Thursday, April 02, 2020

ഹൃദയസ്പർശിയായ ഒരു ശവസംസ്കാരം
കഴിഞ്ഞ ദിവസം ഒറ്റപാലത്ത് അന്തരിച്ച കാവുംപുറം വാസുദേവൻ അക്കിത്തിരി പ്പാടിന്റെ സംസ്കാരചടങ്ങുകൾ ഒരു പ്രത്യേക അനുഭവം ആയിരുന്നു. ഇതിനെ കുറിച്ച് പറയണമെങ്കിൽ യാഗങ്ങളുടെ ചെറിയ വിവരണം ആവശ്യമാണ്. കേരളത്തിൽ പണ്ട് മുതലേ നടന്നു വന്നിരുന്ന രണ്ടു യാഗങ്ങൾ ആണ് "സോമയാഗം, അതിരാത്രം "എന്നിവ. സോമയാഗം നടത്തിയ ആൾ പിന്നീട് സോമയാജിപ്പാട് എന്നും അതിരാത്രം നടത്തിയ ആൾ അക്കിത്തിരിപ്പാട് എന്നും അറിയപ്പെടുന്നു. സോമയാഗം നടത്തിയ ആൾക്ക് മാത്രമേ അതിരാത്രം നടത്താൻ കഴിയൂ. ഇവരുടെ ജീവിതം പിന്നീട് ഒരു സമർപ്പണം ആണ്. യാഗവേദിയിലെ മൂന്നു കുണ്ഡങ്ങളിലെ അഗ്നി തന്റെ ഗൃഹത്തിലെ മൂന്നു കുണ്ഡങ്ങളിൽ പകർന്നു രണ്ടു നേരവും അഗ്നിഹോത്രം ചെയ്യണം. ഈ അഗ്നി അക്കിത്തിരിയുടെയോ പത്നിയുടെയോ ഒരാളുടെ മരണം വരെ കെടാതെ സൂക്ഷിക്കണം. അതിനാൽ രണ്ടു പേരും കൂടി ഒരിക്കലും നാടും വീടും വിട്ടു പോകാൻ പാടില്ല. കൂടാതെ വിശേഷദിവസങ്ങളിൽ വിശേഷ കർമങ്ങളും ചെയ്യണം. ഒരു അഗ്നിഹോത്രിയുടെ ജീവിതം പൂർണമായും അഗ്നിക്കായി സമർപ്പിക്കുന്നു. ആരാണോ ആദ്യം മരിക്കുന്നത് അവരുടെ സംസ്കാരം ഈ അഗ്നികൊണ്ട് ആകണം.
സംസ്കാര ചടങ്ങുകൾ സാധാരണ പോലെയല്ല. വാസുദേവൻ അക്കിത്തിരിപ്പാട് സാമവേദി ആയിരുന്നു. അതിനാൽ ചടങ്ങുകൾ വീണ്ടും വ്യത്യസ്തം. അദ്ദേഹത്തിന്റെ ശരീരം അദ്ദേഹം ഉപാസിച്ച മൂന്നു കുണ്ഡങ്ങളുടെ ഇടയിൽ കിടത്തി, എന്തിന്നു വേണ്ടിയാണോ തന്റെ ജീവിതം സമർപ്പിച്ചത് ആ അഗ്നിയുടെ സമീപത്തു തന്നെ അവസാന യാത്രക്കുള്ള കിടത്തം.  പിന്നീട് മൂന്നു മൺകലങ്ങളിൽ ആയി മൂന്നു കുണ്ഡങ്ങളിലെ അഗ്നി പകർന്നു, കുണ്ഡങ്ങൾ പൊളിച്ചു. പ്രേതശുദ്ധി മുതലായ കർമങ്ങൾ പിന്നീട് നടന്നു.മുളം കോണിയിൽ ഏറി ശരീരവും അഗ്നികളും അഗ്നിഹോത്ര സാമഗ്രികളും അദ്ദേഹം യാഗത്തിന് ഉപയോഗിച്ച സകല സാധങ്ങളും ചിതക്ക് അരികിലേക്ക്. ചിതയുടെ കിഴക്കും, പടിഞ്ഞാറും, തെക്കും ആയി മൂന്നു അഗ്നികൾ യഥാവിധി സ്ഥാപിച്ചു. പിന്നീട് ഹോമക്രിയകൾ മൂന്നു അഗ്നിയിലും ചേർത്ത് ചെയ്തു. ശരീരം ചിതയിൽ കിടത്തി. അദ്ദേഹം ഉപയോഗിച്ച യാഗ ഉപകരണങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രമം പോലെ വെച്ചു. എന്തിന് വേണ്ടിയാണോ തന്റെ ജീവിതം ഉഴിഞ്ഞു വച്ചത് ആ അഗ്നിയിൽ തന്നെ ശരീരവും, തന്നെ അക്കിത്തിരിയാക്കുന്നതിനു സഹായിച്ച യാഗ ഉപകാരങ്ങളും ഒരു ഹവിസ്സായി ഹോമിച്ചു. സർവ്വ ഭക്ഷകൻ ആയ അഗ്നി ആ ശരീരം ഏറ്റു വാങ്ങി
അഗ്നയെ ഇദം ന മമ
അന്തരിച്ച വാസുദേവൻ അക്കിത്തിരിപ്പാട് കഴിഞ്ഞ 4 മാസം ആയി തൃശൂർ, എറണാകുളം എന്നി സ്ഥലങ്ങളിലെ ആശുപത്രികളിൽ ആയിരുന്നു. പക്ഷെ ഒരിക്കൽ പോലും തന്റെ പത്നിയെയും രണ്ടാമത്തെ മകനെയും തന്നെ വന്നു കാണാൻ അനുവദിച്ചിരുന്നില്ല. ഒരു കാരണവശാലും അഗ്നി കേട്ട് പോകരുതെന്നും, അഗ്നിഹോത്രം മുടങ്ങാതെ ചെയ്യണം എന്നും ആയിരുന്നു കാരണം. ത്യാഗജീവിതം നയിച്ച ആ പുണ്യാത്മാവിനു പ്രണാമം

പാലക്കോൾ പ്രവീൺ ഒറ്റപ്പാലം

No comments:

Post a Comment