Saturday, April 04, 2020

വിവേകചൂഡാമണി - 110
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

ദേഹാഭിമാനം വെടിഞ്ഞ് ആത്മതത്വത്തിലേക്ക്

അന്നമയകോശ വിചാരം തുടരുന്നു;

ശ്ലോകം 161
അത്രാത്മബുദ്ധിം ത്യജ മൂഢബുദ്ധേ
ത്വങ്മാംസമേദോ/സ്ഥിപുരീഷ രാശൗ
സര്‍വ്വാത്മനി ബ്രഹ്മണി നിര്‍വികല്‌പേ
കുരുഷ്വ ശാന്തിം പരമാം ഭജസ്വ

മൂഢനായവനേ ശരീരത്തിലെ ആത്മബുദ്ധിയെ വച്ചുകൊണ്ടിരിക്കൂ.  തൊലി, മാംസം, കൊഴുപ്പ്, അസ്ഥി, മലം എന്നിവയുടെ മാറാപ്പാണത്. അതിൽ ഞാൻ എന്ന അഭിമാനം വേണ്ട. സർവാത്മകമായ നിർവികല്പ ബ്രഹ്മമാണ് ഞാൻ എന്നറിഞ്ഞ് പരമശാന്തിയെ നേടൂ.

അനാത്മ വസ്തുവായ ദേഹത്തിൽ ഞാൻ എന്ന് അഭിമാനിക്കുന്നത് നിർത്തൂവെന്നാണ് ഇവിടെ പറയുന്നത്.  എന്നിട്ട് താൻ പരമാത്മാവാണെന്ന് ഉറപ്പിക്കണം.  എന്നാലേ പരമശാന്തി കൈവരിക്കാൻ കഴിയുകയുള്ളൂ.

ഞാൻ ദേഹമാണ് എന്ന മിഥ്യാഭിമാനത്തെ മാത്രമാണ് നാം വെടിയേണ്ടത്. അനാത്മ വസ്തുക്കൾ എന്തൊക്കെയുണ്ടോ അവയിലുള്ള ആസക്തി വെടിയണം.  ഞാൻ ദേഹമാണെന്ന് കരുതുമ്പോൾ അതുമായി ബന്ധപ്പെട്ടതെല്ലാം പ്രിയപ്പെട്ടതാകും.  ഇത് അനർത്ഥങ്ങൾക്ക് വഴിവയ്ക്കും.  അതിനാൽ ദേഹാഭിമാനം വെടിയുക തന്നെ വേണം.  നമ്മുടെ ആസക്തിയെ നികൃഷ്ടമായ അനാത്മാക്കളിൽ നിന്നും ഉയർത്തി ആത്മതത്വത്തിലേക്ക് എത്തിക്കണം.  അതാണ് എല്ലാറ്റിന്റെയും ആധാരമായിരിക്കുന്നത്.  അവിടെയാണ് എല്ലാം മറന്ന് രമിക്കേണ്ടത്.  അപ്പോഴാണ് പരമശാന്തിയെ ലഭിക്കുക.

ശ്ലോകം 162
ദേഹേന്ദ്രിയാദാവസതി ഭ്രമോദിതാ
വിദ്വാനഹന്താം ന ജഹാതിയാവത്
താവന്ന തസ്യാസ്തി വിമുക്തി വാര്‍ത്താ-
പ്യസ്‌ത്വേഷ വേദാന്തനയാന്തദര്‍ശീ

വിദ്വാനായ ആളോ വേദാന്തത്തിന്റെ മറുകര കണ്ട പണ്ഡിതനോ ആയാലും അസത്തായ ദേഹേന്ദ്രിയങ്ങളിൽ അഹംഭാവം വച്ചിരുന്നാൽ മുക്തിയെക്കുറിച്ച് കേൾക്കാൻ പോലും കഴിയില്ല.

എത്ര വലിയ കേമനായ ആളായാലും അസത് വസ്തുക്കളായ ദേഹം, ഇന്ദ്രിയങ്ങൾ മുതലായവയിൽ ഞാൻ എന്ന ഭാവം വച്ചിരുന്നാൽ അയാൾക്ക് മുക്തി കിട്ടില്ല.  മുക്തിയെക്കുറിച്ച് കേൾക്കാൻ പോലുമാകില്ല.  പിന്നെയല്ലേ, മുക്തിയെ അനുഭവിക്കാൻ കഴിയുക.

സമൂഹത്തിലെ വളരെ കുറച്ച് പേർ മാത്രമാണ് ആദ്ധ്യാത്മിക മേഖലയിലേക്ക് കടന്നുവരുന്നത്.  വളരെയധികം ആളുകളെ നമുക്ക് ആരാധനാലയങ്ങളിലും മറ്റും കാണാമെങ്കിലും അവർ അവിടെ വരുന്നത് തങ്ങളുടെ സുഖജീവിതം ഉറപ്പുവരുത്താൻ വേണ്ടിയാണ്.  അവരുടെ പ്രാർത്ഥനകളും വഴിപാടുകളുമൊക്കെ മിക്കവാറും അതിനുവേണ്ടി മാത്രമായിരിക്കും.

അവരിൽ ചിലർ ഭക്തിയോടെ ഭജിക്കുന്നവരുമുണ്ടാകും.  എന്നാൽ, താൻ ആരാധിക്കുന്ന ദേവതയെക്കുറിച്ചോ അതിന്റെ തത്ത്വത്തെ അറിയുന്നതിനോ പ്രയത്നിക്കുന്നവർ വളരെ കുറവാണ്.  സത്സംഗങ്ങളിൽ പങ്കെടുക്കുന്നവർ എത്രയുണ്ടാകും? അവരിൽ കൂടുതൽ പേരും ഭജന കീർത്തനങ്ങൾ പാടാനും കഥകൾ കേൾക്കാനും മാത്രം അവിടെ കഴിയുന്നവരാകും.  തത്വചിന്താപരമായ കാര്യങ്ങൾ വന്നാൽ ഒന്നുകിൽ ഉറങ്ങിപ്പോകും, അല്ലെങ്കിൽ ഇറങ്ങിപ്പോകും.

പല പല രംഗങ്ങളിൽ കഴിവ് തെളിയിച്ച പ്രഗത്ഭരായ ആളുകൾ നിരവധിയുണ്ട്.  പക്ഷേ അവരിൽ നല്ലൊരു ശതമാനം പേർക്കും ആദ്ധ്യാത്മികത തൊട്ടുതീണ്ടിയിട്ടില്ല. ആദ്ധ്യാത്മിക രംഗത്ത് ശ്രുതിയും സ്‌മൃതിയും, ഇതിഹാസ-പുരാണങ്ങളുൾപ്പടെ നിരവധി ഗ്രന്ഥങ്ങളുണ്ട്.  അവ പഠിക്കാൻ സാധിക്കുന്നവരുടേയും യോഗ്യതയുള്ളവരുടേയും എണ്ണം വളരെ കുറവാണ്.  ഇനി അതു പഠിച്ച് വലിയ ശാസ്ത്രജ്ഞാനമൊക്കെ നേടുന്നവർ വളരെ വിരളം; പ്രത്യേകിച്ചും അറിവിന്റെ ഏറ്റവും ഉയർന്ന തലമായ വേദാന്ത ജ്ഞാനം സ്വായത്തമാക്കിയവർ.

പക്ഷേ, എത്ര അറിവ് നേടിയാലും ദേഹാശക്തി വിടാത്തവരുടെ കാര്യം കഷ്ടമാണ്. അവരുടെ അറിവ് വേണ്ടവിധത്തിൽ പ്രയോജനപ്പെട്ടിട്ടില്ല എന്നുവേണം മനസ്സിലാക്കാൻ. അനാത്മ വസ്തുക്കളായ ശരീരമുൾപ്പടെയുള്ളവയിൽ വലിയ  ഭ്രമിച്ചുപോകുന്നു.

വൈദ്യശാസ്ത്രം പഠിക്കുന്നവർക്കെല്ലാം മനുഷ്യശരീരത്തിന്റെ നികൃഷ്ടതയും നിസ്സാരതയുമൊക്കെ നേരിട്ട് ബോധ്യപ്പെടാറുണ്ട്.  പക്ഷേ ഡോക്ടർമാരും വൈദ്യന്മാരും പോലും ദേഹാസക്തിയോടെയാണ് ജീവിക്കുന്നത്.  ഇതാണ് ഭ്രമം.  അജ്ഞാനം നീങ്ങാത്തിടത്തോളം കാലം മുക്തിയെന്തെന്ന് അറിയാൻ പോലും കഴിയില്ല. 

ദേഹത്തെ വെടിയണം എന്നല്ല ഇവിടെ പറയുന്നത്, ദേഹവുമായുള്ള താദാത്മ്യഭാവത്തെയാണ് വെടിയേണ്ടത്. ദേഹം ആത്മാവാണെന്ന തോന്നൽ നിലനിൽക്കുന്നിടത്തോളം കാലം മുക്തിയെക്കുറിച്ച് അറിയാനാകില്ല.  ദേഹാഭിമാനിക്ക് ആത്മാനുഭൂതി ഉണ്ടാവുകയില്ല.
Sudha bharat 

No comments:

Post a Comment