Sunday, May 03, 2020

കുഞ്ചുസ്വാമി - രമണ മഹർഷിയുടെ സഹായി

1920 മുതൽ 1932 വരെ രമണ മഹർഷിയുടെ സഹായിയായി പ്രവർത്തിച്ച വ്യക്തിയാണ് കുഞ്ചുസ്വാമി. അദ്ദേഹം ഈ സ്മരണ എഴുതുന്നത് 1977-ലാണ്.

തന്റെ ഗുരുവായ കുപ്പണ്ടി സ്വാമിയിൽ നിന്ന് രമണ മഹർഷിയുടെ മഹത്വം കേട്ടറിഞ്ഞതിന്റെ വെളിച്ചത്തിലാണ് കുഞ്ചുസ്വാമി ആദ്യമായി മഹർഷിയെ കാണാൻ എത്തുന്നത്. അഗാധമായ ജിജ്ഞാസയോടെ അദ്ദേഹം തന്റെ പാലക്കാട് ഉള്ള വീട്ടിൽ നിന്ന് 1920-ൽ മഹർഷിയെ കാണാൻ ഇറങ്ങിപ്പുറപ്പെട്ടു.

രമണ മഹർഷിയെ പോലെ ഒരു മഹത് വ്യക്തിയെ കാണാനുള്ള ആഗ്രഹത്തിൽ, വിശപ്പും ദാഹവും മറന്ന് ഞാൻ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്നു. 12 മണിക്കൂറുകളുടെ കാത്തിരിപ്പിന് ഒടുവിൽ തിരുവണ്ണാമലൈയിലേക്ക് നേരിട്ട് തീവണ്ടി ഇല്ല എന്ന് അറിഞ്ഞു. പകരം, തിരുവണ്ണാമലൈയിൽ നിന്ന് 50 കിലോമീറ്റർ വടക്ക് മാറി സ്ഥിതി ചെയ്യുന്ന "കാഡ്പ്പാടി" എന്ന സ്ഥലത്തേയ്ക്കാണ് ടിക്കറ്റ് എടുക്കേണ്ടതെന്നും അറിഞ്ഞു. പുലർച്ചെ 4 മണി ആയപ്പോൾ ഞാൻ കാഡ്പ്പാടിയിൽ എത്തി. അവിടെ നിന്ന് തിരുവണ്ണാമലൈയിലേക്ക് രാവിലെ 6:30 ന് ഒരു തീവണ്ടി ഉണ്ട്. അതിനുള്ള ടിക്കറ്റെടുക്കാൻ 6 മണിയോടെ ഞാൻ ചെന്നു. അപ്പോഴാണ് അറിയുന്നത് ആ വണ്ടി അന്ന് നേരത്തെ എത്തിയെന്നും, 5:30 ന് സ്റ്റേഷൻ വിട്ടെന്നും. തിരുവണ്ണാമലൈയിലേക്കുള്ള അടുത്ത വണ്ടി വൈകിട്ട് 6 മണിക്കേ ഉള്ളൂ. ഇത് കേട്ടപ്പോൾ എന്റെ തലചുറ്റാൻ തുടങ്ങി.

വൈകിട്ട് 5:30 ന് ടിക്കറ്റ് വാങ്ങാൻ ഞാൻ വീണ്ടും ചെന്നു. തിരുവണ്ണാമലൈയിലേക്കുള്ള ടിക്കറ്റ് കൊടുക്കുന്നില്ല എന്നാണ് അപ്പോൾ അറിയാൻ കഴിഞ്ഞത്. പ്രത്യേകിച്ച് കാരണമൊന്നും അവർ പറഞ്ഞില്ല. എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ, എനിക്ക് പോകേണ്ട സ്ഥലം മനസിലാക്കിയ ഒരു പ്രായമായ മനുഷ്യൻ എന്റെ അടുക്കൽ വന്ന് ഇങ്ങനെ പറഞ്ഞു: "തിരുവണ്ണാമലൈ മുഴുവൻ പ്ലേഗ് രോഗം പരന്നതിനാൽ, ടൗൺ മുഴുവൻ പൊലീസ് അടച്ചു. അതുകൊണ്ട്, അവിടെ തീവണ്ടി നിർത്തില്ല. അങ്ങോട്ട് പോകണമെങ്കിൽ, തൊട്ടടുത്തുള്ള സ്റ്റേഷനായ തിരുക്കോയിലൂരിലേക്ക് ടിക്കറ്റ് എടുക്കാം. തിരുവണ്ണാമലൈയിൽ കത്തുകൾ ഇറക്കാൻ വണ്ടി നിർത്തുമ്പോൾ, ആരും കാണാതെ നിങ്ങൾക്ക് അവിടെ ഇറങ്ങുകയും ചെയ്യാം."

അയാൾ പറഞ്ഞതനുസരിച്ച്, ഞാൻ തിരുക്കോയിലൂരിലേക്ക് ടിക്കറ്റ് ആവശ്യപ്പെട്ടു. എന്റെ കൈയ്യിൽ ഉണ്ടായിരുന്ന എല്ലാ നാണയങ്ങളും കൗണ്ടറിൽ ഏൽപ്പിച്ചു. പക്ഷേ, 25 പൈസയുടെ കുറവുണ്ടായിരുന്നു. ടിക്കറ്റിനുള്ള പണം തികയാതെ ഞാൻ അതീവ ദുഃഖിതനായി പ്ലാഗ്ഫോമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. തീവണ്ടി വരാൻ നിമിഷങ്ങൾ മാത്രം. എനിക്ക് മുമ്പിലുള്ള പാളത്തിനിടയിൽ 25 പൈസ കിടന്ന് തിളങ്ങുന്നത് യാദൃശ്ചികമായി എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ പാളത്തിൽ ചാടിയിറങ്ങി, നാണയത്തുട്ട് എടുത്ത്, കൗണ്ടറിലേക്ക് ഓടി. ടിക്കറ്റ് വാങ്ങിയതും, തീവണ്ടി സ്റ്റേഷനിൽ എത്തിയതും ഒരുമിച്ചായിരുന്നു.

തിരുവണ്ണാമലൈ സ്റ്റേഷൻ എത്തിയപ്പോൾ എന്റെ മുമ്പിലിരുന്ന ഒരു മനുഷ്യൻ അവിടെ ഇറങ്ങി, ഇരുട്ടിലൂടെ നടന്നകന്നു. ഞാനും അയാളെ പിന്തുടർന്നു. രാവിലെയുള്ള തീവണ്ടിയിൽ വന്നിരുന്നെങ്കിൽ, തനിക്ക് ഒരുപക്ഷേ പൊലീസിന്റെ കണ്ണിൽ പെടാതെ ആ സ്റ്റേഷനിൽ ഇറങ്ങാനാവുമായിരുന്നില്ല എന്ന് എനിക്ക് മനസിലായി. കുറേ ദൂരം ഞാൻ അയാളെ പിന്തുടന്നു. ഒടുവിൽ ഞങ്ങൾ ഇരുവരും ഒരു മണ്ഡപത്തിൽ എത്തി. അയാൾ വെറും തറയിൽ കിടന്ന് ഉറക്കത്തിലേക്ക് വീണു. ക്ഷീണിച്ചവശനായ ഞാനും താമസിയാതെ ഉറങ്ങി, എത്രയും യാത്ര ചെയ്തെത്തിയ സന്തോഷത്തോടെ. അടുത്ത ദിവസം രാവിലെ ഉറക്കമുണരുമ്പോൾ ആ മനുഷ്യനെ കണ്ടില്ല. മണ്ഡപത്തിന് മുമ്പിൽ അരുണാചലമാണെന്ന് മനസിലായി. വീട്ടിൽ നിന്ന് തിരിക്കുമ്പോൾ മനസിലാക്കിയ വിവരങ്ങൾ അനുസരിച്ച് ഞാൻ മഹർഷിയുടെ വസതിയായ സ്കന്ദാശ്രമത്തിൽ എത്തിച്ചേർന്നു.

മഹർഷിയെ കണ്ട മാത്രയിൽ എനിക്ക് രോമാഞ്ചമുണ്ടായി. എന്റെ ബാല്യത്തെ കുറിച്ചും, അനുഷ്ഠിച്ചുവന്ന ജപങ്ങളെ കുറിച്ചും, ആത്മീയ സംഭാഷണങ്ങളെ കുറിച്ചും ഞാൻ മലയാളത്തിൽ മഹർഷിയെ ഉണർത്തിച്ചു. അതെല്ലാം അദ്ദേഹം പുഞ്ചിരിയോടെ ശ്രവിച്ചു. എനിക്കുണ്ടായിരുന്ന ആശയക്കുഴപ്പങ്ങൾ മാറി, വ്യക്തത കൈവരിക്കാൻ എന്ത് ചെയ്യണമെന്ന് ഞാൻ മഹർഷിയോട് ചോദിച്ചു. അതിന് മഹർഷി പറഞ്ഞ മറുപടി ഇതായിരുന്നു: "ആദ്യം, നീ ആര് എന്ന് സ്വയം മനസിലാക്കണം. ചിന്തകൾ എവിടുന്ന് ഉടലെടുക്കുന്നുവെന്ന് കാണണം. മനസിനെ അന്തർമുഖമാക്കി, ഹൃദയത്തിൽ എന്താണെന്ന് നോക്കൂ." തുടർന്നുള്ള നിശബ്ദ നിമിഷങ്ങൾ മുഴുവൻ മഹർഷി എന്നെ നോക്കുകയായിരുന്നു. ആ നോട്ടത്തിൽ എന്റെ ആശയക്കുഴപ്പങ്ങൾ മുഴുവൻ നീങ്ങി; മുമ്പനുഭവിക്കാത്ത ഒരു സമാധാനവും ആനന്ദവും ഞാൻ അനുഭവിച്ചു.

ഞങ്ങൾ ഒരുമിച്ച് താമസിക്കുമ്പോൾ, മഹർഷി എന്നെ പലപ്പോഴും സൂഷ്മമായി നോക്കാറുണ്ട്. അപ്പോഴെല്ലാം, അദ്ദേഹത്തിന്റെ കണ്ണുകളിൽ അസ്വാഭാവിക തിളക്കവും, ആകർഷണീയതയും ഞാൻ കാണാറുണ്ട്. പ്രഭാപൂരിതമായിരുന്നു ആ കണ്ണുകൾ. അവ കാണുമ്പോൾ എന്നിൽ ശാന്തിയും ആനന്ദവും നിറയുമായിരുന്നു. ഈ അനുഭവത്തിന് ശേഷം എന്റെ ശരീരം കിടുകിടാന്ന് വിറച്ചു. മഹർഷിയോടൊപ്പം കഴിഞ്ഞ 18 ദിവസങ്ങളിലും ഇതാവർത്തിച്ചു.  ഉന്മത്തനായ ഒരു മനുഷ്യന്റെ ശരീരം പോലെയാണ് എന്റെ ശരീരവും വിറച്ചത്.

വീട്ടിൽ തിരിച്ചെത്തിയതോടെ, മഹർഷിയിൽ നിന്ന് ഞാൻ അനുഭവിച്ച ആ ധ്യാനാത്മകത പടിപടിയായി കുറഞ്ഞു. താമസിയാതെ, മുമ്പത്തെ പോലെ അസ്വസ്ഥനായ ഒരു വ്യക്തിയായി ഞാൻ മാറി. അതിനെ കുറിച്ച് ആലോചിച്ച് വിഷമിച്ചുകൊണ്ടിരിക്കുമ്പോൾ, രാമകൃഷ്ണ സ്വാമി എന്ന ഒരു സുഹൃത്ത് എന്നെ കാണാൻ വന്നു. മഹർഷിയെ കണ്ടിട്ടുള്ള അവനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് എന്നെ ധരിപ്പിച്ചു. ഈ സാഹചര്യത്തിൽ, വീട്ടിൽ കഴിയുന്നതിൽ അർത്ഥമില്ലെന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും തോന്നി. മഹർഷിയിൽ അഭയം പ്രാപിക്കാൻ ഞങ്ങൾ തീരുമാനിക്കുകയും, തിരുവണ്ണാമലൈയിൽ എത്തുകയും ചെയ്തു. ഒരു പണിയും ചെയ്യാതെ ആശ്രമത്തിലെ ഭക്ഷണം കഴിച്ച് അവിടെ കഴിയുന്നത് പാപമായതിനാൽ, ആശ്രമത്തിലെ ചില ജോലികൾ ഏറ്റെടുത്ത് ഞങ്ങൾ അവിടെ താമസമാക്കി.

മഹർഷിയിൽ നിന്ന് കിട്ടിയ ആത്മീയാനുഭവം വീട്ടിലെത്തിക്കഴിഞ്ഞപ്പോൾ എന്തുകൊണ്ട് അപ്രത്യക്ഷമായി എന്ന് ഞാൻ ഒരിക്കൽ മഹർഷിയോടെ ആരാഞ്ഞു. അപ്പോൾ, "കൈവല്യ നവനീതയിലെ" ആദ്യഭാഗത്തുള്ള 83 മുതൽ 93 വരെയുള്ള വരികൾ വായിക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. തുടർന്ന്, ആ ഭാഗം അദ്ദേഹം ചുരുക്കിപ്പറഞ്ഞു: "ഗുരുവിന്റെ സാന്നിധ്യത്തിൽ ഒരാൾക്ക് ആത്മാനുഭവം സാധ്യമാവാം. എന്നാൽ അത് നിലനിൽക്കണമെന്നില്ല. അറിയുന്നവനും, അറിയപ്പെടുന്നതും, അറിയുന്നതും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകുന്നത് വരെ ഒരു ശിഷ്യൻ പഠനം, ആലോചന, പരിശീലനം എന്നിവ തുടരണം."

സ്കന്ദാശ്രമത്തിൽ താമസം തുടങ്ങിയ ആദ്യ നാളുകളിൽ, മറ്റ് ഭക്തന്മാർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മഹർഷി നൽകുന്ന മറുപടികൾ കേൾക്കുമ്പോൾ എന്റെ സംശയങ്ങളും നീങ്ങുമായിരുന്നു. ആ മറുപടികളിലൂടെ മഹർഷി സംസാരിച്ച വിഷയങ്ങളുടെ വിവിധ പുതിയ മാനങ്ങൾ എനിക്ക് മനസിലാവുമായിരുന്നു.

ചിലപ്പോഴൊക്കെ, മഹർഷിയുടെ ശരീരം ഞൊടിയിടയിൽ അപ്രത്യക്ഷമാവാറുണ്ട്. ശരീരം കണങ്ങളായി ചിതറുന്നതും, പുക സമാനമായ ഒരു രൂപമായി പ്രത്യക്ഷപ്പെടുന്നതും, കണങ്ങളെല്ലാം കൂടിച്ചേർന്ന് പൊടിപടലങ്ങൾ കൊണ്ട് തീർത്ത ഒരു രൂപമാവുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഒടുവിൽ, അവയെല്ലാം മാറി സാധാരണ ശരീരമായി പ്രത്യക്ഷപ്പെട്ടിരുന്നു.

"ഉപദേശ സാരം" എന്ന കൃതി നാല് വ്യത്യസ്ത ഭാഷകളിൽ മഹർഷി എഴുതി. തെലുങ്ക്, സംസ്കൃതം എന്നീ ഭാഷകളിൽ ഉള്ളവ ഈരടികളായും, തമിഴിലുള്ളത് മൂന്ന് വരിയിലും, മലയാളത്തിലുള്ളത് നാല് വരി ശ്ലോകമായും അദ്ദേഹം എഴുതി. മലയാളത്തിൽ എഴുതിയ കൃതിയെ കുറിച്ചുള്ള അഭിപ്രായം അറിയാൻ ഞാൻ ഒരു മലയാളം പ്രൊഫസറിന്റെ അടുക്കൽ ചെന്നു. മലയാളം മാതൃഭാഷ അല്ലാത്ത ഒരു എഴുത്തുകാരൻ ആ ഭാഷയിൽ നേടിയെടുത്ത ഭാഷാശുദ്ധി കണ്ട് മലയാളം അദ്ധ്യാപകൻ ആശ്ചര്യപ്പെട്ടു.

മഹർഷിയുടെ മഹത്വം വളരെ മുമ്പേ തന്നെ തിരിച്ചറിഞ്ഞ ഒരു വ്യക്തിയാണ് കവിയും പണ്ഡിതനുമായ അച്ച്യുതദാസർ. 1890-കളിൽ മഹർഷി ഗുരുമുർട്ടത്ത് താമസിക്കുമ്പോൾ, അദ്ദേഹം മഹർഷിയെ കാണാൻ പോയി. കുറച്ച് നേരത്തെ ഭജനയ്ക്ക് ശേഷം അദ്ദേഹം മഹർഷിയുടെ അടുത്ത് ഇരുന്നു. പിന്നെ, അവിടുത്തെ പാദത്തിലും കൈകളിലും തൊട്ടു. ആ മാത്രയിൽ, സ്വർഗീയമായ പരമാനന്ദം അയാൾ അനുഭവിച്ചു. അച്ച്യുതദാസരുടെ ശിഷ്യന്മാർ മഹർഷിയെ തൊടാൻ സമീപിച്ചപ്പോൾ അവരെ തടഞ്ഞുകൊണ്ട് അച്ച്യുതദാസർ ഇങ്ങനെ പറഞ്ഞു: "ഇതൊരു വലിയ എരിതീ ആണ്. അതിന്റെ അടുക്കൽ പ്രവേശിക്കാൻ നിങ്ങൾക്കാർക്കും സാധ്യമല്ല."

കട്ടിലിൽ നീണ്ട് നിവർന്ന് കിടന്ന് ഉറങ്ങുന്ന മഹർഷിയെ ആശ്രമത്തിൽ ആരും കണ്ടിട്ടില്ല. മറ്റുള്ളവരെ പോലെ, തലയിണ തലയിൽ വച്ചും അദ്ദേഹം ഉറങ്ങാറില്ല. തലയിണ മുതുകത്ത് വച്ച്, അട്ട പോലെ ചുരുണ്ട്, ഇരുന്നാണ് അദ്ദേഹം ഉറങ്ങിയിരുന്നത്. ചില സമയങ്ങളിൽ കൈകൊണ്ട് തല താങ്ങിക്കൊണ്ടാവും അദ്ദേഹം ഉറങ്ങുന്നുണ്ടാവുക.

മഹർഷിയുടെ ശിരസ് എപ്പോഴും വിറച്ചുകൊണ്ടിരുന്നു. ഊന്നുവടി കൂടാതെ അദ്ദേഹത്തിന് നടക്കാനോ എഴുന്നേറ്റ് നിൽക്കാനോ സാധിക്കുമായിരുന്നില്ല. പ്രായമായിരുന്നില്ല കാരണം. തുടക്കം മുതലേ ഈ രണ്ട് പ്രശ്നങ്ങളും അദ്ദേഹത്തോടൊപ്പം ഉണ്ട്. മധുരൈയിൽ വച്ചുണ്ടായ ആത്മാനുഭൂതി ശരീരത്തിന് ഏല്പിച്ച ആഘാതമാണ് ഈ ബുദ്ധിമുട്ടുകൾക്ക് പിന്നിലെന്ന് അറിഞ്ഞു. അതിനെ കുറിച്ച് ഒരിക്കൽ ചോദിച്ചപ്പോൾ മഹർഷി പറഞ്ഞു: "ചെറിയൊരു കുടിലിൽ കൊമ്പനാനയെ തളച്ചാൽ എന്താവും സ്ഥിതി? അത് തകർന്ന് പോവില്ലേ? എന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്."

അരുണാചലേശ്വര ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന ഒരു വൃദ്ധയും കുറേ മുതിർന്ന ആളുകളും രാവിലെ മഹർഷിയെ ദർശിച്ചതിന് ശേഷമേ പ്രാതൽ കഴിക്കൂ എന്ന നിശ്ചയം എടുത്തിരുന്നു. ഒരു ദിവസം അവരിൽ ഒരു ഭക്തയ്ക്ക് ആശ്രമത്തിൽ എത്താൻ കഴിഞ്ഞില്ല. എന്താണ് വരാത്തത് എന്ന് മഹർഷി അടുത്ത ദിവസം അവരോട് ആരാഞ്ഞു. അവർ പറഞ്ഞു: "എന്റെ ആരോഗ്യപ്രശ്നം കാരണം വരാനായില്ലെങ്കിലും, അങ്ങ് എന്റെ വീട്ടിനടുത്ത് വച്ച് ദർശനം തന്നിരുന്നുവല്ലോ! അങ്ങ് ആശ്രമത്തിന് പുറത്തുള്ള കല്ലിലിരുന്ന് പല്ല് തേയ്ക്കുന്നത് ഞാൻ വീട്ടിലിരുന്ന് ദർശിച്ചു. ഇനിയെനിക്ക് എല്ലാ ദിവസവും ഈ മല കയറാൻ പറ്റില്ല. ഇനിമുതൽ ഞാൻ അങ്ങയെ എന്റെ വീട്ടിലിരുന്ന് കണ്ടുകൊള്ളാം." അന്ന് മുതൽ മഹർഷി എല്ലാ ദിവസവും ആ കല്ലിലിരുന്ന് പല്ല് തേയ്ക്കുക പതിവാക്കി. കാലാവസ്ഥ മോശമാണെങ്കിലും ആ പതിവ് തുടർന്നു. മഹർഷിയെ ദിവസവും ദർശിക്കണമെന്ന് ആഗ്രഹിച്ചിരുന്ന, എന്നാൽ മല കയറാൻ പറ്റാത്ത അനേകം മുതിർന്നവർക്ക് ഇത് സന്തോഷം നൽകി.

അബ്രാഹ്മണർ പാചകം ചെയ്ത ഭക്ഷണം ബ്രാഹ്മണർ കഴിക്കാത്തതിനാൽ, ആശ്രമത്തിലെ കുശിനിയിൽ പാചകത്തിന് നിൽക്കാൻ ബ്രാഹ്മണർക്ക് മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. മഹർഷി ഇത് അനുവദിച്ചത് അദ്ദേഹം ഒരു യാഥാസ്ഥിതിക ചിന്താഗതിക്കാരൻ ആയത് കൊണ്ട് ആയിരുന്നില്ല. മറിച്ച്, ആശ്രമത്തിൽ താമസിച്ചിരുന്ന അനവധി ബ്രാഹ്മണർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ അദ്ദേഹം ആഗ്രഹിച്ചു.

ഒരു ദിവസം, കേരളത്തിലെ എന്റെ വീട്ടിലേക്ക് പോകേണ്ട ഒരു അത്യാവശ്യം ഉണ്ടായി. തീവണ്ടിക്കുള്ള പണമേ എന്റെ കൈയ്യിൽ ഉണ്ടായിരുന്നുള്ളൂ. വഴിച്ചിലവിനോ ഭക്ഷണത്തിനോ ഉള്ള പണം ഇല്ലായിരുന്നു. അതേ ദിവസം ഉച്ചതിരിഞ്ഞ്, യാദൃശ്ചികമായി ഒരു ഭക്തൻ ആശ്രമത്തിലുള്ളവർക്ക് കഴിക്കാൻ ആവശ്യത്തിലധികം പൂരിയുമായി എത്തി. പൊതുവേ രണ്ട് പൂരി മാത്രം എടുക്കാറുള്ള മഹർഷി അന്ന് ആറ് പൂരികൾ വാങ്ങി. ഇത് കണ്ട് ഞങ്ങൾ നെറ്റിചുളിച്ചു. അതിൽ ഒരെണ്ണം മാത്രം കഴിച്ചിട്ട്, ബാക്കിയുള്ളവ നന്നായി പൊതിഞ്ഞ് മഹർഷി എന്നെ ഏൽപ്പിച്ചു. മഹർഷി പ്രദർശിപ്പിച്ച ഈ കരുതൽ ഞങ്ങളുടെ ഹൃദയങ്ങളെ സ്പർശിച്ചു.

മഹർഷി ഞങ്ങൾക്ക് പതിവായി വ്യക്തിപരമായ നിർദ്ദേശങ്ങൾ നൽകുമായിരുന്നു. എല്ലാ ദിവസവും ഉറങ്ങുന്നതിന് മുമ്പ് ധ്യാനാത്മമായ ഒരവസ്ഥയിൽ എത്തിയിട്ട് വേണം കിടക്കാൻ എന്നുള്ളതാണ് അതിൽ ഒന്ന്. ഉണർന്ന ഉടനെയും ധ്യാനിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

1932-ൽ, പന്ത്രണ്ട് വർഷത്തെ പരിചരണത്തിന് ഒടുവിൽ, ജീവിതം പൂർണ്ണമായും സാധനയ്ക്കായി മാറ്റി വയ്ക്കാൻ ഞാൻ ആഗ്രഹിച്ചു. ഇക്കാര്യത്തെ കുറിച്ച് ഞാൻ മഹർഷിയുമായി കുറച്ച് നാളുകളായി സംസാരിച്ചെങ്കിലും, ഉത്തരം വന്നത് അസാധാരണമായ രീതിയിലാണ്. ഞാനൊരു ദിവസം ഹാളിൽ പ്രവേശിച്ചപ്പോൾ, അവിടെ കൂടിയിരുന്നവരോട് മഹർഷി ഇങ്ങനെ പറഞ്ഞു: യഥാർത്ഥ സേവനം എന്നത് ശാരീരിക ആവശ്യങ്ങൾ നിറവേറ്റുന്നത് അല്ല. മറിച്ച്, എന്റെ ഉപദേശങ്ങളുടെ അന്തസത്ത മനസിലാക്കി, അത് പ്രാവർത്തികമാക്കി, ആത്മനിലേക്ക് അടുക്കാൻ ശ്രമിക്കുന്നതാണ്. മഹർഷിയുടെ ഈ പ്രസ്ഥാവന എന്റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു. തുടർന്ന്, ഞാൻ പലക്കൂട്ട് എനിക്കൊരു സ്ഥലത്തുള്ള ഒറ്റ മുറിയിൽ താമസം മാറ്റുകയും തപസ് അനുഷ്ഠിക്കാൻ തുടങ്ങുകയും ചെയ്തു. ഒപ്പം, മഹർഷിയുമായുള്ള നിരന്തര സംമ്പർക്കം തുടർന്നുവന്നു.

കടപ്പാട്

No comments:

Post a Comment