Thursday, April 02, 2020

ആന്തരികമായ വിശുദ്ധിയാണ് ബാഹ്യമായ നന്മയെ പ്രകാശിപ്പിക്കുന്നത്. എന്നാൽ ബാഹ്യമായ ആവേശം പലപ്പോഴും നമ്മുടെ ആന്തരികമായ വിശുദ്ധിയെ മൂടിക്കളയുന്നുണ്ട്. അങ്ങനെയാണ് നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും തിന്മ ആവേശിക്കുന്നത്.

ഉള്ളിലുള്ള ദൈവികമായ വിശുദ്ധി സ്വാഭാവികമായി പുറത്തേയ്ക്ക് പ്രകാശിക്കുന്നുണ്ട്. എന്നാൽ ബാഹ്യമായി നമ്മിലേയ്ക്ക് വരുന്ന ആവേശങ്ങൾ കൊണ്ട് നമ്മുടെ സ്വാഭാവികമായ പ്രകാശം മറയുന്നു. ഉദാഹരണത്തിന് ബന്ധുക്കളോടുള്ള സ്നേഹം ആവേശമാണ്. നമ്മുടെ ബന്ധുക്കളുടെ  ഭാഗത്ത് തെറ്റു കണ്ടാലും അത് മറച്ചു വച്ചുകൊണ്ട് അവരെ രക്ഷപ്പെടുത്താനായി നാം മറുഭാഗത്തെ സത്യത്തെ നിഷേധിക്കുന്നു. എന്നു വന്നാൽ അത് ബന്ധുസ്നേഹം എന്ന ആവേശം കൊണ്ട് സത്യപ്രകാശം മറയുന്നതിൻറെ ഫലമാണ്. ഇങ്ങനെ ആവേശവും പ്രകാശവും പലപ്പോഴും നമ്മിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ വാക്കുകൾ സത്യപ്രകാശം ആകുമ്പോഴെല്ലാം നാം വിശുദ്ധികൊണ്ട് സ്വയം ഉയരുകയും സമൂഹത്തെ ഉയർത്തുകയും ചെയ്യുകയാണ്. ആവേശം കൊണ്ട് എപ്പോഴൊക്കെ സത്യത്തെ മറച്ച് അസത്യത്തെ വ്യാപിപ്പിക്കുമോ അപ്പോഴൊക്കെ നാം സ്വയം അധഃപതിക്കുകയാണ്, സമൂഹത്തെയും നശിപ്പിക്കുകയാണ്. സ്വന്തം അധികാരം, സ്വന്തം മതം, സ്വന്തം രാഷ്ട്രീയപാർട്ടി, സ്വന്തക്കാർ, സ്വന്തം ജാതി, സ്വന്തം കൂട്ടുകാർ, സ്വന്തം പദവി, സ്വന്തം അംഗീകാരങ്ങൾ, സ്വന്തം ലഹരിവസ്തുക്കൾ, പണം... എന്നിങ്ങനെ പോകുന്നു നമ്മുടെ ആവേശങ്ങൾ. ഇങ്ങനെ പുറത്തുനിന്നുള്ള  ആവേശങ്ങൾ കൊണ്ട് തിന്മയ്ക്കു വേണ്ടി കൂലിപ്പണി ചെയ്ത് അതിൻറെ ഫലമായി കിട്ടുന്ന പദവിയും പണവും പ്രമോഷനും ലഹരിയും കൊണ്ട് നാം സ്വന്തം വിശുദ്ധിയുടെ പ്രകാശത്തെ മറയ്ക്കുകയാണെങ്കിൽ അത് സ്വയം സേവനമോ ജനസേവനമോ ആകില്ല! സ്വന്തം വിശുദ്ധിയാൽ പ്രകാശിച്ചു നിൽക്കുവാൻ ഓരോ നിമിഷവും സത്യത്തെ വാഴ്ത്തുക, സത്യത്തെ പുലർത്തുക.
ഓം
Krishna kumar 

No comments:

Post a Comment