Sunday, May 03, 2020

പ്രകാശഗോപുരങ്ങൾ :-
         
                  വിദുര നീതി

                    ( തുടർച്ച)
                   
                      ഭാഗം - 3

വിദുരൻ യമധർമ്മൻ്റെ പുനർജന്മമാണെന്ന് പറയപ്പെടുന്നു.മാണ്ഡവ്യൻ തേജസ്വിയായ ഒരു ഋഷിയായിരുന്നു. ഒരിക്കൽ കുറെ കള്ളന്മാർ രാജകൊട്ടാരം കവർച്ച ചെയ്തു സ്വർണ്ണാഭരണങ്ങൾ എടുത്തു വെളിയിലിറങ്ങിയപ്പോൾ രാജ കിങ്കരന്മാർ അറിഞ്ഞു. പക്ഷെ കള്ളന്മാർ ഓടി തപസ്സുചെയ്തിരുന്ന മഹർഷിയുടെ സമീപം സ്വർണ്ണാഭരണങ്ങൾ ഉപേക്ഷിച്ച ശേഷം ഓടിയൊളിച്ചു. പക്ഷെ രാജഭടന്മാർ കള്ളന്മാരെ പിടികൂടി.അവർ പറഞ്ഞതനുസരിച്ച് മഹർഷിയുടെയടുത്തെത്തി. തൊണ്ടിമുതൽ എടുത്തു ധ്യാനനിരതനായ മുനിയെ ഉണർത്തി. ചോദിച്ച ചോദ്യങ്ങൾക്കൊന്നും ശരിയായ മറുപടിപറയാൻ കഴിയാതിരുന്നതിനെത്തുടർന്ന് അവർ മാണ്ഡവ്യ മഹർഷിയേയും തസ്ക്കരന്മാരേയും രാജസന്നിധിയിൽ എത്തിച്ച് വിവരം പറഞ്ഞു. രാജാവ് അവരെ എല്ലാവരേയും അടുത്തടുത്തായിത്തന്നെ ശൂലത്തിൽ തറയ്ക്കാൻ ഉത്തരവായി.എന്നാൽ ഏറെ നാൾ കഴിഞ്ഞിട്ടും മഹർഷി മരിക്കാതിരുന്നപ്പോൾ രാജാവിന് പരിഭ്രമമായി. അദ്ദേഹം വേഗം മഹർഷിയുടെ സവിധത്തിലെത്തി ശൂലത്തിൽ നിന്നും മഹർഷിയെ ഇറക്കി പാദത്തിൽ വീണ് മാപ്പപേക്ഷിച്ചു.

മഹർഷി നേരേ യമധർമ്മസവിധത്തിലെത്തി. തനിക്കിത്ര കടുത്ത ശിക്ഷ വിധിക്കാൻ തക്കവണ്ണം താനെന്തു തെറ്റാണ് ചെയ്തതെന്ന് ആരാഞ്ഞു. അപ്പോൾ യമധർമ്മൻപറഞ്ഞു: "മാണ്ഡവ്യൻകുട്ടിക്കാലത്ത് ,പറന്നു കളിക്കുന്ന തുമ്പികളെപ്പിടിച്ച് ഈർക്കിലിയിൽ കോർത്തു രസിക്കുമായിരുന്നു. അതിൻ്റെ ശിക്ഷയായിട്ടാണ് ഈ അനുഭവം ഉണ്ടായത്.

മാണ്ഡുവിന് ദേഷ്യം വന്നു. ശൈവ കാലത്ത് അറിവില്ലാതിരുന്നപ്പോൾ ചെയ്തു പോയ തെറ്റിന് ഇത്ര കടുത്ത ശിക്ഷ നൽകിയത് ധർമ്മമല്ല. അതിനാൽ നീ കുറെക്കാലം മനുഷ്യനായി ഭൂമിയിൽ ജീവിക്കുവാൻ ഇടവരട്ടെ എന്ന് ശപിച്ചു.അങ്ങനെ യമധർമ്മൻ്റെ മനുഷ്യജന്മമാണ് വ്യാസമുനിക്ക് സത്യവതിയുടെ ദാസിയിൽ ജനിച്ച വിദുരൻ.

   ഗുണപാഠം:-

1 -കുട്ടിക്കാലത്ത് അറിവില്ലാത്ത പ്രായത്തിൽ ചെയ്യുന്ന തെറ്റുകൾക്കു പോലും വലിയ ശിക്ഷ അനുഭവിക്കേണ്ടി വരും.

2 - വിദുരരുടെ ഈ തത്വോപദേശങ്ങളെല്ലാം ആധുനിക മനുഷ്യനുവേണ്ടിതന്നെയുള്ളതാണ്. ഇതിലെ രാജാവായ ധൃതരാഷ്ട്രർ അന്ധരായ നമ്മുടെയെല്ലാം പ്രതീകമാണ്. ജീവിത ,കുടുംബ ,ഔദ്യോഗിക രാഷ്ട്രീയ മാനേജർമാരായ നമുക്കാണ് വിദുരർ ഈസന്ദേശങ്ങൾ നൽകുന്നതെന്നറിഞ്ഞു പ്രവർത്തിക്കുക. ജീവിതം സംതൃപ്തമാകുവാനുള്ള അനവധി സന്ദേശങ്ങളിൽ ചിലതെങ്കിലും നമുക്ക് ഉപകരിക്കും. ജീവിതത്തിൻ്റെ അവസാനനാളുകളിൽ സമാധാന ജീവിതം നയിക്കത്തക്കവിധം സൽപ്രവൃത്തികളിൽ നിരാതനാവുക.

                    (തുടരും)

         പി.എം.എൻ.നമ്പൂതിരി.

No comments:

Post a Comment