Wednesday, April 22, 2020

വിവേകചൂഡാമണി - 116
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

മനോനിയന്ത്രണം അനിവാര്യം

മനോമയകോശം വിവരണം തുടരുന്നു;

ശ്ലോകം 169
നഹ്യസ്ത്യവിദ്യാ മനസോ/തിരിക്താ
മനോഹ്യവിദ്യാ ഭവബന്ധഹേതുഃ
തസ്മിന്‍ വിനഷ്ടേ സകലം വിനഷ്ടം
വിജൃംഭിതേ/സ്മിന്‍ സകലം വിഭൃംഭതേ

മനസ്സിൽ നിന്ന് വേറിട്ടതായി അവിദ്യയില്ല.  സംസാരബന്ധനത്തിന് കാരണമായ അവിദ്യ മനസ്സ് തന്നെയാണ്.  മനസ്സ് നശിച്ചാൽ എല്ലാം നശിക്കും.  അത് പ്രകടമാകുമ്പോൾ എല്ലാം പ്രകടമാകും. 

അജ്ഞാനമാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം.  അജ്ഞാനം വ്യക്തിയിലൂടെ  പ്രകടമാകുമ്പോൾ അതിനെ അവിദ്യയെന്നും സമഷ്ടിയിലൂടെ പ്രകടമാകുമ്പോൾ അതിനെ മായ എന്നും പറയുന്നു.

ഓരോന്നിലും പ്രത്യേകമായി പ്രകടമാകുന്നത് അവിദ്യ, കൂട്ടായിട്ടുള്ളത് മായ.  അവിദ്യയുടെ ആകെത്തുകയെന്ന് മായയെ പറയാം.  സത്വരജസ്തമോഗുണങ്ങളാകുന്ന ഘടകങ്ങളോട് കൂടിയ അവിദ്യ മനസ്സിലാണ് കുടിയിരിക്കുന്നതും പ്രവർത്തിക്കുന്നതും എന്നതിനാൽ മനസ്സിൽ നിന്ന് വേറിട്ടതല്ല,  മനസ്സ് തന്നെയാണത്. അത് തന്നെയാണ് എല്ലാ സംസാര ബന്ധങ്ങൾക്കും കാരണമായിരിക്കുന്നത്.

മനസ്സ് ഇല്ലാതാകുമ്പോൾ പലതായിക്കാണുന്ന ലോകവും അതിൽ അഭിമാനിക്കുന്ന ജീവഭാവവും ഇല്ലാതാകും.  മനസ്സ് പ്രവർത്തിക്കുമ്പോൾ ഈ ലോകവും സകലതും പ്രകടമാവുകയും ചെയ്യും. 

സുഷുപ്തിയിൽ അവിദ്യ ഉണ്ടെങ്കിലും അതിന് ബന്ധമില്ല.  എന്നാൽ മനസ്സിന് ബന്ധമുണ്ട്.  ഉറങ്ങുന്ന സമയത്ത് മനസ്സ് ലയിച്ചുപോകുന്നതിനാലാണ്  ബന്ധം ഇല്ല എന്നു പറയുന്നത്.  അതിനാൽ മനസ്സിൽ നിന്ന് വേറെയായി അവിദ്യ ഇല്ല എന്ന് പറയുന്നു.  മനസ്സ് ഉള്ളപ്പോൾ മാത്രമേ ദേഹം മുതലായവയിൽ ബന്ധമുണ്ടാവുകയുള്ളൂ.

മനസ്സ് ലയിച്ചുപോകുന്ന സുഷുപ്തിയിൽ ഈ ജഗത്തില്ല.  'ഒരു ലോകവും ഇല്ലാതെ ഉറങ്ങുന്നു' എന്ന് ഒരു പ്രയോഗം തന്നെയുണ്ട്.  ഇത് നമുക്ക് അനുഭവവും ആണ്.

മനസ്സ് പ്രവർത്തിക്കുന്ന സ്വപ്നത്തിലും ജാഗ്രത്തിലും നാനാത്വ പ്രപഞ്ചമുണ്ട്.  ഇതിൽ ഉണർന്നിരിക്കുന്ന അവസ്ഥയിലാണ് നാം മനസ്സിനെ ഇല്ലാതാക്കേണ്ടത്.  മനസ്സ് ഇല്ലാതാവുക, നശിക്കുക എന്നൊക്കെ പറഞ്ഞാൽ അത് ചിന്തകളൊന്നുമില്ലാതെ നല്ല നിയന്ത്രണത്തിൽ ഇരിക്കുക എന്നാണർത്ഥം. ചിന്തയുടെ ചെറുനാമ്പുപോലും ഉടലെടുക്കാത്ത അവസ്ഥയാണത്.  മനസ്സിനെ നന്നായി അടക്കിനിർത്തുകയാണ് വേണ്ടത്.

ആദ്യമായി വേണ്ടത് ഇന്ദ്രിയ നിയന്ത്രണമാണ്.  ഇന്ദ്രിയങ്ങളെ കീഴടക്കാതെ മനസ്സിനെ കീഴടക്കാനാവില്ല.  ഇന്ദ്രിയങ്ങളെ അടക്കിയിരുത്തണമെങ്കിൽ അവ വിഹരിക്കുന്നതായ വിഷയങ്ങളെ ജയിക്കണം.  ശബ്ദ, സ്പർശ, രൂപ, രസ, ഗന്ധങ്ങളായ വിഷയങ്ങളിൽ ആകൃഷ്ടരായി ഇന്ദ്രിയങ്ങൾ അവയിൽ കുടുങ്ങിപ്പോവുകയാണ്.  വിഷയങ്ങളുടെ വശീകരണത്തിൽ ഇന്ദ്രിയങ്ങൾ വീണുപോവുകയാണ്. 

സ്വാഭാവികമായി വിഷയങ്ങൾക്ക് ഇന്ദ്രിയങ്ങളിലേക്ക് കടന്നുവരാൻ തക്ക ശേഷിയൊന്നുമില്ല. നമ്മൾ അനുവദിക്കാതെ അവയ്ക്ക് നമ്മിൽ സ്വാധീനം ചെലുത്താനാവില്ല.  അതിനാൽ ഇന്ദ്രിയങ്ങളെ സംയമനം ചെയ്യാൻ വിഷയങ്ങളിൽ നിന്ന് അകന്നുനിൽക്കണം.  ഒരു നിശ്ചിത പരിധിക്കപ്പുറത്തേക്ക് അവയ്ക്ക് സ്വാധീനമില്ല.  അതുപോലെതന്നെ സാഹചര്യവും ഒരു പ്രധാന ഘടകമാണ്.

ഒരു വിഷയത്തിലും അമിതമായി ഇന്ദ്രിയങ്ങൾ മുഴുകാതിരിക്കുക എന്നത് തന്നെയാണ് നിയന്ത്രണം.  ഇത് സാധിക്കുന്നത് മനസ്സിലൂടെയാണ്.  മനസ്സാണ് ഇന്ദ്രിയങ്ങളിലൂടെ പുറത്തുപോയി വിഷയങ്ങളെ അനുഭവിപ്പിക്കുന്നത്.  അതിനാൽ മനോനിയന്ത്രണം അനിവാര്യമാണ്.  മനസ്സിനെ രജോഗുണത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കണം  തമോഗുണവും നീങ്ങണം.  മനസ്സ് സത്വഗുണപ്രധാനമാകണം, അപ്പോൾ മായയെ മറികടക്കാനാവും.

ആദ്ധ്യാത്മിക കാര്യങ്ങളിൽ മുഴുകലാണ് മനസ്സിനെ സാത്വികമാക്കാനുള്ള വഴി.  ശ്രവണ, മനന, നിദിധ്യാസനങ്ങൾ വേണ്ടപോലെ ചെയ്യാം.  സ്വാദ്ധ്യായം നല്ലപോലെ വേണം.  സത്സംഗങ്ങളിൽ പങ്കുകൊള്ളൽ,  ശാസ്ത്ര ഗ്രന്ഥങ്ങൾ പാരായണം  ചെയ്യൽ, ശ്രുതിവാക്യങ്ങളെ വിചാരം ചെയ്യൽ, ധ്യാന പരിശീലനം തുടങ്ങിയവയിലൂടെ മനസ്സിനെ തെളിവുറ്റതാക്കാം.  അപ്പോൾ അജ്ഞാന മറ നീങ്ങും.  നാനാത്വ പ്രപഞ്ചം ഇല്ലാതാകും.  മായാമറ നീങ്ങും.  തമസ്സും, രജസ്സും നീങ്ങുന്ന മനസ്സ് സാത്വികമായി ആത്മതത്ത്വത്തിലേക്ക് നയിക്കും.

No comments:

Post a Comment