Saturday, May 09, 2020

മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി എന്നു പറയപ്പെടുന്നു 'കൽക്കി' എന്ന വാക്കിനർത്ഥം 'അനശ്വരത','വെളുത്ത കുതിര' എന്നൊക്കെയാണ്. 'മാലിന്യത്തെ അകറ്റുന്നവൻ' എന്നർത്ഥമുള്ള 'കൽക' എന്ന സംസ്കൃത ധാതുവിൽ നിന്നാണ് കൽക്കി എന്ന വാക്കുണ്ടായതെന്നു കരുതുന്നു.കലിയുഗാന്ത്യത്തിൽ ഭഗവാൻ മഹാവിഷ്ണു കൽക്കിയെന്ന അവതാരമെടുക്കുമെന്ന് പല പുരാണങ്ങളും പ്രവചിക്കുന്നു.വിഷ്ണുവിൻറെ ഒമ്പതാമത്തെ അവതാരമായ ശ്രീ കൃഷ്ണൻ ഇഹലോകവാസം വെടിഞ്ഞതോടെ കലിയുഗം ആരംഭിച്ചു. കലിയുഗത്തിൽ ധർമ്മം ക്ഷയിക്കുകയും അധർമ്മത്തിന് ഉയർച്ചയുണ്ടാകുകയും ചെയ്യും. മനുഷ്യർ സത്യവും ധർമ്മവും ഉപേക്ഷിച്ച് അധാർമ്മികമായ ജീവിതം നയിക്കും. ഭരണാധികാരികളുടെ ലക്ഷ്യം പണം മാത്രമാകും. ക്ഷാമം, സാംക്രമിക രോഗങ്ങൾ, വരൾച്ച, കൊടുങ്കാറ്റ് എന്നിവയാൽ ജനം കഷ്ടപ്പെടും. അങ്ങനെ കാലദോഷത്തിൻറെ പാരമ്യത്തിൽ ധർമ്മം പുനസ്ഥാപിക്കുവാനായി ഭഗവാൻ വിഷ്ണു  കൽക്കിയായി ജനിക്കും.ദുഷ്ടൻമാരെ നിഗ്രഹിച്ച് വർണ്ണാശ്രമ ധർമ്മങ്ങളും (ബ്രാഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം) പുരുഷാർത്ഥങ്ങളും (ധർമ്മം, അർത്ഥം, കാമം, മോക്ഷം) പുനഃസ്ഥാപിക്കും. അതോടെ കലിയുഗം അവസാനിക്കുകയും ധാർമ്മികതയുടെയും പവിത്രതയുടെയും സത്യയുഗം (കൃതയുഗം) ആരംഭിക്കുകയും ചെയ്യും.ഒടുവിൽ അവതാര ലക്ഷ്യം പൂർത്തിയാക്കി കൽക്കി വിഷ്ണുവിൽ ലയിക്കും.ഭാഗവതപുരാണം,വിഷ്ണു പുരാണം,അഗ്നിപുരാണം,പത്മപുരാണം,കൽക്കിപുരാണം,ഭവിഷ്യപുരാണം,ഗരുഡപുരാണം എന്നിവയിലെല്ലാം കൽക്കിയെക്കുറിച്ചു പറയുന്നുണ്ട്. കൽക്കിയെക്കുറിച്ചുള്ള ആദ്യ പരാമർശം വിഷ്ണുപുരാണത്തിലാണ്. അഗ്നിപുരാണത്തിൽ കൽക്കിയെക്കുറിച്ചും കലിയുഗാന്ത്യത്തെക്കുറിച്ചും പറയുന്നുണ്ട്. ഗരുഡപുരാണത്തിൽ കൽക്കി വിഷ്ണുവിൻറെ പത്താമത്തെ അവതാരം തന്നെയെന്നു പറയുന്നുണ്ട്‌. കൽക്കിപുരാണത്തിലാണ് കൂടുതൽ വിശദാംശങ്ങളുള്ളത്.

കൽകി പുരാണം: അഗസ്ത്യനും വിശ്വാമിത്രനും എഴുതിയത്
കലിയുഗാന്ത്യത്തിൽ മഹാവിഷ്ണു ശംഭലമെന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്മണകുടുംബത്തിൽ വിഷ്ണുഭക്തനായ വിഷ്ണുയശൻറെയും സുമതിയുടെയും പുത്രനായി കൽക്കിയെന്ന പേരിൽ ജനിക്കും. -ഭാഗവത പുരാണം.

ധനുമാസത്തിലെ കൃഷ്ണപക്ഷത്തിൽ അഷ്ടമി നാളിലാണ്(പൗർണമി കഴിഞ്ഞ് എട്ടാം നാൾ) കൽക്കിയുടെ ജനനം. -ഭവിഷ്യത് പുരാണം.

ജാതകപ്രകാരം കൽക്കി അതിശക്തനും സമ്പന്നനുമായിരിക്കും.ദ്രുതഗതിയിൽ ചിന്തിക്കുന്നവനും പ്രവർത്തിക്കുന്നവനുമായിരിക്കും.എപ്പോഴും ജയിക്കുന്നവനും ധർമ്മിഷ്ടനുമായിരിക്കും. -കൽക്കി പുരാണം.

കൽക്കിയുടെ ആദ്ധ്യാത്മിക ഗുരു യജ്ഞവാൽക്യനായിരിക്കും.വിഷ്ണുവിൻറെ ആറാമത്തെ അവതാരമായ പരശുരാമൻ ചിരഞ്ജീവിയാണ്.(അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നുംകൽക്കിയുടെ വരവിനായി കാത്തിരിക്കുകയാണെന്നുംകരുതപ്പെടുന്നു.).കൽക്കിയെ ആയോധന വിദ്യകൾ അഭ്യസിപ്പിക്കുന്നത് പരശുരാമൻ ആയിരിക്കും. -അഗ്നിപുരാണം.

ലക്ഷ്മി ദേവിയുടെ അവതാരമായ പത്മയായിരിക്കും കൽക്കിയുടെ ഭാര്യ.കലിയുഗത്തിൽ മനുഷ്യർ ദൈവത്തെ വിസ്മരിച്ച് യാഗങ്ങളും യജ്ഞങ്ങളും അവസാനിപ്പിക്കും.എങ്ങുംഅധർമ്മം മാത്രമാകും.'ദേവദത്ത' എന്ന വെളുത്ത കുതിരയാണ് കൽക്കിയുടെ വാഹനം.ഈ കുതിരയ്ക്ക് ചിറകുകളുണ്ട്.ദേവദത്തയുടെ പുറത്തിരുന്ന് കത്തിജ്ജ്വക്കുന്ന വാളുമായി ഭഗവാൻ കൽക്കി ഈ ലോകത്തെ ദുഷ്ടജനങ്ങളെ നിഗ്രഹിക്കും. -കൽക്കി പുരാണം.

സജ്ജനങ്ങളുടെ ദീർഘകാലമായുള്ള കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ദുഷ്ടൻമാരെയെല്ലാം നിഗ്രഹിച്ച് കൽക്കി കലിയുഗത്തിന് അന്ത്യം കുറിക്കും.എന്നിട്ട് സജ്ജനങ്ങൾക്ക് പരമമായ സത്യമുപദേശിച്ചുകൊടുക്കുകയും സത്യയുഗത്തിന് ആരംഭം കുറിക്കുകയും ചെയ്യും. -
പത്മപുരാണം🙏

No comments:

Post a Comment