Saturday, April 18, 2020

നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും വ്യക്തമാകുന്നത് ആവേശമാണോ പ്രകാശമാണോ എന്നു നാം തിരിച്ചറിയേണ്ടതുണ്ട്. ഉദാഹരണത്തിന്  ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ താല്പര്യമുണ്ടായി അതില്‍ ആവേശംകൊണ്ട് ജീവിക്കുന്നൊരാൾക്ക്, ആ പാര്‍ട്ടിയിലെ ഏതെങ്കിലും ഒരു നേതാവ് ചെയ്യുന്ന അഴിമതിയും അക്രമവും കണ്ടില്ലെന്നു നടിക്കാനോ, അല്ലെങ്കില്‍ അത് ശരിയാണെന്ന രീതിയിൽ കപടന്യായം നടത്തി സ്ഥാപിക്കാനോ  തുനിയുന്നത് ആവേശമാണ്. നേരെ മറിച്ച് അതേ നേതാവു തന്നെ മറ്റൊരു പാര്‍ട്ടിയില്‍ ചേരുകയും അതേ തെറ്റുകള്‍ വീണ്ടും ചെയ്യുകയുമാണെങ്കിലോ? അപ്പോള്‍ ആ നേതാവിനെ എതിര്‍ക്കുവാനും സത്യം പറയുവാനും അയാൾക്ക് കഴിയുന്നു! 

ഇത്തരത്തിലാണ് നമ്മുടെ സത്യപ്രകാശം തടസ്സപ്പെടുന്നത്. പ്രകാശം ഒരാളുടെ ഉള്ളില്‍ നിന്നും സ്വാഭാവികമായി പുറത്തേയ്ക്കു വരുന്ന ശക്തിയാണ്.
ബാഹ്യമായത് പലതും വ്യക്തികളായും വസ്തുക്കളായും വാക്കുകളായും സൗന്ദര്യമായും രുചിയായും നമ്മിലേയ്ക്ക് ബലം പ്രയോഗിച്ചു കൊണ്ടിരിക്കും. എന്നാൽ ആ ബലത്തിൻറെ പ്രേരണയാൽ നാം ചലിക്കുന്നുവെങ്കിൽ അത് നമ്മുടെ ദൗർബല്യമായിത്തീരുന്നു.  പുറത്തു നിന്നുള്ള ബലത്തെയും അകത്തുനിന്നുള്ള ശക്തിയെയും തിരിച്ചറിയണം.

ഉള്ളിലെ ശക്തി പ്രകാശിക്കണമെങ്കിൽ സത്യനിഷ്ഠയും പരിശുദ്ധിയും ഉണ്ടായേ തീരൂ എന്നു സാരം.
പുറത്തു നിന്ന് അകത്തേയ്ക്ക് ആവേശിക്കപ്പെടുന്ന ഒരു ബാഹ്യബലത്തിനും അതിനെ തടയാനാകരുത്. അവിടെയാണ് ഏതൊരാളിന്‍റെയും ശക്തി പ്രകാശിക്കുന്നത്! ആവേശങ്ങള്‍ കൊണ്ട് സത്യപ്രകാശം മറയുമ്പോള്‍ അവിടെ നമ്മുടെ ചലനബലത്തിൽ വ്യക്തമാകുന്നത് നമ്മുടെ ബലഹീനതയാണ്. പാര്‍ട്ടിയോ മതമോ പേരോ പ്രശസ്തിയോ ഔദ്യോഗിക സ്ഥാനമാനങ്ങളോ ധനമോ തുടങ്ങിയ ഒന്നും ലഹരിപോലെ നമ്മെ ചലിപ്പിക്കുന്ന ദൗര്‍ബല്യം ആകരുത്. നാം നന്മതിന്മകൾ നോക്കാതെ ഏതൊന്നിന് അടിമായകുന്നുവോ അതിന് നമ്മെ നിയന്ത്രിക്കുവാനുള്ള ബലമുണ്ടാകുമ്പോൾ അത് നമ്മുടെ ദൗർബല്യമായിത്തീരുകയാണല്ലോ? ദൗർബല്യങ്ങൾക്ക് അടിപ്പെടാതിരുന്നാൽ മാത്രമേ ഒരാൾക്ക് അയാളുടെ ശക്തിയെന്താണെന്നറിയാനാകൂ. സത്യവും പരിശുദ്ധിയും നിഷ്ഠയായി പാലിച്ചു നോക്കിയാൽ അറിയാം സ്വന്തം ശക്തിയുടെ മഹത്വം.

ദൗർബല്യങ്ങൾക്ക് അടിമയായ നേതാവ് രാക്ഷസതുല്യനാണ്. അയാൾ സ്വയം നശിക്കുന്നതിനൊപ്പം തൻറെ കീഴിലുള്ള നാടിനെയും കൂടെയുള്ളവരെയും നശിപ്പിക്കുന്നു. ബലഹീനതയാണ് അയാളെ മുന്നോട്ട് നയിക്കുന്ന ബലം. എന്നാൽ സ്വന്തം ശക്തികൊണ്ട് എല്ലാ ബലഹീനതകളെയും ജയിക്കുന്നൊരാൾ ദേവനാണ്. അങ്ങനെയൊരാളിൻറെ കീഴിൽ എല്ലാം ഭദ്രമാണ്. കാരണം പരിശുദ്ധിയാണ് അയാളെ മുന്നോട്ടു നയിക്കുന്ന ശക്തി! നമ്മുടെ ചലനങ്ങൾക്ക് ആവശ്യം ദൗർബല്യം നൽക്കുന്ന ബലമല്ല, പരിശുദ്ധി നൽകുന്ന ആത്മ ശക്തിയാണ്. ദൗർബല്യമാകുന്ന ബാഹ്യബലം ആവേശിച്ച് ഉണ്ടാകുന്ന ഭൗതികനേട്ടങ്ങളും അശാന്തിയും ഒന്ന്. പരിശുദ്ധിയാകുന്ന ആത്മശക്തി പ്രകാശിച്ച് ഉണ്ടാകുന്ന നേട്ടങ്ങളും ആത്മശാന്തിയും വേറൊന്ന്. ഏതാണ് ശ്രേഷ്ഠം അത് നമ്മുടെ ജീവിതാദർശം ആകേണ്ടതുണ്ട്.

സത്യമായും വിശുദ്ധിയായും നന്മയായും സ്നേഹമായും സ്വയം പ്രകാശിക്കുക. എങ്കിൽ ഏതു രാക്ഷസബലത്തെയും ചുട്ടുകരിക്കാനുള്ള ശക്തി നമ്മിൽ പ്രകാശിക്കുകതന്നെ ചെയ്യും.
ഓം
Krishna kumar 

No comments:

Post a Comment