Saturday, March 07, 2020

"കണ്ണാ  നീ  ആടിയ ലീലകള്‍ ഒന്നൂടെ  ആടൂലെ.." ഭക്തിയുടെ ഉദാത്ത തലത്തിലേക്ക് എടുത്തുയർത്തുന്ന ഗാനം മുഴങ്ങുക കാതുകളിലല്ല; ഹൃദയത്തിൽ തന്നെയാണ്. "തുളസിക്കതിർ " എന്ന പേരോട് കൂടിയ പ്രശസ്തമായ ഈ ഭക്തി ഗാനം കേൾക്കുന്ന നേരത്തൊക്കെ എന്റെ മനസിലോടിയെത്തുക തൃച്ചംബരം ഉത്സവം മാത്രമാണ്. എല്ലാ അർത്ഥത്തിലും കണ്ണന്റെ ലീലകളുടെ പുനരാവിഷ്ക്കാരമാണ് തൃച്ചംബരത്ത് ഉത്സവം. ഹൃദയം കൊണ്ട് കാണേണ്ട, അനുഭവിക്കേണ്ട ഞങ്ങളുടെ തൃച്ചംബരത്ത് ഉത്സവത്തിനിന്ന് കൊടിയേറി. കഴിഞ്ഞ ഒരു വർഷമായി ഞങ്ങളോരോരുത്തരും കാത്തിരിക്കുന്ന സുദിനം.

അതിരുകളില്ലാത്ത ആനന്ദമാണു ഓരോ ഉത്സവ ദിനങ്ങളും സമ്മാനിക്കുന്നത്. കാലമെത്ര മാറിയാലും മാറാത്ത; കാലമെത്ര മായ്ച്ചാലും മായാത്ത ചിരപുരാതന സംസ്കൃതിയുടെ ഉദാത്തമായ സംവേദനങ്ങളെ ഉൾക്കൊണ്ട  തൃച്ചംബരം ഉത്സവം.

കാലം മാറി, ആളുകൾ മാറി, സകലതും മാറി, എന്നാലും തൃച്ചംബരത്തപ്പൻ ഓടിയെത്തും പൂക്കോത്ത് നടയിലെ തനിക്കേറ്റവും പ്രിയപ്പെട്ട കളിമുറ്റത്തേക്ക്.  തൃച്ചംബരത്തപ്പന്റെ മായിക വലയത്തിലേക്ക് പ്രാണസ്ഫുടം ചെയ്ത  പൂക്കോത്ത് ഇല്ലത്തെ ആ പഴയ ഭക്ത ദമ്പതികൾക്ക് വേണ്ടി അന്നത്തെപ്പോലെ ഇന്നും പരിവാര സമേതം ഓടിയെത്തുന്നു ഏട്ടാനിയൻമാർ. പൂക്കോത്ത് നടയുടെ ഇരുകരകളിൽ എവിടെയെങ്കിലും 'അശരീരികളായി' അവരിന്നും രാമകൃഷ്ണൻമാരുടെ കുട്ടിക്കളികൾ കണ്ട് ആനന്ദിക്കുന്നുണ്ടാകും. അവർ മാത്രമാകുമോ... അല്ല, ഒരിക്കലെങ്കിലും തൃച്ചംബരത്തപ്പനൊപ്പം  ഗോവിന്ദം വിളിച്ച്  ഓടിത്തിമർത്ത എല്ലാ ആത്മാക്കളും ഈ ഉത്സവക്കാലത്ത് ഇവിടെയെത്തും. ശരീരമുള്ള കാലത്ത് കളിക്കൂട്ടുകാരായവർക്ക് തൃച്ചംബരത്തപ്പനൊപ്പം കളിച്ച് തിമ്ർക്കാൻ ശരീരമെന്തിന്. അവരെത്ര കളിച്ചയിടമാണിത്. പൂക്കോത്ത് നടയുടെ കൽപ്പടവുകൾക്കെല്ലാം അങ്ങിനെയങ്ങിനെ ഒരുപടോരുപാട് സ്മൃതികൾ പറയാനുണ്ടാവും.

 തൃച്ചംബരത്തപ്പനെനിക്ക് കൂട്ടുകാരനാണ്. എന്റെ കുട്ടിക്കാലത്തെ തിരികെത്തരുന്ന കൂട്ടുകാരൻ. മടിയേതുമില്ലാതെ ഓടിക്കളിക്കാനൊരു കളിയിടം തരുന്ന കൂട്ടുകാരൻ. കൃഷ്ണാ നീ കവരുന്നത് ഞങ്ങളുടെ മനസാണു. മടിച്ച് നിൽക്കുന്നവനെക്കൊണ്ട് കൂടി 'ഗോവിന്ദം' വിളിപ്പിക്കുന്ന, അവരേക്കൂടി തന്നിലേക്ക് വലിച്ചടുപ്പിച്ച് തന്നോടൊപ്പം ഓടിക്കളിക്കുവാൻ പ്രേരിപ്പിക്കുന്ന കൃഷ്ണാ.. തൃച്ചംബരത്തപ്പാ.. നിന്നെ കള്ള കൃഷ്ണനെന്നല്ലാതെ മറ്റെന്ത് വിളിക്കും..

"കണ്ണാ  നീ  ആടിയ ലീലകള്‍ ഒന്നൂടെ  ആടൂലെ.."
Pudayoor Jayanarayanan
ചിത്രങ്ങൾക്ക് കടപ്പാട്: Chandran Mavicheri & Pushpajan Taliparamba

No comments:

Post a Comment