Thursday, May 07, 2020

ഇന്ന് ബുദ്ധപൂർണ്ണിമ -

ആരെയും കൈപിടിച്ചുയർത്താമെന്ന് ബുദ്ധൻ അവകാശപ്പെട്ടിട്ടില്ല. യാതൊരു ഈശ്വര സന്നിധിയിലേയ്ക്കും ആരെയും ക്ഷണിച്ചിട്ടുമില്ല. ഈശ്വരന്റേയും ആത്മാവിന്റേയും അസ്തിത്വത്തെക്കുറിച്ച് മൗനംപാലിച്ച ബുദ്ധന് ഒരിക്കലും താനൊരു അവതാരപുരുഷനാണ് എന്ന് പറയാനായിരുന്നില്ല. അവനവൻ തന്നെയാണ് മറുകര താണ്ടാനുളള തോണി. സ്വന്തം ഇച്ഛ, സ്വന്തം ജ്ഞാനം, സ്വന്തം പ്രയത്നം. അതാണ് മോചനത്തിലേയ്ക്കുള്ള മാർഗ്ഗം. സ്വയം വിളക്കാകുക. ബുദ്ധന്റെ ആഹ്വാനം എന്നുമതായിരുന്നു. മറ്റൊരാൾ കൊളുത്തി നൽകിയ വിളക്കുമായി അധികദൂരം ആർക്കും പോകാനാകില്ല. അതെപ്പോഴാണ് അണയുക എന്നത് പ്രവചനാതീതം. വിളക്കുതെളിയിക്കാൻ സ്വയം പ്രാപ്തനാക്കുക .ബുദ്ധൻ കണ്ടെത്തിയ വഴിയാണ് ബുദ്ധൻ പറഞ്ഞത്.
         ഒരു പക്ഷിയെ ഒരിക്കൽ ദേവദത്തൻ അമ്പെയ്തുവീഴ്ത്തി.കൂടെയുണ്ടായിരുന്ന സിദ്ധാർത്ഥന് ആ ദുഷ്കർമ്മംസഹിക്കാവുന്നതായിരുന്നില്ല. ആ കുമാരൻ അതിനെ ഓടിച്ചെന്നെടുത്ത്, ശരം മെല്ലെ വലിച്ചൂരി അതിന്റെ മുറിവുകളിൽ മരുന്നു വെച്ചു കെട്ടുകയും ആ പക്ഷിയെ രക്ഷിക്കുകയും ചെയ്തു. അപ്പോൾ ദേവദത്തൻ അവകാശവാദവുമായി മുന്നോട്ടുവന്നു.
       "കിളിയെ അമ്പെയ്തു വീഴ്ത്തിയത് ഞാൻ. അതു കൊണ്ട്, അതെന്റെതാണ്. നിന്റേതല്ല "ദേവദത്തൻ പറഞ്ഞു. "കിളിയുടെ ജീവൻ രക്ഷിച്ചത് ഞാൻ. അതുകൊണ്ട്, അത് നിന്റേതല്ല, എന്റേതാണ് " സിദ്ധാർത്ഥൻ മറുപടി നൽകി.തർക്കം മുത്തു. പരിഹാരമുണ്ടായില്ല.ഒടുവിൽ ഇരുവരും രാജസദസ്സിലെത്തി. സദസ്സ് ഇരുവരുടേയും വാദപ്രതിവാദങ്ങൾ കേട്ടു .ഒടുവിൽ രാജാവ് ഇങ്ങനെ വിധിച്ചു.ദേവദത്താ, സ്വതന്ത്രമായി ആകാശത്തിൽ പറന്നു നടക്കുന്ന ഒരു പക്ഷിയെ കൊല്ലാനല്ലെ നീ ശ്രമിച്ചത് ? നിനക്ക് കേവലമായ ഒരു വിനോദം മാത്രമായിരുന്നില്ലേ അത്? അമ്പേല്ക്കുമ്പോൾ ആ കിളിക്കുണ്ടാകുന്ന വേദനയെക്കുറിച്ച് നീ ചിന്തിച്ചിരുന്നോ? അതു കൊല്ലപ്പെട്ടുവെങ്കിൽ നിനക്കതിനു ജീവൻ തിരികെ നല്കുവാൻ കഴിയുമായിരുന്നോ?
      എന്നാൽ സിദ്ധാർത്ഥനെ നോക്കൂ. നീ വേദനയും മരണവും സമ്മാനിച്ച പക്ഷിയെ ശുശ്രൂഷിക്കാനല്ലേ കുമാരൻ ശ്രമിച്ചത്? അതിനാൽ, ആ കിളി സിദ്ധാർത്ഥന് അവകാശപ്പെട്ടതു തന്നെ 'രാജവിധി ദേവദത്തനേറ്റ പരാജയമായിരുന്നു.തുടർന്ന് എത്രയെത്ര പരാജയങ്ങൾ! ഓരോ പരാജയവും സിദ്ധാർത്ഥനെന്ന, ബുദ്ധനെന്ന പ്രതിയോഗിയെ ദേവദത്തനു മുമ്പിൽ ശക്തമായി പ്രതിഷ്ഠിച്ചു.

          ഉപനിഷത്തിന്റെ മഹാശ്റംഗങ്ങളിൽ നിന്ന് ഭാരതത്തിന്റെ ധർമ്മം താഴേക്കിറങ്ങുകയും ബ്രാഹ്മണനാരെന്നറിയാത്ത ബ്രാഹ്മണാധിപത്യത്തിന്റെ വൈദികമായ ആചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും ആണ്ടിറങ്ങുകയും ചെയ്ത കാലം. കപില വാസ്തുവും വൈദിക മതത്തിന്റെ ഈ വഴികളിൽ തന്നെയായിരുന്നു." മഹാമായ മഹാനായ ഒരു പുത്രന് ജന്മം നൽകി.കപിലവസ്തു ആനന്ദോത്സവത്തിലായി.അഞ്ചാം നാൾ കുഞ്ഞിനവർ പേരിട്ടു"സർവ്വാർത്ഥ സിദ്ധൻ " അഥവാ സിദ്ധാർത്ഥൻ. ആഷാഢ പൗർണ്ണമിയിൽ ഈ ദിവസമായിരുന്നു അത്.

No comments:

Post a Comment