Wednesday, May 13, 2020

💢അറിവുകൾ ഒറ്റനോട്ടത്തിൽ💢



💫1. ലോകത്തിലെ ഏറ്റവും വലിയ ജീവനുള്ള വൃക്ഷം ഏത്?
💫2.എന്താണ് ഓപ്പറേഷൻ സാഗർറാണി?
💫3.ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച 'വീട്' ഏത്?
💫4.ചിതൽപുറ്റുകളിൽ  പാമ്പുകൾ കാണുമോ?
💫5.പച്ചമുട്ട കഴിച്ചാൽ  എന്താണ് കുഴപ്പം?

💢 വിശദ വായന 💢

⭐ലോകത്തിലെ ഏറ്റവും വലിയ ജീവനുള്ള വൃക്ഷം ഏത്?⭐

👉പ്രകൃതിയുടെ ഏറ്റവും മികച്ചതും, വലുതുമായ രഹസ്യങ്ങളില്‍ ഒന്നാണ് ജനറല്‍ ഷെര്‍മാന്‍ എന്ന മരം.യുഎസിലെ കാലിഫോർണിയയിൽ തുലാരെ കൗണ്ടിയിലെ സെക്വോയ നാഷണൽ പാർക്കിന്റെ ഭാഗമായ ജയന്റ് ഫോറസ്റ്റിലാണ് ലോകത്തിലെ ഏറ്റവും വലിയ ജീവനുള്ള വൃക്ഷം ഉള്ളത്. 83.8 മീറ്റർ അഥവാ 274.9 അടി ഉയരമുണ്ട് ഈ മരത്തിന്. സെക്യോയ ഇനത്തിൽപെടുന്ന മരമാണ് ജനറൽ ഷെർമാൻ. അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന്റെ ജനറലായിരുന്ന ജനറൽ വില്യം ടെഗുംബെ ഷെർമാന്റെ സ്മരണാർത്ഥമാണ് 1879 ൽ ഈ മരത്തിന് 'ജനറൽ ഷെർമാൻ ' എന്ന് പേര് നൽകിയത്.ജനറൽ ഷെർമാന്റെ പ്രായം 2000 വർഷമെന്നാണ് കണക്കാക്കിയിരിക്കുന്നത്.ഈ ഗ്രഹത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ വൃക്ഷത്തിന്റെ പേരാണ് ഷെർമാൻ. മാത്രമല്ല, ഈ വൃക്ഷത്തെ ഭൂമിയിലെ ഏറ്റവും വലിയ ജീവജാലം എന്നും വിളിക്കുന്നു. ഇന്നും ഈ മരം വളർന്നു
കൊണ്ടിരിക്കുന്നു എന്നതാണ് ഈ മരത്തിനെ സംബന്ധിച്ച രസകരമായ കാര്യം. ജനറൽ ഷെർമാന്റെ ഏറ്റവും വലിയ ശാഖയ്ക്ക് പോലും ഏഴ് അടിയിലധികം വീതിയുണ്ട്. ഭൂമിയിലെ ഏറ്റവും വലിയ ജീവജാലം എന്നാണ് ജനറൽ ഷെർമാൻ അറിയപ്പെടുന്നത്.ഈ മരത്തിന്റെ അടിയിൽ നിൽ ക്കുമ്പോൾ മനുഷ്യൻ ഉറുമ്പിനോളം ചെറുതായ പോലെ തോന്നും. വർഷം തോറും നിരവധി സഞ്ചാരികളാണ് ജനറൽ ഷെർമാൻ മരത്തെ കാണാൻ എത്തുന്നത്.

⭐എന്താണ് ഓപ്പറേഷൻ സാഗർറാണി?⭐

👉മത്സ്യങ്ങളിൽ വിവിധ തരം രാസവസ്തുക്കൾ ചേർത്ത് വിൽപ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്ക്കരിച്ച പദ്ധതിയാണ് ഓപ്പറേഷൻ സാഗർറാണി.2018-ൽ ആരംഭിച്ച ഓപ്പറേഷൻ സാഗർ റാണി മൂന്ന് ഘട്ടങ്ങളായാണ് നടപ്പിലാക്കിയത്.
✨മത്സ്യബന്ധന തൊഴിലാളികൾ, ഫിഷ് മർച്ചന്റ് അസോസിയേഷൻ അംഗങ്ങൾ എന്നിവർക്ക് രാസവസ്തു പ്രയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി ബോധവത്കരണം നടത്തുകയാണ് ആദ്യഘട്ടത്തിൽ ചെയ്തത്.റസിഡന്റ്സ് അസോസിയേഷൻ, കുടുംബശ്രീ എന്നിവരുടെ സഹായത്തോടെ മത്സ്യഉപഭോതാക്കൾക്കും ഇത് സംബന്ധിച്ച് ബോധവത്ക്കരണം നടത്തി.
✨മത്സ്യബന്ധന വിതരണ കേന്ദ്രങ്ങൾ പരിശോധിച്ച് മത്സ്യം, ഐസ്, വെള്ളം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് അവയുടെ കെമിക്കൽ, മൈക്രോ
ബയോളജി പരിശോധനകളിലൂടെ വിവരശേഖരണം നടത്തുകയാണ് രണ്ടാം ഘട്ടത്തിൽ ചെയ്തത്.
✨രണ്ടാം ഘട്ടത്തിലെ പരിശോധനകളിൽ കണ്ടെത്തിയ ഗുരുതരമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്നാം ഘട്ടത്തിൽ കർശനമായ പരിശോധന നടത്തി മായം ചേർത്ത 2865 കിലോ മത്സ്യം പിടിച്ചടുത്ത് നശിപ്പിക്കുകയും നോട്ടീസ് നൽകുകയും ചെയ്തു. ഓപ്പറേഷൻ സാഗർ റാണി യിലൂടെ സംസ്ഥാനത്തിലെ വിവിധ ജില്ലകളിൽ നടത്തിയ പരിശോധനകൾ വഴി 35,524 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്.

⭐ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച 'വീട്' ഏത്?⭐

👉യാത്ര ചെയ്യാൻ വീടുവിട്ടിറങ്ങുകയാണ് എല്ലാവരും ചെയ്യാറ്. എന്നാൽ യാത്രാ സങ്കൽപ്പങ്ങളെയെല്ലാം മാറ്റിമറിക്കുന്ന തലതിരിഞ്ഞ ചിന്തയാണ് അമേരിക്കൻ ദമ്പതികളായ ക്രിസ്റ്റ്യൻ പാർസൺസിനും, അലെക്സിസ് സ്റ്റീഫൻസിനും വന്നത്. യാത്ര പോകുമ്പോൾ വീടും കൊണ്ടു
പോകുക. ഇപ്പോൾ ലോകത്തിൽ ഏറ്റവും കൂടുതൽ സഞ്ചരിച്ച വീടെന്ന ഖ്യാതിയും ഈ സഞ്ചരിക്കുന്ന വീടിനെ തേടിയെത്തി
.മിഷിഗൺ തടാകത്തിലേക്കുള്ള റോഡ് യാത്രയിലാണ് ഇരുവരും കൂടുതൽ യാത്ര പോകണമെന്ന് ഉറപ്പിക്കുന്നത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നും മനസിലുണ്ടായിരുന്നു. അങ്ങനെയാണ് സഞ്ചരിക്കുന്ന വീടെന്ന ആശയം വരുന്നത്. ആഗ്രഹ
സാക്ഷാത്കാരത്തിനായി സ്റ്റീഫൻസ് തന്റെ മാർക്കറ്റിങ് ജോലി വിട്ടു.
✨മരത്തിന്റെ ഫർണിഷും, തട്ടിൻപുറവും, ഷൂ റാക്കുമൊക്കെയുള്ള വീട് പൂർത്തിയാകാൻ ഒമ്പത് മാസമെടുത്തു.
✨സോളാർ പാനൽ ഘടിപ്പിക്കലും, ഫ്ളോറിങ്ങുമെല്ലാം ചേർന്ന് 20,000 ഡോളർ ചിലവിട്ടു വീട് നിർമാണത്തിന്.
✨വീടുണ്ടാക്കാൻ ഉപയോഗിച്ചതെല്ലാം പാഴായതും, പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കൾ കൊണ്ടാണ്. ✨കൊടുങ്കാറ്റിൽ നിലം പതിച്ച തടികളുപയോഗിച്ചാണ് അടുക്കളയിലെ ഒരു പ്രധാനഭാഗം നിർമിച്ചിരിക്കുന്നത്.
 ✨20 ജോഡി ഷൂകൾ വെയ്ക്കാവുന്ന റാക്കാണ് ശ്രദ്ധേയമായ മറ്റൊരു ഭാഗം. ✨സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനാൽ ജീവിതച്ചെലവ് മാസംതോറും മാറാറുണ്ടെന്ന് ദമ്പതികൾ പറയുന്നു. ടൈനി ഹൗസ് എക്സ്പെഡിഷൻ എന്ന ഇൻസ്റ്റാഗ്രാംപേജിൽ വീടിന്റെ ചിത്രങ്ങൾ വൻ ഹിറ്റാണ്.

⭐ചിതൽപുറ്റുകളിൽ  പാമ്പുകൾ കാണുമോ?⭐
👉ചിതൽപ്പുറ്റുകളുമായി  ബന്ധപ്പെട്ട് ധാരാളം അന്ധ വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ചിതൽപ്പുറ്റുകൾ എന്നത് പേര് സൂചിപ്പിക്കുന്നതു പോലെ ചിതൽപ്പുറ്റുകൾ (Termite Mound അല്ലെങ്കിൽ Ant Hill) ചിതലുകൾ (Termite) ഉണ്ടാക്കുന്നത് ആണ്.ചിതൽപ്പുറ്റുകൾ പരിശോധിച്ചാൽ ചിതലുകൾ നല്ല രീതിയിലുള്ള എഞ്ചിനീയറിംഗ് പ്രതിഭ ഉള്ളവരാണെന്ന് നമുക്ക് മനസ്സിലാക്കാം. മഴയത്തും, ചെറിയ തോതിലുള്ള പ്രകൃതി ക്ഷോഭങ്ങളിലും ഒന്നും നശിക്കാത്ത രീതിയിലും, നല്ല രീതിയിൽ ഉള്ളിലേക്ക് വായൂ സഞ്ചാരം കിട്ടത്തക്ക രീതിയിലും ആണ് ഇവയുടെ രൂപകൽപ്പന. വേണമെങ്കിൽ ഇതിനെ ഹരിത ഗൃഹങ്ങൾ എന്ന് പറയാം. നല്ല മൃദുവായ കളിമണ്ണിൽ ഉമിനീർ കലർത്തിയാണ് ചിതലുകൾ ഇവയുണ്ടാക്കുന്നത്.കണ്ടാൽ ചിതലുകൾക്ക് ഉറുമ്പുകളുടെ രൂപ സാദൃശ്യം ഉണ്ടെങ്കിലും ഇവയ്ക്ക് ഉറുമ്പുകളുമായി യാതൊരു ബന്ധവുമില്ല. പാറ്റകളുടെ വർഗ്ഗത്തിൽ പെടുന്ന Isoptera വിഭാഗത്തിൽ പെടുന്നവയാണ് ഇവർ. ഏകദേശം മൂവായിരത്തോളം തരം ചിതലുകളെ കണ്ടെത്തിയിട്ടുണ്ട്. തേനീച്ചകളിലെ പോലെ 'രാജാവ്', രാജ്ഞി, ജോലിക്കാർ, പടയാളികൾ എന്നിങ്ങനെ പല അധികാര ശ്രേണിയിൽ ആണ് ഇവയുടെ ചിതൽപ്പുറ്റിലുള്ള ജീവിതം.
എല്ലാത്തരം ചിതലുകളും പല രീതിയിൽ ഉള്ള പുറ്റുകൾ ഉണ്ടാകാറുണ്ടെങ്കിലും, പലതും ഭൂമിക്ക് അടിയിൽ അല്ലെങ്കിൽ അത്ര ഉയരത്തിൽ ആയിരിക്കില്ല നിർമ്മിക്കുക.സങ്കീർണ്ണമായ പുറ്റുകൾ ഉണ്ടാക്കുന്ന ചിതൽ വിഭാഗമാണ് Macrotermes. ഒൻപത് മീറ്റർ ഉയരമുള്ള ചിതൽപ്പുറ്റുകൾ വരെ കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് ഇത്രയും സങ്കീർണ്ണമായ പുറ്റുകൾ ഉണ്ടാക്കാൻ പറ്റുന്നത് എങ്ങിനെ എന്ന് ധാരാളം പഠന വിധേയമാക്കിയ കാര്യമാണ്. ചിലതരം 'ഫിറോമോണുകൾ' ആണ് ഇവയെ ഇതുപോലെ നിർമ്മിക്കാൻ ഉത്തേജനം നൽകുന്നത് എന്ന് ചില ശാസ്ത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ചിതൽപ്പുറ്റുകൾക്ക് മുൻപിൽ നൂറും ,പാലും വച്ച് ആരാധന നടത്തുന്നത് ഒക്കെ ചിലപ്പോൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവും. എന്നാൽ, പാമ്പുകൾക്ക് ചിതൽപ്പുറ്റുകൾ ഉണ്ടാക്കുന്നതുമായി ഒരു ബന്ധവും ഇല്ല. ഇത് പാമ്പുകൾക്ക് സഹവസിക്കുവാനായി ഉണ്ടാക്കുന്നതും അല്ല.പക്ഷെ, ഉപേക്ഷിക്കപ്പെട്ട ചിതൽപ്പുറ്റുകളിൽ ചിലതിൽ പാമ്പുകൾ താമസിക്കാനും,
മുട്ടയിടുവാനായി ഉപയോഗിക്കും.
 അത് ചിതൽപ്പുറ്റുകൾ ഉണ്ടായി വർഷങ്ങൾ കഴിഞ്ഞാവും. പുതിയതായി ഉണ്ടായ ചിതൽപ്പുറ്റുകളിൽ പാമ്പുകൾ വരാനുള്ള സാധ്യത ഇല്ല.പാമ്പുകൾ മാത്രമല്ല, തേളുകൾ, പാറ്റകൾ ഉൾപ്പെടെയുള്ള പല ജീവികളും ഇതുപോലെ ചിതലുകൾ ഉപേക്ഷിക്കപ്പെട്ട പുറ്റുകളിൽ താമസിക്കാറുണ്ട്.

📌കടപ്പാട്: സുരേഷ് സി.പിള്ള

⭐പച്ചമുട്ട കഴിച്ചാൽ  എന്താണ് കുഴപ്പം?⭐

👉നമ്മളിൽ  ചിലര്‍ക്കെങ്കിലും പച്ചമുട്ട കഴിക്കാന്‍ താല്‍പര്യം കാണും. കൗതുകത്തിനായി പച്ചമുട്ട പൊട്ടിച്ച് കഴിക്കുന്നവരും ഇല്ലാതില്ല. നന്നായി വേവിച്ച മുട്ട അപകടകാരിയല്ല. എന്നാൽ
പച്ചമുട്ട കഴിക്കാൻ പാടില്ല എന്നാണ് വിദഗ്ദ്ധ അഭിപ്രായം.പച്ചമുട്ട കഴിക്കുമ്പോള്‍ പുഴുങ്ങിയ മുട്ടയിൽ നിന്ന് ലഭിക്കുന്നതിനേക്കാള്‍ പകുതി പ്രോട്ടീന്‍ മാത്രമേ നമ്മുടെ ശരീരത്തിന് ലഭിക്കുന്നുള്ളു. മുട്ടയുടെ മഞ്ഞക്കരുവിലുള്ള വൈറ്റാമിൻ ആണ് ബയോട്ടിന്‍ . ചര്‍മസംരക്ഷണത്തിനും, ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ,ഷുഗര്‍ നിയന്ത്രിക്കാനും, മുടിയുടെ വളര്‍ച്ചയ്ക്കുമെല്ലാം ബയോട്ടിന്‍ സഹായിക്കുന്നുണ്ട്. പച്ച മുട്ടയിൽ കാണപ്പെടുന്ന പ്രോട്ടീൻ ആയ അവിഡിൻ ശരീരത്തിലേക്ക് ലഭിക്കുന്ന ബയോട്ടിൻ എന്ന വിറ്റാമിന്റെ ആഗിരണം തടസ്സപ്പെടുത്തുന്നു. എന്നാല്‍, മുട്ട വേവിക്കുമ്പോള്‍ അവിഡിന്‍ എന്ന പ്രോട്ടീനിന്റെ ഘടനയില്‍ വ്യത്യാസം വരികയും സ്വാഭാവിക ഗുണം ഇല്ലാതാകുകയും ചെയ്യും. അതുകൊണ്ട് ശരീരത്തില്‍ ബയോട്ടിന്റെ ആഗിരണത്തിന് പ്രശ്‌നമുണ്ടാകുകയില്ല. കൂടാതെ
പച്ചമുട്ട കഴിക്കുന്നതിലൂടെ അപകടകരമായ സാല്‍മൊണെല്ല എന്ന ബാക്റ്റീരിയ ശരീരത്തിലെത്താനുള്ള സാധ്യതയുണ്ട്. ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണ്. കോഴികളുടെ കാഷ്ഠം വഴിയാണ് സാല്‍മൊണെല്ല പുറത്തേക്ക് വരുന്നത്. കടയില്‍ വില്‍പ്പനയ്ക്ക് വെച്ച മുട്ടയില്‍ കാഷ്ഠത്തിന്റെ അംശം വരാനുള്ള സാധ്യതയുണ്ട്. മുട്ടയില്‍ ഏകദേശം 8000 മുതല്‍ 10,000 വരെ സൂക്ഷ്മ സുഷിരങ്ങള്‍ ഉണ്ട്. പച്ചമുട്ട കഴിക്കുമ്പോള്‍ സാല്‍മൊണെല്ല നമ്മുടെ ശരീരത്തില്‍ പ്രവേശിക്കും. ഏകദേശം 80000 ആളുകള്‍ ഒരു വര്‍ഷത്തില്‍ സാല്‍മൊണെല്ല ബാക്റ്റീരിയയാല്‍ രോഗബാധിതരാകാറുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. വയറുവേദനയും, വയറിളക്കവുമാണ് ലക്ഷണങ്ങള്‍. ഷുഗര്‍ രോഗികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമുള്ളവര്‍, എച്ച്.ഐ.വി രോഗികള്‍ എന്നിവരിലെല്ലാം സാല്‍മൊണെല്ല വളരെയേറെ അപകടമുണ്ടാക്കും
.പാസ്ചുറൈസ്ഡ് മുട്ട വിദേശങ്ങളില്‍ കിട്ടും. ഏകദേശം ആറു മിനിറ്റോളം 60 ഡിഗ്രി സെല്‍ഷ്യസില്‍ മുട്ട ചൂടാക്കുമ്പോള്‍ പാസ്ചുറൈസ്ഡ് ആയ ഫലം ലഭിക്കും.വീട്ടിലേക്ക് മുട്ട വാങ്ങിയാല്‍ കാഷ്ഠത്തിന്റെ അംശം ഉണ്ടെങ്കില്‍ കഴുകി വൃത്തിയാക്കി മാത്രമേ ഫ്രിഡ്ജില്‍ സൂക്ഷിക്കാവൂ .ഏഴ് ദിവസം മുതല്‍ പത്ത് ദിവസം വരെയാണ് സാധാരണ അന്തരീക്ഷത്തില്‍ മുട്ട കേടു
കൂടാതിരിക്കുന്നത്. വിദേശങ്ങളില്‍ മുട്ട ഫ്രിഡ്ജില്‍ വെച്ച് മാത്രമേ വില്‍ക്കാവൂ എന്ന് നിയമം ഉണ്ട്. ഫ്രിഡിജില്‍ നാല് ആഴ്ച കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. എപ്പോള്‍ മുട്ട വാങ്ങിയാലും നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക എന്നതാണ് ആരോഗ്യത്തിന് നല്ലത്. അതുപോലെ  പച്ചമുട്ടയോ ,പകുതി വേവിച്ച മുട്ടയോ ഒരിക്കലും കുഞ്ഞുങ്ങള്‍ക്ക് നല്‍കരുത്.

📌 കടപ്പാട്:ഡോ.ഹരി

No comments:

Post a Comment