Thursday, April 02, 2020

കുടുംബാംഗങ്ങൾക്കൊപ്പം ചിലവഴിക്കാൻ സമയം കിട്ടുന്നില്ലെന്ന പരാതിക്ക് അപ്രതീക്ഷിതമായി പരിഹാരമുണ്ടായിരിക്കുന്നു. നല്ലൊരു ശതമാനം ആളുകൾക്കും ഇത് ഉത്തമ അവസരമാണ്. അസ്ഥാന ഭയാശങ്കകൾ പുലർത്തിയും, പരസ്പരം കലഹിച്ചും മറ്റും ലഭ്യമായ വീട്ടിലിരിക്കൽ സൗകര്യത്തെ നശിപ്പിക്കുന്നില്ലെന്ന് കരുതട്ടെ. ഭാവിയെക്കുറിച്ച് സാവകാശമെടുത്ത് ആലോചിക്കാനും, ആസൂത്രണം ചെയ്യാനും ഉദ്യമിക്കുന്നതിനു പകരം അലസത പൂണ്ട് ഉറങ്ങിക്കളയുന്നില്ലെന്നും കരുതട്ടെ. പൊടുന്നനെ ഒരുപാടു സമയം വീണു കിട്ടിയതുകൊണ്ട് എന്തു ചെയ്യണമെന്നറിയാത്ത ഒരങ്കലാപ്പു ബാധിച്ചു പോയവരും ധാരാളമുണ്ടാകും. ഇനിയുള്ള ദിവസങ്ങൾ നന്നായി പ്രയോജനപ്പെടുത്താൻ അവർ ശ്രദ്ധിക്കണം.

[കോവിദ് 19 ആഗോളതലത്തിൽ ദ്രോഹം വിതച്ച് താണ്ഡവമാടുകയാണ് എന്നത് വിസ്മരിച്ചു കൂടാ. നമ്മുടെ പലരുടേയും ബന്ധുക്കളും സുഹൃത്തുക്കളും രോഗബാധിത പ്രദേശങ്ങളിൽ (വിദേശത്തുൾപ്പെടെ) അനിശ്ചിതത്വത്തിൽ കഴിയുന്നുണ്ടാവാം. Lockdown കാലത്ത് ദിവസവേതനത്തിന് തൊഴിൽ ചെയ്ത് കുടുംബം പുലർത്തുന്നവർ തൊട്ട് അനവധി ആളുകൾ പല തരത്തിലുള്ള പ്രയാസങ്ങളും അനുഭവിക്കുന്നുണ്ടാവും. വിവാഹാദി ചടങ്ങുകൾ മാറ്റിവെക്കേണ്ട ദുരവസ്ഥയും പലർക്കുമുണ്ടാവുന്നു. കരുത്തോടെ ദുഃഖ ദുരിതങ്ങളെ അഭിമുഖീകരിക്കാൻ അവർക്കൊക്കെ സാധിക്കട്ടെ.

ഭരണ നേതൃത്വങ്ങൾ ചെയ്യുന്ന പരിഹാരശ്രമങ്ങളാണാശ്വാസം . സന്നദ്ധ സംഘടനകളും പരിധികളിൽ നിന്നു കൊണ്ട് നിയമാനുസൃതം സേവന പ്രവർത്തനങ്ങളിൽ മുഴുകുന്നുണ്ടെന്നതാണ് സന്തോഷം. ഈ ആശങ്കാഭരിതമായ അനാരോഗ്യകരാവസ്ഥകൾ എത്രയും വേഗം തരണം ചെയ്യപ്പെടട്ടെ. സർവ്വേശ്വരനോടു പ്രാർത്ഥിക്കാം. ഫോണിലൂടെ ബന്ധപ്പെട്ട് ആവുന്നത്ര പേർക്ക് സമാശ്വാസവും, പ്രചോദനവും പകരാം. 

മനുഷ്യൻ്റെ വ്യവഹാരങ്ങൾ നിയന്ത്രിതമായപ്പോൾ പ്രകൃതി പ്രത്യേക തരത്തിൽ ആഘോഷിക്കുന്നതിൻ്റെ വിവിധ വാർത്തകൾ വരുന്നത് കൗതുകകരമാണ്. മലിനീകരണം കുറഞ്ഞതും, പക്ഷികളും മറ്റും സ്വൈരവിഹാരം ആരംഭിച്ചതും ഒക്കെ പ്രത്യാശ നൽകുന്ന വസ്തുതകളാണ്. ]

ഈ പ്രത്യേക സാഹചര്യത്തിൽ കുട്ടികൾക്കായി എഴുതിയ ഒരു കൊച്ചു കുറിപ്പ് കുടുംബത്തിൽ ചർച്ച ചെയ്യാൻ അപേക്ഷ.

പ്രിയപ്പെട്ട  കുട്ടികളെ,
ഹരിഃ ഓം

എന്നും കുട്ടികളായിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് മുതിര്‍ന്നവര്‍ ആലോചിക്കാറുണ്ട്. എന്നാല്‍ കുട്ടികളായ നിങ്ങളാവട്ടെ, എങ്ങനെയെങ്കിലും വളര്‍ന്ന് വലുതായാല്‍ മതിയായിരുന്നു എന്നാവും ആലോചിക്കുക!  ഏതായാലും നിങ്ങള്‍ വളരും, വലുതാവും. സസന്തോഷം നിങ്ങള്‍ വളരട്ടെ, പരമമായ നന്മയെ (ശ്രേയസ്സ്) പുല്‍കട്ടെ എന്നാശംസിക്കുന്നു.

നിങ്ങളുടെ വളര്‍ച്ചയുടെ വഴിത്താരയിൽ ശല്യം ചെയ്യാനെത്തുന്ന പല ശത്രുക്കളിലൊന്നിനെക്കുറിച്ചാണ് ഈ കുറിപ്പ്. ഈ ശത്രുവിനെ തിരിച്ചറിഞ്ഞ് ജയിച്ചു മുന്നേറാന്‍ നിങ്ങള്‍ ഏറെ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഏതാണ് ആ ശത്രു എന്നല്ലേ?  *ദേഷ്യം *. 

'ഈ കുട്ടികള്‍ക്കെന്തൊരു ദേഷ്യമാണ് ദൈവമേ' - എന്ന് മാതാപിതാക്കളും ബന്ധുക്കളും അത്ഭുതത്തോടെയും, അതിലേറെ ഭയത്തോടെയും ചോദിക്കാറുള്ളത് സ്വാമി ധാരാളം കേള്‍ക്കാറുണ്ട്.  'അവര്‍ക്ക് ദേഷ്യം പിടിക്കാന്‍ നിസ്സാര കാര്യം മതി' - എന്നാണ് അച്ഛനമ്മമാരുടെ നിരീക്ഷണം. 'എന്നാല്‍ ദേഷ്യം പിടിച്ചാലോ, കണ്ണുകാണാത്തതുപോലെയാണ്.  പൊട്ടിത്തെറിക്കും, പ്രായം നോക്കാതെ കയര്‍ക്കും, വായയില്‍ നിന്ന് തര്‍ക്കുത്തരമേ വരൂ.  സാധനങ്ങള്‍ വലിച്ചെറിഞ്ഞ് താണ്ഡവനൃത്തമാടും! വിലപിടിപ്പുള്ള സാധനങ്ങള്‍ തിരഞ്ഞു പിടിച്ച് നശിപ്പിക്കും......'   ഇങ്ങനെ പോവുന്നു അവരുടെ വിശദീകരണങ്ങള്‍.  ഒടുവില്‍ ഗത്യന്തരമില്ലാതാണത്രെ അവര്‍ വടി എടുക്കുന്നതും, അടിയ്ക്കുന്നതും, അടക്കി നിര്‍ത്തുന്നതും. നിങ്ങളെ ശിക്ഷിക്കാന്‍ ആഗ്രഹമില്ലെങ്കിലും ഗതികേടുകൊണ്ട് അങ്ങനെ ചെയ്യാന്‍ അവർ നിര്‍ബന്ധിതരായിപ്പോവുകയാണത്രേ !!.

ചില കുട്ടികളുടെ കാര്യത്തിൽ ദേഷ്യം വന്നാല്‍ അവർ ഒറ്റയ്ക്കു മുറിയില്‍ പോയിരുന്നു കളയും. മൗനത്തിന്റെയും നിസ്സഹകരണത്തിന്റേയും ഭാഷയിലാണ് അവര്‍ ദേഷ്യം പ്രകടിപ്പിക്കുക. മറ്റുള്ളവർക്ക് പെട്ടെന്ന് കാര്യം മനസ്സിലായെന്നു വരില്ല. ഇങ്ങിനെ ഒറ്റക്കു പോയിരിക്കുന്ന വേളയിൽ സ്വയം ദേഹോപദ്രവം ഏല്‍പ്പിക്കുന്നവരും ഉണ്ടത്രേ! (തലകൊണ്ട് ചുമരിൽ ഇടിച്ച് വേദന അനുഭവിക്കുക. ബ്ലേഡ് ഉപയോഗിച്ച് കൈ മുറിക്കുക etc.)

അനിയന്ത്രിതമായി ദേഷ്യം വരുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ അനാരോഗ്യകരമാം വിധം അത് പ്രകടിപ്പിക്കുന്നതുകൊണ്ട് ഒരു പ്രശ്‌നവും പരിഹൃതമാവുന്നില്ല എന്നതല്ലേ അനുഭവം.  ഇക്കാര്യം കൂട്ടുകാര്‍ക്കു തന്നെ സാവകാശമെടുത്ത് ആലോചിച്ചു നോക്കിയാൽ മനസ്സിലാവും.  നമ്മുടെ ക്രോധ പ്രകടനങ്ങൾ കൊണ്ട് ഫലത്തിൽ എല്ലാവരുടേയും സന്തോഷം നശിച്ചു പോവുന്നു. പല കുട്ടികള്‍ക്കും നശീകരണാത്മകമായി ദേഷ്യപ്രകടനം നടത്തിയതിനെ കുറിച്ച്  പിന്നീട് കടുത്ത കുറ്റബോധം തോന്നാറുണ്ടത്രേ.

ഉള്ളില്‍ തീവ്രമായി രോഷമുണരുമ്പോള്‍ അത് നിയന്ത്രിക്കല്‍ എളുപ്പമാവില്ല. ദേഷ്യം വരുന്നതിനെ കുറിച്ചാലോചിച്ച് സ്വയം ശപിച്ച് നിങ്ങള്‍ ഊര്‍ജ്ജം കളയേണ്ടതില്ല. ദേഷ്യത്തിന്റെ സുനാമി! (രാക്ഷസത്തിരമാല - അങ്ങിനെ തന്നെ വിശേഷിപ്പിക്കട്ടെ!) വന്നു പോവട്ടെ. പിന്നീട് സ്വസ്ഥരായിരുന്ന്, സൗകര്യപൂർവ്വം  ദേഷ്യം വരാനുണ്ടായ കാരണം (സാഹചര്യം) എന്താണെന്ന് ആലോചിച്ചു നോക്കണം. ദേഷ്യം വന്ന സമയത്ത് അന്ധത ബാധിച്ചതുപോലെ അനിയന്ത്രിതമായി ചെയ്തുപോയ കാര്യങ്ങളെ സംബന്ധിച്ചും ചിന്തിക്കണം. എന്തൊക്കെ ദ്രോഹങ്ങള്‍ ഞാൻ സൃഷ്ടിച്ചു, ആർക്കൊക്കെ മുറിവുകളും; അതിലുപരി മനോ വേദനകളും സമ്മാനിച്ചു എന്നു വിലയിരുത്തണം.  നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി നിങ്ങളുടെ ദേഷ്യത്തിന്റെ അനിയന്ത്രിതാവസ്ഥയെക്കുറിച്ച് സവിസ്തരം ചര്‍ച്ച ചെയ്യുന്നതും ഉപകാരപ്പെടും.

കൂട്ടുകാരെ, നിങ്ങളുടെ അത്യന്തം ദ്രോഹകരമായ ക്രോധ പ്രകടനങ്ങള്‍ നിങ്ങള്‍ക്കു തന്നെ സമ്മതമാവുന്നില്ല എന്നതുറപ്പ്.  ഈ ദുസ്സ്വഭാവത്തെച്ചൊല്ലി നിങ്ങള്‍ക്കു സ്വയം വളരെ ലജ്ജ തോന്നാറുണ്ട്.  അതിനര്‍ത്ഥം മനസ്സിരുത്തി ഉത്സാഹിച്ചാല്‍ നിങ്ങള്‍ക്കു പ്രശ്‌നം പരിഹരിയ്ക്കാന്‍ കഴിയും എന്നതാണ്.

ഒന്നാമത് വേണ്ടത് 'എനിയ്ക്ക് അനിയന്ത്രിതമായി ദേഷ്യം വരാറുണ്ട്.'  എന്ന തിരിച്ചറിവുണ്ടാവുക എന്നതാണ്. രണ്ടാമത് 'ദേഷ്യം പിടിക്കുന്ന സമയത്ത് ഞാന്‍ ഈ രീതികളിലൊക്കെ പ്രതികരിക്കാറുണ്ട്, ദ്രോഹം ചെയ്യാറുണ്ട്' എന്ന് വസ്തുനിഷ്ഠമായി ഓർമ്മിച്ചെടുക്കണം. തുടര്‍ന്ന് ദേഷ്യം പിടിച്ച് അവിവേകങ്ങൾ കാണിക്കുന്നതിനും, പൊട്ടിത്തെറിച്ച് ബഹളങ്ങളുണ്ടാക്കുന്നതിനും പകരം എങ്ങനെ പെരുമാറാമായിരുന്നു എന്ന് ആലോചിച്ചു നോക്കണം.  അനിഷ്ടകരമായ ഒരു സംഭവത്തെ എങ്ങനെ ഫലവത്തായി  തിരുത്തിയെടുക്കാമായിരുന്നു?  എന്നും ചിന്തിച്ചു നോക്കണം.  ഒടുവില്‍ പ്രശ്‌നപരിഹാരത്തിനുതകാത്ത ഈ അനാവശ്യ 'ദേഷ്യം പിടിക്കല്‍ ശീലം' ഞാന്‍ ഉപേക്ഷിക്കും എന്ന ദൃഡനിശ്ചയം എടുക്കുകയും ആവാം. എടുത്ത നിശ്ചയത്തിൽ പരാജയപ്പെട്ടാലും തളരരുത്. വീണ്ടും വീണ്ടും ദേഷ്യ പ്രകടനത്തിൻ്റെ ദുരന്തങ്ങളും, പകരം ചെയ്യാവുന്ന കാര്യങ്ങളും കണ്ടെത്തി നിശ്ചയം പുതുക്കണം.

പ്രിയപ്പെട്ട കുട്ടികളേ; ദേഷ്യമെന്ന വികാരം നിങ്ങളെ തോല്‍പ്പിക്കാതിരിക്കട്ടെ.  നിങ്ങള്‍ക്കു ദേഷ്യം വരുമ്പോള്‍ അതിനു മുമ്പില്‍ നിങ്ങള്‍ നിസ്സഹായരായി പോവാതിരിക്കട്ടെ.  'മഹാദേഷ്യക്കാരന്‍, ദേഷ്യക്കാരി' എന്ന മുദ്ര നിങ്ങളില്‍ പതിയാതിരിക്കട്ടെ. നിങ്ങളിലെ ഒരുപാട് നന്മകള്‍ക്കുമേല്‍ ഈ ദുശ്ശീലം കരിനിഴല്‍ വീഴ്ത്താനിടവരാതിരിക്കട്ടെ.  കുടുംബത്തിന്റെ സന്തോഷവും, സംതൃപ്തിയും നിങ്ങളുടെ ദേഷ്യപ്രകടനം കൊണ്ട് വീണ്ടും വീണ്ടും തകരാനിടവരാതിരിക്കട്ടെ.  ദേഷ്യത്തെ മാറി നിന്നു നോക്കിക്കാണുന്നതും ഭവിഷ്യത്തുകള്‍ വിലയിരുത്തുന്നതും നിയന്ത്രണത്തിന്റെ പാതയില്‍ മുന്നേറാൻ നിങ്ങളെ തീർച്ചയായും ഏറെ സഹായിക്കും.

പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ
3rd April 2020

(വായിക്കുന്ന രക്ഷിതാക്കള്‍ക്ക്:-  എന്റെ കുട്ടി ഒരു പ്രശ്‌നമാണെന്ന് വിധിക്കാതിരിക്കൂ.  എന്റെ പരിഗണനയും, സഹായവും, ആവശ്യമുള്ള ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും കുട്ടിക്കുണ്ടെന്ന് അവധാനതയോടെ തിരിച്ചറിയൂ.  അവരിലെ നന്മകളെ പ്രോത്സാഹിപ്പിച്ചുണര്‍ത്തൂ. കൊച്ചു കൊച്ചു തെറ്റുകൾ ഉള്ളത് കണ്ടെത്താൻ അവരുടെ ഒപ്പം നിന്നു സഹായിക്കൂ. തെറ്റുകൾ തിരുത്താന്‍  അവർ ആഗ്രഹിക്കുമ്പോൾ, നിർവ്യാജമായ പിന്തുണയും കരുത്തും നൽകൂ.  നിര്‍ല്ലോഭം വാത്സല്യാനുഗ്രഹം ചൊരിയൂ.)

No comments:

Post a Comment