Saturday, April 25, 2020

താപത്രയങ്ങളെ നീക്കാനായാണ് ശാന്തി മന്ത്രങ്ങള്‍ ഉരുവിടുന്നത്. താപം എന്നാല്‍ ദുഃഖം എന്നര്‍ത്ഥം. ദുഃഖം മൂന്നു തരത്തില്‍, അതിനാല്‍ താപത്രയം-ആധി ദൈവികദുഃഖം, ആധി ഭൗതിക ദുഃഖം, ആദ്ധ്യാത്മിക ദുഃഖം. നമുക്ക് ഒരു നിയന്ത്രണവുമില്ലാത്ത മേഖലകളില്‍ നിന്ന്, പ്രത്യേകിച്ച് പ്രപഞ്ച ശക്തികളില്‍നിന്നും ഉണ്ടാകുന്ന ദുഃഖമാണ് ആധിദൈവിക ദുഃഖം. നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും ജീവജാലങ്ങളില്‍നിന്നും മറ്റും ഉണ്ടാകുന്ന ദുഃഖം ആധി ഭൗതീകം. ഒരു പരിധിവരെ നമുക്ക് നിയന്ത്രണമുണ്ട്. അവനവനില്‍ നിന്നും ഉണ്ടാകുന്ന ദുഖം ആദ്ധ്യാത്മികം. ശാരീരിക, മാനസിക അസ്വസ്ഥതകളും രോഗങ്ങളും മറ്റും. ഇവിടെ നമുക്ക് നല്ല നിയന്ത്രണം ഉള്ളതാണ് അല്ലെങ്കില്‍ ഉണ്ടാകേണ്ടതാണ്. ഈ മൂന്ന് ദുഃഖങ്ങളില്‍നിന്നും മോചനം ഉണ്ടാകണമെന്ന് കരുതിയാണ് ശാന്തിമന്ത്രം ജപിക്കുന്നത്. താപത്രയങ്ങള്‍ നമ്മുടെ പഠനത്തെയും മംഗളകാര്യങ്ങളെയും ബാധിക്കും എന്നതിനാല്‍ പഠനത്തിനു മുന്‍പും മംഗളകാര്യങ്ങള്‍ തുടങ്ങുന്നതിനു മുന്‍പും ശാന്തിമന്ത്രം ചൊല്ലുന്ന പതിവുണ്ട്. ബൗദ്ധികവും മാനസികവും ശാരീരികവുമായ ശാന്തി നമുക്കേവര്‍ക്കും എന്തു കാര്യത്തിനും വേണമല്ലോ. ആദ്യത്തെ 'ശാന്തി' എന്നത് ഉറക്കെയും രണ്ടാമത്തെത് ശബ്ദം കുറച്ചും മൂന്നാമത്തെ പതിഞ്ഞ സ്വരത്തിലും വേണമെന്നാണ് ആചാര്യന്മാര്‍ നിഷ്‌കര്‍ഷിക്കാറുള്ളത്.  

No comments:

Post a Comment