Wednesday, April 15, 2020

ആത്മോപദേശശതകം - 14
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

“അത്രാത്മത്വം ദൃഢീകുർവ്വന്നഹമാദിഷു സംത്യജൻ.

ഈ അനുഭൂതിയിൽ തലങ്ങളില്ലാ എന്നുള്ളത് ശ്രീശങ്കരന്റെ ജീവിതത്തിലും രമണമഹര്‍ഷിയുടെ ജീവിതത്തിലും നാരായണഗുരുസ്വാമിയുടെ ജീവിതത്തിലും ഒക്കെ ഒരുപോലെ നമുക്ക് കാണാം.

ശ്രീശങ്കരൻ 8 വയസ്സില് ഗോവിന്ദഭഗവത്പാദരുടെ മുൻപില് ചൊല്ലിയതാണ് ദശശ്ലോകി. നമുക്ക് ആ കഥയൊക്കെ പ്രമാണമായി എടുക്കാമെങ്കിൽ 8ാമത്തെ വയസ്സിൽ ഗോവിന്ദഭഗവത്പാദരുടെ മുൻപിൽ ചൊല്ലിയതാണത്രെ.

ന ഭൂമിര്‍ ന തോയം ന തേജോ ന വായുഃ‍
ന ഖം നേന്ദ്രിയം വാ ന തേഷാം സമൂഹഃ
അനൈകാന്തികത്വാത് സുഷുപ്ത്യേകസിദ്ധസ്തദേകോfവശിഷ്ടഃ ശിവഃ കേവലോfഹം

പത്ത് ശ്ലോകങ്ങള് ചൊല്ലി.

32ാമത്തെ വയസ്സിൽ തന്റെ കൃത്യങ്ങളൊക്കെ പൂർത്തിയാക്കി താൻ ശരീരം ഉപേക്ഷിയ്ക്കുമെന്നുള്ള ഘട്ടത്തിൽ പത്മപാദര് ചോദിച്ചപ്പോ, അദ്വൈതത്തിനെ മുഴുവൻ സംഗ്രഹിച്ച് ഉപദേശിയ്ക്കണം എന്ന് ചോദിച്ചപ്പഴും ഉപദേശിച്ചത് ഇത് തന്നെയാത്രെ. എന്നുവച്ചാൽ 8 വയസ്സിലുള്ള ദർശനം 32 വയസ്സിനകത്തേയ്ക്ക് മാറിയില്ലാ.
നേരെ മറിച്ച് മനോമണ്ഡലത്തിലുള്ള ദർശനങ്ങളൊക്കെ തന്നെ ഒരു കാലത്ത് താൻ വിശ്വസിയ്ക്കുന്നത് അടുത്ത കാലത്ത് മാറി പോവും. ഒരു കാലത്ത് താനൊരു അവസ്ഥയിലിരുന്നു അടുത്ത കാലത്ത് ആ അവസ്ഥ മാറി പോവും.

ഭൗതികതലത്തില് ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങള് നമുക്ക് കാണാം.. ഒരു കാലത്ത് കണ്ടുപിടിച്ചത് അടുത്ത കാലത്ത് തള്ളി കളഞ്ഞു പോവുന്നു.

രമണമഹര്‍ഷി 20ാമത്തെ വയസ്സിൽ ശിവപ്രകാശൻപിള്ള എന്ന ഭക്തൻ ചോദിച്ചതിന് ഉപദേശിച്ച് എഴുതി കൊടുത്തതാണ് ‘ഞാൻ ആര്’ എന്നുള്ള പുസ്തകം. ആ പുസ്തകത്തിൽ എന്ത് പറഞ്ഞിട്ടുണ്ടോ അത് തന്നെയാണ് 54 വർഷം അവിടെ ഉണ്ടായിരുന്നിട്ട് തന്റെ 70ാമത്തെ വയസ്സിലും പറയണത്. ഒന്നും വ്യത്യാസമില്ലാ.

എന്നുവച്ചാൽ സത്യത്തിൽ, സ്വരൂപത്തിൽ  gradations ഒന്നും ഇല്ലാ. Gradations ഒക്കെ മനസ്സിലാണ്. മാറുക, ഉയരുക, താഴുക ഇതൊക്കെ മനോമണ്ഡലാണ്. തന്റെ യഥാര്‍ത്ഥ സ്വരൂപത്തിൽ കൂടുക, കുറയുക, ഏറുക, ഇറങ്ങുക ഒന്നും ഇല്ലാ. പോക്ക്, വരവ് ഒന്നും ഇല്ലാ.

ആ സത്യത്തിന്റെ അനുഭവം നാരായണഗുരുസ്വാമിയുടെ ആത്മോപദേശശതകത്തിലും, അദ്വൈതദീപികയിലും, ജനനീനവരത്നമഞ്ജരിയിലും, ഏത് കൃതികളില് കണ്ടാലും അനുഭൂതിയുടെ രസം ഒന്ന് തന്നെ. ഒന്നും മാറ്റമില്ല.

എന്തിനെയാണ് ഇപ്പൊ അനുഭവിച്ചത് എന്ന് ചോദിച്ചാൽ അവർക്ക് പറയാൻ ഉള്ളത് പുതിയതായിട്ട് ഒന്നും ഇല്ലാ. നിങ്ങളൊക്കെ അനുഭവിയ്ക്കണത് തന്നെയാണ്. പക്ഷേ നിങ്ങള് അറിയണില്ലാ.

രമണമഹര്‍ഷിയുടെ അടുത്ത് പല ഭക്തൻമാരും വളരെ ചാതുര്യത്തോടു കൂടെ ജ്ഞാനിയുടെ അവസ്ഥയെ കുറിച്ച് ചോദ്യം ചോദിച്ച് ഉത്തരം സമ്പാദിച്ചിട്ടുണ്ട്.

ഒരാള് ചോദിച്ചു ; ഭഗവാൻ ജ്ഞാനികൾ ജഗത്തിനെ മുഴുവൻ ആത്മസ്വരൂപമായിട്ട് കാണുന്നുവെന്നും, ബ്രഹ്മമായിട്ട് കാണുന്നു എന്നുമൊക്കെ പറയുന്നുവല്ലോ.. അങ്ങ് എന്താണ് കാണണത്? എന്ന് ചോദിച്ചു.

മഹർഷി പറഞ്ഞു ; നിങ്ങളൊക്കെ എന്താണോ കാണുന്നത് അതേ ഞാനു കാണുന്നൊള്ളൂ. പക്ഷേ നിങ്ങള് ഞാൻ കാണുന്നതിനേക്കാളും കൂടുതൽ കാണുന്നുണ്ട് എന്ന് മാത്രം.

ഞാൻ കാണുന്നത് തന്നെ നിങ്ങളും കാണുന്നുണ്ട്. പക്ഷേ ഞാൻ കാണുന്നതിനേക്കാളും കൂടുതൽ നിങ്ങള് കാണുന്നുണ്ട്. നിങ്ങള് ശരീരം കാണുന്നു, മനസ്സ് കാണുന്നു, വിശേഷം കാണുന്നു, രാഗദ്വേഷത്തോട് കൂടെ കാണുന്നു, സ്ത്രീയാണെന്ന് കാണുന്നു, പുരുഷനാണെന്ന് കാണുന്നു,

ആത്മാനുഭവം എന്ന് പറയണത് പുതിയൊരു അനുഭവം അല്ലാ. വാസ്തവത്തിൽ നമുക്ക് ഉള്ള ഒരേയൊരു അനുഭവം ആത്മാനുഭവം ആണ്. ആത്മാനുഭവമേ ഉള്ളൂ. അത് പുതിയതായിട്ട് വരേണ്ട ഒരു അനുഭവം ആണെങ്കിൽ വന്നിട്ട് പൊയ്പോവും.

നമ്മള് ആത്മാവിനെ തന്നെയാണ് പ്രപഞ്ചമായിട്ട് കാണുന്നത്, ഇന്ദ്രിയങ്ങളിലൂടെ പ്രപഞ്ചമായിട്ട് കാണുന്നത്, അകമേയ്ക്ക് തിരിഞ്ഞാൽ മനസ്സായിട്ടും ചിത്തവൃത്തികളായിട്ടും ഒക്കെ കാണുന്നത്. ഒക്കെ കലർന്ന് നിക്കാണ്. കൂടി കലർന്ന് നിക്കാണ്.

ആത്മോപദേശശതകത്തില് ഒരിടത്ത് ഗുരുദേവൻ പറഞ്ഞു സത്യവും മിഥ്യയുമായി കൂടി കലർന്ന് നിക്കുന്ന ഈ അവസ്ഥ വലിയൊരു നീതിഹാനി എന്നാണ്. എന്നുവച്ചാൽ വലിയൊരു വിഷമം പിടിച്ച കാര്യമാണ്. ഹംസം പാലും വെള്ളവും കൂടി കലക്കി വച്ചാൽ പാല് മാത്രം പിരിച്ചെടുക്കുമെന്ന് പറയും. അതുപോലെ പരമഹംസജനം, പരമഹംസന്മാര് ഇതിൽ നിന്നും ചിത്തിനെ മാത്രം, സത്യത്തിനെ മാത്രം, വസ്തുവിനെ മാത്രം വേർതിരിച്ച് കാണാനുള്ള ദൃഷ്ടി ഉള്ളവരാണ്. അതാണ് അവരുടെ ചാതുര്യം, കൗശലം.

കൗശലം എന്നാണ് വാക്ക്.
ജനകൻ പറയണൂ.. ‘കുതശ്ചിത് കൗശലാദ് ഏവ പരമാത്മാ വിലോക്യതേ’ എന്നാണ്. ഇത്രയും നേരം ഞാൻ ജഗത് കണ്ടു. ഇപ്പൊ എന്ത് സൂത്രം കൊണ്ടാണെന്ന് അറിഞ്ഞില്ലാ പരമാത്മാ കാണപ്പെടുന്നു. ‘കുതശ്ചിത് കൗശലാദ് ഏവ പരമാത്മാ വിലോക്യതേ’.

ഏതാവന്തമഹം കാലം മോഹേനൈവ വിഡംബിതഃ

ഇത്രയും കാലം ഞാൻ മോഹിച്ചു പോയി. കണ്ടിട്ടും അറിഞ്ഞില്ലല്ലോ എന്നാണ്. ഇപ്പൊ ഇതാ ഏതോ ഒരു സൂത്രം ഒരു കൗശലം കൊണ്ട് പരമാത്മാവ് കാണപ്പെടുന്നു.. ഭഗവാൻ കാണപ്പെടുന്നു.

അതുകൊണ്ട് നമ്മളിപ്പൊ ഗുരുദേവന്റെ ഈ കൃതിയിലേയ്ക്ക് പ്രവേശിയ്ക്കുമ്പൊ പുതിയതായിട്ട് എന്തേങ്കിലും ഒക്കെ അറിയാനാണ് എന്നുള്ള മോഹം വിട്ടു കളയാൻ വേണ്ടിയിട്ടാണ് ഇന്നലെ ആദ്യത്തെ ശ്ലോകമായിട്ട് എടുത്തത് ;

ഒരു കുറി നാമറിയാത്തതൊന്നുമിങ്ങില്ല
ഉരു മറവാൽ അറിവീല.

ഒരു കുറി നാമറിയാത്തതൊന്നുമിങ്ങില്ല.
ഒരു കുറി എന്ന് പറഞ്ഞതിന് സാധാരണ നമ്മള് പറയുന്നത് ഒരു പ്രാവശ്യം എന്നുള്ള അർത്ഥമാണ് പറയുക. പക്ഷേ ഒരിയ്ക്കലും നമ്മളറിയാത്തതായ ഒരു വസ്തുവിനെ അല്ലാ നമ്മളിവിടെ അന്വേഷിയ്ക്കണത്.

അറിവ് എന്ന് പറഞ്ഞാലിവിടെ അനുഭവം എന്നർത്ഥം.

നമ്മൾടെ സ്വത്വം എങ്ങനെയാ അറിയപ്പെടുന്നത്?

നമുക്കൊക്കെ ഉറപ്പുള്ള ഒരേ ഒരു കാര്യം ഞാൻ ഉണ്ട് എന്നുള്ള ഒരേ ഒരു അനുഭവം മാത്രമാണ്. അതും അതിമനോഹരമായിട്ട് ഗുരുദേവൻ പറഞ്ഞു.

അഹമിരുളല്ല ഇരുളാകിലന്ധരായ് നാം
അഹമഹമെന്നറിയാതിരുന്നിടേണം.

അഹം ഇരുളല്ല. ഇരുളാകിൽ അന്ധരായ് നാം.. ഇവിടെ അഹം എന്ന അനുഭവത്തിനെ മാത്രമാണ് അറിവ് എന്ന് പറഞ്ഞത്.

നമ്മള് കാണുക, കേൾക്കുക, മണക്കുക, രുചിയ്ക്കുക സ്പർശിയ്ക്കുക, ബുദ്ധി കൊണ്ട് അറിയുക, മനസ്സ് കൊണ്ട് സങ്കല്പിയ്ക്കുക ഇതിനെയാണ് അറിവ് എന്ന് പറയണത്.

ഗുരുദേവനാവട്ടെ അഹം എന്ന അനുഭവത്തിനെ മാത്രം അറിവായിട്ട് സമ്മതിച്ചു കൊണ്ട്, ആ അറിവിലേയ്ക്ക് വരാൻ ആദ്യം ഈ ഇന്ദ്രിയതലങ്ങളിലുള്ള അറിവിനെ കടക്കണം എന്ന് പറഞ്ഞു കൊണ്ട് തന്നെയാണ് ഇത് തുടങ്ങണത്.

അപ്പഴാണ് അദ്ധ്യാത്മം ആവണത്.”

              ((നൊച്ചൂർ ജി 🥰🙏))

No comments:

Post a Comment