Wednesday, March 18, 2020

   

ധർമ്മത്തിന്റെ പാതതന്നെയാണ്‌ ആരോഗ്യത്തിന്റെയും പാത. ആരോഗ്യത്തിനു കോട്ടം വരാത്ത തരത്തിൽ വേണം അർഥവും കാമവും നേടാൻ. ധർമ്മത്തിന്റെ ലംഘനം രോഗത്തിനും അകാലമരണത്തിനും കാരണമായിത്തീരുന്നു.
നല്ല പ്രായത്തിൽ എങ്ങനെയെങ്കിലും പണമുണ്ടാക്കണം എന്ന വിചാരത്തോടെ മനുഷ്യൻ ആരോഗ്യം നഷ്‌ടപ്പെടുത്തുന്നു. പിന്നീട്‌ നഷ്‌ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടി പണം നഷ്‌ടപ്പെടുത്തുന്നു. അവസാനം ഇതു രണ്ടും നഷ്‌ടപ്പെടുന്ന കാഴ്‌ച പലപ്പോഴും നാം കാണുന്നു.
പാപനാശവും പുണ്യവൃദ്ധിയുമാണല്ലോ കർമ്മത്തിന്റെ ലക്ഷ്യം. സ്വധർമ്മാനുഷ്‌ഠാനത്തിലൂടെ അതു നേടുന്നു. പുരുഷാർഥങ്ങളായ ധർമ്മം അനുഷ്‌ഠിക്കണമെങ്കിലും അർഥവും കാമവും അനുഭവിക്കണമെങ്കിലും മോക്ഷം പ്രാപിക്കണമെങ്കിലും അതിനു പറ്റിയ ആരോഗ്യമുളള ഒരു ശരീരം ഉണ്ടായിരിക്കണം. അതായത്‌ ശരീരമാകുന്ന വാഹനത്തിലാണ്‌ ജീവൻ മോക്ഷത്തിലേക്ക്‌ യാത്രചെയ്യുന്നത്‌. വാഹനം ഉണ്ടെങ്കിലേ യാത്ര ചെയ്യാൻ കഴിയൂ. വാഹനം നല്ലതാണെങ്കിൽ വഴിയിൽ കിടക്കുകയും വേണ്ട. യാത്ര കർമ്മമാർഗ്ഗത്തിലായാലും ജ്ഞാനമാർഗ്ഗത്തിലായാലും ശരീരത്തിന്റെ ആരോഗ്യവും മനസ്സിന്റെ ഉന്മേഷവും ഒഴിച്ചുകൂടാൻ പറ്റാത്ത സംഗതികളാണ്‌. അതിനുവേണ്ടിയാണ്‌ യോഗാസനങ്ങൾ നിർദ്ദേശിച്ചിട്ടുളളത്‌.
ധർമ്മോ രക്ഷതി രക്ഷിതഃ
Dr. Ramesan 

No comments:

Post a Comment