Saturday, April 25, 2020

ഇന്ന് ബലരാമ ജയന്തി

വിഷ്ണുഭഗവാൻറെ എട്ടാമത്തെ അവതാരമാണ് ബലരാമൻ . ബലഭദ്രൻ , ബലദേവൻ തുടങ്ങിയ പേരുകളിലും ബലരാമൻ അറിയപ്പെടുന്നു. അതിയായ ബലത്തോട് കൂടിയവനും സർവ്വരെയും ആകർഷിക്കുന്ന സ്വരൂപത്തോടുകൂടിയവനുമായതുകൊണ്ടാണ് ബലരാമൻ എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു. ബലരാമൻ ആദിശേഷൻറെ അവതാരമാണെന്നും പരാമർശങ്ങളുണ്ട്. വിഷ്ണുഭഗവാൻ ശ്രീരാമാവതാരത്തെ സ്വീകരിച്ചപ്പോൾ ആദിശേഷൻ ലക്ഷ്മണനായി അവതരിച്ചു. ശ്രീകൃഷ്ണാവതാരത്തിൽ ആദിശേഷൻ ജ്യേഷ്ഠസഹോദരനായി ബലരാമൻ എന്ന നാമധേയത്തിലും അവതരിച്ചു. ബലരാമൻ വെളുത്തതും ശ്രീകൃഷ്ണൻ കറുത്തതുമായ സ്വരൂപത്തോടുകൂടിയവരാണത്രേ. ഇതു സംബന്ധിച്ച ഒരു ഐതിഹ്യമുണ്ട്. ഭൂലോകത്തിൽ ദുഷ്ടന്മാരുടെ ഉപദ്രവം വർദ്ധിച്ചുവന്നപ്പോൾ ഭൂമിദേവിയും ദേവന്മാരും കൂടി വിഷ്ണുഭഗവാനെ ചെന്ന് ശരണം പ്രാപിച്ചു. അപ്പോൾ ഭഗവാൻ തൻറെ ശിരസ്സിൽ നിന്നും വെളുത്തതും, കറുത്തതുമായ രണ്ട് രോമങ്ങൾ എടുത്ത് അവ അവതാരങ്ങളായിത്തീരുമെന്ന് പറഞ്ഞുവത്രേ. അങ്ങനെയാണത്രേ ബലരാമനും, ശ്രീകൃഷ്ണനും അവതരിക്കുന്നത്.
മധുരയിലെ ഭരണാധികാരിയായ ഉഗ്രസേനൻറെ സഹോദരപുത്രിയായ ദേവകിയെ ഗുരസേനൻറെ പുത്രനായ വാസുദേവർ വിവാഹം കഴിച്ചു. ഉഗ്രസേനൻറെ പുത്രനായിരുന്നു കംസൻ . വിവാഹഘോഷയാത്രാവേളയിൽ ദേവകിയുടെ അഷ്ടമപുത്രൻ കംസനെ വധിക്കുമെന്ന് അശരീരിയുണ്ടായി. ഇതുകേട്ട് കംസൻ ദേവകിയെ വധിക്കാൻ ഒരുങ്ങി. യാദവപ്രമുഖരുടെ സമയോചിതമായ ഇടപെടൽ മൂലം കംസൻ ദേവകിയെ വധിച്ചില്ല. ദേവകി പ്രസവിക്കുന്ന എല്ലാ ശിശുക്കളെയും കംസന് കാഴ്ചവയ്ക്കാമെന്ന് വാസുദേവൻ പറഞ്ഞു. കംസൻ അതിന് സമ്മതിക്കുകയും, ദേവകീവസുദേവന്മാരെ കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്തു. ദേവകിയുടെ ആറ് ശിശുക്കളെയും കംസൻ വധിച്ചുകളഞ്ഞു. ദേവകി ഏഴാമതും ഗർഭം ധരിച്ചു. ആ ഗർഭത്തെ മായാദേവി വസുദേവരുടെ തന്നെ മറ്റൊരു ഭാര്യയായ രോഹിണിയുടെ ഉദരത്തിലേക്ക് മാറ്റി. ദേവകിയുടെ ഗർഭം അലസിപ്പോയതായി വാർത്തയും പറഞ്ഞു. രോഹിണി പ്രസവിച്ച ആ ശിശുവാണ് ബലരാമൻ . ഗർഭത്തെ സംഘർഷ ണം ചെയ്ത് ജനിപ്പിച്ചവനായതുകൊണ്ട് ബലരാമൻ സങ്കർഷണൻ എന്നൊരു പേരും കൂടിയുണ്ടായി.
ബലരാമൻ വിവാഹം ചെയ്തത് രേവതിയെയായിരുന്നു. ഇതുസംബന്ധിച്ച കഥ ഇപ്രകാരമാണ്. രാമകൃഷ്ണന്മാരുടെ ആഗമനത്തിന് മുമ്പ് ദ്വാരകയുടെ പേര് കുശസ്ഥലി എന്നായിരുന്നു. അതിനെ ഭരിച്ചിരുന്നത് ശര്യാതിയുടെ പൗത്രനും അനർത്തൻറെ പുത്രനുമായ രേവതനായിരുന്നു. രേവതൻറെ പുത്രിയായിരുന്നു രേവതി. തൻറെ മകൾക്ക് അനുയോജ്യനായ പതി ആരാണെന്ന് ചോദിക്കുവാൻ വേണ്ടി രേവതൻ അവളെയും കൊണ്ട് ബ്രഹ്മലോകത്തേക്ക് പോയി. ആ സമയത്ത് വേദങ്ങളും യജ്ഞങ്ങളും സമുദ്രങ്ങളും, പർവ്വ തങ്ങളുമൊക്കെ ബ്രഹ്മാവിനെ സ്തുതിച്ചുകൊണ്ടിരിക്കുകയായിരുന്നു. രേവതൻ അതുശ്രവിച്ച് അല്പനേരം നിന്നുപോയി. അതിന് ശേഷം നൃപൻ തൻറെ ആഗമനോദ്ദേശ്യം ബ്രഹ്മാവിനോട് പറഞ്ഞു. അപ്പോൾ ബ്രഹ്മാവ് പറഞ്ഞു : “അല്ലയോ രാജാവേ, അവിടുന്ന് ഭൂമിയിൽ നിന്നും ഇവിടെയെത്തിയിട്ട് അനേകായിരം വർഷ ങ്ങളായിരിക്കുന്നു. ബ്രഹ്മലോകത്തിലെ ഒരു നിമിഷം പോലും മർത്ത്യ ലോകത്തിൽ അനേകവർഷ ങ്ങളാണല്ലോ. ഭൂമിയിൽ ഇപ്പോൾ ദ്വാപരയുഗാന്ത്യമാണ്. അങ്ങയുടെ കുശസ്ഥലിയിൽ ഇപ്പോൾ രാമകൃഷ്ണന്മാർ വസിക്കുന്നു. അങ്ങയുടെ പുത്രിയായ രേവതിയെ പരിണയിക്കാൻ എന്തുകൊണ്ടും യോഗ്യനായിരിക്കുന്നത് ബലരാമൻ തന്നെയാണ്.” ഇതുകേട്ട് രേവതൻ ഭൂമിയിലേക്ക് തിരികെവന്ന് രേവതിയെ ബലരാമന് വിവാഹം ചെയ്തുകൊടുത്തു. മഹാഭാരതത്തിലെ രണ്ട് പ്രമുഖ കഥാപാത്രങ്ങളായ ഭീമസേനനെയും ദുര്യോധനനെയും ഗദായുദ്ധം അഭ്യസിപ്പിച്ചത് ബലരാമനായിരുന്നു. ഏറെക്കുറെ അനാസക്തമായ ജീവിതമാണ് ബലരാമൻ നയിച്ചത്. മഹാഭാരതയുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ ബലരാമൻ തീ ർത്ഥയാത്രയിലായിരുന്നു. ബ്രാഹ്മണശാപംകൊണ്ട് യാദവർ തമ്മിൽതല്ലിമരിച്ചു. ഇതുകണ്ട് ബലരാമൻ ഒരു വൃക്ഷത്തിൻറെ ചുവട്ടിൽ ചെന്ന് ധ്യാനനിമഗ്നനായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അദ്ദേഹത്തിൻറെ മുഖത്തുനിന്നും ഒരു വെളുത്ത സർപ്പം ഉദ്ഭവിച്ച് സമുദ്രത്തെ ലക്ഷ്യമാക്കിപ്പോയി. ഈ സമയത്ത് സമുദ്രദേവ ൻ അർഘ്യവുമായി വന്ന് ആ സർപ്പത്തെ പൂജിച്ചു. അനന്തരം ആ സർപ്പം ശ്വേതദ്വീപിലേക്ക് പോയി. ആദിശേഷൻറെ അവതാരമായ ബലരാമമൂർത്തി അങ്ങനെ ആദിശേഷനിൽ തന്നെ വിലയം പ്രാപിച്ചു.

ശ്രീബലരാമസ്വാമിക്ക് മുഖ്യപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രമാണ് പാലക്കാട് ജില്ലയിലെ നെന്മിനി ക്ഷേത്രം. ഈ ക്ഷേത്രം ഗുരുവായൂർ ദേവസ്വത്തിൻറെ കീഴേടമാണ്.

No comments:

Post a Comment