Tuesday, April 21, 2020

ആത്മോപദേശശതകം - 19
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

അറിവിലിരുന്നൊരഹന്തയാദ്യമുണ്ടായ്
വരും ഇതിനോടൊരിദന്ത വാമയായും.

51ാമത്തെ ശ്ലോകമാണ്.

അറിവിലിരുന്നൊരഹന്തയാദ്യമുണ്ടായ്

നമ്മൾടെ സ്വരൂപത്തിലെ ആദ്യ, പ്രഥമവികാരം എന്ന് പറയണത് ഈ അഹന്തയാണ്. അഹന്ത മാത്രമായിട്ട് വരില്ലാ 'വാമ', വാമ എന്ന് വച്ചാൽ അതിന്റെ ഭാര്യയായിട്ട് എന്നുവച്ചാൽ, ഒരു couple പോലെ ഒരു മിഥുനം പോലെ 'ഇദന്ത' അതിന്റെ കൂടെ ഇദമെന്നുള്ളതും വരുമെന്നാണ്.

നമുക്ക് സ്വപ്നത്തില് കാണാം..
ഞാൻ സ്വപ്നം കാണുമ്പോ, പ്രഭാഷണം ചെയ്യുന്നതായിട്ട് സ്വപ്നം കാണാണെങ്കിൽ പ്രസംഗം ചെയ്യുന്ന ഒരാള് ഒരു വശത്തും കേൾക്കുന്ന നിങ്ങളൊക്കെ ഒരു വശത്തും സ്വപ്നത്തില് പ്രത്യക്ഷപ്പെടും. നിങ്ങളെ ഒക്കെ സ്വപ്നത്തില് ഞാൻ കാണും. വാസ്തവത്തിൽ ഞാനല്ലാതെ അവിടെ ഒരു സാമഗ്രി ഇല്ലാ. ആ മുറിയില് ഞാൻ മാത്രേ ഉള്ളൂ. പക്ഷേ എന്നിൽ ആവിർഭവിയ്ക്കുന്ന ഒരു വിസ്മയമായൊരു ശക്തി. ആ ശക്തി എന്ത് ചെയ്യണൂ? ഒരു വശത്ത് എന്നെയും സൃഷ്ടിയ്ക്കുന്നു ഒരു വശത്ത് നിങ്ങളെയും സൃഷ്ടിയ്ക്കുന്നു. നിങ്ങളുടെ ഒക്കെ രൂപത്തില് ഇരിയ്ക്കുകയും ചെയ്യും. നിങ്ങള് എന്തെന്ത് വസ്ത്രം ധരിച്ചിരിയ്ക്കുന്നുവോ അതാത് വസ്ത്രം ധരിച്ച്, ഈ ഹാള്, ഇവിടുത്തെ ഫാന്, ഇവിടുത്തെ കുരുവി, ഇവിടുത്തെ മൈക്ക്, ഞാന്, നിങ്ങള് ഒക്കെ ആയിട്ട് ഇരിയ്ക്കും. ഞാനായിട്ട് പറയും നിങ്ങളായിട്ട് കേൾക്കും, രണ്ടും കണ്ട് കൊണ്ട് സാക്ഷിയായിട്ടിരിയ്ക്കയും ചെയ്യും.

എത്ര ആശ്ചര്യമാ സ്വപ്നം.

പക്ഷേ ഇതില് എന്തൊക്കെ, ആരൊക്കെയാ ഉള്ളത്? ഞാൻ മാത്രേ ഉള്ളൂ വാസ്തവത്തിൽ. സാമഗ്രി ഞാനാണ്. ഞാൻ തന്നെയാണ് ഒരു വശത്ത് വ്യക്തിയായിട്ടും മറ്റൊരു വശത്ത് മറ്റു വ്യക്തികളായിട്ടും. ഒരു വശത്ത് പ്രഥമ വികാരമായിട്ട്. ഉത്തമ പുരുഷനായിട്ടും മധ്യമപുരുഷനായിട്ടും ഒക്കെ ഞാൻ തന്നെയാ.

ഈ സംസ്കൃതത്തില് ഈ അഹം ഉത്തമ പുരുഷനായിട്ട് മാറി. ഇംഗ്ലീഷിലൊക്കെ പ്രഥമ പുരുഷൻ എന്ന് പറയണതാണ് അഹം. സംസ്കൃതത്തില് അഹം ന്ന് പറയണത് ഉത്തമ പുരുഷനായി. അത് വ്യാകരണക്കാര് ചെയ്ത ഒരു സൂത്രമാണ്. എന്താ ഈ അഹത്തിനെ ഉത്തമ പുരുഷനാക്കിയത് എന്ന് വച്ചാൽ ;

ഉത്തമഃ പുരുഷസ്ത്വന്യഃ പരമാത്മേത്യുദാഹൃതഃ
യോ ലോകത്രയമാവിശ്യ ബിഭൃത്യവ്യയ ഈശ്വരഃ

ശൈവസിദ്ധാന്തത്തില് ബ്രഹ്മസൂത്രത്തിന് ശ്രീകണ്ഠഭാഷ്യം എന്ന ഒന്ന് ഉണ്ട്. അതില് ധ്യാന ശ്ലോകം, ആദ്യത്തെ ശ്ലോകം ആശ്ചര്യമായ ശ്ലോകം. ശിവനെ നമസ്കരിയ്ക്കയാണ്. എങ്ങനെയാ നമസ്കരിയ്ക്കണത് എന്ന് വച്ചാൽ ;

നമോ അഹം പദാർത്ഥായ
ലോകാനാം സിദ്ധി ഹേതവേ
സച്ചിദാനന്ദരൂപായ
ശിവായ പരമാത്മനേ.

അഹം പദത്തിന്റെ ഉണ്മയായ, പൊരുളായ ശിവനെ നമസ്കരിയ്ക്കുന്നു. അഹം പദാർത്ഥം! ആ അഹം പദാർത്ഥം അഹങ്കാരമല്ലാ

അഹം പദാർത്ഥസ്തു അഹമാദി സാക്ഷി
നിത്യം സുഷുപ്താവപി ഭാവദർശനാത്

അഹം പദത്തിന്റെ ഉണ്മയായ സത്ത സുഷുപ്തിയിലും ഉണ്ട്. അവിടെ അഹങ്കാരം ഇല്ലല്ലോ. അതിന്റെ essence സുഷുപ്ത്യവസ്ഥയിലും ഉള്ളതാണ്, സുഷുപ്താവപി ഭാവദർശനാത്.

അപ്പോ അഹന്ത ഉദിയ്ക്കുമ്പോ സ്വപ്നത്തില് നമ്മള് കണ്ടു ഞാനെന്നുള്ള ആളും എനിയ്ക്ക് ഭോഗ്യമായ വിശ്വവും ഒരേ സമയത്ത് പ്രത്യക്ഷപ്പെടും. രണ്ടും ഒരേ സ്ക്രീനിലാണ് നിക്കണത്. ഒരു സിനിമയില് അതിലെ ആക്ടറും അയാൾക്ക് ചുറ്റും ഉള്ള ആളുകളും ഒക്കെ ഒരേ സ്ക്രീനിലാണ് നിക്കണത്. സിനിമയില് ആക്ടറ് മാത്രമായിട്ട് നിക്കാൻ പറ്റില്ലാ. അയാള് മാത്രമായിട്ട് സിനിമ വിട്ട് നിക്കാൻ പറ്റില്ലാ, അയാള് അതിനകത്താണ്.

അതേപോലെ ഞാനെന്നുള്ള ഈ അഭിമാനവും എന്നാൽ അനുഭവപ്പെടുന്ന പ്രപഞ്ചമാണ് ഇദമെന്ന് പറഞ്ഞത്. ഇത് രണ്ടും ഒരേ സമയത്ത് പൊന്തി ഒരേ സമയത്ത് അസ്തമിയ്ക്കും. പക്ഷേ ഇദമെന്ന് പറയണത് നമ്മുടെ പിടിയിൽ ഉള്ളതല്ലാ. നമ്മൾടെ പിടിയിലുള്ളത് അഹമെന്നുള്ള പ്രഥമ വികാരമാണ്. ആ പ്രഥമവികാരത്തിന്റെ ചലനമാണ് വളരെ ആശ്ചര്യകരമായിട്ട് സകല ദുഃഖത്തിനും മൂലകാരണമായിട്ടിരിയ്ക്കണതും അതാണ്. അതിനെ തന്നെ ശ്രദ്ധിയ്ക്കാമെങ്കിൽ ആത്മസാക്ഷാത്കാരത്തിനും വഴിയാവും.


               ((നൊച്ചൂർ ജി 🥰🙏))

No comments:

Post a Comment