Tuesday, March 03, 2020

🔥ഗുരുതി🔥

ദശമഹാവിദ്യാദേവതകളിൽ 'കാളി ' എന്ന സങ്കൽപ്പത്തിനു മറ്റു ദേവതകൾക്കില്ലാത്ത പ്രാധാന്യം ഉണ്ട് . കാലത്തിന്റെ സ്വരൂപമാകയാലും കറുപ്പ് നിറമാർന്നവളായതിനാലും കാളി (കാളിമ) എന്ന് വ്യംഗ്യം.  ഉപാസകരുടെ വിശിഷ്യാ ശക്ത്യുപാസകരുടെ ഇഷ്ടദേവതയായ കാളി ജഢതയുടെ മേൽ (കാലിനടിയിൽ കിടക്കുന്ന ശിവൻ ) അന്തർലീനമായിട്ടുള്ള ഊർജ്ജത്തെ അഥവാ സ്പന്ദവിശേഷത്തെ കുറിയ്ക്കുന്നു. ( kinetic energy )
" ആനീദവാതം സ്വദയാ തദേകം...എന്ന് തുടങ്ങി കാമസ്തതഗ്രേ സമവർത്തതാദി മനസോ രേത : പ്രഥമം യാദാസീത്‌ " എന്നവസാനിയ്ക്കുന്ന സൂക്തം  (ഋഗ്വേദം10-129) ഈയൊരു സ്പന്ദനത്തെ വിവരിയ്ക്കുന്നു. താന്ത്രികന്മാർ അതിനെ ' വിമർശം ' എന്ന് വിളിയ്ക്കുന്നു. പദാർത്ഥങ്ങളുടെ സൂക്ഷ്മഗുണധർമ്മങ്ങളിൽ നിന്നാരംഭിച്ച്‌ താപം പോലുള്ള സ്ഥൂലഗുണധർമ്മങ്ങളിൽ എത്തിച്ചേരുന്ന ഊർജ്ജസിദ്ധാന്തം ( physics   ) കാളീ സങ്കൽപ്പത്തിന്റെ ഭൗതികരൂപകമത്രെ. താപം ഊർജ്ജത്തിന്റെ ഒരു വകഭേദമാണെന്നും, ആ താപസംഘാതങ്ങൾക്ക്‌ ആകർഷണ -വികർഷണങ്ങൾ ഇല്ലെന്നും ഗതിക സിദ്ധാന്തം (kinetic theory ) പറയുന്നു . കാലസ്വരൂപയായ കാളിയ്ക്കും ഈ അവസ്ഥ തന്നെയാണുള്ളത്‌. ലൗകികഭാഷയിൽ പറഞ്ഞാൽ മമതയോ നിർമ്മമതയോ ഇല്ല. അന്തർമ്മുഖസമാരാധ്യയും ബഹിർമ്മുഖസുദുർല്ലഭയുമത്രെ വിമർശ്ശരൂപിണിയായ കാളി എന്ന് മനസ്സിലാക്കാം.

കാളി,ഛിന്നമസ്ത,താര,ഷോഡശി... എന്നി ദേവതകളുടെ താന്ത്രികമായ ഉപാസനാപദ്ധതികളിൽ 'പുരശ്ചരണം ' പ്രധാനമാണു. ജപം,ഹോമം,തർപ്പണം..എന്നിങ്ങനെ വിവിധ രീതികളാണു പുരശ്ചരണത്തിനുള്ളത്‌. അതിൽ ' തർപ്പണം' എന്ന വിഭാഗത്തിലാണു ' ഗുരുതി ഉൾപ്പെടുന്നത്‌.  "ബിന്ദുതർപ്പണസന്തുഷ്ടാ പൂർവ്വജാ ത്രിപുരാംബികാ " എന്ന് ലളിതാസഹസ്രനാമത്തിലെ അവസാന  ഭാഗത്ത് നിബന്ധിചതായ ഈ തർപ്പണവിശേഷത്തെ ഗുരുതി തർപ്പണമായിട്ടാണു കേരളീയ (ദ്രാവിഡ എന്നും പറയാം ) താന്ത്രിക സമ്പ്രദായത്തിൽ ചെയ്തുവരുന്നത്‌. മഹാനൈവേദ്യം എന്നും വിവക്ഷിയ്ക്കുന്ന ഈ നിവേദ്യം സാധാരണയായി ഭഗവതി/ ഭദ്രകാളി ,രക്തേശ്വരി,രക്തചാമുണ്ടി,.... തുടങ്ങിയ ഊറ്റദേവതകൾക്ക്‌ (powerfull gods ) നിർബ്ബന്ധമായും ചെയ്യേണ്ടുന്ന കാര്യമാണു. കൗളസമ്പ്രദായത്തിൽ ശ്രീചക്രബിന്ദുവിൽ മധുദ്രാവകം (തേൻ കലർത്തിയ ജലം അല്ലെങ്കിൽ മദ്യം ചേർത്തത്‌ ) ഉദ്ധരണിയിൽ എടുത്ത് തർപ്പിയ്ക്കുന്നു. ഉത്തമസമ്പ്രദായത്തിൽ നമ്പൂതിരിമാർ ചെയ്യുന്ന ഗുരുതി മഞ്ഞൾപ്പൊടിയിൽ ചുണ്ണാമ്പ്‌ ഒരു പ്രത്യേകാനുപാതത്തിൽ ശുദ്ധജലത്തിൽ കലക്കി,  ( ചുണ്ണാമ്പ്‌ കൂടിയാൽ താപം (രൂക്ഷത ) വർദ്ധിയ്ക്കും, അത് കാർമ്മികനെ പ്രതികൂലമായി ബാധിയ്ക്കും )  മദ്യത്തിന്റെ പ്രതീകമായി ഇളനീർ അടിഭാഗം വെട്ടി ഒഴിച്ച്‌, മലർ, വറപൊടി(തരിപ്പണം) മാംസപ്രതീകമായി അട, തെറ്റി (ച്ചി) പ്പൂവ്‌ എന്നിവ ചേർത്ത് തയ്യാറാക്കിയ ഗുരുതി പത്മത്തിൽ വെച്ച്  പൂജിച്ച്‌ നിവേദ്യപര്യന്തം തർപ്പണം ചെയ്യുന്നു. ശ്രീകോവിലിനു പുറത്ത് പീഠത്തിൽ എഴുന്നള്ളിച്ചുവെച്ച തിരുവായുധത്തിലോ (നാന്ദകം) വാൽക്കണ്ണാടിയിലോ മറ്റു ഉപാധികളിലോ ആണ് തർപ്പിയ്ക്കുന്നത്‌. മധ്യമസമ്പ്രദായമാണെങ്കിൽ കുരുതി /ഗുരുസി എന്നാണ് പറയുന്നത്‌. അതിൽ മദ്യം ,കോഴി ,ആട്‌ ...എന്നിവയുടെ രക്തം എന്നിവ ചേർക്കും. കർമ്മിയുടെ ഇടത്തുചൂണ്ടുവിരൽ ചെറുതായി മുറിച്ച്‌ രണ്ടും തുള്ളി രക്തം ഇറ്റിയ്ക്കുന്നു. നരബലിയുടെ പ്രതീകമായി ഇതിനെ കാണാം. കേരളത്തിൽ മണ്ണടിക്കാവ്‌, കൊടുങ്ങല്ലൂർ ,മന്ദം പുറത്തുകാവ്‌...മുതലായ കാവുകളിൽ പണ്ട് നരബലി ഉണ്ടായിരുന്നു എന്ന് ഐതിഹ്യമാല പോലുള്ള ഗ്രന്ഥങ്ങളിലുണ്ട്‌.  ഗുരുതി തർപ്പണം ദേവിയ്ക്ക്‌ നേരിട്ടുള്ള സമർപ്പണമാണു. മറ്റു നിവേദ്യങ്ങളുടെ രസാംശം മാത്രമേ ദേവങ്കൽ/ദേവിയിങ്കൽ സമർപ്പിയ്ക്കുന്നുള്ളൂവെങ്കിൽ ഇത് കയ്യിൽ കോരി വായിലേയ്ക്ക്‌ ഒഴിച്ചു കൊടുക്കുകയാണു.അങ്ങനെ ഒഴിച്ചു കൊടുക്കുമ്പോൾ കർമ്മിയ്ക്ക്‌ മാനസികമായും ശാരീരികമായും ചില  മാറ്റങ്ങൾ അനുഭവപ്പെടാറുണ്ട്‌ എന്നുള്ളതിന് എത്രയോ പേരുടെ സാക്ഷ്യം ഉണ്ട്‌. ചിലർക്കെങ്കിലും സ്വബോധം നഷ്ടമാവുന്ന അവസ്ഥയ്ക്കടുത്തുവരെ എത്താറുണ്ട്‌. വന്യമായൊരു അന്തരീക്ഷത്തിൽ ചടുലമായ താളങ്ങൾക്കൊപ്പം ചെയ്യുന്ന ഈ ക്രിയ വല്ലാത്തൊരു ഭയം കലർന്ന അനുഭൂതി ഉണ്ടാക്കുന്നുണ്ട്‌ എന്നതിൽ സംശയമില്ല. (ദക്ഷിണേശ്വത്തെ കാളീ ക്ഷേത്രത്തിൽ പൂജകൾക്കിടെ പലപ്പോഴും  ഭാവസമാധിയിലേക്ക് വീണിരുന്ന ശ്രീരാമകൃഷ്ണ പരമഹംസനെ ഈ അവസരത്തിൽ നമുക്ക് സ്മരിയ്ക്കാം 👏)

 ഗുരുതിയ്ക്കുശേഷം തിരുവായുധം അകത്തേയ്ക്ക്‌ എഴുന്നള്ളിയ്ക്കുന്നു. പിന്നീട് പ്രസന്നപൂജ ചെയ്യുന്നു. ഒരു വട്ടളം (വലിയ ഓട്ടുപാത്രം /കാതൻ ചരക്ക് ) മുതൽ 12 വട്ടളം വരെയൊക്കെ ഗുരുതിയുള്ള കാവുകളുണ്ട്‌.

ഇനി ഇതിന്റെ വൈദികപരിസരം കൂടി നോക്കാം. സോമയാഗങ്ങളിലെ 'പ്രവർഗ്ഗ്യം' എന്ന ക്രിയയുമായി ഗുരുതിയ്ക്ക്‌ സാമ്യമുണ്ട്‌. പശുവിന്റെ പാലും ആട്ടിൻ പാലും മഹാവീരം എന്ന പാത്രത്തിൽ കത്തുന്ന നെയ്യിലേയ്ക്ക്‌ ഒഴിയ്ക്കുന്ന ക്രിയയാണു പ്രവർഗ്ഗ്യം. ആ സമയം അഗ്നിഗോളം ഉയരും . ഈ ക്രിയ സ്ത്രീകൾ (യജമാനപത്നി ) കാണരുതെന്നുണ്ട്‌. അതുപോലെ ഇതിന്റെ സംഭാരങ്ങളും അവർക്ക് അഗോചരമാണു. ഗുരുതിയും അതിന്റ മുന്നൊരുക്കങ്ങളും പണ്ടുകാലത്ത്‌ സ്ത്രീകൾ കണ്ടിരുന്നില്ല.ഇപ്പോൾ അതിനൊക്കെ മാറ്റം വന്നു.

(പഞ്ചമകാരസാധനയിലെ 'മദ്യം ' എന്ന സംജ്ഞയുടെ വിപുലാർത്ഥമായും ഗുരുതിയെ കണക്കാക്കാം. അതിന്റ വിശദാംശങ്ങൾ പിന്നീടൊരു സന്ദർഭത്തിലാവാമെന്ന് തോന്നുന്നു . )

ഇതു കൂടാതെ  ചില  പുരുഷ ദേവതകൾക്കും മറ്റു വിശേഷ മൂർത്തികൾക്കും ഗുരുതിയും കുരുതിയുമൊക്കെ നമ്പൂതിരിമാരും  അല്ലാത്ത വിഭാഗങ്ങളിൽപ്പെട്ടവരും ചെയ്യാറുണ്ട്‌.
🌺🌺🌺🌺🔥🔥🔥🌺🌺🌺

  • @സുധീഷ് നമ്പൂതിരി

No comments:

Post a Comment