Saturday, May 09, 2020

വോൾട്ടർ കിയേഴ്സ് - മിസ്റ്റിക്, ആത്മീയ പ്രഭാഷകൻ, എഴുത്തുകാരൻ

രമണ മഹർഷിയുടെ ജീവിത സായാഹ്നത്തിൽ തിരുവണ്ണാമലൈയിൽ എത്തിച്ചേർന്ന ഡച്ചുകാരനാണ് വോൾട്ടർ കിയേഴ്സ്. 1923-ൽ നെതൽലാൻഡിൽ ജനിച്ചു. ക്രിസ്ത്യൻ വൈദീകർ ധാരാളം ഉണ്ടായിരുന്ന, മതകാര്യങ്ങൾക്ക് വളരെ പ്രാധാന്യം കൊടുത്തിരുന്ന ഒരു കുടുംബ പശ്ചാത്തലം. എങ്കിലും, ജീവിതം സന്തുഷ്ടരഹിതമായിരുന്നു.

അങ്ങനെയിരിക്കുമ്പോൾ, പോൾ ബ്രാൻഡൻ എഴുതിയ The Secret Path എന്ന പുസ്തകം വായിക്കാൻ ഇടയായി. ഇന്ത്യയിൽ ജീവിച്ച രമണ മഹർഷി എന്ന ഋഷിവര്യനെ പരിചയപ്പെട്ടു. ആ പുസ്തകത്തിൽ മഹർഷിയുടെ ഒരു ചിത്രം ഉണ്ടായിരുന്നു. അത് മുന്നിൽ വച്ച് പ്രാർത്ഥിച്ചു. 1950-ൽ ഇന്ത്യയിലേക്ക് പോകാൻ തീരുമാനിച്ചു.

ബോംബെയിലെ റോഡ മാക്ലവർ എന്ന ഭക്ത വോൾട്ടറിനെ രമണാശ്രമത്തിൽ കൊണ്ടുപോയി, മഹർഷിയെ കാണിച്ചുകൊടുത്തു. "ആ മാത്രയിൽ, ആദ്യമായി ദിവ്യത്വം മുഖാഭിമുഖം കണ്ട എൻ്റെ ശരീരം കിടുകിടാന്ന് വിറച്ചു. എന്നിലേക്കുള്ള മഹർഷിയുടെ ശ്രദ്ധ പോലും എൻ്റെ ശരീരത്തിന് താങ്ങാൻ കഴിഞ്ഞില്ല. മനുഷ്യരൂപം പ്രാപിച്ച ഈശ്വരൻ മുന്നിലുള്ളത് പോലെ..."

"മനുഷ്യരൂപമെടുത്ത ദൈവത്തെ കുറിച്ച് കുട്ടിക്കാലത്ത് ഞാനും വിശ്വസിച്ചിരുന്നു. വളർന്നപ്പോൾ എല്ലാം ഉപേക്ഷിച്ചു. എന്തും വിശ്വസിക്കുന്ന കുട്ടികൾക്ക് മുതിർന്നവർ പറഞ്ഞുകൊടുക്കുന്ന യക്ഷിക്കഥകൾ എന്ന് ഞാൻ കരുതി. പക്ഷേ ഇന്ന്..., അങ്ങനെയൊരു യക്ഷിക്കഥ യാഥാർത്ഥ്യമായി. കണ്മുമ്പിൽ ഇതാ പ്രകാശം, മനുഷ്യരൂപത്തിൽ! സ്വന്തം അസ്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ഈശ്വരനിതാ... തുളച്ചുകയറുന്ന പ്രകാശമായി, എൻ്റെ മുമ്പിൽ!"

ആദ്യ ദർശനത്തിലുണ്ടായ അനുഭവത്തെ കുറിച്ച് കൂടുതൽ ആലോചിക്കാൻ സമയം കിട്ടിയപ്പോൾ, ഞാൻ റോഡയോട് ചോദിച്ചു. അവൾ ചിരിച്ചു. മഹർഷിയെ കാണുന്ന എല്ലാവർക്കും ഇത്തരം അനുഭവം ഉണ്ടാകാറുണ്ടെത്രേ. സോഫയിൽ ഇരിക്കുന്ന ഒരു സാധാരണ വൃദ്ധൻ. പൊതുജനത്തിന് അങ്ങനെയാണ് തോന്നാറ്. എന്നാൽ, ഒരാളെ സ്പർശിക്കാൻ അദ്ദേഹം ഇശ്ചിക്കുന്ന പക്ഷം, നിനക്കുണ്ടായത് പോലെ അനുഭവങ്ങൾ ഒരാൾക്ക് സാധ്യമാവുന്നു, അവൾ പറഞ്ഞു.

ആ ദിവസങ്ങളിൽ, എത്ര നേരം വേണമെങ്കിലും ആ സന്നിധിയിൽ ഏകാഗ്രനായി ഇരിക്കാൻ എനിക്ക് സാധിച്ചു. ചിന്തകളോ പ്രശ്നങ്ങളോ അലട്ടാതെ. അവിടുത്തെ സാന്നിധ്യത്തിൽ അവ എരിഞ്ഞ് ഇല്ലാതെയായി. പക്ഷേ, പതിയെ സ്ഥിതി മാറാൻ തുടങ്ങി. കുറേ മണിക്കൂർ മുറിയിൽ ഒറ്റയ്ക്കിരുന്ന് കഴിയുമ്പോൾ, ചിന്തകൾ പൂർവാധികം ശക്തിയോടെ തിരികെയെത്തി. എല്ലാം താൽക്കാലികമാണല്ലോ എന്ന സത്യം എന്നെ നൊമ്പരപ്പെടുത്തി. ഈയൊരു ദുരവസ്ഥ മഹർഷിയുടെ മുന്നിൽ അവതരിപ്പിക്കണം. ഞാൻ കരുതി. സന്തോഷങ്ങൾ എനിക്ക് വേണ്ട; മനസിൻ്റെ നൂലാമാലകളിൽ നിന്ന് നിരന്തരമായ മോക്ഷം. അത് മാത്രം മതി.

അതേ ദിവസം, മഹർഷിയുടെ മുന്നിലൂടെ ഞാൻ നടന്നുപോവുമ്പോൾ ഒരു ചെറുപുഞ്ചിരി അദ്ദേഹത്തിൻ്റെ അധരങ്ങളിൽ വിടർന്നു. ഞാൻ വന്നതിൻ്റെ ഉദ്ദേശം അദ്ദേഹത്തിന് മനസിലായോ? അവിടെ ഉണ്ടായിരുന്ന ജനാവലിയിൽ ഞാനും ഇരുന്നു. പക്ഷേ, പല ചിന്തകൾ എന്നെ അലട്ടാൻ തുടങ്ങി. അങ്ങയുടെ സവിധത്തിൽ എത്തിയിട്ടും എൻ്റെ മാനസിക പ്രശ്നങ്ങൾ മാറുന്നില്ലെങ്കിൽ എന്ത് കഷ്ടമാണത്? ഇങ്ങനെ പോയാൽ, ഞാനിവിടം വിട്ടുകഴിയുമ്പോൾ, എൻ്റെ അവസ്ഥ എന്തായിരിക്കും? ഇക്കാര്യം മുമ്പിൽ വച്ച്, ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. പക്ഷേ, മഹർഷി എന്നെ ശ്രദ്ധിക്കുന്നില്ല. ആശ്രമ ദിനചര്യകളിൽ അദ്ദേഹം മുഴുകി. ഞാൻ നിരാശനായി. മനസിനെ ഏകാഗ്രമാക്കാൻ വീണ്ടും വീണ്ടും ശ്രമിച്ചു. എന്നോടുള്ള അദ്ദേഹത്തിൻ്റെ അനാസ്ഥ എന്നെ ശല്യപ്പെടുത്തി. ആ ചിന്തകളെ വിരട്ടിയോടിക്കാൻ ഞാൻ വിഷമിച്ചു. "എനിക്കൊരു ഉത്തരം വേണം", "എനിക്കൊരു ഉത്തരം വേണം"... ഞാൻ ആവർത്തിച്ചുകൊണ്ടിരുന്നു.

ഒടുവിൽ, എൻ്റെ പിടിവാശിക്ക് ഫലമുണ്ടായി. മഹർഷി എൻ്റെ നേരെ തിരിഞ്ഞ് പുഞ്ചിരിച്ചു. പെട്ടെന്ന് ആ മുഖഭാവം മാറി. "നീ നിൻ്റെ കണ്ണട അന്വേഷിക്കുന്നു. അത് നിൻ്റെ മൂക്കിൽ തന്നെയുണ്ട്." ഞാൻ അദ്ദേഹത്തെ സൂക്ഷിച്ച് നോക്കി. ആ ചുണ്ടുകൾ അനങ്ങിയിട്ടില്ല; പക്ഷേ ആ വാക്കുകൾ അവിശ്വസനീയമായ വ്യക്തതയോടെ എന്നിൽ പതിഞ്ഞു. സംശയങ്ങൾ ഇല്ല. അനുമാനങ്ങൾ ഇല്ല. സങ്കൽപ്പമില്ല. മഹർഷി എന്നെ നോക്കുന്നത് തുടർന്നു. ഒരു മറുപടി എന്നിൽ നിന്ന് അദ്ദേഹം പ്രതീക്ഷിച്ചോ? എനിക്ക് അറിയില്ല.

നിമിഷത്തിനുള്ളിൽ, മഹർഷിയെയും എന്നെയും വ്യത്യസ്തരാക്കിയ സർവ്വവും ഭസ്മമാക്കുന്ന വലിയൊരു അഗ്നിഗോളം ആ നോട്ടത്തിൽ രൂപാന്തരപ്പെട്ടു. അതിൻ്റെ ചൂടിൽ..., ഹൃദയം തീ പിടിച്ചത് പോലെ. പ്രകമ്പനം കൊള്ളുന്ന ഒരു തീഗോളം. ഈ അനുഭവത്തിനിടയിലും, ഞാൻ ഇമവെട്ടാതെ അദ്ദേഹത്തെ നോക്കുന്നുണ്ടായിരുന്നു. സമയവും ദൂരവും നിരർത്ഥകമായ ഏതോ നിമിഷത്തിൽ ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി. ഉള്ളിലെരിയുന്ന അഗ്നിഗോളം പൊട്ടിത്തെറിക്കാൻ പോവുന്നത് പോലെ. എൻ്റെ ശരീരത്തിന് അത് താങ്ങാൻ കഴിയില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. "എന്നെ വിടൂ..." ഞാൻ മഹർഷിയോട് പറഞ്ഞു.

ഞാൻ തേടിയത് എനിക്ക് കിട്ടി. അകത്തും പുറത്തും സംഭവിച്ച പൂർണ്ണമായ പരിവര്‍ത്തനം. ഒരു വാക്ക് പോലും ഉരിയാടാതെ, എല്ലാം വളരെ പെട്ടെന്ന് സംഭവിച്ചു. ആ മൗനം ആയിരം വാക്കുകൾക്ക് സമം. ഉത്തരം തേടി വന്ന മറ്റുള്ളവർക്ക് സ്ഥാനം ഒഴിഞ്ഞുകൊടുത്ത്, ആ ജനക്കൂട്ടത്തിൽ നിന്ന് ഞാൻ പിൻവാങ്ങി. രണ്ട് മാസം നീണ്ട എൻ്റെ സന്ദർശനം കഴിഞ്ഞ്, ബോംബെയിലെ സുഹൃത്തിൻ്റെ ഫ്ലാറ്റിൽ ഇരിക്കുമ്പോൾ എനിക്ക് സംഭവിച്ച മാറ്റങ്ങൾ ശ്രദ്ധിച്ച് ഞാൻ അത്ഭുതപ്പെട്ടു. എന്തോ ഒന്ന് എൻ്റെ മനസിലും ധാരണകളിലും പ്രകടമായ മാറ്റം വരുത്തിയിരിക്കുന്നു.

മഹർഷി സമാധിയായി മൂന്ന് മാസം കഴിഞ്ഞപ്പോൾ, മഹർഷിയുടെ ദർശനം എനിക്കുണ്ടായി. അദ്ദേഹം എൻ്റെ മാർഗദർശിയായി തുടരും എന്ന വിശ്വാസം അതോടെ സമ്പൂർണ്ണമായി. മഹർഷി എപ്പോഴും എന്നോടൊപ്പം ഉണ്ട്. ചിലപ്പോൾ രൂപത്തിൽ, ചിലപ്പോൾ രൂപമില്ലാതെ. മിഴികൾ ഈറനണിയിക്കുന്ന, എന്നെ ആനന്ദ പരവശനാക്കുന്ന നിമിഷങ്ങളാണത്. അവാച്യമായ ആനന്ദത്തിൽ ഞാൻ പ്രകാശിച്ചു.

മഹർഷിയെ ക്രിസ്തുവുമായും ബുദ്ധനുമായും താരതമ്യം ചെയ്യാൻ തോന്നിയിട്ടുണ്ട്. പക്ഷേ, അവരെല്ലാം എനിക്ക് പരിചയമുള്ള ചിത്രങ്ങൾ മാത്രം. ഞാൻ കേട്ടിട്ടുള്ള ചില കഥകൾ. മഹർഷി അങ്ങനെയല്ല. വർഷങ്ങളിലൂടെ ഞാൻ സ്വരുക്കൂട്ടിയ അബദ്ധ ധാരണകളെ തകർത്തെറിഞ്ഞ സ്ഫോടക വസ്തുവായിരുന്നു അദ്ദേഹം. കൊടുമുടി കയറാനുള്ള സഹായം അപേക്ഷിച്ച് ഞാൻ എത്തി; വെറുമൊരു ചിരിയിലൂടെ അവിടുന്ന് കൊടുമുടി അവിടെ ഇല്ലെന്ന് ബോധ്യമാക്കി. പാമരനായി ഞാൻ വന്നു; ധനികനായി എന്നെ അവിടുന്ന് തിരികെ അയച്ചു. എല്ലാറ്റിൻ്റെയും ഉറവിടം ഞാനാണെന്ന് എന്നെ കാണിച്ചു. എല്ലാറ്റിനും അതീതനായ "ഞാൻ" ആരെന്നും കാണിച്ചു. അന്ധകാരം പ്രകാശത്തിന് മുമ്പിൽ അന്ധകാരമല്ലാതായി. പ്രകാശം അവിടെ ഒന്നും ചെയ്തില്ല; സഹജമായി ജ്വലിക്കുകയല്ലാതെ.

മഹർഷിയുടെ നിശബ്ദ പ്രഭവത്തിൽ നിന്ന് "എന്നിലേക്ക്" തിരികെ വരാൻ മൂന്നുനാല് വർഷങ്ങൾ എടുത്തു. ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാൽ എനിക്ക് ഒരു ഉത്തരമേയുള്ളൂ: "എനിക്ക് അറിയില്ല."

1970-കളിൽ വോൾട്ടർ യൂറോപ്പിൽ മടങ്ങിയെത്തി. തുടർന്ന്, യൂറോപ്പിൻ്റെ അങ്ങോളമിങ്ങോളം സഞ്ചരിച്ച്, യോഗ, അദ്വൈതം എന്നിവയെ കുറിച്ച് അനേകം ഭാഷകളിൽ പ്രഭാഷണങ്ങൾ നടത്തി. നെതർലാൻഡിന് അദ്വൈതം പരിചയപ്പെടുത്തി. 1977-ൽ "യോഗ അദ്വൈത" എന്നൊരു പ്രസിദ്ധീകരണം തുടങ്ങി. തുടർന്നുള്ള വർഷങ്ങളിൽ, നിസർഗ ദത്ത് മഹാരാജിൻ്റെ "I am That" എന്ന പുസ്തകം ഡച്ച് ഭാഷയിലേക്ക് വിവർത്തനം ചെയ്തു.

1985-ൽ മരിക്കുന്നതിന് തൊട്ട് മുമ്പ്, ജന്മസ്ഥലമായ കൗദെകേർക്കിലെ സ്വന്തം വസതിയിൽ കൂട്ടുകാരെ വിളിച്ചുവരുത്തി. വിരുന്നിൻ്റെ അവസാനം, താൻ ശരീരം ഉപേക്ഷിക്കുന്നതായി അവരെ അറിയിച്ചു. തറയിൽ വച്ചിരുന്ന രമണ മഹർഷിയുടെ വലിയൊരു ചിത്രത്തിന് മുമ്പിൽ സാഷ്ടാംഗം പ്രണാമം ചെയ്തു. മഹർഷിയുടെ പാദങ്ങളിൽ വച്ചിരുന്ന തലയിണയിൽ തല ചായ്ച്ച് ശരീരം വെടിഞ്ഞു.......Guru Prasad Ji

No comments:

Post a Comment