Saturday, March 14, 2020

ആധ്യാത്മിക ഗ്രന്ഥങ്ങളില്‍ എഴുതിവെച്ചിട്ടുള്ള അറിവുകള്‍ അതെഴുതിയവരുടെ അനുഭവമണ്ഡലത്തില്‍നിന്ന്‍ വന്നതാണ്‌. ചതുർവ്വേദങ്ങളിൽ കാണുന്ന മന്ത്രങ്ങളെല്ലാം ഓരോ മുനിമാരും ദർശിച്ചതും അവരുടെ അന്തരിന്ദ്രിയ മണ്ഡലങ്ങളിൽ തെളിഞ്ഞതുമാണ്.  ഓരോ മഹാത്മാക്കളും ഭിന്നഭിന്ന തലങ്ങളിലാണ്‌ ജീവിച്ചിരുന്നത്‍. അവരുടെ അനുഭവങ്ങളാണ്‌ അക്ഷരങ്ങളായി നമുക്ക്‍ കിട്ടിയിട്ടുള്ളത്‍.

സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതക്രമത്തിനനുസരിച്ച, അവന്റെ ജോലിയ്ക്കനുസരിച്ച, അവൻ്റെ  സമയലഭ്യതയ്ക്കനുസരിച്ച, കുടുംബാന്തരീക്ഷത്തിനനുസരിച്ച, മാനസികാവസ്ഥയ്ക്കനുസരിച്ച ആത്മീയജീവിതചര്യ തിരഞ്ഞെടുക്കണം.    ഒരു പരുന്തിന്‌ വിഷമുള്ള സര്‍പ്പം ഭക്ഷണമാകുന്നു. എന്നാല്‍ മറ്റ്‍ ജീവികള്‍ക്ക്‍ അത്‍ പ്രാണഹരമാണ്‌. ഒരു ഹംസം സമുദ്രജലത്തില്‍ സുഖമായി നിവസിക്കും. എന്നാല്‍ ഒരു കോഴിയ്ക്ക്‍ സമുദ്രജലം അതിന്റെ പ്രാണന്റെ അന്ത്യമാണ്‌. ഒരു ഞാഞ്ഞൂലിന്‌ ചെളിയില്‍ സൗഖ്യമായി കഴിയാം. എന്നാല്‍ അതേ ചെളിയിലെ ചെടികളുടെ  ഇലകളില്‍കാണുന്ന പുഴുവിന്‌ അത്‍ പ്രാണഹരമാണ്‌.  മഹാത്മാക്കളുടെ വാക്കുകള്‍ ഒരേപോലെ എല്ലാവര്‍ക്കും സ്വീകരിയ്ക്കാനോ ആചരിയ്ക്കാനോ പറ്റില്ല. അവരുടെ വചനങ്ങള്‍ വായിച്ചോ കേട്ടോ മനസ്സിലാക്കാം. അതിന്റെ ഗുണങ്ങളും അറിഞ്ഞിരിയ്ക്കുന്നത്‍ വളരെ സഹായകമാണ്‌. എന്നാല്‍ ആചരണത്തിന്‌ എല്ലാവരും പാത്രത നേടിയവരല്ല. അതിന്‌ സാധനാചതുഷ്ടയസമ്പന്നത അത്യന്താപേക്ഷിതമാണ്‌.   സാധാരണക്കാരന്‌ ഏറ്റവും നല്ലത്‍ നാമജപമാണ്‌. ഉറക്കെ നാമം ജപിച്ച്‍ ശീലിയ്ക്കണം. പിന്നീട്‍ പതുക്കെയും പിന്നീട്‍ മൗനവുമായി അത്‌ പരിണമിച്ചുകൊള്ളും. അതിനൊന്നും പ്രയത്നം വേണ്ട.  സദാ നാമം ജപിയ്ക്കുക.  ഒരു ദിവസം മുഴുവനും ലീവ്‍ എടുത്ത്‍ നാമം ജപിയ്ക്കുക. മറ്റ്‍ പലതിനും എല്ലാവരും ലീവ്‌ എടുക്കുന്നു. നാമം ജപിയ്ക്കാന്‍ ആരെങ്കിലും ഇന്നേവരെ ലീവ്‍ എടുത്തിട്ടുണ്ടോ.  നാമജപം എല്ലാവര്‍ക്കും സ്വീകരിയ്ക്കാവുന്നതാണ്‌. അതില്‍ നിബന്ധനകള്‍ ഒന്നുമില്ല. രാമ്‌ രാമ്‌ രാമ്‌ രാമ്‌ രാമ്‌ രാമ്‌ രാമ്‌ രാമ്‌  എന്ന്‍ സദാ ജപിയ്ക്കുക. ഒരു സദ്‍ഗുരുവിന്റെ സാന്നിധ്യത്തിനായി കാംക്ഷിയ്ക്കുക. ഇതിനപ്പുറം പല കര്‍മ്മകലാപങ്ങളിലും ഏര്‍പ്പെട്ടാല്‍, ഒടുവില്‍ എവിടെയും എത്താതെ, അധ്യാത്മമായി ഒന്നും നേടാതെ, ദു:ഖപൂര്‍ണ്ണമായിത്തീരും.

വീടിനടുത്ത്‍ ഒരു മുത്തച്ഛനുണ്ടായിരുന്നു. തൊണ്ണൂറ്റിനാലാമത്തെ വയസ്സിലായിരുന്നു അന്ത്യം. ഞാന്‍ കാണാന്‍ തുടങ്ങുന്നതുമുതല്‍ അദ്ദേഹം നാരായണ നാരായണ എന്ന്‍ ചൊല്ലുമായിരുന്നു. എപ്പോഴും അതുതന്നെ ചൊല്ലും. വേറൊരു നാമം കേട്ടതായി ഓര്‍ക്കുന്നില്ല. വെറും നാരായണ നാരായണ.  മരിയ്ക്കുന്നതുവരെ യാതൊരു കഷ്ടപ്പാടും, യാതൊരു അസുഖവും, രോഗവും ഒന്നും അദ്ദേഹത്തിന്‌ ഉണ്ടായിരുന്നില്ല.  മരിയ്ക്കുന്ന അന്ന്‍ രാവിലെ ഭാര്യയോട്‍ പറഞ്ഞു, എന്റെ അരികിലിരുന്ന്‍ നാരായണ നാരായണ ജപിയ്ക്കണം, എനിയ്ക്ക്‍ പോകാനുള്ള സമയമായി. നീ ദു:ഖിയ്ക്കരുത്‍, എന്റെ കര്‍ത്തവ്യങ്ങളെല്ലാം തീര്‍ത്തു എന്നാണ്‌ എനിയ്ക്ക്‍ തോന്നുന്നത്‍. നിനക്ക്‍ ഇപ്പൊ അസുഖമൊന്നുമില്ലല്ലൊ..  ആരെകുറിച്ചും അധികം ദു:ഖിയ്ക്കരുത്‍. ഞാന്‍ പോയിക്കഴിഞ്ഞ്‍ അധികം വൈകാതെത്തന്നെ നീയും എന്റെ ലോകത്തിലെത്തും... ഒന്നുകൊണ്ടും ദു:ഖിയ്ക്കരുത്‍. വേഗം നാമം ജപിയ്ക്കൂ....   ഒരു പതിനൊന്ന്‍ മണിയായപ്പൊ ഭാര്യയോട്‍ പറഞ്ഞു, അല്പം വെള്ളം..... . കാലില്‍നിന്നും ജീവന്‍ മെല്ലെമെല്ലെ മേലോട്ട്‍ കയറുന്നപോലെ തോന്നി, രണ്ട്‍ കാലും നിശ്ചലമായി. പിന്നെ കൈകള്‍ രണ്ടും നിശ്ചലമായി, ഹ്ര്‌ദയ മിടിപ്പ്‍ മന്ദീഭവിച്ചു, കണ്ണുകള്‍ താനെ അടയാന്‍ തുടങ്ങി..  ഭാര്യ വേഗം തുളസിയിലയിലൂടെ രണ്ട്‍ തുള്ളി ജലം ചുണ്ടിലൊറ്റിച്ചു. സന്തോഷത്തോടെ അദ്ദേഹം ചുണ്ടില്‍ ചെറുപുഞ്ചിരിയോടെ, നാമജപം കേട്ടുകൊണ്ട്‍, പോയി..  അതിനടുത്ത അതേ നക്ഷത്രത്തില്‍ ഭാര്യയും അതേപോലെ യാത്രയായി.  എത്ര സന്തോഷത്തോടെയുള്ള ജീവിതവും യാത്രയുമായിരുന്നു അത്‍ എന്ന്‍ ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട്‍.. 

കുറെ വേദവും വേദാന്തവും ദ്വൈതവും അദ്വൈതവും വിശിഷ്ടാദ്വൈതവും ഒന്നും ചര്‍ച്ച ചെയ്തിട്ട്  കാര്യമൊന്നുമില്ല.  അതിനൊക്കെ ഞാന്‍ അധികാരിയാണോ എന്ന്‍ ആദ്യം ആത്മപരിശോധന ചെയ്യണം. പഠിയ്ക്കുന്നത്‍ നല്ലതുതന്നെ എന്ന് മാത്രം.  പക്ഷെ അതിനെക്കാള്‍ ഉത്തമം, ഇവിടെ ഇപ്പോള്‍ എന്ത് ഉണ്ടോ, അതുതന്നെ ധാരാളമാണ്‌.  അതൊന്ന്‍ പരീക്ഷിച്ചുനോക്കുക,നാമജപം, പറ്റുന്നുണ്ടോ എന്ന്‍. 

രാവിലെ ഒരു ഒന്നോരണ്ടോ മണിക്കൂര്‍ വെറുതെ ഇരിയ്ക്കാന്‍ പറ്റണം. ഒരു പത്തു മിനിറ്റുപോലും ഇരിയ്ക്കാന്‍ പറ്റാതെയാണ്‌ ഓരോരുത്തരും പലതും പറയുന്നത്‍..  ധൈര്യമുള്ളവനും ബലമുള്ളവനും പറഞ്ഞതാണ്‌ വെറുതെ ഇരിയ്ക്കുക എന്നത്‍. നാമജപത്താൽ അന്ത:സ്ഥ ചോദന തെളിഞ്ഞ് വിളങ്ങും.  എല്ലാത്തിനെയും എതിര്‍ക്കുന്നതും വിമര്‍ശിക്കുന്നതും പലതും കാട്ടിക്കൂട്ടുന്നതും എല്ലാം, അധ്യാത്മ മണ്ഡലത്തില്‍, ആത്മധൈര്യം നഷ്ടപ്പെട്ടതിന്റെയും ബലം ചോര്‍ന്നുപോയതിന്റെയും ലക്ഷണമാണ്‌. 

ഹരേ രാമ ഹരേ രാമ രാമ രാമ
ഹരേ ഹരേ / ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ .
Vijayan ji 

No comments:

Post a Comment