Thursday, April 02, 2020

കൃഷ്ണദീപം

കൊറോണ എന്ന മഹാമാരി നമ്മുടെ രാജ്യത്തേയും, ഭൂമിയിലെ മറ്റെല്ലാ രാജ്യങ്ങളേയും നമ്മളെ ഓരോരുത്തരേയും  അന്ധകാരത്തിൽ ആഴ്ത്താൻ സമ്മതിക്കാതെ, സർക്കാർ നിർദ്ദേശങ്ങൾ പരമാവധി ശ്രദ്ധയോടെ പരിപാലിക്കുന്നതോടൊപ്പം ,  നമുക്കീ  കൃഷ്ണദീപം കെടവിളക്കായി കത്തിച്ചുകൊണ്ടിരിക്കാം. ഭക്തിയും ആദരവുമാകുന്ന എണ്ണയാൽ തെളിയിക്കുന്ന ഈ ദിവ്യദീപപ്രഭയിൽ  മഹാമാരി പരത്തുന്ന ഇരുട്ട് നിശ്ശേഷം നീങ്ങട്ടെ! മുഴുവൻ ലോകവും ഈ കൃഷ്ണദീപപ്രഭയിൽ സുരക്ഷിതരായി ഇരിക്കട്ടെ!  തസ്യ ഭാസാ സർവ്വമിദം വിഭാതി.

പണ്ട്, ജ്ഞാനിയായ ഒരു സന്യാസി  വിവേകിയും ജിജ്ഞാസുവും ആയ ഒരു രാജാവിനെ  അനുഗ്രഹിക്കാൻ രാജധാനിയിലെത്തി. രാജാവ് വേണ്ടപോലെ അതിഥിയെ സത്ക്കരിച്ചിരുത്തി. കുശലാന്വേഷണങ്ങൾക്കു ശേഷം രാജാവിന് തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന മൂന്നു സംശയങ്ങൾ ഉണ്ട് എന്ന് പറഞ്ഞതിൽ
ആദ്യത്തെ ചോദ്യത്തിന് തൃപ്തികരമായ മറുപടി ലഭിച്ചു.  സന്തുഷ്ടനായ രാജാവ്  തികഞ്ഞ വിനയത്തോടെ രണ്ടാമത്തെ സംശയം സന്യാസിയോട് ചോദിച്ചു:

സച്ചിദാനന്ദബ്രഹ്മം പാലിൽ വെണ്ണ എന്ന പോലെ വിശ്വം മുഴുവൻ നിറഞ്ഞു നില്ക്കുന്നു എന്ന വലിയ  തത്വം അങ്ങ് പറഞ്ഞത് ഉൾക്കൊള്ളാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.  എന്നാൽ ഗുരോ,  പരബ്രഹ്മം തന്നെ
ശുദ്ധസത്വഗുണസ്വരൂപനായി, ശ്രീകൃഷ്ണ ഭഗവാനായി അവതരിക്കുമ്പോൾ, ആ
ഭഗവാൻ ഏതു ദിശയിലേക്കാണ് തന്റെ കാരണ്യ പൂർണങ്ങളായ  കടാക്ഷങ്ങൾ വർഷിക്കുന്നത്?

സന്യാസി പറഞ്ഞു: രാജാവേ നമുക്ക് ഒരു കത്തിച്ച ചെറിയ വിളക്കുമായി കുറെ കാലമായി അടച്ചിട്ടിരുന്ന ഒരു ഇരുട്ട് നിറഞ്ഞ മുറിയിലേക്ക് പോകാം. രാജാവ് പറഞ്ഞ പോലെ കത്തിച്ച വിളക്കുമായി എത്രയോ കാലമായി അടച്ചിട്ടിരുന്ന ഒരു ഇരുട്ടുമുറിയിൽ കടന്ന് വിളക്ക് നടുക്ക് വെച്ചിട്ടുള്ള ഒരു പീഠത്തിൽ വെച്ചു:

ഗുരു പറഞ്ഞു:
രാജാവേ, ഈ വിളക്കിന്റെ പ്രകാശരശ്മികൾ എത് ദിശയിൽ പതിക്കുന്നു എന്ന് പറയാമോ?
രാജാവിന് സംശയമുണ്ടായില്ല പ്രകാശരശ്മികൾ എല്ലാ ദിശകളിലേക്കും ഒരുപോലെ പ്രസരിക്കുന്നു മഹർഷേ.

 മഹർഷി പറഞ്ഞു:

വിളക്കിന്റെ രശ്മികൾ പോലെ ഭഗവാന്റെ ദൃഷ്ടി എല്ലാ ദിശകളിലും ഒരുപോലെ പതിയുന്നു. 
സന്യാസി മറ്റൊരു പ്രധാന തത്ത്വം കൂടി പറഞ്ഞു:
രാജാവേ, എത്ര പഴയ ഇരുട്ടാണെങ്കിലും, നൂറ്റാണ്ടുകൾ പഴയ ഇരുട്ടാണെങ്കിലും, ഇന്നലെയോ കഴിഞ്ഞ ഏതാനും നിമിഷങ്ങളിലോ ഇരുട്ട് വ്യാപിച്ചിരുന്ന സ്ഥലമാണെങ്കിലും, വിളക്കിന്റെ സാന്നിധ്യം  ആ സ്ഥലത്തെ ഉടനടി പ്രകാശമാനമാക്കുന്നു. അതേപോലെ, പാപഭാരത്താൽ എത്ര ജന്മങ്ങളായി ഇരുട്ടു കയറിയ മനസ്സാണെങ്കിലും പരിപൂർണ ശരണാഗതിയടഞ്ഞാൽ ,  ആ നിമിഷം ഭഗവത് കാരുണ്യം  കൊണ്ട് ജ്ഞാനസൂര്യൻ ഉദിച്ച് നമ്മുടെ അജ്ഞാനമാകുന്ന ഇരുട്ടിനെ അകറ്റുന്നു. എല്ലാവരും എപ്പോഴും ആ കാരുണ്യത്തിനർഹരാണ്. ആരും ശാശ്വതമായ പാപികളല്ല.

കാറ്റില്ലാത്തിടത്ത് ശാന്തമായി  കത്തുന്ന കെടാവിളക്കു പോലെ നമ്മുടെ ഹൃദയ കുഹരങ്ങളിൽ, മായയുടെ കൊടുങ്കാറ്റും മാരിയും ഏൽക്കാതെ , മഹാമാരി വിതക്കുന്ന  ദുരിതങ്ങൾ അടക്കം എല്ലാ താപത്രയങ്ങളേയും  മഹാതമസ്സിനേയും അകറ്റിക്കൊണ്ട്  കൃഷ്ണദീപം എന്നും എരിയട്ടെ! ആ പരമാത്മപ്രകാശത്തിൽ , ലോകത്തിലെ ശാന്തിക്കും സമാധാനത്തിനും എതിരായി പ്രവർത്തിക്കുന്ന എല്ലാ പ്രതികൂലശക്തികളും തളരട്ടെ!

സാവിത്രി പുറം

No comments:

Post a Comment