Wednesday, May 13, 2020

മേത്തന്‍ മണി
തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു കിഴക്ക് വശത്തുള്ള പുത്തൻമാളിക (കുതിരമാളിക) കൊട്ടാര സമുച്ചയത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള നാഴികമണിയാണ് അനന്തപുരിയുടെ അഭിമാനമായ മേത്തൻമണി.
1840ൽ അന്നത്തെ മഹാരാജാവായിരുന്ന സ്വാതി തിരുനാളിന്റെ ഭരണകാലത്ത് തിരുവനന്തപുരം വാനനിരീക്ഷണകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടർ ആയിരുന്ന ജോൺ കാൽഡിക്കോട്ട് മദിരാശിയിലെ ചിന്നപട്ടണത്തു നിന്നും രണ്ടു വലിയ നാഴിക മണികൾ വാങ്ങി അതിലൊന്ന് അന്നത്തെ തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന പത്മനാഭപുരം കൊട്ടാരത്തിലും (തമിഴ്‌നാട്ടിലെ തക്കലയ്ക്കടുത്തു) മറ്റൊന്ന് തിരുവനന്തപുരത്ത് പത്മനാഭ ക്ഷേത്രത്തിലും സ്ഥാപിച്ചു. പദ്മതീർത്ഥത്തിന് തെക്ക് ഭാഗത്തെ നെടുനീളത്തിലുള്ള ഇരുനില മാളികയാണ് കരുവേലപ്പുര എന്ന പഴയ സെക്രട്ടറിയേറ്റ്. അതിലാണ് മേത്തൻമണി സ്ഥാപിച്ചത്
പത്മതീര്‍ത്ഥകുളത്തിന്നുമഭിമുഖമായി ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു ഈ ചരിത്രസ്മാരകം. ധര്‍മ്മരാജയുടെ ഭരണകാലത്ത് ടിപ്പുവിന്റെ അധിനിവേശത്തെ ചെറുത്തു തോല്‍പ്പിച്ചതിന്റെ ഓര്‍മ്മയായിട്ടാണ് ഈ മണിയെ കരുതി പോരുന്നത്.
പ്രത്യേക തരം ചെമ്പുതകിടില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ മേത്തന്‍ മണിയില്‍ ഡയലിന്റെ തൊട്ടു മുകളിലായി മഹാഗണിത്തടിയില്‍ പണിക്കഴിപ്പിച്ച, ഓരോ മണിക്കൂറിലും വായ്‌ തുറക്കുന്ന താടിക്കാരന്‍ മേത്തന്റെ രൂപവും അയാളുടെ മുഖത്തേക്ക് ഇരു വശത്തു നിന്നും ആഞ്ഞിടിക്കുന്ന രണ്ടു മുട്ടനാടുകളുമാണ് ഈ മണിയെ കൗതുകപൂര്‍ണ്ണമാക്കുന്നത്. ഇത് വഞ്ചിയൂര്‍ നിന്നും വന്ന കുളത്തൂക്കാരന്‍ എന്ന് പേരുള്ള ആശാരി പിന്നീട് പണിത് ചേര്‍ത്തതാണ് എന്ന് പറയപ്പെടുന്നു. അദ്ദേഹത്തെ ഈ നിര്‍മ്മിതിയുടെ പേരില്‍ ആദരസൂചകമായി 'സൂത്രം ആശാരി' എന്ന് വിളിച്ചിരുന്നതായും തദ്ദേശവാസികള്‍ പറയുന്നു. ആബാലവൃദ്ധം ജനങ്ങള്‍ ഈ അത്ഭുതകാഴ്ച കാണാന്‍ അന്നൊക്കെ ക്ഷേത്രമുറ്റത്ത് തടിച്ചു കൂടിയിരുന്നതായി അറിയുന്നു.
പഴയ ചാട് സമ്പ്രദായമാണ് ഈ സൂത്രത്തിന്റെ പ്രവര്‍ത്തനത്തിന്നാധാരം. നാഴികമണിയുടെ സൂചികളില്‍ രണ്ടു ഭാരക്കട്ടികള്‍ തൂക്കിയിട്ടുണ്ട്. അതിനെ ക്ലോക്കിന്റെ പുറകില്‍ ഒരു ദണ്ഡുമായി ഘടിപ്പിച്ചു വച്ചിട്ടുണ്ട്. സൂചികള്‍ ഒരു വട്ടം ചുറ്റി വരുമ്പോള്‍ ഇതിലെ ഈ പ്രത്യേക ലിവര്‍ സംവിധാനം അനുസരിച്ച് ദണ്ഡ് ചലിക്കും, ഭാരമയയും. തല്‍ഫലമായി രണ്ടു മുട്ടനാടുകളും അടുത്തു വന്നു താടിരൂപത്തില്‍ ഇടിക്കും. ആദ്യകാലത്ത്, ഘടികാരത്തിന്റെ പ്രവര്‍ത്തനത്തിനുസൃതമായി ഓരോ മണിക്കൂര്‍ ഇടവിട്ട്‌ സമയക്ലിപ്തയോടെ മണിയടിക്കാന്‍ പ്രത്യേകം സേവകരെ ചട്ടം കെട്ടിയിരുന്നു. മണിഗോപുരത്തിന്റെ താഴെ നിലയില്‍ നിലയുറപ്പിച്ചിരുന്ന കൂറ്റന്‍ ലോഹമണിയില്‍ മുട്ടിയാണ് അന്ന് ലോകരെയവര്‍ സമയമറിയിച്ചിരുന്നത്.
മേത്തന്‍ അഥവാ മ്ലേച്ചന്‍ എന്നാ വാക്കില്‍ നിന്നാവണം മേത്തന്‍മണിയെന്ന പേരിന്റെ ഉത്ഭവം. സംസ്കൃതത്തില്‍ ഈ വാക്കിന് ആര്യനല്ലാത്തവന്‍, സാമ്പ്രദായിക ഹിന്ദു ആചാരങ്ങള്‍ പാലിക്കാത്തവന്‍, മത്സ്യമാംസാദികള്‍ ഭുജിക്കുന്നവന്‍ എന്നൊക്കെ വിവക്ഷ കാണുന്നുണ്ട്. ടിപ്പുവിനെ മേത്തനായി കണക്കാക്കിയിരുന്നതു കൊണ്ടാവണം ടിപ്പുവിന്മേലുള്ള വിജയത്തെ അനുസ്മരിപ്പിക്കുന്ന ഈ നാഴികമണിയെ മേത്തന്‍ മണി എന്ന പേരില്‍ വിളിച്ചു പോന്നത്.
വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും വാര്‍ദ്ധക്യത്തിന്റെ ബാലാരിഷ്ടതകളില്ലാതെ ഇന്നും ചുറുചുറുക്കോടെ ഓടിക്കൊണ്ടിരിക്കുന്നു; ഈ നാഴിക മണി. നഗരം വളര്‍ന്നു വലുതായിട്ടും ഇന്നും മേത്തന്‍ മണിയുടെ നാഴികമുട്ട് ഓരോ മണിക്കൂറിലും ഇടവിട്ട്‌ കേള്‍ക്കാന്‍ അനന്തപുരിയിലെ പഴമക്കാര്‍ കാതോര്‍ക്കാറുണ്ട്. അതെ, ആ ലോഹനാദം അവരുടെ ശീലത്തിന്റെ ഭാഗമായിരിക്കുന്നു.
കടപ്പാട്....

No comments:

Post a Comment