Wednesday, April 15, 2020

ജനപദോദ്ധ്വംസനീയം

( സി.ഇ. രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട 'ചരകസംഹിത' എന്ന ആയുർവേദ ഗ്രന്ഥത്തിലെ ഒരധ്യായമാണ് 'ജനപദോദ്ധ്വംസനീയം'. ഒരു മഹാമാരിയാൽ എങ്ങനെ ഒരു ജനപദം ഒന്നാകെ നശിച്ചൊടുങ്ങുന്നു എന്ന് വിവരിക്കുന്ന ആ അധ്യായത്തെ പൂർണ്ണമായും ഉപജീവിയ്ക്കുന്ന ഒരു സ്വതന്ത്രാവിഷ്ക്കാരമാണിത്.)

രാജ്യം പാഞ്ചാലം
രംഗം ഗംഗാതടം..
പശ്ചാത്തലത്തിൽ കാമ്പില്ല്യ രാജധാനി,
തീവേനലൊടുങ്ങാറായ ജ്യേഷ്ഠ സായന്തനം..
മെല്ലെ നടക്കുകയാണ്‌ ഗുരുവായ ആത്രേയനും ശിഷ്യൻ അഗ്നിവേശനും..
സംശയനിവാരണങ്ങളുടെ പതിഞ്ഞ വേളകൾ..
കാഴ്ചകളെ ഉൾക്കാഴ്ചകളാക്കുന്ന കുറിയ സംഭാഷണങ്ങൾ..
ആത്രേയമഹർഷി ഒരു മാത്ര ഒന്നു നിന്നു. പിന്നെ മെല്ലെ പറഞ്ഞു,
"സൗമ്യ, നക്ഷത്ര ഗ്രഹഗണ ചന്ദ്ര സൂര്യ അനിലാനലന്മാരുടെ സഞ്ചാരങ്ങളിൽ പന്തികേടുകാണുന്നുണ്ട്‌.  ഋതുക്കളും പിഴച്ചേക്കാനാണിട.  ശ്രദ്ധിച്ചുകേൾക്കുക. ഇത്‌ ആപത്സൂചനയാണ്‌.  ഇനിയുമേറെ സമയം ചെല്ലും മുമ്പ്‌ തങ്ങളുടെ തനത്‌ രസഗുണവീര്യപ്രഭാവങ്ങൾ നഷ്ടപ്പെട്ട്‌  ഈ ഭൂമിയിലെ സസ്യലതാദികൾ‌ ദുഷിക്കും.  അങ്ങനെ വന്നാൽ ഈ ജനപദത്തിലെ എല്ലാ ജനങ്ങളും  ഏതെങ്കിലും ഒരൊറ്റ രോഗബാധയാൽ തുടച്ചുനീക്കപ്പെടും."
ഇതുകേട്ട അഗ്നിവേശൻ ഉദ്വിഗ്നനായി.
"അതുകൊണ്ട്‌, അഗ്നിവേശ, നാമതിന്‌ കാത്തുനിൽക്കരുത്‌. 
ഓഷധികൾ വിഗതവീര്യങ്ങളാകും മുമ്പ്‌
വേണ്ടത്ര ഔഷധങ്ങൾ സംഭരിക്കുക.
ഭൂമി കെട്ടുപോകുകയാണ്‌.
അലസത പാടില്ല".
അഗ്നിവേശൻ കണ്ണനക്കാതെ ഗുരുവിനെ തന്നെ ശ്രവിച്ചു. 
"ഇപ്പോൾ ശേഖരിക്കുന്ന ഔഷധങ്ങൾ വീര്യവത്തുക്കളായിരിക്കും.  നമുക്കവയെക്കൊണ്ട്‌ നമ്മെ പ്രതീക്ഷിച്ചിരിക്കുന്നവരേയും നമുക്ക്‌ പ്രതീക്ഷിക്കേണ്ടവരേയും സൗഖ്യപ്പെടുത്താനാവും.  അതെ, ജനപദം മുച്ചൂടും മുടിക്കുന്ന മഹാമാരികളിൽനിന്നും മനുഷ്യനെ രക്ഷിക്കാൻ അവയ്ക്കാവും". 
"അങ്ങനെചെയ്യാം", അഗ്നിവേശൻ മന്ത്രിച്ചു.
"പക്ഷേ", അയാളിൽ സന്ദേഹങ്ങൾ, "ദേവ, ഈ ജനപദത്തിലെ മനുഷ്യർ,
പല ദേഹപ്രകൃതിയിലുള്ളവർ,
പല ഭക്ഷണങ്ങൾ കഴിക്കുന്നവർ,
അവരുടെ മെയ്ക്കരുത്ത്‌ വേറെ, മനക്കരുത്ത്‌ വേറെ,
പല ശീലക്കാർ, പല പ്രായക്കാർ..
അവരെയെങ്ങനെ ഒരേ രോഗം ബാധിക്കും? പലമട്ടിലുള്ള ഇവർ
എങ്ങനെ ഒരുമട്ടിലുള്ള രോഗം കൊണ്ട്‌ തുടച്ചുനീക്കപ്പെടും? അങ്ങനെയൊന്ന്‌ ഇതുവരെ പറഞ്ഞുതന്നതിലില്ലല്ലോ!"
ശിഷ്യന്റെ ചോദ്യം ഗുരുവിൽ അത്ഭുതമുളവാകിയില്ല.
"അഗ്നിവേശ,
ശരിയാണ്‌.
ഇവരെല്ലാം പലമട്ടുകാർ.
എന്നാൽ
അതിനെല്ലാമപ്പുറം
ഈ ജനപദത്തിലെ വായുവും വെള്ളവും ദേശവും കാലവും
അവരെ ഒരേ ചരടിൽ കോർത്തുകെട്ടിയിരിക്കുന്നു.
ദേശമെന്നതുകൊണ്ട്‌ മുഴുവൻ പരിസരത്തേയും ഗ്രഹിക്കുക.
ഇവ നാലും ദുഷിച്ചിടത്ത്‌ വ്യക്തിപരമായ സവിശേഷതകൾ അപ്രസക്തങ്ങൾ.
വീര്യവത്തുക്കളായ, അഭിയുക്തങ്ങളായ,
ഔഷധങ്ങൾ ഉണ്ടായേ തീരൂ ഇതിൽ രക്ഷപ്പെടാൻ".
കൂർമ്മബുദ്ധിയായ അഗ്നിവേശനോട്‌ ആത്രേയമഹർഷി തുടർന്നു,
"ദുഷിച്ചാൽ വെള്ളം വായുവിനേക്കാളും
ദേശം വെള്ളത്തേക്കാളും
കാലം ദേശത്തേക്കാളും വിനാശം വിതയ്ക്കുമെന്നറിയുക".
"പരിഹാരമായി ഔഷധങ്ങളെ അംഗീകരിക്കുന്നു", അഗ്നിവേശൻ പറഞ്ഞു. 
"മറ്റെന്തെല്ലാമാണ്‌ രക്ഷോപായങ്ങൾ ഈ ആപത്ഘട്ടത്തിൽ?"
അനന്തതയിലേയ്ക്ക്‌ കണ്ണുകളയച്ചുകൊണ്ട്‌ ഗുരു ഓർത്തെടുത്തു,
"ധാതുക്കളെ നിർമ്മലങ്ങളാക്കാൻ പഞ്ചകർമ്മചികിത്സ
വിധിയ്ക്കൊത്ത രസായനപ്രയോഗങ്ങൾ
സത്യം,ഭൂതദയ,ദാനം,ബലി
ദേവതകൾക്ക്‌ പൂജ, സദാചാരനിഷ്ഠ
മറ്റുള്ളവരിൽനിന്ന്‌ അകന്നുകഴിയൽ
ഇവയും സ്വീകാര്യമായ വഴികളാണ്‌.
തീർന്നില്ല,
സുരക്ഷിതമായ ജനപദങ്ങളിലേയ്ക്ക്‌ കുടിയേറുക
ശരിയായ ജ്ഞാനം സമ്പാദിക്കുക
ജ്ഞാനികളോടൊത്തുകഴിയുക
ധർമ്മശാസ്ത്രങ്ങളിലെ,
മഹർഷിമാരുടെ,
ജിതാത്മാക്കളുടെ,
കഥകൾ കേൾക്കുക".

"അങ്ങനെയാകട്ടെ" എന്നമട്ടിൽ തലയാട്ടിയെങ്കിലും
അഗ്നിവേശൻ അതിൽ ശമിച്ചില്ല.

 "ഭഗവൻ,
ഒരു ജനപദത്തിൽ...
എങ്ങനെയാണ്‌ വായുവും വെള്ളവും ദേശവും കാലവും ദുഷിക്കുന്നത്‌ എന്നുപദേശിച്ചാലും.."
ശിഷ്യപ്രശ്നത്തിൽ സംപ്രീതനായ ഗുരു ശ്രദ്ധാലുവായി മൊഴിഞ്ഞു,
"കേൾക്കുക സൗമ്യ,
അതിനുള്ള കാരണം അധർമ്മമാകുന്നു"
ആ ഉത്തരത്തിന്റെ ഗാംഭീര്യത്തിൽ, അതിന്റെ ഉള്ളിളക്കങ്ങളിൽ,
അഗ്നിവേശൻ വിറച്ചു.
ഗുരു തുടർന്നു,
"അവിവേകത്തിൽ നിന്ന്‌ പാപപ്രവൃത്തികളും പാപത്തിൽ നിന്ന്‌ അധർമ്മവും ഉണ്ടാകുന്നു എന്നറിയുക.
എപ്പോഴൊക്കെ ദേശം, നഗരം, നിഗമം, ജനപദം ഇവ വാഴുന്നവർ
ധർമ്മപഥത്തെ കയ്യൊഴിഞ്ഞ്‌
ഭരണം നടത്തുന്നുവോ
അപ്പോഴെല്ലാം
വാഴുന്നോരുടെ അനുചരർ
അവരുടെ ബന്ധുമിത്രാദികൾ
ജന്മികൾ, വ്യാപാരികൾ
ഇവർ
ആ അധർമ്മത്തിന്റെ വിത്തുകളെ നട്ടുനനച്ച്‌ വളർത്തുന്നു.
അധർമ്മവൃക്ഷം പടർന്നുപന്തലിക്കുന്നിടത്ത്‌
ധർമ്മത്തിന്റെ വിധി കുഴിച്ചുമൂടപ്പെടാനാകുന്നു.
ധർമ്മം മരിച്ച ദേശത്തുനിന്നും ദേവതകൾ പലായനംചെയ്യുന്നു.
അവിടെ ഋതുചക്രം പിഴയ്ക്കുന്നു.
മേഘങ്ങൾ അപവർഷണം ചെയ്യുന്നു.
കാറ്റുപിണങ്ങുന്നു.
മണ്ണിൽ നഞ്ഞുകലരുന്നു.
നീർത്തടങ്ങൾ വരളുന്നു
ഓഷധികൾ ശാന്തികിട്ടാതെ വികൃതവീര്യങ്ങളാകുന്നു
അങ്ങനെ
സ്പർശത്തിലും, അന്നത്തിലും, പാനത്തിലും വിഷം കലർന്നതായി
ജനപദങ്ങൾ മരണത്തിനുകീഴടങ്ങുന്നു".
അഗ്നിവേശൻ അവിശ്വസനീയതയോടെ കേട്ടുനിന്നു,

ഗുരുനാഥൻ തുടർന്നു,
"ജനപദങ്ങൾ ആയുധങ്ങളാൽ നശിച്ചുപോകുന്നത്‌ നാം കാണുന്നില്ലേ?
അതിലും നാരായക്കല്ല്‌ അധർമ്മമാകുന്നു. 
ആർത്തിയാൽ, കോപത്താൽ, അവിവേകത്താൽ, ദുരഭിമാനത്താൽ,
നിലകെട്ടവർ
കരുത്തിൽ തന്നിലും കിഴിഞ്ഞവനെ ചവിട്ടിമെതിച്ചും,
തങ്ങളിൽത്തന്നെ പരസ്പരം ആക്രമിച്ചും,
മറ്റുള്ളവരെ കൊന്നും, അവരാൽ കൊല്ലപ്പെട്ടും...
അങ്ങനെ ജനപദം ഒടുങ്ങുന്നു".

"അധർമ്മം,
ചിലപ്പോഴൊക്കെ
തജ്ജന്യങ്ങളായ അശൗചങ്ങളാൽ,
രക്ഷോഗണങ്ങളായും
ഹിംസ്രജന്തുക്കളായും ജനപദത്തെ ബാധിച്ചൊടുക്കുന്നു".

മഹർഷി ആത്രേയൻ പറഞ്ഞുകൊണ്ടിരുന്നു..
അഗ്നിവേശൻ കേട്ടുകൊണ്ടും.
അധർമ്മത്തിന്റെ കഥകൾ
കെട്ടൊടുങ്ങിയ ജനപദങ്ങളുടെ ദുഷ്ടജാതകങ്ങൾ..
അവർ നടന്നുകൊണ്ടിരുന്നു
മറമാറ്റിയെത്താനിരിക്കുന്ന ജനപദോദ്ധ്വംസനങ്ങളുടെ സൂക്ഷ്മപ്രവചനങ്ങളിലൂടെ..
കാലത്തിലൂടെ..

ക്രമത്തിൽ അക്കഥ നമ്മളിലെത്തുകയാണ്‌.
വർത്തമാനകാലത്തിൽ
വിശ്വോദ്ധ്വംസനത്തിന്റെ വിഷത്തരികൾ ദിഗ്വിജയം നടത്തുന്ന
വർത്തമാനത്തിൽ..
ദേശം പാഞ്ചാലമല്ല,
പശ്ചാത്തലത്തിൽ കാമ്പില്ല്യരാജധാനിയല്ല,
രംഗം ഗംഗാതടവുമല്ല.
പക്ഷേ
ദേശകാലാതിവർത്തിയായി ആത്രേയന്റെ മൊഴി ഇവിടെയെവിടെയോ ഉണ്ട്‌‌‌‌,
സൂക്ഷ്മശ്രവണനായി അഗ്നിവേശൻ ഒപ്പം നടക്കുന്നുണ്ട്‌.
അവരിപ്പോഴും സംസാരിക്കുന്നുണ്ട്‌
അധർമ്മത്തിന്റെ കഥ പറയുന്ന ആ മന്ദ്രസ്വനം കേൾക്കുന്നില്ലേ?
ശാന്തി..!

Vaidya M. Prasad, MD (Ay.)

No comments:

Post a Comment