ആ ചെറിയ അറിവെങ്കിലും താൽപ്പര്യമുള്ളവരുമായി പങ്കിടണമെന്ന ആഗ്രഹം ഒന്നു കൊണ്ടു മാത്രമാണ് ഞാൻ ഫേസ്ബുക്കിലും ബ്ലോഗിലുമൊക്കെ ഈ വിഷയത്തെപ്പറ്റി എഴുതിക്കൊണ്ടിരിക്കുന്നത്. ഈ അറിവു നേടുന്നതിൽ ജാതിമതഭേദചിന്തകൾ തടസ്സമാവേണ്ടതില്ല; മനുഷ്യനുൾപ്പെടുന്ന ജന്തുജാലങ്ങൾക്കും പ്രകൃതിക്കും നന്മ പ്രദാനം ചെയ്യാൻ മനുഷ്യരെ പ്രാപ്തരാക്കുന്ന ഒരു തത്വസംഹിതയോട് എന്തിനാരെങ്കിലും കലഹിക്കണം?

ഹിന്ദുമതം (സനാതനധർമ്മമതം)

ഹിന്ദുമതം എന്നൊരു മതമുണ്ടോ, അതോ ഹൈന്ദവസംസ്കാരം എന്നു പറയുന്നതാണോ ശരി തുടങ്ങിയ ചില ചോദ്യങ്ങൾ പലപ്പോഴും ഉന്നയിക്കപ്പെടാറുണ്ട്. ഒരു ആത്മീയപുരുഷനും അദ്ദേഹത്തിൻറെ വചനങ്ങൾ വിശ്വാസപൂർവം പിന്തുടരുന്ന ജനസമൂഹവും ചേർന്നതിനെയാണ് മതം എന്ന വാക്കുകൊണ്ട് സാധാരണ ലക്ഷ്യമാക്കുന്നത് (semitic religion). ഹൈന്ദവസംസ്കാരത്തിൽ ഒരു പ്രവാചകനോ, ദൈവപുരുഷനോ അല്ല ആത്മീയതയുടെ കേന്ദ്രം; അനേകം ഋഷിമാരുടെയും തത്വചിന്തകരുടെയും സംഭാവനകളിലാണ് ഈ സംസ്കാരം നിലനിൽക്കുന്നത്. അതിനാൽ, സെമിറ്റിക് മതങ്ങളുടെ ചട്ടക്കൂടിലൂടെ നോക്കിയാൽ, ഹിന്ദുമതമെന്നല്ല, ഹൈന്ദവ സംസ്കാരം എന്നു പറയുന്നതാകും ശരി. പക്ഷെ, 'മത' ത്തെ അഭിപ്രായം, ജീവിതരീതി' (ഉദാ: പണ്ഡിതമതം എന്നാൽ പണ്ഡിതന്റെ അഭിപ്രായം എന്നർത്ഥം) തുടങ്ങിയ അർത്ഥതലങ്ങളിലെടുക്കുമ്പോൾ, മറ്റു മതസ്ഥർക്കുള്ളതുപോലെ തന്നെ ഹിന്ദുക്കൾക്കും അവരുടേതായ വിശുദ്ധ തത്വചിന്തകളും ഗ്രന്ഥങ്ങളും അവയെ അടിസ്ഥാനമാക്കിയുള്ള ദൈവവിശ്വാസവും ആചാരങ്ങളും പ്രത്യേക ജീവിതരീതിയുമുണ്ടെന്നും ആയതിനാൽ തന്നെ 'ഹിന്ദുമതം' എന്നു വിളിക്കുന്നതിൽ അപാകതയില്ലെന്നും കാണാവുന്നതാണ്. സെമിറ്റിക് മതങ്ങളിൽ ദൈവകൽപ്പനകൾ ചോദ്യം ചെയ്യപ്പെടാതെ വിശ്വസിക്കേണ്ടതും പിന്തുടരേണ്ടതുമാണെങ്കിൽ ഹിന്ദുമതത്തിൽ അങ്ങിനെയല്ല, ഉപദേശങ്ങൾ വിമർശനബുദ്ധിയോടെ പഠിച്ചു ശരിയെന്നു തോന്നുന്നത് മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ. ഈശ്വരനിൽ വിശ്വസിക്കണം എന്നുപോലുമില്ല. വിശ്വാസത്തിലല്ല, ബൗദ്ധികമായ അന്വേഷണത്തിലാണ് ഹൈന്ദവധർമ്മം നിലകൊള്ളുന്നത്. 'സിന്ധു'നദിക്കു പടിഞ്ഞാറു നിന്നു വന്ന പേർഷ്യൻ/ഗ്രീക്കു വംശജർ അവരുടെ സംസ്കാരത്തിൽ നിന്നും വ്യത്യസ്തമായ സംസ്കാരമുള്ളതും സിന്ധുനദിക്ക് കിഴക്കു വസിച്ചിരുന്നവരുമായ ഭാരതീയരെ അഭിസംബോധന ചെയ്യാൻ ഉപയോഗിച്ച  പേര് പരിണമിച്ചുണ്ടായതാണ് 'ഹിന്ദു' എന്നും സനാതനധർമ്മമൂല്യങ്ങളിലധിഷ്ഠിതമായ 'ഹിന്ദുമത'ത്തിനു 'സനാതനധർമ്മമത' മെന്ന പേരാണ് കൂടുതൽ യോജിക്കുക എന്നും അഭിജ്ഞർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഹിന്ദുമതം എന്നാൽ കുറെ ദേവതകളും മന്ത്രങ്ങളും അമ്പലങ്ങളും പൂജയും വഴിപാടും ദീപാവലി പോലെയുള്ള ഉത്സവാഘോഷങ്ങളുമൊക്കെയാണെന്നാണ് ബഹുഭൂരിപക്ഷം ഹിന്ദുമതവിശ്വാസികളും മറ്റു മതവിശ്വാസികളും ധരിച്ചിരിക്കുന്നത്. ഇപ്പറഞ്ഞതെല്ലാം ഹിന്ദുമതത്തിന്റെ ഭാഗം തന്നെയാണെന്നതിൽ സംശയമില്ല, പക്ഷേ ഹിന്ദുമതം ഇതൊന്നുമല്ല. ലോകക്ഷേമത്തെ ഉദ്ദേശിച്ചുള്ള വേദോപനിഷത്തുക്കളിലെ നിസ്വാർത്ഥമായ ആർഷഭാരത ഋഷിദർശനങ്ങളിലാണ് ഹിന്ദുമതമെന്ന മഹനീയസൗധം കെട്ടിപ്പടുത്തിരിക്കുന്നത്. വിവേകബുദ്ധിയിലാണ്, വികാരത്തിലല്ല ഈ ദർശനങ്ങളെല്ലാം നിലകൊള്ളുന്നതെന്നതിനാൽ ഇതെല്ലാം തന്നെ തീർത്തും യുക്തിസഹവും ശാസ്ത്രബോധത്തിനു നിരക്കുന്നതുമായ സിദ്ധാന്തങ്ങളാണ്. സർവ്വചരാചരങ്ങൾക്കുള്ളിലും അവയുടെയൊക്കെ ചൈതന്യമായി ഈശ്വരൻ വസിക്കുന്നു എന്നതാണ് ഈ സിദ്ധാന്തപക്ഷം. ഹൈന്ദവദർശനശാസ്ത്രപ്രകാരം ഈശ്വരനും ചിന്താശക്തിയുള്ള മനുഷ്യനും ഇടയിൽ ഒരേ ഒരു വ്യത്യാസമേയുള്ളൂ; മനുഷ്യനിലെ അഹന്ത. അതായത്, ഈശ്വരൻ + അഹന്ത = മനുഷ്യൻ എന്നതാണ് ഹിന്ദുമതത്തിന്റെ സമവാക്യം. ഈ സമവാക്യത്തിൽ നിന്നും ആർക്കും ഈശ്വരനെ കണ്ടുപിടിക്കാവുന്നതേയുള്ളൂ; ഈശ്വരൻ = മനുഷ്യൻ - അഹന്ത. അതേ, മനുഷ്യനിലെ ഞാനെന്നും എന്റെയെന്നുമുള്ള അഹങ്കാരത്തെ മാറ്റിനിർത്തിയാൽ ബാക്കിയുള്ളത് ഈശ്വരൻ മാത്രം. ഇതാണ് 'തത്വമസി' (അതു നീയാണ്) എന്ന ഉപനിഷദ് വാക്യം കൊണ്ടുദ്ദേശിക്കുന്നത്. അഹന്തയുടെ പതിനെട്ടു പടികൾ കാൽക്കീഴിലായിക്കഴിയുമ്പോൾ തന്റെയുള്ളിലെ ഈശ്വരനെ സാധകന് കാണാനാകും. അതിന്റെ പ്രതീകമാണ് മുന്നിൽക്കാണുന്ന സ്വർണ്ണവിഗ്രഹം. ശ്രീനാരായണ ഗുരുദേവന്റെ കണ്ണാടിപ്രതിഷ്ഠയുടെ തത്വവും ഈ 'എന്നിലെ നിന്നെക്കാണൽ' തന്നെ. ഹിന്ദുമതത്തിന്റെ പേരിൽ നമുക്കു ചുറ്റും കാണുന്ന മിക്ക ആചാരങ്ങളും സംവിധാനങ്ങളും കർമ്മങ്ങളും ഈ തത്വചിന്തയുടെ പ്രായോഗിക പരിശീലനസംവിധാനങ്ങളാണ്. ഇന്നു നാം അറിയുന്ന ഹിന്ദുമതം ഈ സദ്‌പ്രമാണങ്ങൾക്കനുസൃതമായാണോ നിലകൊള്ളുന്നത്? തീർത്തും ആണെന്നു പറയാൻ കഴിയില്ല.  സദ് പ്രമാണങ്ങളെ വളച്ചൊടിച്ചു സങ്കുചിത താല്പര്യങ്ങൾക്കായി ഉപയോഗിക്കുന്നത് എല്ലാ മതങ്ങളുടെയും സ്വഭാവമാണ്, ഹിന്ദുമതവും ഇതിൽ നിന്നും വ്യത്യസ്തമല്ല. ആദർശപരമായ മതതത്വങ്ങളുടെ പ്രയോഗികതയിൽ മനുഷ്യർ അനുവർത്തിച്ചുപോരുന്ന ഈ സങ്കുചിത്വ സമീപനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, എല്ലാക്കാലങ്ങളിലും സ്ഥിതി ഇതു തന്നെയായിരുന്നു. അധികാരം നിലനിർത്താനും സമൂഹത്തിൽ എല്ലാവിധത്തിലുമുള്ള മേൽക്കോഴ്മ സ്ഥാപിച്ചെടുക്കാനും മനുഷ്യർ മതത്തെ (അങ്ങിനെ ഈശ്വരനെയും) എക്കാലത്തും ഉപയോഗിച്ചിട്ടുണ്ടെന്നു ലോകചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. അപൂർണ്ണനും സ്വാർത്ഥനുമായ മനുഷ്യനാണ്, പൂർണ്ണനായ ഈശ്വരനെ കൈകാര്യം ചെയ്യുന്നത് എന്നതിനാലുണ്ടാകുന്ന പ്രശ്നമാണിത്. 


എത്ര ലളിതമായ ഒരു സമവാക്യത്തിലാണ് ഹിന്ദുമതം നിലകൊള്ളുന്നത്, ഇല്ലേ? പക്ഷെ ഇത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയെന്നതോ, എവറസ്റ്റു കൊടുമുടി കയറുന്നതിലും പ്രയാസമേറിയ കാര്യവും. ശരീരമനോബുദ്ധികളെയാകെ ഗ്രസിച്ചു നിൽക്കുന്ന ഒന്നാണ് മനുഷ്യനിലെ അഹന്ത. ഒരു വസ്ത്രം പോലെ അഴിച്ചെടുത്ത് ദൂരെക്കളയാവുന്നതല്ല അത്. അർബുബുദരോഗത്തെപ്പോലെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തെ മാത്രം ഗ്രസിച്ചു നിൽക്കുന്ന ഒന്നായിരുന്നു അതെങ്കിൽ വിദഗ്ദനായ ഒരു സർജനെക്കൊണ്ടത് നീക്കം ചെയ്യിക്കാമായിരുന്നു. പക്ഷെ, അഹന്തയുടെ കാര്യത്തിൽ അതും സാധ്യമല്ല. അപ്പോൾ പിന്നെങ്ങിനെയാണ് അഹന്തയെ വെടിഞ്ഞു, ഈശ്വരനെക്കാണാൻ കഴിയുക? വിഷമിക്കേണ്ടതില്ല. ഈശ്വരനെ നിർവചിച്ച അതേ തത്വദർശികൾ തന്നെ അതിനുള്ള വഴിയും കണ്ടുപിടിച്ചു പറഞ്ഞുതന്നിട്ടുണ്ട്. വിവേചനശക്തിയുള്ള സ്വന്തം ബുദ്ധി (discriminatory intellect-ജ്ഞാനയോഗം) ഉപയോഗിച്ചും സ്വാർത്ഥലേശമില്ലാത്ത കർമ്മത്തിലൂടെയും (നിഷ്ക്കാമ കർമ്മം-കർമ്മയോഗം) പൂർണ്ണസമർപ്പണത്തിലൂടെയും (ഭക്തിയോഗം) അഹന്തയെ നിർമ്മാർജ്ജനം ചെയ്ത്, മനുഷ്യന് ഈശ്വരനാകാൻ കഴിയുമെന്നു ഭഗവത് ഗീത പറയുന്നു. തന്റെയുള്ളിലെയും അപരന്റെയുള്ളിലെയും ഈശ്വരനെക്കാണാൻ ആഗ്രഹമുള്ളവർ, ഇതിലേതെങ്കിലും പാത പിന്തുടരുകയേ വേണ്ടൂ. ഇങ്ങനെ ഈശ്വരനെക്കാണാനായാൽ താനും അപരനും ഒന്നാണെന്ന ബോധ്യം വരും. ഈ ലോകത്തിലെ എല്ലാക്കുഴപ്പങ്ങൾക്കും കാരണം 'ഞാനും നീയും എന്റെയും നിന്റെയും' എന്ന ഭേദഭാവമാണല്ലോ? അതില്ലാത്ത ഒരു ലോകം ഭാവനയിലെങ്കിലും ഒന്നു കണ്ടു നോക്കൂ? അതാണ് ഹിന്ദുമതം വാഗ്ദാനം ചെയ്യുന്നത്. ഒന്നും വെറുതെ കിട്ടില്ലല്ലോ? ഇങ്ങനെയൊരു സ്വപ്നലോകം ഭൂമിയിൽ സൃഷ്ടിക്കണമെങ്കിൽ മനുഷ്യർ കുറച്ചൊക്കെ കഷ്ടപ്പെട്ടേ  മതിയാകൂ, ഒരു നീണ്ട യാത്ര ചെയ്തേ മതിയാകൂ.     



ഈശ്വരസാക്ഷാത്ക്കാരത്തിനായുള്ള ഈ യാത്രയുടെ പാതയൊക്കെ നമുക്കു നമ്മുടെ പൂർവ്വികർ പറഞ്ഞുതന്നിട്ടുണ്ടെങ്കിലും അതത്ര നിസ്സാരമായി നടത്താൻ കഴിയുന്നതല്ല. അതിനു പല തയ്യാറെടുപ്പുകളും യാത്രാസാമഗ്രികളുമൊക്കെ വേണം. താത്വികമായ ഈ മനോബുദ്ധിയാത്രയെ പ്രായോഗികമായി മനുഷ്യർക്കു  മനസ്സിലാക്കിക്കൊടുക്കുവാൻ ചിന്താശക്തിയുള്ള പൂർവ്വികർ ഉണ്ടാക്കിയ സംവിധാനങ്ങളാണ് ദേവതകളും അമ്പലങ്ങളും പൂജയും മന്ത്രവും വഴിപാടും ഒക്കെത്തന്നെ. ആത്മീയയാത്രയുടെ ആദ്യപടികളാണ് ഈ സംവിധാനങ്ങളൊക്കെ. പലവിഷയങ്ങളിലായി ഓടി നടക്കുന്ന മനസ്സിനെ ഈശ്വരാന്വേഷണത്തിനായുള്ള നീണ്ട യാത്രയിലേക്കു സന്നദ്ധമാക്കാൻ ഇവയൊക്കെ സഹായിക്കും. പക്ഷേ തന്നിലേയും അപരനിലെയും ഈശ്വരനെക്കാണണമെങ്കിൽ, അല്ലെങ്കിൽ സ്വയം ഈശ്വരനാകണമെങ്കിൽ, ശരീരമനോബുദ്ധികളിലൂടെയുള്ള ആ നീണ്ടയാത്ര ചെയ്തേ മതിയാകൂ. അതു ചെയ്യാതെ, മറ്റെന്തൊക്കെത്തന്നെ ചെയ്താലും, ഹിന്ദുമതം അനുശാസിക്കുന്ന ഈശ്വരസാക്ഷാത്ക്കാരം മനുഷ്യന് സാധ്യമല്ല തന്നെ. ഈ ഈശ്വരസാക്ഷാത്ക്കരപദ്ധതിയുടെ കടയ്ക്കൽ വയ്ക്കുന്ന കത്തിയാണ് സ്വാർത്ഥത എന്നു ഭഗവത് ഗീത അടിവരയിട്ടു പറയുന്നുമുണ്ട്.


എല്ലാ മനുഷ്യരും തന്നെ ഈശ്വരന്മാരാണെന്നിരിക്കെ, ഈശ്വരാനുഗ്രഹത്തിനായി മനുഷ്യർ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നു ഹിന്ദുമതം അനുശാസിക്കുന്നില്ല. ഉള്ളിൽ തെളിയുന്ന ജ്ഞാനദീപപ്രകാശത്തെ മറയ്ക്കുന്ന, അജ്ഞാനജന്യമായ മനോമാലിന്യങ്ങളെയകറ്റി, തന്നിലെയും അപരനിലെയും ഈശ്വരസാന്നിധ്യം തിരിച്ചറിഞ്ഞു, ഭേദഭാവങ്ങൾ വെടിഞ്ഞു, ആനന്ദകരമായി സമൂഹത്തിൽ ജീവിച്ചു മരിക്കാനേ ഈ മതം പറയുന്നുള്ളൂ. മനോമാലിന്യങ്ങളെയകറ്റാനായുള്ള മാർഗ്ഗങ്ങളും പറഞ്ഞുവച്ചിട്ടുമുണ്ട്. പക്ഷേ നമ്മളെന്തൊക്കെയാണ് ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്? നമ്മുടെ ചെയ്തികൾ കൊണ്ട് മനസ്സ് നിർമ്മലമാകുകയാണോ അതോ കൂടുതൽ മലിനമാകുകയാണോ? നമ്മൾ ഈശ്വരനിലേക്കു കൂടുതൽ അടുക്കുകയാണോ അതോ ഈശ്വരനിൽ നിന്നും അകന്നകന്നു പോകുകയാണോ? നമ്മുടെ പോക്ക് എവിടേക്കാണ്? വ്യക്തികളാണ് സമൂഹം സൃഷ്ട്ടിക്കുന്നതെന്നതിനാൽ വ്യക്തിയുടെ ഈശ്വരനിലേക്കുള്ള അടുപ്പവും അകൽച്ചയും സാമൂഹികഭദ്രതയുമായി ബന്ധപ്പെട്ടു നിൽക്കുന്ന വിഷയമാണ്. ഇക്കാര്യം ശരിക്കും ബോദ്ധ്യപ്പെട്ടവരായിരുന്നു ഭാരതീയ ആത്മീയാചാര്യന്മാർ. ആത്മീയതയിലൂടെ ലോകത്തിനു മുഴുവൻ സുഖം ഭവിക്കട്ടെ (ലോകാ സമസ്താ സുഖിനോ ഭവന്തു) എന്നവർ പ്രാർത്ഥിച്ചത് അതിനാലാണ്.


ഭഗവത് ഗീതയുടെ ശ്രദ്ധാപൂർവ്വമായ പഠനത്തിലൂടെ മുകളിൽ പരാമർശിച്ച മഹനീയമായ ആർഷഭാരത തത്വചിന്തകൾ പ്രായോഗികമായി നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ അത് മനസ്സിലാക്കണമെങ്കിൽ ഭഗവത് ഗീതയുടെ ആത്മീയവും ചരിത്രപരവുമായ പശ്ചാത്തലത്തെക്കുറിച്ചു അൽപ്പമെങ്കിലും മനസ്സിലാക്കിയിരിക്കണം. ഹൈന്ദവ തത്വദർശനങ്ങൾ എല്ലാം തന്നെ വിവേകബുദ്ധിയിലൂന്നിയതാണെന്നും നമുക്ക് പരിചിതമായ ഈശ്വര 'വിശ്വാസ'വും സ്വാർത്ഥഭക്തിയും അതിന്റെ ഭാഗമല്ലെന്നും കൂടി നാമറിയേണ്ടതുണ്ട്. ഇതൊക്കെ സനാതനധർമ്മതത്വങ്ങളുടെ പ്രായോഗികാഖ്യാനമായി പിൽക്കാലത്തു  സാമൂഹിക മനുഷ്യർ സൃഷ്ടിച്ച ആചാരങ്ങളും അവ പരിണമിച്ചുണ്ടായിട്ടുള്ളതുമാണ്. ഇവയുടെയൊക്കെ  ഉദ്ദേശലക്ഷ്യങ്ങൾ നല്ലതുതന്നെയെങ്കിലും അപൂർണ്ണനായ മനുഷ്യനാണ് ഇതൊക്കെ കൈകാര്യം ചെയ്യുന്നതെന്നതിനാൽ ഇവയിലൊക്കെ ഗുണപ്രദവും ദോഷകരവുമായ പല അംശങ്ങളും ഉണ്ടാകാം. പക്ഷേ, ഭഗവത്ഗീത ഉദ്‌ഘോഷിക്കുന്ന നിഷ്ക്കാമഭക്തിയുടെ തലം ഇതിൽ നിന്നും വളരെ വ്യത്യസ്തവും അന്യൂനവുമാണ്; അപൂർണ്ണനായ മനുഷ്യനെ പൂർണ്ണനായ ഈശ്വരനാക്കാൻ സഹായിക്കുന്ന മഹനീയ തത്വമാണത്.


ഭഗവത് ഗീതയുടെ (ഹൈന്ദവ ധർമ്മത്തിന്റെ) ചരിത്ര-ആത്മീയ പശ്ചാത്തലം


തങ്ങളുടെ നിലനിൽപ്പിനു പ്രകൃതി കനിഞ്ഞു നൽകുന്ന സഹായത്തിനു നന്ദി പറഞ്ഞുകൊണ്ടും അതുപോലെ തന്നെ തങ്ങൾക്കു നിയന്ത്രിക്കാൻ കഴിയാത്ത പ്രകൃതിഭാവങ്ങളെക്കണ്ടു ഭയന്ന് അതിൽ നിന്നും രക്ഷ നേടാനുമായി പ്രാകൃത  മനുഷ്യർ ഈശ്വരസങ്കൽപ്പങ്ങളും അവയ്ക്കുള്ള ആരാധനാസമ്പ്രദായങ്ങളും സഹസ്രാബ്ദങ്ങൾക്കു മുൻപു തന്നെ സൃഷ്ടിച്ചു. ഇക്കാലത്തിന് ശേഷം ബോധപൂർവം ചിന്തിയ്ക്കുന്ന മനുഷ്യരുടെ കാലമായപ്പോൾ അവർ പ്രപഞ്ചത്തെയും അതിലെ പ്രതിഭാസങ്ങളെയും മനുഷ്യ ജീവിതത്തെയും ജീവിതത്തിനു ശേഷമുള്ള ലോകത്തെയും മറ്റും മറ്റും പറ്റി ചിന്തിക്കാൻ തുടങ്ങി. ഈ പ്രപഞ്ചാവലോകനമാണ് വേദോപനിഷത്തുക്കളിൽ നിറഞ്ഞു നിൽക്കുന്നത്. ഇന്ദ്രിയപരമായ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു, അപരിഷ്കൃത ജീവിതം നയിക്കുന്ന മനുഷ്യരെ, ബോധപൂർവം ചിന്തിപ്പിച്ചു പരിഷ്കൃതചിത്തരായ സാമൂഹികമനുഷ്യരാക്കാനുദ്ദേശിച്ചുള്ള ചിന്തകളും പ്രയോഗരീതികളുമാണ് ഈ ജ്ഞാനസ്രോതസ്സുകളിൽ നിറഞ്ഞു നിൽക്കുന്നത്. വേദത്തിന്റെ അന്ത്യഭാഗവും വേദസാരവുമായ വേദാന്തത്തിൽ (ഉപനിഷത്തുക്കളിൽ), പ്രപഞ്ചകർത്താവെന്ന ഈശ്വരസങ്കൽപ്പം (ഏകദൈവസങ്കൽപ്പം) പ്രബലമായി പ്രതിഷ്ഠിക്കപ്പെട്ടിiട്ടുണ്ട്. വേദകാലത്തിനു ശേഷവും ഭാരതീയ തത്വചിന്തകന്മാർ ഈ പ്രപഞ്ച വിഷയങ്ങളെക്കുറിച്ചു ഗാഢമായി ചിന്തിക്കുകയും അവരവരുടേതായ കണ്ടെത്തലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. അങ്ങിനെയുണ്ടായ നിരവധി തത്വചിന്താശാഖകളിൽ ചിലതാണ് ചാർവാക മഹർഷിയുടെ ലോകായത മതം, കപിലമുനിയുടെ സാംഖ്യയോഗം, പതഞ്ജലി മഹർഷിയുടെ യോഗം, ശ്രീബുദ്ധന്റെ ബുദ്ധമതം, മഹാവീരന്റെ ജൈനമതം തുടങ്ങിയവ. ഈ തത്വചിന്തകളേറെയും ജഗന്നിയന്താവായ ഈശ്വരൻ എന്ന വേദാന്തദർശനത്തോടു യോജിക്കുന്നില്ല എന്നു തന്നെയല്ല ഈശ്വരസങ്കൽപ്പത്തെ നിരാകരിക്കുന്നുമുണ്ട്. വേദത്തിന്റെ അധികാരികളായി സ്വയം അവരോധിച്ച അക്കാലത്തെ കുറെ മനുഷ്യർ (പിൽക്കാലത്തു വൈദികമതം എന്നറിയപ്പെട്ടു) വേദത്തിന്റെ ലോകക്ഷേമകരമായ ഉദ്ദേശ്യലക്ഷ്യങ്ങൾക്കനുസൃതമല്ലാത്ത രീതിയിൽ വ്യാഖ്യാനങ്ങൾ നടത്തുകയും ചാതുർവർണ്യ വ്യവസ്ഥിതി സൃഷ്ടിച്ചു സമൂഹത്തെ വിഭജിക്കുകയും വേദവിധിപ്രകാരം മനുഷ്യർ എങ്ങിനെയാണ് സാമൂഹികജീവിതം നയിക്കേണ്ടതെന്നു നിർദ്ദേശിക്കുന്ന ധർമ്മശാസ്ത്രങ്ങൾ (ഉദാ: മനുസ്മൃതി, യാജ്ഞവല്ക്യസ്മൃതി) രചിച്ചു നടപ്പിൽ വരുത്തുകയും ചെയ്തു. ഈശ്വരന്റെ പേരിൽ  സമൂഹത്തിൽ നിരവധി അനാചാരങ്ങളും ജന്തുഹിംസയടക്കമുള്ള ദുരാചാരങ്ങളും ഇവർ നടപ്പിൽ വരുത്തുകയും അതെല്ലാം ജനങ്ങളിൽ  അടിച്ചേൽപ്പിക്കുകയും ചെയ്തതിന്റെ ഫലമായി ഹൈന്ദവമതം നാശോന്മുഖമാവുകയും അതിന്റെ സ്ഥാനത്തു ബുദ്ധമതവും ജൈനമതവും ഭാരതത്തിലുടനീളം വളർന്നു വികസിക്കുകയും ചെയ്തു. ഈ രണ്ട് അവൈദികമതങ്ങളും വേദങ്ങളിലെ യജ്ഞസംസ്കാരത്തെയും ഈശ്വരസങ്കൽപ്പത്തെയും നിരാകരിക്കുകയും സ്നേഹം, കരുണ  തുടങ്ങിയ മാനുഷിക വികാരങ്ങൾക്ക് ഊന്നൽകൊടുക്കുന്ന ചിന്തകൾക്ക് പ്രാമുഖ്യം കൊടുക്കുകയും ചെയ്തു. ഈ രണ്ടുമതങ്ങളും സ്വാഭാവികമായും വൈദികമതത്തിന്റെ കണ്ണിലെ കരടായിത്തീർന്നു. വൈദികമതത്തിന്റെ ഈ ദോഷകാലത്ത്, സനാതനധർമ്മത്തെ ഉയർത്തിപ്പിടിച്ചു സമൂഹത്തിൽ അതിനു സ്ഥാനമുണ്ടാക്കാനുള്ള നല്ല ശ്രമങ്ങളുടെ ഭാഗമായുണ്ടായിട്ടുള്ള കൃതികളാണ് രാമായണവും മഹാഭാരതവും. മഹാഭാരതത്തിന്റെ ഭാഗമാണ് ഭഗവത് ഗീത. ഇതേ ലക്ഷ്യത്തിലേക്കായി തന്നെ പിൽക്കാലത്ത് പുരാണങ്ങളും രചിക്കപ്പെട്ടു. ഇതിഹാസങ്ങളും പുരാണങ്ങളും കൂടി സനാതനധർമ്മത്തെ സമൂഹത്തിൽ സുസ്ഥിരമായി പ്രതിഷ്ഠിക്കുകയും ചെയ്തു.


ഉപനിഷദ് ദർശനങ്ങളാണ് ഭഗവത് ഗീതയുടെ വിഷയം എന്നു ഗീതയുടെ ധ്യാനശ്ലോകത്തിൽ പറയുന്നുണ്ട്. ഗീതയുടെ കാലഘട്ടത്തിനു മുൻപ് ഭാരതത്തിൽ ഉടലെടുത്തിട്ടുള്ള എല്ലാ തത്വദർശനശാഖകളുടെയും നല്ല വശങ്ങൾ, ഗീതയുടെ നിർമ്മിതിയിലേക്ക് ഗീതാകാരൻ ഉപയോഗിച്ചിട്ടുണ്ടെന്നു ഗീത ശ്രദ്ധാപൂർവം പഠിക്കുന്നവർക്കു മനസ്സിലാക്കാവുന്നതാണ്. അതായത് നിർഗ്ഗുണബ്രഹ്മമായ ഈശ്വരനെ ജഗന്നിയന്താവായി പ്രതിഷ്ഠിച്ച  ഉപനിഷദ് ദർശനങ്ങളോടൊപ്പം തന്നെ, ഈശ്വരസങ്കല്പത്തെ നിരാകരിക്കുന്ന തത്വചിന്തകളുടെ നല്ല വശങ്ങൾ കൂടി വിളക്കിച്ചേർത്തു സൃഷ്ട്ടിച്ച ആത്മീയകൃതിയാണ് ഭഗവത് ഗീത. പ്രപഞ്ചകർത്താവായി ഈശ്വരനെ പ്രതിഷ്ഠിക്കുന്ന വേദാന്തചിന്തകളിലടക്കം മേൽപ്പറഞ്ഞ ഒരു ഭാരതീയ ദർശനശാഖയിലും നാം ഇന്നറിയുന്ന വിധത്തിലുള്ള, നമ്മിൽ നിന്നന്യനായ, നിഗ്രഹാനുഗ്രഹശക്തിയുള്ള ഒരീശ്വരസങ്കൽപ്പം ഇല്ല. പുരാണകഥകളിൽ അങ്ങിനെയുള്ള ഈശ്വരസങ്കൽപ്പങ്ങളെ പ്രകീർത്തിക്കുന്ന നിരവധി കഥകൾ ഉണ്ടെങ്കിലും അവയൊക്കെ തന്നെ ഉപനിഷത്തുക്കൾ ഉദ്ഘോഷിക്കുന്ന ആത്മജ്ഞാനത്തിലേക്കു സാധാരണ മനുഷ്യരെ നയിക്കാൻ വേണ്ടിയുണ്ടാക്കിയ പദ്ധതികളുടെ ഭാഗമാണെന്ന് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ആത്മബോധമുള്ള സമൂഹത്തെ വാർത്തെടുക്കാൻ വേണ്ടി ചിന്താശക്തിയുള്ള മനുഷ്യർ മെനഞ്ഞെടുത്ത കഥകളാണിതെല്ലാം എന്നർത്ഥം. ഇതിൽ തന്നെ പല കൃതികളുടെയും ഉദ്ദേശ്യം ചാതുർവർണ്യ വ്യവസ്ഥയെ സമൂഹത്തിൽ അരക്കിട്ടുറപ്പിക്കുകയായിരുന്നു എന്ന ആക്ഷേപവും പലരും  ഉന്നയിച്ചിട്ടുണ്ട്. ആയിരിക്കാം. നമുക്കു തൽക്കാലം ആ വിഷയത്തിലേക്കു പോകാതിരിക്കാം. പുരാണകഥകളിൽ രസിച്ചു, അവയിൽ അന്തർഭവിച്ചിരിക്കുന്ന ആത്മബോധപരമായ കാര്യങ്ങളെ മറന്നു ജീവിക്കുന്നവരാണ് കൂടുതൽ പേരും എന്നു മാത്രം ഇപ്പോൾ മനസ്സിലാക്കാം.


ക്രിസ്തുവർഷത്തിന്റെ തുടക്കകാലത്തിനടുത്താണ് ഗീത രചിക്കപ്പെട്ടതെന്നാണു പാശ്ചാത്യരും പൗരസ്ത്യരുമായ ഭൂരിഭാഗം ഗവേഷകരും അഭിപ്രായപ്പെടുന്നത്. ഗീതയ്ക്ക് 5000ൽപ്പരം വർഷത്തെ പഴക്കമുണ്ടെന്ന അഭിപ്രായപ്പെടുന്നവരും ഉണ്ട്. ഇതെന്തുതന്നെയായാലും ദ്വാപരയുഗത്തിൽ ജീവിച്ചിരുന്നതെന്നു ഹിന്ദുക്കൾ വിശ്വസിക്കുന്ന വാസുദേവകൃഷ്ണനു ഗീതയുടെ കാലത്തു ജീവിച്ചിരിക്കാൻ കഴിയില്ലല്ലോ? അതായത്, ഗീത അവതരിപ്പിക്കുന്നത് ഭഗവാൻ കൃഷ്ണനെന്നു പറയുമ്പോൾ മനസ്സിലാക്കേണ്ടത്, പുരാണങ്ങളിൽക്കൂടി നമ്മൾ അറിയുന്ന കൃഷ്ണനെന്നല്ല, കൃഷ്ണനെന്ന കഥാപാത്രമാണെന്നാണ്.ഗീതയുടെ കാലത്തിനു മുൻപു തന്നെ ഭാരതത്തിലെ ജനങ്ങൾ ആരാധിച്ചിരുന്ന തേജസ്വിയായ കൃഷ്ണനിലൂടെ, ലോകസമ്മതിയിലേക്കായി ഗീതാകാരൻ, ഗീതാശ്ലോകങ്ങളെ  അവതരിപ്പിക്കുകയാണ്. നല്ലൊരു സംരംഭം തുടങ്ങാൻ പോകുമ്പോൾ നാം സ്ഥലത്തെ പ്രധാനിയും പൊതുസമ്മതനുമായ ആളെക്കൊണ്ട് അതു നിർവഹിപ്പിക്കുന്നതുപോലെ. ഭാരതീയ തത്വചിന്താധാരകളിൽ നിന്നും ഗീതാകാരൻ എഴുതിയുണ്ടാക്കിയ ഗീതാശ്ലോകങ്ങൾ ഭഗവാൻ കൃഷ്ണനെക്കൊണ്ട് അവതരിപ്പിക്കുന്നതായി സങ്കല്പിച്ചിരിക്കുന്നു. അതായതു ഗീതയിൽ നാം കാണേണ്ടത് ദൈവമായ വാസുദേവകൃഷ്ണനെയോ ആ അവതാരപുരുഷന്റെ ദൈവീകശക്തികളെയോ അല്ല, മറിച്ചു ആർഷഭാരത ഋഷിമനസ്സുകളെയും അവർ പകർന്നുതരുന്ന ബൗദ്ധികമായ അറിവുകളെയുമാണ്. ഗീത പഠിക്കുമ്പോൾ ഭഗവാൻ എന്നോ കൃഷ്ണൻ എന്നോ ഉള്ള പ്രയോഗം കണ്ടാൽ  ജ്ഞാനിയായ ഒരു ഗുരു എന്നേ ചിന്തിയ്ക്കേണ്ടതുള്ളൂ. ആ ഗുരുവിനെ അന്ധമായി വിശ്വസിക്കേണ്ടതില്ല, ഗുരു പറയുന്നത് ബോധപൂർവം മനസ്സിലാക്കി കഴിയാവുന്നിടത്തോളം ജീവിതത്തിൽ പകർത്താൻ ശ്രമിക്കുക മാത്രമേ വേണ്ടൂ. നമ്മിൽ നിന്നന്യനായ ഒരു ദൈവം എന്ന ചിന്ത വേദാന്തദർശനത്തിലില്ല. നാമോരോരുത്തരിലും ദൈവീകത്വം ഉണ്ടെന്നും, പക്ഷെ അജ്ഞാനത്താൽ അതു മറഞ്ഞു നിൽക്കുകയാണെന്നും, അജ്ഞാനത്തെയകറ്റിയാൽ ഉള്ളിലെ ദിവ്യചൈതന്യം അനുഭവവേദ്യമാകുമെന്നുമാണ് ഹൈന്ദവതത്വശാസ്ത്രങ്ങളിൽ പറഞ്ഞിരിക്കുന്നത്. ആത്മീയമായ അറിവു നേടുന്നതിനനുസരിച്ചു അജ്ഞാനമാകുന്ന മൂടുപടം നേർത്തു നേർത്തു വരും, കാഴ്ചപ്പാടുകൾ മാറിത്തുടങ്ങും. തന്നെ നിലനിർത്തുന്ന ഈശ്വരൻ തന്നെയാണ് മറ്റുള്ളവയേയും നിലനിർത്തുന്നതെന്ന ബോധം ഉള്ളിലുദിക്കും. ഇതോടെ ഭേദഭാവചിന്തകൾ നമ്മളിൽ നിന്നകന്നുതുടങ്ങും. ഭേദഭാവമകന്ന മനുഷ്യർ ജീവിക്കുന്ന സമൂഹം സ്വർഗ്ഗമല്ലാതെ മറ്റെന്താണ്? വേദാന്തസാരമായ ഭഗവത് ഗീത ലക്‌ഷ്യം വയ്ക്കുന്നത് സമത്വത്തിന്റെയും സാഹോദര്യത്തിന്റേതുമായ ആ സുന്ദരലോകത്തെയാണ്. ഗീതയുടെ പഠനത്തിലൂടെ മനുഷ്യർ നേടുന്നത് ഈ  സമത്വബോധമാണ്, മറ്റൊന്നുമല്ല. ലോകാ സമസ്‌താ സുഖിനോ ഭവന്തു.


ഭഗവത് ഗീതയിൽ പ്രദിപാദിച്ചിരിക്കുന്ന ആത്മീയ വിഷയങ്ങളുടെ പൊതു പശ്ചാത്തലം മുകളിൽ എഴുതിയതിൽ നിന്നും മനസ്സിലാക്കാമെങ്കിലും ഗീതയുടെ രചനയിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ടെന്നു വിവേകാനന്ദ സ്വാമികളും പല ഗീതാഗവേഷകരും കരുതുന്ന ചില സാമൂഹ്യവിഷയങ്ങളെക്കൂടി ഇവിടെ പരാമർശിക്കേണ്ടതുണ്ട്. വേദങ്ങളെ ആധാരമാക്കിക്കൊണ്ടു, ചാതുർവർണ്യ വ്യവസ്ഥ നടപ്പിലാക്കി, സാമൂഹിക ജീവിതത്തെ നിയന്ത്രിച്ചിരുന്ന വൈദികബ്രാഹ്മണരുടെ ഇടയിൽത്തന്നെ അന്നു രണ്ടു പക്ഷക്കാരുണ്ടായിരുന്നു. വേദങ്ങളുടെ കർമ്മകാണ്ഡത്തിൽ പറഞ്ഞിട്ടുള്ള യജ്ഞാദികർമ്മങ്ങൾ അനുഷ്ഠിച്ചുകൊണ്ടുള്ള സാമൂഹികജീവിതമാണ് ശരിയെന്ന് ഒരു കൂട്ടർ വാദിച്ചപ്പോൾ, കർമ്മങ്ങളെല്ലാം തന്നെ സ്വാർത്ഥത ജനിപ്പിക്കുന്നതാണെന്നും ആയതിനാൽ കർമ്മബന്ധങ്ങളുണ്ടാക്കി പുനർജന്മ്ത്തിനു കാരണമാകാവുന്ന കർമ്മമാർഗ്ഗം ഉപേക്ഷിച്ചു വനത്തിൽ പോയി സന്യാസജീവിതം നയിക്കുകയാണ് വേണ്ടതെന്നായി രണ്ടാമത്തെ കൂട്ടർ. കാമ്യകർമ്മങ്ങളിൽ മുഴുകി ജീവിച്ച കൂട്ടരായിരുന്നു സ്വാഭാവികമായും അന്നത്തെ സമൂഹത്തിലെ പ്രബലർ. വേദത്തെച്ചൊല്ലിയുണ്ടായ ഈ രണ്ടു വീക്ഷണങ്ങളും സമൂഹത്തിൽ വലിയ സംഘർഷവും അശാന്തിയും സൃഷ്ട്ടിച്ചു കൊണ്ടിരുന്ന കാലത്താണ് ഗീത രചിക്കപ്പെട്ടിട്ടുള്ളത്. ഈ രണ്ടു വീക്ഷണങ്ങളെയും ഉൾക്കൊണ്ടു കൊണ്ടു, സമന്വയത്തിന്റെ മാർഗ്ഗത്തിലാണ്‌ ഗീത രചിക്കപ്പെട്ടിട്ടുള്ളത്. ആദ്യത്തെ കൂട്ടർ വാദിച്ച കാമ്യകർമ്മമാർഗ്ഗത്തിലെ കാമത്തെ (desire) മാറ്റി നിഷ്ക്കാമമായാണ് കർമ്മം ചെയ്യേണ്ടതെന്നും നിസ്വാർത്ഥമായി കർമ്മം ചെയ്യുന്നതിലൂടെ കർമ്മബന്ധനങ്ങളും പുനർജന്മവും ഉണ്ടാകില്ലെന്നും ഉപനിഷദ് ദർശനങ്ങളുടെ അടിസ്ഥാനത്തിൽ ഗീത സമർത്ഥിച്ചപ്പോൾ അത് രണ്ടു കൂട്ടർക്കും സ്വീകാര്യമായി. സ്വാഭാവികമായും വേദങ്ങളുടെ കർമ്മകാണ്ഡത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ കാമ്യകർമ്മങ്ങളെയും ഗീത നിശിതമായി വിമർശിച്ചു. വേദങ്ങളെയല്ല, വേദങ്ങളെ മനുഷ്യർ ഉപയോഗിക്കുന്ന രീതിയെയാണ് ഗീത വിമർശിക്കുന്നത്. തികച്ചും മൗലികമായ കർമ്മയോഗസിദ്ധാന്തം ആഹ്വാനം ചെയ്യുമ്പോൾത്തന്നെ, ജാതിവ്യവസ്ഥയെ സമൂഹത്തിൽ നിലനിർത്തുന്നതിനു സഹായകരമാകുന്ന നിലപാടുകളാണ് പല ഗീതാശ്ലോകങ്ങളിലും നിഴലിക്കുന്നതെന്ന ഗൗരവപരമായ ആക്ഷേപവും പലരും ഉന്നയിച്ചിട്ടുണ്ട്. എന്റെ ഇതുവരെയുള്ള വായനയിൽ ഇതു ശരിയാണെന്നു തോന്നിയിട്ടില്ല. എങ്കിലും തുറന്ന മനസ്സോടെയുള്ള ഈ പഠനത്തിൽ അങ്ങിനെ എന്തെങ്കിലും അറിയാൻ കഴിഞ്ഞാൽ അതു മറച്ചുവയ്ക്കാതെ ഞാൻ ചർച്ച ചെയ്യുക തന്നെ ചെയ്യും. പഠിച്ചു പോകുന്ന വഴിയിൽ ഇപ്പറയുന്നതൊക്കെ ശരിയാണോ എന്നു നമുക്കും അന്വേഷിക്കാവുന്നതേയുള്ളൂ.


                    ***        ***    ***      ***     ***    ***    ***    ***   

ഈ അടുത്തകാലത്തായി താനൊരു ഹിന്ദുവാണെന്ന് ഉറക്കെപ്പറയാൻ പോലും പല ഹിന്ദുക്കൾക്കും, പ്രത്യേകിച്ച് വിദ്യാഭ്യാസമുള്ളവർക്കു, മടിയായിരിക്കയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഹിന്ദു എന്ന വാക്കിന്റെ പുതിയ അർത്ഥം (മൃദു) ഹിന്ദുത്വതീവ്രവാദിയെന്നാണത്രെ! തീവ്രവാദി എന്നു വിളിക്കപ്പെടുന്നത് ആർക്കുമത്ര സന്തോഷമുള്ള കാര്യമല്ലല്ലോ? എന്നാൽ, ഹിന്ദുവാണെങ്കിലും ഹിന്ദുവിന് എതിരായി സംസാരിക്കുകയും പ്രവർത്തിക്കുകയും നിലകൊള്ളുകയും ചെയ്‌താലോ, മറ്റുള്ളവരുടെ മുൻപിൽ വിശാലമനസ്കനായ മതേതരവാദിയായി അംഗീകരിക്കപ്പെടും എന്ന വലിയ ഗുണവുമുണ്ട്. അമ്മയെക്കൊന്നാലും വേണ്ടില്ല, അംഗീകാരങ്ങൾ നേടണം എന്നു ചിന്തിക്കുന്ന ഒരു ലോകത്താണല്ലോ ഇന്നു നാം ജീവിക്കുന്നത്? അങ്ങിനെ അധികാര രാഷ്ട്രീയത്തിന്റെ മോഹവലയങ്ങളിലും അവരൊരുക്കുന്ന കുതന്ത്രങ്ങളിലും ചെന്നു ചാടി പല ഹിന്ദുക്കളും, സഹസ്രാബ്ധങ്ങളായി തങ്ങളാർജ്ജിച്ചിട്ടുള്ള സംസ്കാരത്തെത്തന്നെ തള്ളിപ്പറയാൻ ലജ്ജയില്ലാത്ത അവസ്ഥയിലെത്തി നിൽക്കുന്ന കാഴ്ചയാണിന്നു കാണുന്നത്. സംസ്കാരചിത്തനായ ഒരു ഹിന്ദുവിനേക്കാൾ മതേതരവാദിയായ ഒരു മനുഷ്യനും ഈ ഭൂമുഖത്തു കാണില്ല എന്നതാണ് സത്യം. പക്ഷെ, സ്വന്തം സംസ്കാരത്തെയും മതത്തെയും നിന്ദിച്ചുകൊണ്ട്, മറ്റുള്ളതെല്ലാമാണ് മഹത്തരം എന്നു പറഞ്ഞു, അതിനൊക്കെ ആർപ്പു വിളിക്കുന്നതാണ് മതേതരത്വം എന്നാണ്‌ കുറെ ഹിന്ദുക്കളെങ്കിലും ഇന്നു കരുതുന്നതെന്നു തോന്നുന്നു. മറ്റു മതസ്ഥരിൽ നിന്നും ഹിന്ദുക്കളെ വ്യത്യസ്തരാക്കുന്ന പ്രധാനഘടകമാണ് സ്വത്വബോധമില്ലാത്ത ഈ ഹിപ്പോക്രസി. രാഷ്ട്രീയമെന്നപോലെ തന്നെ ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥ സൃഷ്ട്ടിക്കുന്ന അപകർഷതാ ബോധവും സ്വന്തം സംസ്കാരത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ഈ കപടമനോഭാവത്തിനു പിന്നിൽ വർത്തിക്കുന്ന പ്രധാന ഘടകങ്ങളാണ്. ചിലർക്കു മറ്റു പലതും പോലെ സ്വസംസ്കാരനിന്ദ ഒരു ഫാഷനായിത്തീർന്നിട്ടുപോലുമുണ്ട്. ബാഹ്യപരമായ കടന്നാക്രമണങ്ങളെക്കാളും ഹൈന്ദവർ ഭയക്കേണ്ടത് സ്വസമൂഹത്തിലെ ആന്തരികമായ ഈ കാപട്യത്തെയാണെന്നതിൽ സംശയം വേണ്ട. ഹൈന്ദവധർമ്മത്തെക്കുറിച്ചുള്ള ശരിയായ അറിവ് പകർന്നു നൽകുകയാണ്,  അപകർഷതാബോധത്തിൽ നിന്നും ആത്മഹത്യാപരമായ ഈ പ്രവണതകളിൽ നിന്നും ഹിന്ദുവിനെ രക്ഷിക്കാനുള്ള മാർഗ്ഗം. ഭഗവത് ഗീതയുടെ ശരിയായ പഠനം ഈ ലക്ഷ്യത്തെ സാധൂകരിക്കാൻ പ്രാപ്തമാണ്.


                             ***      ***     ***     ***     ***    ***  ***  ***  ***







Dr. Evoor Mohandas at 1:10 AM

Share

88 comments:



PODUVAL AMKNovember 4, 2017 at 2:01 AM

Good reading.
Informative
Plainand simple English.
Majority of Hindus, 40 years old or less may not be aware of these points. Elderly people may be knowing it, at least 50 percent of these points.
Reply

Replies



Dr. Evoor Mohandas December 9, 2017 at 7:16 AM

Thanks

Reply



bhattathiriNovember 29, 2017 at 6:25 PM

Excellent and informative,
Reply

Replies



Dr. Evoor Mohandas December 9, 2017 at 7:15 AM

thank you very much for the appreciation

Reply



bhattathiriNovember 29, 2017 at 6:27 PM

ഭഗവദ്ഗീത പറയുന്ന യുദ്ധം യഥാര്‍ത്ഥത്തില്‍ ബാഹ്യമായി ആയുധങ്ങള്‍കൊണ്ടു നടക്കുന്നതല്ല. ആന്തരികമായി ഓരോ മനസ്സിലും നടക്കുന്നതാണ്. ശ്ലോകങ്ങള്‍ ശ്രദ്ധിച്ചാലറിയാം. മനുഷ്യമനസ്സിലെ കാമം, ക്രോധം, മദം, മാത്സര്യം തുടങ്ങിയ ശത്രുക്കളെ കൊല്ലാനാണ് ഭഗവാന്‍ ഉപദേശിക്കുന്നത്. ഓരോ ശരീരവും ക്ഷേത്രമാണ്. എല്ലാ ശരീരങ്ങളിലും നിറയുന്ന ചൈതന്യമാണ് ഈശ്വരന്‍. തന്നെപ്പോലെ സകല ജീവജാലങ്ങളെയും കരുതണം. സുഖവും ദുഃഖവും ആ വിധത്തില്‍ തിരിച്ചറിയണം.
”സുഹൃദം സര്‍വ്വഭൂതാനാം” എന്നതാണ് ഭഗവാന്റെ മറ്റൊരു വാക്യം. എല്ലാജീവജാലങ്ങളുടെയും ജീവനില്ലാത്തവയുടേയും കൂടി സുഹൃത്താണ് ഞാന്‍ എന്നര്‍ത്ഥം. എല്ലാവരിലും എല്ലാറ്റിലും ഭഗവാനെ കാണുന്നുവെങ്കില്‍ ‘ശത്രു’ എന്ന വാക്കിനുപോലും സ്ഥാനമില്ലല്ലോ. പണ്ഡിതന്മാരുടെ വലിയ ഗുണം സമദര്‍ശിത്വമാണ്.

വാസ്തവത്തില്‍, ലോകത്തിലെ ആദ്യത്തെ സമത്വവാദിയാണ്- വിപ്ലവകാരിയായ സോഷ്യലിസ്റ്റാണ് ശ്രീകൃഷ്ണന്‍. അര്‍ജ്ജുനനും കൃഷ്ണനും പരസ്പരം സഖാവേ എന്നാണ് വിളിക്കുന്നത്. അതിനാല്‍ കൃഷ്ണന്റെ ഉപദേശങ്ങള്‍ക്ക് ‘കൃഷ്ണനിസം’ എന്ന പേര്‍ നല്‍കാവുന്നതല്ലേ? സൂക്ഷ്മതലത്തിലുള്ള സമത്വാനുഭവമാണത്.

ജ്ഞാനത്തെപ്പോലെ പരിശുദ്ധമായി ലോകത്തില്‍ ഒന്നുമില്ല. ശ്രദ്ധയുള്ളവനു ജ്ഞാനം ലഭിക്കും. മനോനിയന്ത്രണവും സമര്‍പ്പണവും ഉണ്ടെങ്കില്‍ ജ്ഞാനമാകുന്ന വാളിനാല്‍ സംശയങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യാം. സംശയങ്ങള്‍ വ്യക്തികളെ നശിപ്പിക്കുന്നു. മതം എന്ന വാക്കു ഗീതയില്‍ ഭഗവാന്റേതായി പലേടത്തും വരുന്നുണ്ട്. ‘മേ മതം’ എന്നാല്‍ എന്റെ അഭിപ്രായം എന്നാണ് അര്‍ത്ഥം. വിദഗ്ദ്ധ മതം, വിദഗ്ദ്ധരുടെ അഭിപ്രായം എന്ന പോലെ ഇന്നു നാം ഉപയോഗിക്കുന്ന മതം ഇടുങ്ങിയ അര്‍ത്ഥത്തിലുള്ളതാണ്, വിഭാഗീയവുമാണ്. ഹിന്ദു എന്ന ഒറ്റവാക്കും ഗീതയിലില്ല എന്ന കാര്യവും ശ്രദ്ധിക്കണം.പ്രസന്നനായിരിക്കൂ, പ്രശാന്തനായിരിക്കൂ, സമത്വബുദ്ധിയോടെ ഇരിക്കൂ. മിതത്വവും ശുചിത്വവും പാലിക്കൂ. ജ്ഞാനിയായി, ദാനിയായി, സേവനനിരതനായി ഇരിക്കൂ എന്നെല്ലാം പറയുന്ന ഗീത ഒരു വ്യക്തിത്വ വികസന ഗ്രന്ഥമാണ്, ഇന്ന് അര്‍ത്ഥമാക്കുന്ന തരത്തിലുള്ള മതഗ്രന്ഥമല്ല.

ലോകമാനവികതയ്ക്കുമപ്പുറം സകലചരാചര സ്‌നേഹത്തെ ഉയര്‍ത്തിക്കാട്ടുന്ന, അതിര്‍ത്തികളില്ലാത്ത ലോകത്തിന്റെ ഭരണഘടനയാണ് ഭഗവദ്ഗീത...
Reply

Replies



Dr. Evoor Mohandas December 9, 2017 at 7:14 AM

absolutely right. Though Gita is generally looked upon as a book dealing with spirituality, it's contours are much wider and deeper and it takes in its fold several subjects like spirituality, philosophy, psycology, ethics,....and what not. A truly inspiring work indeed.

Reply



Hari NarayanaswamyDecember 8, 2017 at 4:57 PM

Very well written. Thank you for carrying this message forward. One clarification though. Bhagavad Gita doesn’t reject the Vedic rites entirely. Please see chapter 16, sloka 24 ‘thasmad sastram pramanam te, karayakarya vyvastitau...etc. It rejects performance of Vedic rites for ensuring comfortable after life. Again, in chapter 18, sloka 5, Krishna says ‘yagnadanatbapakarma na thyajyam, karyameva tad’. He continues to clarify that yagna, Dana and Thapa are to be performed with the intented purpose of purifying the mind.
Reply



Dr. Evoor Mohandas December 9, 2017 at 7:07 AM

Thank you. I have only stated 'വേദങ്ങളുടെ കർമ്മകാണ്ഡത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ കാമ്യകർമ്മങ്ങളെയും ഗീത നിശിതമായി വിമർശിച്ചു. Gita is only against performance of vedic rites with self-seeking interests and not against performance of those with selfless intentions.
Reply



UnknownApril 1, 2018 at 2:06 AM

Dear Dr Mohandas

Do you regularly speak and if yes is possibly to get links .if you hv a WhatsApp group could you please add my number. 98410 27695. Chennai . Many thanks for your wonderful service. This is your calling and an opportunity given by the God.
Reply

Replies



Dr. Evoor Mohandas April 1, 2018 at 7:45 PM

Thank you for your appreciation and kind words. I don't speak anywhere for want of time but I write in facebook and here in this blog (www.dhanyaasi.co.in)regularly. I have been writing on Bhagavat Gita in this blog for more than a year and all the articles pertaining to the first two chapters are available here. I will add you in my Whatsapp group and initimate you about my posts in FB and blog.

Reply



Dr. Evoor MohandasApril 2, 2018 at 7:16 AM

V.Vishnu Nampoothiri wrote in FB:ലേഖനം വായിച്ചു. എന്റെ അഭിപ്രായത്തിൽ, വേദോപനിഷത്തുകളൊക്കെ മാനുഷികമായ അഭിമാനത്തോടു കൂടി കൈകാര്യം ചെയ്തതിന്റെ ഫലമായി ഒരു പാട് അബദ്ധ ധാരണകൾ ഉണ്ടായിട്ടുണ്ട്. മനുഷ്യൻ ദൈവമായി മാറുക എന്നത് മാനുഷികമായ അഹംകാരത്തിന്റെ മറ്റൊരു രൂപം തന്നെയാണ്. എല്ലാവരും എന്നെ ബഹുമാനിക്കണം എന്നൊരു ധ്വനിയാണ് ഇതിനു പിന്നിലുള്ളത്. യഥാർത്ഥത്തിൽ, ആത്മസാക്ഷാൽക്കാരം നേടിയാൽ മനുഷ്യൻ എല്ലാ ജീവികൾക്കും തുല്യമായ ഒരു സാധാരണ ജന്തുമാത്രമാണെന്ന സത്യത്തിലാണെത്തുക. മരണമില്ലാത്ത ആത്മാവാണ് ഞാൻ എന്നതല്ല സത്യം .എപ്പോൾ വേണമെങ്കിലും ചത്തുപോകാവുന്ന സാധാരണ ജീവിയാണ് മനുഷ്യൻ എന്നതാണ്. ഇതാണ് സുഷുപ്തിയിൽ എല്ലാവരും അനുഭവിച്ചറിയുന്ന അദ്വൈതാവസ്ഥ.സമത്വത്തിലേക്കും പൂർണ സ്വതന്ത്ര ത യിലേക്കും എത്താനുള്ള ഉപായം മാത്രമാണ് ആത്മസാക്ഷാൽക്കാരം (ഈശ്വരസാക്ഷാൽക്കാര്യം) അല്ലാതെ അതിനെ മനുഷ്യ ജന്മത്തിന്റെ അന്തിമ ലക്ഷ്യമായി കാണുന്നതിൽ അപാകതയുണ്ട്.
Reply

Replies



Dr. Evoor MohandasApril 2, 2018 at 7:18 AM

അഭിപ്രായങ്ങൾക്കു നന്ദി. ആത്മീയ വിഷയത്തെക്കുറിച്ചു അറിവ് കുറഞ്ഞ, എന്നാൽ ജിജ്ഞാസുക്കളായ സാധാരണ മനുഷ്യരെ ഉദ്ദേശിച്ചാണ് ഞാൻ എഴുതാറുള്ളത്; ഈ വിഷയത്തിൽ പാണ്ഡിത്യം ഉള്ളവരെ ഉദ്ദേശിച്ചല്ല. ആയതിനാൽ തന്നെ സാധാരണക്കാരുടെ മനസ്സിലേക്ക് ആത്മവിഷയത്തെ കൊണ്ടെത്തിക്കുവാനായി പ്രായോഗികമായ രീതികൾ സ്വീകരിക്കേണ്ടതുണ്ട്. തത്വജ്ഞാനപരമായ ഗഹനതലത്തിലേക്ക് പോയാൽ അവർക്കു വിഷയത്തിലുള്ള താല്പര്യം തന്നെ ഇല്ലാതാകും. അതല്ലല്ലോ ഈ എഴുത്തിന്റെ ഉദ്ദേശ്യം? ആരൊക്കെയോ പറയുന്ന എന്തൊക്കെയോ കേട്ടു വിശ്വസിച്ചു, അന്ധവിശ്വാസങ്ങളിൽ അഭിരമിച്ചു കഴിയുന്ന വലിയൊരു ജനസഞ്ചയത്തിന്‌ ചെറുതായെങ്കിലും ആത്മീയവഴി കാട്ടി അതിലൂടെ അവരെ നടക്കാൻ പ്രേരിപ്പിക്കുകയാണിപ്പോൾ ആവശ്യം. കൂടുതൽ ഗഹനമായ ആത്മവിഷയത്തിൽ താൽപ്പര്യമുള്ളവർക്ക് ഈ ബ്ലോഗിൽ തന്നെ ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന 'സുദർശനം' എന്ന ഭഗവത് ഗീതാ വ്യാഖ്യാന ലേഖനങ്ങൾ വായിച്ചു പഠിക്കാവുന്നതേയുള്ളൂ.

'എഴുത്തിൽ ഒരുപാട് അബദ്ധധാരണകൾ ഉണ്ടായിട്ടുണ്ട്' എന്ന പ്രസ്താവത്തോട് ഞാൻ യോജിക്കുന്നില്ല. ജാഗ്രത്-സ്വപ്ന-സുഷുപ്തി അവസ്ഥകളെയും ആത്മസാക്ഷാത്ക്കാരത്തെയും പൂർണ്ണസ്വാതന്ത്യമാകുന്ന മോക്ഷത്തെയും കുറിച്ചൊന്നും അറിയാത്തതുകൊണ്ടല്ല എഴുതാത്തത്, അതെഴുതാനുള്ള സ്ഥലം ഇതല്ല എന്നറിയാവുന്നതു കൊണ്ടാണ്. ആത്യന്തികമായി ഇപ്പറയുന്ന തത്വജ്ഞാനമൊക്കെ ഈ ജീവിതത്തിൽ മനുഷ്യർക്കുപകരിക്കണമല്ലോ? ഇല്ലെങ്കിൽ ഇതൊക്കെ കൊണ്ടെന്തു ഗുണം? അപ്പോൾ മനുഷ്യരെ കുറേക്കൂടി വിശാലമനസ്ക്കരാക്കി, വിവേകശാലികളാക്കി പ്രകൃതിയോട് കൂടുതൽ ഇണങ്ങി നിന്നു ജീവിക്കുന്നവരാക്കാനുള്ള പ്രയോഗികതലത്തിലേക്കു തത്വജ്ഞാനത്തെ എത്തിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ തത്വജ്ഞാനം ഒരു വഴിക്കും മനുഷ്യർ മറ്റൊരു വഴിക്കും പോകും. ഇന്നതാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനാണ് മാറ്റമുണ്ടാകേണ്ടത്. എന്റെ ശ്രദ്ധ ഇക്കാര്യത്തിലാണ്.

മരണമില്ലാത്ത ആത്മാവാണ് ഞാൻ എന്നാണ് ഭഗവാൻ ഭഗവത് ഗീതയിൽപ്പറഞ്ഞിരിക്കുന്നത്; എപ്പോൾ വേണമെങ്കിലും ചത്തുപോകാവുന്ന സാധാരണ ജീവിയാണു മനുഷ്യൻ എന്നല്ല. "ആത്മസാക്ഷാൽക്കാരം നേടിയാൽ മനുഷ്യൻ എല്ലാ ജീവികൾക്കും തുല്യമായ ഒരു സാധാരണ ജന്തുമാത്രമാണെന്ന സത്യത്തിലാണെത്തുക" എന്നു പറഞ്ഞതിനോട് യോജിക്കുന്നു, ഇതു പലവട്ടം ഞാൻ ലേഖനത്തിൽ എടുത്തു പറഞ്ഞിട്ടും ഉണ്ട്.



Dr. Evoor MohandasApril 2, 2018 at 7:21 AM

This comment has been removed by the author.

Reply



UnknownApril 2, 2018 at 8:00 AM

അങ്ങയുടെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ .ഇന്ന് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ അത്യാവശ്യമാണ്.
Reply

Replies



Dr. Evoor MohandasApril 2, 2018 at 7:05 PM

ആശംസകൾക്കു നന്ദി.

Reply



ChuricodeApril 5, 2018 at 4:12 PM

Dear Dr. Evoor Mohandas : Good Morning to yourself and all at home. Sincerely thanks for your description about the principles of our life in this Wonderful World of ours.
Reply

Replies



Dr. Evoor MohandasApril 7, 2018 at 10:15 AM

Thank you for your greetings and kind words of appreciation

Reply



Dr.K.R.Madhu KumarMay 6, 2018 at 11:49 PM

ഈശ്വരൻ +അഹങ്കാരം =മനുഷ്യൻ !
മനുഷ്യൻ-അഹങ്കാരം =ഈശ്വരൻ ! എല്ലാ ഹിന്ദുക്കളും തീർത്തയായും വായിച്ചിരിക്കേണ്ട കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞിരിക്കുന്നു !! പ്രണാമം !..
The above philosophy is universal and can be applicable for any one irrespective of his/her religious faith..thanks a lot sir
Reply

Replies



Dr. Evoor MohandasMay 24, 2018 at 7:37 AM

Thanks for your words of appreciation.

Reply



Girija NavaneethakrishnanMay 7, 2018 at 5:07 AM

വളരെ ശ്രേഷ്‌ഠമായ ലേഖനം. മനസ്സിരുത്തി വായിക്കേണ്ടത്.ഈ ശ്രമത്തിന് നന്ദി.
Reply

Replies



Dr. Evoor MohandasMay 24, 2018 at 7:39 AM

അഭിപ്രായത്തിനു നന്ദി.

Reply



Dr. Evoor MohandasJuly 7, 2018 at 7:35 PM

Aravindakshan Nair wrote in FBF B:താ ചെയ്യുന്നത് മഹത്തായതും ദൈവികവുമായ ഒരു കർമ്മമാണ്‌....
Reply

Replies



Dr. Evoor MohandasJuly 7, 2018 at 7:36 PM

Thanks for your kind comment

Reply



Dr. Evoor MohandasJuly 7, 2018 at 7:37 PM

Sreeraj Muraleedharan wrote in FB: എല്ലാവരും വായിക്കുക.നല്ലൊരു വെട്ടം ആണ് ഈ ലേഖനം.
Reply

Replies



Dr. Evoor MohandasJuly 7, 2018 at 7:38 PM

അഭിപ്രായത്തിനു നന്ദി

Reply



Dr. Evoor MohandasJuly 7, 2018 at 7:39 PM

Sajeev Unni wrote in FB:പേരിടൽ / birthday / വിവാഹ അനുബന്ധ ചടങ്ങുകൾ / മരണാനന്തര ചടങ്ങുകൾ / ക്ഷേത്ര ഉത്സവങ്ങൾ തുടങ്ങിയ ഉപരിപ്ലവമായ സംഗതികൾ അല്ലാതെ ഹിന്ദുവിന് എന്തറിയാം ഹിന്ദുയിസത്തെക്കുറിച്ചും ഹിന്ദു സംസ്കാരത്തെക്കുറിച്ചും?
ചുരുങ്ങിയപക്ഷം ഭഗവദ് ഗീത എങ്കിലും മനസ്സിലാക്കിയവർ എത്രപേർ ?
ഇത്തരമതസ്ഥർ അവരുടെ മതചിന്തകൾ പറയുമ്പോൾ വാ പൊളിച്ചു നിൽക്കേണ്ട അവസ്ഥയാണ് ശരാശരി ഹിന്ദുവിന്റേത്.
വ്യക്തിപരമായിട്ടെങ്കിലും ആളുകൾ മുന്നിട്ടിറങ്ങണം. വലിയ ക്ഷേത്രങ്ങളിൽ അർപ്പിക്കുന്ന വഴിപാടുകൾ ഇല്ലാതാക്കി ഹിന്ദുസമൂഹത്തിനു ഗുണപരമായ പുരാണങ്ങളും വേദജ്ഞാനങ്ങളും പകർന്നുനൽകുവാൻ മുന്നിട്ടിറങ്ങണം.
അക്കൂട്ടത്തിൽ മുന്നിൽ നിൽക്കുന്ന താങ്കൾക്കു നന്ദി. ഒരായിരം.
Reply



Dr. Evoor MohandasJuly 7, 2018 at 7:41 PM

അഭിപ്രായത്തിനു വളരെ നന്ദി. വളരെ മഹത്തായ ഒരു സംസ്ക്കാരത്തിന്റെ പിൻപറ്റുകാരാണ് നമ്മൾ. പക്ഷേ ദൗർഭാഗ്യമെന്ന് പറയട്ടെ, ഉന്നതമായ സനാതനമൂല്യങ്ങളെയെല്ലാം തിരസ്ക്കരിച്ച് സ്വന്തം ലാഭത്തിനു വേണ്ടി ഈ ആദർശങ്ങളെ മുഴുവൻ കുറപ്പെർ ബലികഴിക്കയാണ്. ഹൈന്ദവദർശനത്തെക്കുറിച്ച് യാതൊന്നും തന്നെയറിയാത്ത ഹിന്ദുക്കൾ ഇവരൊക്കെ പറയുന്നതിന്റെ പിറകെ ഓടി നടന്നു തളരുകയാണ്. അടുത്ത പ്രശനം, ശരിയായ അറിവില്ലാത്ത ഹിന്ദുക്കൾ, സ്വന്തം സംസ്ക്കാരത്തെ മറ്റുള്ളവർ അധിക്ഷേപിക്കുന്നതു കേട്ടു വിശ്വസിച്ച് അവർക്കു പിൻതുണ നൽകുന്നവരാകുന്നു എന്നതാണ്. അറിവു നേടുക എന്നതേയുള്ളൂ ഈ ഔരാക്കുടുക്കിൽ നിന്നും രക്ഷപെടാനുള്ള മാർഗ്ഗം. ഞാൻ വായിച്ചും നിരീക്ഷിച്ചും അറിയുന്നത് മറ്റുള്ളവരുടെ
പ്രയോജനത്തിനായി എഴുതുന്നു. ഇതെന്റെ സാമൂഹിക ബാദ്ധ്യതയായി കരുതുന്നതിനാൽ എന്നാൽ കഴിയും വിധം ഈ പ്രവർത്തനം തുടരണമെന്നാണാഗ്രഹം.
Reply



Dr. Evoor MohandasJuly 7, 2018 at 7:43 PM

Sreeja Prabha Kumar Nair wrote in FB: Super. .....dayavaayi thudaruka. ...
Reply

Replies



Dr. Evoor MohandasJuly 7, 2018 at 7:44 PM

Thanks. Yes, I will.

Reply



Dr. Evoor MohandasJuly 7, 2018 at 7:45 PM

Vijaya Menon wrote in FB:വളരെ നല്ലൊരു ലേഖനമാണിതു്. ഹിന്ദുവായാൽ ഭഗവത് ഗീതയെങ്കിലും വായിച്ചിരിക്കണം.കൃഷ്ണൻ ആരെന്നറിയാതെ ഹരേ കൃഷ്ണാ എന്നു പറയ്യുന്നതിൽ എന്തർത്ഥം.
Reply

Replies



Dr. Evoor MohandasJuly 7, 2018 at 7:45 PM

Thanks for the comments

Reply



Dr. Evoor MohandasJuly 7, 2018 at 7:50 PM

Vijayakumar Manchady wrote in FB: ജൈന ബുദ്ധനും ശേഷം വൈദിക മതത്തിന്റെ ഷീണം തീർക്കാൻ രജിക്ക പെട്ടതാണ് രാമായണവും,മഹാഭാരതവും എന്നതിന് ശാസ്ത്രീയ മായ തെളിവുകൾ ഉണ്ടോ സാർ.
ദ്വാപര യുഗത്തിൽ ഗീത ഉണ്ടായിട്ടില്ല എന്നതിനും തെളിവുകൾ ഉണ്ടോ.
ലേഖനം വളരെ ഇഷ്ടം ആയി.ഹിന്ദു പുരാണങ്ങളെ കുറിച്ച് കാര്യമായ ഒരു വിവരവും ഇല്ലാത്ത എനിക്ക് ഒരു പാട് കാ ര്യം ഗ്രഹിക്കുവാൻ കഴിഞ്ഞു,സാറിന്റെ ലേഖനത്തിൽ കൂടി.നന്ദി.
Reply

Replies



Dr. Evoor MohandasJuly 7, 2018 at 7:51 PM

Thanks.ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താൻ വിഷമമാണെങ്കിലും ലോജിക്കലായി അങ്ങനെ ചിന്തിക്കാം. വേദത്തിന്റെ വ്യഖ്യാനമായി വന്ന ബ്രാഹ്മണങ്ങളുടെ ചുവടു പിടിച്ചെഴുതപ്പെട്ടിട്ടുള്ളതാണ് പുരാണങ്ങൾ. ബ്രാഹ്മണങ്ങൾ വേദസാരത്തെ വല്ലാതെ വികലമാക്കിയെന്നാണ് നിഷ്പക്ഷരായ വേദപണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളത്. അതുകൊണ്ടു പുരാണങ്ങളും വേദത്തിന്റെ യഥാർത്ഥ അർത്ഥമല്ല നൽകുന്നതെങ്കിലും അവയിലൂടെ സനാതന ധർമ്മ മൂല്യങ്ങൾ പ്രകാശിപ്പിക്കപ്പെടുന്നതുണ്ടെന്നതിനാൽ, ഹൈന്ദവ ധർമ്മത്തിന്റെ ഉദ്ധാരണത്തിനും ഹിന്ദുക്കളുടെ ഏകീകരണത്തിനും പുരാണങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നു കാണാം.

ഗീതയുടെ രചനാകാലം കൃസ്തു വർഷാരംഭത്തിനടുത്താണെന്നാണ് ഈ വിഷയത്തിലെ പാശ്ചാത്യ പണ്ഡിതന്മാരുടെ ഗവേഷണ ഫലങ്ങൾ കാണിക്കുന്നത്. ഗീതക്ക് 5000 വർഷം പഴക്കമുണ്ടെന്നാ ഭാരതീയ പണ്ഡിതന്മാരുടെ വിലയിരുത്തൽ. ഏതായാലും ദ്വാപരയുഗത്തിൽ ഗീത ഉണ്ടായിരുന്നു എന്നാരെങ്കിലും അഭി പ്രായപ്പെട്ടതായി എനിക്കറിവില്ല.

No comments:

Post a Comment