Monday, April 06, 2020

ശ്രീ ഗുരുവായൂരപ്പന്റെ ഒരു ദിനം (103)
ഉച്ചപ്പൂജ.... കണ്ണന്റെ കളഭാലങ്കാരം.

ഗോപുരവാതിൽ അടഞ്ഞുകിടക്കുന്നു. കോറാണാസുരന്റെ തേർവാഴ്ച.മൂന്ന് ലോകവും കീഴടക്കി. ഭക്ത ജനങ്ങൾക്ക് കൃഷ്ണ സന്നിധിയിൽ എത്താൻ പറ്റുന്നില്ല.വസുന്ധരായോഗം.

 രോഗവിമുക്തിക്കായി,  പ്രാർത്ഥിച്ച° കൊണ്ട് ഭക്തജനങ്ങൾ മനസ്സാ ഭൂലോക വൈകുണ്ഠമായ ഗുരുവായുരപ്പന്റെ തിരുനടയിലെത്തി. ഉച്ചപൂജക്ക് നട അടച്ചിരിക്കുന്നു. പ്രശാന്തസുന്ദരമായ അന്തരീക്ഷം. ആളില്ല ആരവങ്ങളില്ല. എങ്ങും കൃഷ്ണചൈതന്യം നിറഞ്ഞു നിൽക്കുന്നു.

മണ്ഡപത്തിൽ ഒരു കീഴ്ശാന്തി ഉണ്ണി നമ്പൂതിരി സഹസ്രനാമം ചൊല്ലി തുടങ്ങുന്നു..

ഓം.ശുക്ളാംബര ധരം വിഷ്ണും
ശശി വർണ്ണം ചതുർഭുജം.
പ്രസന്നവദനം ധ്യായേൽ
സർവ്വവിഘ്നോപശാന്ത യേ .

വിഘ്നശാന്തിക്കായി വിഷ്ണുവിനോടാണ് പ്രാർത്ഥിക്കുന്നത്.  ഒപ്പമിരുന്ന് ജപിച്ചിരുന്ന പണ്ഡിത മനസ്സ് അല്പം നിരസത്തോടെ ഉണ്ണിയെ നോക്കി.
അമ്പാടി കണ്ണൻ ശ്രീലകത്തിരുന്ന് നാമ സഹസ്രാർച്ചന സ്വീകരിച്ചു.നട തുറന്നു.

വിഘ്നേശ്വരനായ ഗണപതിയുടെ മടിയിലിരുന്നു പ്രശോഭിക്കുന്ന കണ്ണൻ. ഇടത് കൈയിൽ തന്റെ പ്രിയപ്പെട്ട പൊന്നോടക്കുഴൽ.പീലി തിരുമുടി ചാർത്തി, ഗോപിക്കുറി തൊട്ട പ്രസന്നവദനം. കണ്ണന്റെ പുഞ്ചിരിയിൽ എല്ലാം മറന്നു നാമം ജപിക്കുന്ന ഭക്തജനങ്ങൾ, ആ കരുണാനിധിക്ക് മുമ്പിൽ ഏത്തമിട്ടു. വലത് കൈ കൊണ്ട് മധുര മാർന്ന മോദകം  ഗണപതിയുടെ തുമ്പികൈയിൽ വെച്ചു കൊടുക്കുന്നു.മനോഹരമായ കളഭച്ചാർത്ത്.

കണ്ണനെ തൊഴുത് ഭക്തർ ഗണപതിയുടെ തിരുനടയിലെത്തി. സരസ്വതീവന്ദനത്തിന് ശേഷം ഗണപതിയെ വന്ദിച്ചു.

ഇന്ന് ഗണപതിക്ക് വിശേഷാൽ കളഭാലങ്കാരമുണ്ട്. ഭക്തജനങ്ങൾ അത്ഭുതപ്പെട്ടു.ശ്രീലകത്ത് ചാർത്തിയ അതേ ധ്യാന രൂപം. ഗണപതിയുടെ മടിയിലിരിക്കുന്ന കണ്ണനുണ്ണിക്ക് മണ്ഡപത്തിലിരുന്നു സഹസ്രനാമാർച്ചന നടത്തിയ ഉണ്ണിയുടെ മുഖ സാദൃശ്യം. 
ഉച്ചപ്പൂജയുടെ തീർത്ഥവും പ്രസാദവും സ്വീകരിക്കാൻ ഭക്ത മനസ്സ് പ്രസാദ മുറിയിലെത്തി. ഒട്ടും തിരക്കില്ല. ആരും തോഴാൻ വന്നിട്ടില്ല. കോറാണാസുരന്റെ അട്ടഹാസത്താൽ ഭയമാർന്ന മനസ്സുമായി തീർത്ഥവും പ്രസാദവും നൽകുന്ന കീഴ്ശാന്തി ഉണ്ണി നമ്പൂതിരി. കുചേലബ്രാഹ്മണന്റെ ദൈനൃത കലർന്ന ഹാവ ഭാവാദികൾ കലർന്ന മുഖം. കുറച്ച് ദിവസമായി പ്രസാദ ഊട്ടിന്റെ അടുപ്പില ഗ്നി പകർന്നിട്ടില്ല .

പ്രസാദവിതരണം നടത്തുന്ന ഭക്തകുചേല മനസ്സിന്
തൊട്ടടുത്ത് അനുഗ്രഹവർഷം വർഷിച്ച് നിൽക്കുന്ന കണ്ണനുണ്ണി.സഹസ്രനാമജപം കഴിഞ്ഞ് പ്രസാദ സ്വീകരണത്തിന് വന്നതാണ്.

ഭഗവതിയമ്പലത്തിലും രാധാകൃഷ്ണഭാവത്തിലാണ് ഇന്ന് കളഭാലങ്കാരം .

ഇന്ന് ക്ഷേത്രത്തിൽ എല്ലാം കൃഷ്ണമയം.കൃഷ്ണൻ എവിടെയാണ് ഇല്ലാത്തത്?

ആർത്തട്ടഹസിച്ച്  വരുന്ന കോറണാസുരന്റെ കൈകളിലെ ചങ്ങല വെട്ടിമാറ്റുന്നതും കണ്ണനുണ്ണിയാണ്.

ഭരണാധികാരിയുടെ രൂപത്തിലും, രക്ഷകരുടെ രൂപത്തിലും, ആതുര സേവന രൂപത്തിലും, വെക്കാനും വിളമ്പാനും എല്ലാറ്റിനും കൃഷ്ണനാണ് ധർമ്മ പുത്രരുടെ രാജസൂയത്തിലെന്ന പോലെ.

അസുരവധം പ്രാർത്ഥിച്ച് കൊണ്ട് ആക്കണ്ണനുണ്ണിക്ക് നമ്മുക്കും ഒരു ഭദ്ര ദീപം കൊളുത്താം.

അസതോ മാ സത്ഗമയ
മൃത്യോർ മാ അമൃതം ഗമയ.
തമസോ മാ ജ്യോതിർ ഗമയ.
എന്ന പ്രാർത്ഥനയോടെ

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ.

No comments:

Post a Comment