Saturday, April 11, 2020

നമ്മുടെ കൈകളിൽ അഴുക്കുള്ളിടത്തോളം കാലം ആ കൈകൾ കൊണ്ട് നാം എന്തെടുത്താലും അതിലും അഴുക്ക് പുരളും. എന്നിട്ട് നാം നമ്മുടെ കൈയിൽ കിട്ടുന്നവയിൽ അഴുക്ക് കണ്ട് ലോകത്തെ പഴിച്ചിട്ട് കാര്യമില്ലല്ലോ! നമ്മുടെ കാഴ്ചയും മനോഭാവവും ശരിയായ ദിശയിലാകേണ്ടതുണ്ട്. എന്നാൽ മാത്രമേ ശരിയായ പ്രശ്നവും ശരിയായ പരിഹാരവും കണ്ടെത്താനാകൂ.

പരസ്പരം ആദരവ് ഉണ്ടാകുമ്പോഴാണ് ബന്ധങ്ങൾ സമാധാനപൂർണ്ണവും സന്തോഷപൂർണ്ണവും ആയിരിക്കുന്നത്. നമുക്ക് ജീവിതത്തിൽ പലരിൽ നിന്നും പല തരത്തിലുള്ള അനുഭവങ്ങൾ വന്നിട്ടുണ്ടാകും. അതിൽ നല്ലതും മോശമായതുമായ അനുഭവങ്ങൾ ഉണ്ടാകാം. എന്നാൽ അത്തരം അനുഭവങ്ങൾ വച്ചുകൊണ്ട് ഒരിക്കലും വ്യക്തികളെയോ ജീവിതത്തെയോ കുറിച്ച് പൊതുവിൽ ഒരഭിപ്രായത്തെ രൂപീകരിക്കുവാൻ പാടില്ല. ഉദാഹരണത്തിന് ചില സ്ത്രീകൾക്ക് പുരുഷ വർഗ്ഗത്തോട് ആകെ അവജ്ഞയായിരിക്കും. ചില പുരുഷന്മാർക്ക് സ്ത്രീവർഗ്ഗത്തോട് മുഴുവനും അവജ്ഞയായിരിക്കും. ഇത്തരത്തിൽ എതിർ ലിംഗത്തോട് ആദരവില്ലാത്ത വ്യക്തിയോടൊത്തുള്ള ജീവിതം ഏതൊരാൾക്കും ക്ലേശകരമായിരിക്കും. പുരുഷവർഗ്ഗത്തെ ആദരിക്കുക, നല്ല ഭർത്താവിനെ കിട്ടും. സ്ത്രീവർഗ്ഗത്തെ ആദരിക്കുക, നല്ല ഭാര്യയെ കിട്ടും. അങ്ങനെ പരസ്പരം ആദരവുണ്ടാകുമ്പോൾ നല്ല മക്കളെ കിട്ടും.

 ഇന്നലെ വരെയുള്ള സ്വന്തം ജീവിതാനുഭവങ്ങൾ വച്ചു കൊണ്ട് പുറം ലോകത്തിൻറെ സ്വഭാവത്തെയും ഗതിയെയും അല്ല വിലയിരുത്തേണ്ടത്, മറിച്ച് സ്വന്തം ജന്മാവസ്ഥയെയും അതിൻറെ ഗതിയെയുമാണ് വിലയിരുത്തേണ്ടത്. സ്വന്തം ജീവിതാനുഭവം മാറണമെങ്കിൽ ലോകത്തെ അല്ല മാറ്റേണ്ടത്, സ്വയം മാറുകയാണ് വേണ്ടത് എന്ന് സാരം. അതാണ് പ്രായോഗികമായ പരിഹാരം. അതിനാണ് പ്രാർത്ഥനയും അഹിംസാചരണവും വ്രതശുദ്ധിയും ലോകസേവനവും തുടങ്ങിയുള്ള എല്ലാ പുണ്യപ്രവൃത്തികളും. അകം ശുദ്ധമാകുമ്പോൾ ആ പ്രകാശത്തിൽ പുറം ലോകം സ്വാഭാവികമായും ശുദ്ധമായിക്കൊള്ളും.  സ്വന്തം പരിശുദ്ധിയിൽ നിന്നാണ് ഒരാൾക്ക് ആത്മവിശ്വാസം ഉണ്ടാകേണ്ടത്.

 ഒരു കാര്യത്തിൽ മാത്രമാണ് ലോകസ്വഭാവം പൊതുവായ ഒരു സ്വഭാവം കാണിക്കുന്നത്. ഒന്നിനും സ്ഥിരത ഇല്ല എന്ന കാര്യത്തിൽ! എന്നാൽ എല്ലാവർക്കും ഒരേ സമയത്ത് ഒരേ അവസ്ഥ അല്ല കാണുന്നത്. മാറ്റം ഓരോ വ്യക്തിക്കും ഓരോ സമയത്താണ്. എന്നതിൽ നിന്ന് മനസ്സിലാക്കേണ്ടത് എന്തെന്നാൽ ഒരാളുടെ ജീവിതാനുഭവങ്ങളുടെ മാറ്റത്തിന് അടിസ്ഥാനം പുറം ലോകത്തെ മാറ്റങ്ങളല്ല, അവനവൻറെ പ്രവൃത്തികൾക്ക് അനുസരിച്ചുള്ള മാറ്റമാണ് എന്നാണ്. അതായത് ഓരോ ആളിൻറെയും ജീവിതം ഓരോ കേന്ദ്രത്തെ ആധാരമാക്കി ചലിച്ചു കൊണ്ടിരിക്കുന്നു. അവനവൻറെ പ്രവൃത്തിയെയാണ് ശ്രദ്ധിക്കേണ്ടത്. അതറിയാതെ നാം കൂടെയുള്ളവരെയോ സമൂഹത്തെയോ നക്ഷത്രങ്ങളെയോ ഗ്രഹങ്ങളെയോ ശരിയാക്കാൻ പ്രവൃത്തിയും പൂജയും വഴിപാടുകളും കഴിച്ചിട്ട് കാര്യമില്ലല്ലോ. നിലവിൽ നാം പ്രശ്നത്തിലാണെങ്കിൽ സ്വന്തം പ്രവൃത്തികൾ ശുദ്ധമാകുക എന്നതാണ് പരിഹാരം. മറ്റെല്ലാ പരിഹാരങ്ങളും ലക്ഷ്യം വയ്ക്കുന്നത് അതിനെയാണ്. പ്രാർത്ഥനയോടെ ലോകത്തെ സേവിക്കുക! വ്യക്തികളും നക്ഷത്രങ്ങളും ഗ്രങ്ങളുമെല്ലാം നമ്മുടെ ജന്മാവസ്ഥയെയും ജീവിത ഗതിയെയും ചൂണ്ടി കാണിച്ചു തരുന്ന നിമിത്ത രൂപങ്ങൾ മാത്രമാണ്. പരിഹാരം അവനവനിൽ കേന്ദ്രീകരിക്കണം എന്നുമാത്രം. അതങ്ങനെയല്ല എങ്കിൽ നമുക്ക് ദോഷങ്ങളെ പരിഹരിച്ചിട്ട് വീണ്ടും എങ്ങനെയുള്ള പ്രവൃത്തികളും ചെയ്തു ജീവിക്കാമെന്നു വരുമല്ലോ? എന്നാൽ അതങ്ങനെയല്ലല്ലോ!
ഓം
Krishna kumar 

No comments:

Post a Comment