Thursday, April 02, 2020

സ്വന്തം പതിപ്പുകളെ സൃഷ്ടിച്ചുകൊണ്ട് പെരുകുക എന്നത് എല്ലാം ജീവനിലും കുടികൊള്ളുന്ന അടിസ്ഥാന ചോദനയാണ്. വൈറസ് എന്ന സൂക്ഷ്മ ജീവിയും അതിൽ കൂടുതലായി ഒന്നും ചെയ്യുന്നില്ല. നമ്മുടെ ശരീരകോശങ്ങളിൽ എത്തിച്ചേരുന്ന വൈറസ് അതിനെ ആവാസവ്യവസ്ഥയായി സ്വീകരിച്ചുകൊണ്ട് സ്വന്തം പതിപ്പുകളെ ധാരാളമായി സൃഷ്ട്ടിക്കുന്നു. അടുത്തഘട്ടത്തിൽ അത് കോശത്തെ ആകവേ നശിപ്പിച്ചുകൊണ്ട് പുറത്തുകടന്ന് ഈ പ്രക്രിയ തുടരുന്നു. അതായത് വൈറസ് സ്വന്തം അതിജീവനത്തിനായി ചെയ്യുന്നത് നമുക്ക് അസുഖമായി ഭവിക്കുന്നു. അവനവൻ ആത്മസുഖത്തിന് ആചരിക്കുന്നത് അപരന് സുഖത്തിനായി വരേണമെന്നുള്ള കാഴ്ചപ്പാടിന്റെ എതിർധ്രുവം !

സ്വന്തം ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നു എന്നുള്ളിടത്താണ് വൈറസ് ഒരു രോഗകാരിയാകുന്നത്. ആ അർത്ഥത്തെ ഒന്ന് വിപുലീകരിച്ചാൽ, വൈറസ് മാത്രമല്ല സ്വന്തം ആവാസവ്യവസ്ഥയെ നശിപ്പിച്ചുകൊണ്ട് പെരുകുന്ന എന്തും രോഗകാരിയാണ് എന്നുപറയാം. ഭൂമി എന്ന ആവാസവ്യവസ്ഥയോട് മനുഷ്യൻ ചെയ്യുന്നത് തന്നെയാണ് മനുഷ്യശരീരത്തോട് വൈറസ് ചെയ്യുന്നതും. ഭൂമിയിലെ മണ്ണും, വായുവും, വെള്ളവും മനുഷ്യൻ കണ്ടെത്തിയ രാസപദാർത്ഥങ്ങളാൽ വിഷലിപ്തമാകുന്നു. അമ്മയുടെ ഗർഭപാത്രം പോലെ ഭൂമിയെ പൊതിയുന്ന ഓസോൺ പാളികളിൽ മനുഷ്യനിർമ്മിത രാസപദാർത്ഥങ്ങൾ വിള്ളലുകൾ വീഴ്ത്തുന്നു. വൈറസുകളെ നേരിടാൻ ശരീരം അതിന്റെ ഊഷ്മാവ് ഉയർത്തുന്നത് പോലെ ആഗോള താപനം എന്ന പ്രതിഭാസം സംഭവിക്കുന്നു. ഓർത്താൽ അത്ഭുതകകരമായ സാദൃശ്യമാണ് എല്ലാത്തിനും തമ്മിലുള്ളത്. വൈറസുകൾക്ക് മുന്നിൽ മതങ്ങളും ദൈവങ്ങളും മുട്ടുമടക്കിയെന്ന് പറയുന്നവർ, മനുഷ്യൻ അവന്റെ തികച്ചും അനാത്മീയമായ പ്രവർത്തികളിലൂടെ ഭൂമിയുടെ വൈറസായി സ്വയം മാറിയെന്ന വസ്തുത കാണാതെ പോകരുത്.

രോഗകാരികളായ വൈറസ് മാത്രമല്ല. അനേകം സൂക്ഷ്മജീവികൾ മനുഷ്യശരീരം എന്ന ഹോസ്റ്റിൽ വസിക്കുന്നുണ്ട്. അവയിൽ പലതും ദോഷകാരികളല്ല എന്നുമാത്രമല്ല ശരീര സന്ധാരണത്തിൽ  ഒഴിച്ചുകൂടാനാകാത്ത സഹായവും അവ ചെയ്തുപോരുന്നു. അതിഥിക്കും ആതിഥേയ ശരീരത്തിനും ഇടയിലുള്ള ഈ പാരസ്പര്യം ആജീവനാന്തം തുടരുന്നതുമാണ്. ഭൂമിയിൽ എങ്ങിനെ അതിജീവിക്കണം എന്നുള്ളതിനി മനുഷ്യന്റെ ചോയിസാണ്. പ്രകൃതിയെ നിർജ്ജീവ വസ്തുവിനെ പോലെ കരുതി ചൂഷണം ചെയ്തുകൊണ്ട് മുന്നോട്ടു പോകണോ അതോ ആദരവോടെ ആവശ്യമുള്ളത് മാത്രം സ്വീകരിച്ച് പാരസ്പര്യത്തോടെ പുലരണമോ എന്നതാണ് നമുക്ക് മുന്നിലുള്ള മില്യൺ ഡോളർ Question.
                കടപ്പാട്
          Piyush kriss

No comments:

Post a Comment