Friday, April 24, 2020

*ശ്രീ: വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ*

 *ജീവകാരുണ്യ നിരൂപണം...*

 _(അഹിംസയുടെ പ്രാധാന്യത്തെപ്പറ്റി  ശാസ്ത്രീയമായി വിലയിരുത്തുന്ന പ്രബന്ധം)_


സസ്യങ്ങൾക്ക് ജീവനുണ്ടെന്നും സസ്യഭുക്കുകൾക്കും ഹിംസാദോഷമുണ്ടെന്നും ഉള്ളതിനെക്കുറിച്ചാണ് ഇനി അല്പം പറയുന്നത്....

സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് നമ്മുടെ പൂർവ്വികർ അറിഞ്ഞിട്ടില്ലെന്ന് ചിലർ വിചാരിക്കുന്നുണ്ടായിരിക്കാം. ആ വിചാരം അവരുടെ അജ്ഞതയുടെ ഫലം മാത്രമാണ്. ഇവിടെ അതു കണ്ടറിഞ്ഞുകഴിഞ്ഞിട്ടു കാലം കുറേയായി. ചരാചരജീവന്മാരെന്ന പേരുതന്നെ പരമ്പരയായിട്ടിവിടെ നടന്നുവരുന്നതാണ്. പാശ്ചാത്യപൺധിതന്മാർ ഇപ്പോൾ കണ്ടുപിടിപ്പാൻ തുടങ്ങുന്നതേയുള്ളൂ. അതുകൊണ്ട് സസ്യങ്ങൾക്ക് ജീവനില്ലെന്നോ സസ്യഭുക്കുകൾ പൂർണ്ണ അഹിംസകരെന്നോ ആരും വാദിക്കുന്നില്ല. ഹിംസകന്മാരിൽനിന്നും ഒന്നുരണ്ടു പടി താണവരും അത്രയും അഹിംസയിൽ മേൽപ്പോട്ട് കയറിയവരും എന്നേ അവരെപ്പറ്റി പറയുന്നുള്ളൂ.

ജീവജാലങ്ങളുടെ ജ്ഞാനശക്തിയെ അറിഞ്ഞു അവയെ പുല്ല്, മരം, മുതലായ സ്പർശജ്ഞാനമുള്ള ജീവികൾ, പവിഴപ്പുറ്റ്, കടൽപ്പുറ്റ്, കറയാൽ, എറുമ്പ്, അണു, കൃമി, കടൽച്ചൊറി മുതലായ സ്പർശരസങ്ങളോടു ഗന്ധത്തെ അറിയുന്ന മുന്നറിവുള്ള ജന്തുക്കൾ; തുമ്പി, വണ്ട് മുതലായ സ്പർശരസഗന്ധങ്ങളോടു രൂപത്തെയും അറിയുന്ന നാലറിവുള്ള ജന്തുക്കൾ, മനുഷ്യർ, മൃഗങ്ങൾ മുതലായ സ്പർശ രസ ഗന്ധ രുപങ്ങളോടു ശബ്ദത്തെയും അറിയുന്ന അഞ്ചറിവുള്ള ജീവികൾ; ഇപ്രകാരം വകതിരിച്ചിരിക്കുന്നു. ഇവയിൽ മനുഷ്യന് ഇഹലോകചിന്തയും പരലോകചിന്തയും കൂടി ഉണ്ട്. മൃഗാദികൾക്ക് ഇഹലോക ചിന്തയേ ഉള്ളൂ. വൃക്ഷാദികൾക്കും കുറഞ്ഞു കുറഞ്ഞ് സുഖദുഃഖാനുഭവം മന്ദിച്ചുപോയിരിക്കും.

ജ്ഞാനസാധനങ്ങളുടെ ഭേദഗതി നിമിത്തം വൃക്ഷാദികൾക്ക് തമോഗുണം കൊണ്ട് മായപ്പെട്ട് സുഖദുഃഖരൂപമായി വികസിച്ചു തുടങ്ങത്തക്ക വിധത്തിൽ ഉള്ളിൽ അടങ്ങിയിരിക്കയാണ്.

അഞ്ചിന്ദ്രീയജ്ഞാനവും ശരിയായ ജ്ഞാനസാധനവുമുള്ള മനുഷ്യനുപോലും സുഷുപ്ത്യാവസ്ഥയിൽ ശൂന്യസാമാന്യ വിശേഷങ്ങളെന്ന ഭാവനകൾ നമുക്കു അനുഭവമാകുന്നുണ്ട്. ഒന്നും അറിയാതെ ഉറങ്ങുന്ന ഒരുവനെ മറ്റൊരാൾ രണ്ടുമൂന്നു പ്രാവശ്യം വിളിക്കുന്നു. എന്നിട്ടും ഒന്നും അറിയുന്നില്ല, പിന്നെയും വിളിക്കുമ്പോൾ അർത്ഥകല്പന കൂടാതെ കേൾക്കുന്നു. മൂന്നാമതും വിളിക്കുമ്പോൾ അർത്ഥകല്പനയോടുകൂടി കേട്ട് പ്രവർത്തിച്ചുതുടങ്ങുന്നു. ആദ്യം ശൂന്യമായിരുന്ന അവസ്ഥയും രണ്ടാമത് ശൂന്യതയിൽ നിന്ന് വേർതിരിഞ്ഞും അർത്ഥകല്പനയോട് കൂടാതെ ശബ്ദം നിമിത്തം സാമാന്യം ഒരുണർവായിട്ട് പിരിഞ്ഞ അവസ്ഥയും മൂന്നാമത് അർത്ഥകല്പനയോട് അഭിമുഖപ്പെട്ടുകൊണ്ട് തെളിഞ്ഞ അവസ്ഥയും - ഇങ്ങനെ മൂന്നുവിധം കാണുന്നതിൽ ശൂന്യത്തിന്റെ അവസാനവും സാമാന്യത്തിന്റെ ഒരല്പം അംശവും കൂടിയ ഒരു നിലയെത്തന്നെ ഇവിടെ വൃക്ഷാദികൾക്ക് കല്പിക്കണം.

ഇര, തേൾ മുതലായവകളെ രണ്ടായി മുറിച്ചാൽ രണ്ടു ഭാഗങ്ങളും കിടന്നു പിടക്കുന്നതു കാണാം. മനുഷ്യന്റെയും വലിയതരം ജന്തുക്കളുടെയും ഒരുഭാഗം മുറിഞ്ഞാൽ ഹൃദയത്തോടു കൂടിയ ഭാഗം ചലനമുള്ളതായും മറ്റേഭാഗം ചലനമില്ലാത്തതായും കാണപ്പെടുന്നു. രോഗം മൂലം കയ്യോ കാലോ മറ്റോ കണ്ടിക്കേണ്ടതായി വന്നാൽ വേദന അറിയാതിരിക്കുന്നതിനു ക്ലോറോ ഫോം (Chloroform) എടുത്തു മൂക്കിൽ പിടിക്കുമ്പോൾ മുൻപറഞ്ഞ സാമാന്യ ജ്ഞാനവും വിശേഷജ്ഞാനവും ഇല്ലാത്തമട്ടിൽ ഇരുന്നുപോകുന്നല്ലോ...

No comments:

Post a Comment