Saturday, April 04, 2020

ആത്മോപദേശശതകം - 9
🙏🙏🙏🙏🙏🙏🙏🙏🙏🙏

“അഹങ്കാരത്തിന് ജീവിയ്ക്കണെങ്കിൽ ഒരു fight വേണം, പുറത്ത് ആരേങ്കിലും ഒരാള് വേണം. രാഷ്ട്രങ്ങളൊക്കെ ചെയ്യണ ടെക്നിക്കും അതാണ്. അവരുടെ ഉള്ളിലുള്ള പ്രശ്നങ്ങൾ അവസാനിയ്ക്കണെങ്കിൽ വെളിയിലൊരു രാജ്യത്തിന്റടുത്ത് യുദ്ധം പ്രഖ്യാപിയ്ക്കും. അപ്പൊ ഇവരൊക്കെ കൂടിക്കോളും.

നമ്മൾടെ സിനിമയൊക്കെ നോക്കൂ..
എല്ലാ സിനിമയിലും ഒരു സിനിമയെങ്കിലും ഹീറോ മാത്രാണെങ്കില് ഓടോ? വില്ലൻ വേണം. ല്ലേ?

അപ്പഴാണ് ഹീറോ മാത്രം ഒരു സിനിമ. ഒന്നാലോചിച്ചു നോക്കൂ.. ആരേങ്കിലും കാണോ? എല്ലാത്തിലും ഒരു വില്ലനെ കൊണ്ട് വരണം, അത് ആ ഹീറോ, വില്ലൻ എന്ന് പറയാനല്ലാ നമ്മളിലെന്തോ സംഭവിയ്ക്കണൂ.

ഒരു ക്രിക്കറ്റ് കളി കാണുമ്പൊ നമ്മൾടെ രാജ്യം വേറെയൊരു രാജ്യം. നമുക്ക് ഐഡന്റിഫൈ ചെയ്യാനൊന്നും ഉണ്ട് നമ്മൾടെ രാഷ്ട്രം. എന്നിട്ട് മറ്റുള്ളവന്റെടുത്ത് വിരോധം. അതുകൊണ്ടാണ് ഇത്ര ഉത്സാഹം.
നമ്മൾടെ ആളുകള് സിക്സ് അടിയ്ക്കുന്നതിന് പകരം അവര് അടച്ചാൽ നമുക്ക് ഇഷ്ടാവില്ലാ. ഇത് നമുക്ക് ശ്രദ്ധിച്ചാൽ കാണാം ഈ അഭിമാനത്തിന്റെ ചലനം. ഇനിയിപ്പൊ നമ്മൾടെ രാജ്യമേ കളിയ്ക്കണില്ലെങ്കിൽ പോലും വേറെ ആരേങ്കിലും കളിയ്ക്കണതാണ് നിവൃത്തിയില്ലാതെ നമ്മള് കണ്ടൂന്ന് വച്ചാൽ കുറെ കഴിയുമ്പൊ നമ്മള് ഏതെങ്കിലും ഒരു പക്ഷം പിടിച്ചോളും. എന്നിട്ട് മറ്റുള്ളവനോട് എതിർത്തോളും. എന്താന്ന് വച്ചാൽ പൊരുതണം. പൊരുതുമ്പഴാണ് നമ്മൾടെ ഉള്ളിലുള്ള അഭിമാനത്തിന് നിക്കാൻ പറ്റൊള്ളൂ.

നമ്മള് ലോകത്തില് ജാതിയെന്നും മതമെന്നും വ്യക്തികളെന്നും ഒക്കെ പറയണത് ഈ പൊരുതാനുള്ള ആഗ്രഹം കൊണ്ടാണ്. വേറൊന്നും അല്ലാ. പൊരുതാൻ എന്തേങ്കിലും ഒക്കെ വേണം.

ഇന്നലെയോ മറ്റോ ആരോ പറഞ്ഞോണ്ടിരുന്നു.. ഈ ജൂതന്മാര്, ഒരു പാട് ഹിംസിയ്ക്കപ്പെട്ടവരാണവര്.
അപ്പൊ, ചില രാഷ്ട്രങ്ങളിലൊക്കെ നമ്മുടെ നാട് പോലെ തന്നെ, നാട്ടില് വിഷമം വന്നാൽ.. ദുർഭിക്ഷ വന്നു കഴിഞ്ഞാൽ രാജാവ് ഭരണം ശരിയില്ലാത്തത് കൊണ്ടാണ് എന്ന് പറഞ്ഞ് ആളുകള് രാജാവിനെതിരെ യുദ്ധം ചെയ്യാൻ പുറപ്പെടും. അപ്പൊ ഈ രാജാക്കന്മാരെന്ത് ചെയ്യുംന്ന് വച്ചാൽ.. ഞങ്ങളെ കാരണം അല്ലാ ഈ ജൂതന്മാര് മഹാപാപികളാണ് അവര് ഈ രാജ്യത്തില് ഉള്ളത് കൊണ്ടാണ് നമ്മൾക്ക് പഷ്ണി വന്നത്. അതുകൊണ്ട് അവരെ തല്ലൂ എന്ന് പറഞ്ഞ് തിരിച്ചു വിട്ടു കഴിഞ്ഞാൽ ആളുകള് മുഴുവൻ വെറി പിടിച്ചിട്ട് അതില് നടക്കുമത്രെ.

ഇതാണ് ഇന്നും നമ്മള് രാഷ്ട്രീയക്കാരുമൊക്കെ ഉപയോഗിയ്ക്കണ സൂത്രമിതാണ്. എന്തേങ്കിലും ഒക്കെ ഒരു കാര്യം പറഞ്ഞ് വെറിയുണ്ടാക്കുക ആളുകളുടെ ഉള്ളില്.. ദേഷ്യം ഉണ്ടാക്കുക, പരസ്പരം വിരോധം ഉണ്ടാക്കുക. അത് ഓരോ കാലത്തില് മാറും. ഒരു കാലത്ത് ജാതിയായിരിയ്ക്കും, ഒരു കാലത്തില് രാഷ്ട്രീയം ആയിരിയ്ക്കും, ഒരു കാലത്തില് വേറെ എന്തേങ്കിലും രാജ്യങ്ങള് തമ്മിലുള്ള പ്രശ്‌നമായിരിയ്ക്കും, വ്യക്തികള് തമ്മില് മാറും ഓരോ കാരണങ്ങളായിരിയ്ക്കും. പക്ഷേ ഈ ബാഹ്യകാരണങ്ങളൊക്കെ തന്നെ വെറും surfaceലുള്ളതാണ് ഉള്ളില് ഇവന് പൊരുതാനുള്ള ആഗ്രഹം ഉണ്ടാവാൻ കാരണം ഇവന്റെ അഹങ്കാരമാണ്.. അഭിമാനമാണ്. വേറെ ഒന്നും അല്ലാ.

ആ ദൂഷ്യം, ആ വൈറസ് എടുത്ത് കളഞ്ഞാൽ ഇവിടെ ആരും പൊരുതുകയുമില്ലാ. ആരും ശണ്ഠ കൂടുകയുമില്ലാ. എല്ലാവരോടും പ്രിയമായിരിയ്ക്കും. ആരോടും ഒരു വെറുപ്പുണ്ടാവില്ലാ.. ദ്വേഷമുണ്ടാവില്ലാ.

സമത്വം താനെ ഉണ്ടാവും.
വ്യക്തികൾക്ക് സമത്വം ഉണ്ടാവും.

അതുകൊണ്ടാണ് പറയുന്നത് വ്യക്തികൾ..
You are the world. നിങ്ങളാണ് ലോകം. നിങ്ങളിൽ വേണമീ സത്യത്തിന്റെ സ്ഫോടനം ഉണ്ടാവാനായിട്ട്, വിപ്ലവം ഉണ്ടാവാനായിട്ട്. ലോകത്തിലല്ലാ. നിങ്ങളുടെ വ്യക്തി അഭിമാനത്തിനെ നിങ്ങളന്വേഷിച്ച് നിങ്ങളുടെ ഉള്ളില് സവനമൊഴിഞ്ഞാൽ, നിങ്ങളുടെ ഉള്ളിൽ സത്യം അറിയപ്പെട്ടാൽ, നിങ്ങളുടെ ഉള്ളിൽ അഭിമാനവൃത്തിയുടെ ചലനം പോയാൽ… എങ്ങനെ പോവും? ആരാഞ്ഞാൽ പോവും.

‘ഉണരരുതിന്നിയുറങ്ങിടാതിരുന്നീടണം അറിവായി.’ ഉണരലും ഉറക്കവും എന്ന് വച്ചാൽ ജാഗ്രത്തും സ്വപ്നവും. രണ്ടിന്റെയും പിടിയിൽ പെടാതെ കേവല സച്ചിദ്സ്വരൂപമായി, സംവിദ് മാത്രമായി നമ്മൾടെ സ്വരൂപത്തിലിരിയ്ക്കണം. അപ്പൊ സകല ദുഖങ്ങളും ഒടുങ്ങുമെന്ന് ഗുരുദേവന്റെ വാക്കാണ്.

അയ്യോ പറ്റില്ലല്ലോന്ന് പറഞ്ഞാൽ..

‘അതിനിന്നയോഗ്യനെന്നാല്‍
പ്രണവമുണര്‍ന്നു പിറപ്പൊഴിഞ്ഞു വാഴും
മുനിജനസേവയില്‍ മൂര്‍ത്തി നിര്‍ത്തിടേണം.’

അയ്യോ ഞങ്ങൾക്ക് വയ്യല്ലോ
അറിയണില്ലല്ലോ എന്ന് പറയാണെങ്കിൽ..
അപ്പൊ, നിങ്ങൾക്ക് സ്വയമേവ ആരാഞ്ഞു നോക്കാനുള്ള ശക്തി ഇല്ലെങ്കിൽ.. സ്വയം തത്വമറിഞ്ഞ് ഉത്ബുദ്ധനായിട്ടുള്ള ഒരു ജീവന്മുക്തന്റെ സാന്നിധ്യത്തിലിരുന്ന് സത്യമറിഞ്ഞ് ആരാധന ചെയ്ത് മനസ്സിലാക്കിക്കോളുക. തെളിഞ്ഞ് അറിഞ്ഞുകൊള്ളുക.

ഈ അറിവ് ആണ് ബലം. ഈ അറിവ് നമ്മളിലുണ്ടാവുമ്പൊ സകല ദുഃഖങ്ങൾക്കും അതൊരു അറുതി വരുത്തും. നമ്മളെ പരമമായ ശാന്തിയിൽ പ്രതിഷ്ഠിയ്ക്കും. നമ്മൾടെ പ്രശ്നങ്ങളും ദുഖങ്ങളും ഒക്കെ അസ്തമിയ്ക്കാൻ ഒറ്റ വഴിയേ ഉള്ളൂ..
ജ്ഞാനം.
ആത്മജ്ഞാനം.”

             ((നൊച്ചൂർ ജി 🥰🙏))
Divya

No comments:

Post a Comment