Tuesday, April 07, 2020

വിവേകചൂഡാമണി - 111
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

വ്യർത്ഥമാകുന്ന ദേഹാസക്തി

അടുത്ത രണ്ട് ശ്ലോകങ്ങളോടെ അന്നമയകോശ വിചാരം സമാപിക്കുന്നു;

ശ്ലോകം 163
ഛായാശരീരേ പ്രതിബിംബഗാത്രേ
യത് സ്വപ്‌നദേഹേ ഹൃദി കല്പിതാംഗേ
യഥാത്മബുദ്ധിസ്തവ നാസ്തി കാചിത്
ജീവച്ഛരീരേ ച തഥൈവ മാ/സ്തു

സ്വന്തം നിഴലിലോ പ്രതിബിംബത്തിലോ സ്വപ്നദേഹത്തിലോ മനോരാജ്യത്തിൽ സങ്കല്പിക്കുന്ന ദേഹത്തിലോ നിനക്ക് ആത്മബുദ്ധിയില്ലാത്തതുപോലെ ഈ ജീവശരീരത്തിലും ആത്മബുദ്ധിയുണ്ടാകരുത്. 

ഈ ശരീരത്തിനോട് നമുക്കു തോന്നുന്ന വലിയ താല്പര്യം, നിഴലിനോടോ കണ്ണാടിയിലും മറ്റും കാണുന്ന നമ്മുടെ പ്രതിബിംബത്തിനോടോ സ്വപ്ന ലോകത്തിലെ ശരീരത്തിനോടോ ഒക്കെ തോന്നുന്ന താല്പര്യം പോലെയാണ്.  അവയിലൊന്നും നമുക്ക് അതു ഞാനാണ് എന്ന ആത്മബുദ്ധി ഉണ്ടാകാറില്ല.  എന്റെ നിഴൽ, എന്റെ പ്രതിബിംബം എന്നൊക്കെത്തന്നെയാണ് നാം പറയാറുള്ളതും അനുഭവവും.  അത് ഞാനല്ല എന്റേതാണ്,  മനോരാജ്യത്തിൽ സങ്കല്പിക്കുന്ന ദേഹവും ഇതിൽ നിന്ന് വ്യത്യസ്തമല്ല;  ഞാൻ ആത്മാവും ശരീരം എന്റേതുമാണ്.

നിഴലും പ്രതിബിംബവും സ്വപ്ന ദേഹവും സങ്കല്പ ശരീരവുമൊക്കെയായി നമുക്ക് എത്ര ബന്ധമുണ്ട്?  അവയെ നമുക്ക് ഒരിക്കലും നമ്മളായി കാണാനാവില്ല. നിഴലിനേയും മറ്റും ബാധിക്കുന്ന കാര്യങ്ങൾ എന്നെ ബാധിക്കുകയില്ല. അവയെ സംരക്ഷിക്കാൻ നാം എത്രത്തോളം പ്രയത്നം നടത്തും? അവയ്ക്ക് ഉണ്ടാകുന്ന മാനാപമാനങ്ങളോ ശുദ്ധിയോ അശുദ്ധിയോ ഒന്നും എന്നെ ബാധിക്കില്ല.  ചിലപ്പോൾ എന്റെ നിഴലിൽ  ചവിട്ടിയേക്കാം. എന്റെ പ്രതിബിംബം  കണ്ണാടിയിൽ മങ്ങിക്കാണാം. ഞാൻ നല്ല വഴിയിലൂടെ നടന്നാലും നിഴൽ ചിലപ്പോൾ ഓടയിലാകും. സ്വപ്നത്തിൽ എന്റെ ശരീരത്തിന് അപകടം പറ്റാം. സ്ഥാനമാനങ്ങൾ   ലഭിക്കാം. ഇവയൊന്നും എന്നെ   ബാധിക്കുന്നില്ല. ഇതുപോലെയാണ് ഈ സ്ഥൂല ശരീരവുമായി എനിയ്ക്കുള്ള   ബന്ധവും.ഇതിലും എനിയ്ക്ക് ആത്മബുദ്ധി പാടില്ല.  ഈ ശരീരമാണ് ഞാൻ എന്നു തോന്നുന്നത് നിഴലും മറ്റും ഞാനെന്ന് തോന്നുംപോലെയാണ്.

ലോകവുമായി ബന്ധപ്പെടാനും ലോകസേവ ചെയ്യാനും വേണ്ടി എനിയ്ക്കുള്ള ഉപകരണം മാത്രമാണ് ഈ ശരീരം.   ഉപകരണത്തെ ഒരിക്കലും ഞാനായി കരുതാൻ പറ്റില്ല.  ദേഹം ഉള്ള കാലത്തോളം- ദേഹാഭിമാനമോ ദേഹസ്മരണയോ ഉള്ള കാലത്തോളം-നമുക്ക് ഈ ലോകത്തിൽ ഓരോന്ന് ചെയ്തുകൊണ്ടേയിരിക്കണം.  അപ്പോഴും ഞാൻ ഈ ദേഹമല്ല, ദേഹത്തിൽനിന്നും വേറിട്ട ആത്മാവാണ് എന്ന വിചാരം ഉണ്ടാവണം.

ഒരു ഉപകരണമെന്ന നിലയിൽ ദേഹത്തെ എങ്ങനെ പാലിക്കണം, അത് നാ ചെയ്യുകതന്നെ വേണം. പക്ഷേ ഞാൻ അതാണ് എന്ന് തെറ്റിദ്ധരിച്ചാൽ പോയി.  അതിന്റെ എല്ലാ കാര്യങ്ങളും എന്നെ ഒരുതരത്തിലും കുഴപ്പിക്കാതെ നോക്കണം.  ഈ ദേഹത്തെ നമ്മുടെ വാസനകളൊക്കെ തീർന്നുപോകത്തക്കവണ്ണം വിനിയോഗിക്കണം.  പുതിയ വാസനകൾ ഉണ്ടാക്കാനും പാടില്ല.  ദേഹത്തിൽ ആസക്തി വച്ചാലോ വാസനകൾ തീർന്നില്ലെങ്കിലോ വീണ്ടും മറ്റൊരു ശരീരം എടുക്കേണ്ടി വരും.  അതുകൊണ്ടുതന്നെ ദേഹാസക്തി പാടില്ല. ദേഹത്തിന് അടിമയാകാതെ അതിനെ വെറും ഉപകരണമായി കണ്ട് വേണ്ടവിധം ജീവിതം നയിക്കണം. 

എന്നാൽ ഇത് മറ്റുള്ളവരോട് പറയാൻ വളരെ എളുപ്പമാണ്.  നമ്മുടെ ജീവിതത്തിൽ നടപ്പാക്കുകയാണ് യഥാർത്ഥത്തിൽ വേണ്ടത്.  ഞാൻ ഈ ദേഹമെന്നു കരുതി ദേഹവുമായി ബന്ധപ്പെട്ട് എന്തിലൊക്കെ കുടുങ്ങിക്കിടക്കുന്നുവെന്ന് പരിശോധിക്കണം.  ശരീരമാണോ എന്നെ മുന്നോട്ടു നയിക്കുന്നത്, അതോ ഞാനാണോ എന്ന് സ്വയം പരിശോധിക്കണം.  ശാരീരികമായ അവശതകളും പരിമിതികളും മറികടക്കണമെങ്കിൽ നല്ല ഇച്ഛാശക്തി വേണം.  അത് ഞാൻ ഈ ശരീരമല്ല എന്ന ഉറപ്പിൽനിന്നേ ഉണ്ടാകൂ.  പലപ്പോഴും സാധാരണക്കാർക്ക് ഇങ്ങനെ ചിന്തിക്കാൻപോലുമാകില്ല; അത്രയ്ക്കധികം ദേഹാസക്തരാണവർ. 

ദേഹത്തിൽ ആത്മബുദ്ധി വയ്ക്കരുത് എന്ന താക്കീതിനെക്കാൾ, അങ്ങനെ ചെയ്യരുതേ എന്ന നിർദ്ദേശമാണ് സാധകർക്ക് നൽകുന്നത്.
Sudha bharat 

No comments:

Post a Comment