Friday, May 08, 2020

ശ്രീ രാമന്റെ വനസഞ്ചാരം

രാമായണത്തില്‍ ശ്രീ രാമന്റെ മഹാപ്രസ്ഥാനം വിശദീകരിക്കുന്നുണ്ട്. രാമന്റെ വനസഞ്ചാരത്തിന് രണ്ടു ഘട്ടങ്ങള്‍ പറയാം. ഒന്നാമത്തെ ഘട്ടം 15 വയസ്സ് മാത്രമുള്ള രാമനെയും അനുജന്‍ ലക്ഷ്മണനെയും വിശ്വാമിത്ര മുനി വന്നു കൂട്ടി കൊണ്ടു പോകുന്ന ഭാഗമാണ്. നീണ്ട 14 വര്‍ഷത്തെ മഹായാത്രക്കു വേണ്ടിയുള്ള ഒരു ഫോറസ്ട്രി ട്രെയിനിംഗ് ആയിരുന്നു വിശ്വാമിത്രനുമായുള്ള യാത്ര.

'ജ്ഞാനമാവാസ്യ തോറും പിതൃദേവാദികളെ
ധ്യാനിച്ചു ചെയ്തീടുന്ന യാഗത്തെ മുടക്കുന്നോര്‍
മരീച സുബാഹു മുഖ്യന്മാരാം നക്തഞ്ചാര
ന്മാരിരുവരുമനുചരന്മാരായുള്ളോരും
അവരെ നിഗ്രഹിച്ചു യാഗത്തെ രക്ഷിപ്പാനായ
വനീപതേ രാമദേവനയായക്കണം'

ഇതായിരുന്നു ദശരഥനോട് വിശ്വാമിത്രന്‍ അപേക്ഷിച്ചത്.

അയോധ്യയില്‍ നിന്നും 20 കി.മി ദൂരെയാണ് സരയു. ഈ സരയു (ഇപ്പോഴത്തെ ആസംഗഡ, ഉത്തര്‍പ്രദേശ്) ഭാഗം കടന്നാണ് കുമാരന്മാരും മുനിയും പോയത്. യാത്രയില്‍ മുനി അതി വിശിഷ്ടമായ രണ്ട് മന്ത്രങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നുണ്ട് ബലയും അതിബലയും. ദാഹം, വിശപ്പ് ഇവ അറിയാതിരിക്കാനാണത്. തുടര്‍ന്ന് അവര്‍ ഗംഗ കടന്ന് മുന്നോട്ട് സഞ്ചരിച്ചു താടാക വനത്തിലെത്തി. താടക അതിഭയങ്കരിയായ രാക്ഷസിയായിരുന്നു. ആയിരം ആനകളുടെ ശക്തിയുള്ളവള്‍.

'അവളെ പേടിച്ചാരും നേര്‍വഴി നടപ്പീല
ഭൂവനവാസി ജനം, ഭുവനേശ്വരി പോറ്റി'

എന്നാണ് വിശ്വാമിത്രന്‍ താടകയെ വിശേഷിപ്പിച്ചത്. വിശ്വാമിത്രന്റെ നിര്‍ദ്ദേശത്തില്‍ രാമന്‍ താടകയെ വധിക്കുന്നു. ഈ പ്രദേശം ബീഹാറിലുള്ള ബക്‌സര്‍ മേഖയാണ് എന്നാണ് അറിയപ്പെടുന്നത്. രാമലക്ഷ്മണന്മാര്‍, മാരീചന്‍, സുബാഹു എന്നിങ്ങനെ ശക്തന്മാരായിരുന്നു. രണ്ടു രാക്ഷസന്മാരെ കൊന്നു. ഇപ്പോഴും ഗംഗാതീരത്ത് ഈ പേരുകളിലുള്ള സ്ഥലങ്ങള്‍ ഉണ്ട്. ബക്‌സര്‍ ഭാഗത്ത് തന്നെ ആയിരുന്നു ഗൗതമാശ്രമവും. അവിടെ വച്ച് അഹല്യക്ക് ശാപമോക്ഷം രാമന്‍ കൊടുത്തു. തുടര്‍ന്ന് വിശ്വാമിത്രന്റെ ആശ്രമത്തിലേയ്ക്ക് രാമലക്ഷ്മണന്മാര്‍ പോയി. ബീഹാറിലെ മധുബാനി പ്രദേശത്തായിരുന്നു വിശ്വാമിത്രന്‍ പുതിയ ആശ്രമം വച്ചത്. വിശ്വാമിത്രന്‍ ഇവിടെ നിന്നും യുവാക്കന്‍മാരെ ജനകന്റെ രാജധാനിയില്‍ എത്തിച്ചു. ത്രയംബകം എന്ന ചാപം ഓടിച്ചു ശ്രീ രാമന്‍ സീതയെ നേടുന്നത് ഇവിടെ വച്ചാണ്. ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നും നേപ്പാളിലേയ്ക്ക് 20 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ജനകപുരിയില്‍ എത്താം.

'ഇടി വെട്ടിടും വണ്ണം വില്‍മുറിഞ്ഞോച്ച കേട്ടു
നടുങ്ങി രാജാക്കന്മാര്‍ ഉരഗങ്ങളെപ്പോലെ
മൈഥിലി മയില്‍ പേടപോലെ സന്തോഷം പൂണ്ടാള്‍
കൗതുകമുണ്ടായ് വന്നു ചേതസി കൗശികനും.'

എന്നാണ് ഇതേപറ്റി തുഞ്ചത്ത് ആചാര്യന്‍ വര്‍ണ്ണിക്കുന്നത്. ഇനി രണ്ടാമതോരിക്കല്‍ കൂടി രാമന്‍ സഞ്ചാരം ആരംഭിക്കുന്നത് കൈകേയിയുടെ ആവശ്യപ്രകാരം 14 വര്‍ഷത്തെ വനവാസ കാലത്തിലാണ്. ഇന്ത്യയുടെ ഹൃദയത്തിലൂടെയുള്ള വലിയ സഞ്ചാരമായി ഇതിനെ കാണണം.

'ഇപ്പോള്‍ ഭുജിപ്പാനവസരമില്ലമ്മേ
ക്ഷിപ്രമരണ്യവാസത്തിനു പോകണം
മുല്‍പാടു കേകയ പുത്രിയായമ്മക്ക്
മല്പിതാരണ്ടു വരം കൊടുത്തീടിനാള്‍
ഒന്നു ഭരതനെ വാഴിയ്ക്കയെന്നതും
എന്നെ വനത്തിനയക്കെന്നു മറ്റേതും.'

ഇങ്ങനെ കൌസല്യ മാതാവിനോട് രാമന്‍ പറയുന്നുണ്ട്. രാജ വേഷങ്ങള്‍ അഴിച്ചു വച്ചശേഷം മരവുരിയണിഞ്ഞാണ് രാമനും ലക്ഷ്മണനും കൂടെ സീതയും സുമന്ത്രരുടെ തേരില്‍ കയറി കാട്ടിലേക്ക് പോകുന്നത്.

'ധന്യവസ്ത്രങ്ങള്‍ ഉപേക്ഷിച്ചു രാഘവന്‍
വന്യചീരങ്ങള്‍ പരിഗ്രഹിചീടിനാന്‍'

എന്ന് പറയുന്നു. അയോദ്ധ്യയില്‍ നിന്നും ഉദ്ദേശം 20 കി,മീ. സഞ്ചരിച്ചാല്‍ തമസാ നദിയായി. ഈ തമസാ നദിവരെ അയോദ്ധ്യാ വാസികള്‍ രാമനോടൊപ്പം കൂടെ പോയി. അന്ന് അര്‍ദ്ധരാത്രി ജനങ്ങള്‍ അറിയാതെ രാമന്‍ ഒളിച്ചു പോയി തമസാ നദിക്കരയില്‍ രാത്രി ഉറങ്ങി,

'ശ്രീ രാമനും താമസാനദി തന്നുടെ
തീരം ഗമിച്ചു വസിച്ചു നിശാമുഖേ
പാനീയ മാത്രമുപജീവനം ചെയ്ത്
ജാനകിയോടും നിരാഹാരനായൊരു
വൃക്ഷ മൂലേ ശയനം ചെയ്തുറങ്ങിനാന്‍.'

ഗുഹന്‍ ശ്രുംഗി വേരം എന്ന തന്റെ രാജ്യത്തു നിന്ന് ശ്രീരാമനെ കാണാന്‍ വരുന്നു. മരച്ചുവട്ടില്‍ കിടക്കുന്ന രാമനെയും സീതയേയും കണ്ടു ദു:ഖിക്കുന്നു. തുടര്‍ന്ന് രാമന്‍ ഗുഹനുമൊത്തു വനത്തില്‍ കയറി പ്രയോഗയിലേക്കാന് പോയത്. ഗംഗ, യമുന, സരസ്വതി, എന്നി നദികളുടെ സംഗമ ഭൂമിയായ പ്രയാഗ സംഗത്തിലായിരുന്നു, പ്രസിദ്ധമായ ഭരദ്വാജമുനിയുടെ ആശ്രമം. ആശ്രമം കാണിച്ച ശേഷം ഗുഹന്‍ തിരികെ മടങ്ങി. ഭരദ്വാജാശ്രമത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ്

'വൈദേഹി തന്നോട് കൂടവേ രാഘവന്‍
സോദരനോട് മൊരു മൃഗത്തെ കൊന്നു'

മാനിനെ വേട്ടയാടി അവര്‍ ഭക്ഷിക്കുന്ന രംഗം ഇങ്ങനെയാണ് എഴുത്തച്ഛന്‍ പറയുന്നത്. ഭരദ്വാജാശ്രമത്തില്‍ നിന്ന് രാമന്‍ വീണ്ടും യാത്ര തുടര്‍ന്നു. തുടര്‍ന്ന് കാളിന്ദി കടന്ന് വാല്‍മീകിയുടെ ആശ്രമത്തില്‍ എത്തുകയാണ്. നായകന്‍ കവിയെ കാണുന്ന അപൂര്‍വ്വത. ഈ സ്ഥലം ഇന്നത്തെ ഉത്തര്‍ പ്രദേശിലെ ചിത്ര കൂടം ആണ്. യഥാര്‍ത്ഥത്തില്‍ വാല്‍മീകിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാമന്‍ ചിത്ര കൂടത്തില്‍ തന്റെ ആശ്രമം ഉണ്ടാക്കുന്നത്. ദശരഥ മരണ വാര്‍ത്തയുമായി വന്ന ഭരതന്‍ ചിത്ര കൂടത്തില്‍ വന്നാണ് രാമനെ കാണുന്നതും പാദുകങ്ങള്‍ വാങ്ങിച്ച് കൊണ്ട് പോകുന്നതും ഇവിടെ വച്ചാണ്. ശ്രീ രാമന്‍ പിതാവിന്റെ ദേഹ വിയോഗം അറിയുന്നതും മന്ദാകിനിയില്‍ ബലി ഇടുന്നതും ഈ സമയത്താണ്.

'ഉത്തര തീരേ സുരസരിത സ്ഥലേ
ചിത്രകൂടാദ്രി തന്‍ പാര്‍ശ്വേ മഹാശ്രമേ
ഉത്തമ പുരുഷന്‍ വാഴുന്നു
പുഷ്പഫലദല പൂര്‍ണ്ണവല്ലീ തരു
ശഷ്പരമണീയ കാനന മണ്ഡലേ
അമ്രകദളീ ബകുളപനസങ്ങള്‍
ആമ്രാതകാര്‍ജ്ജുന നാഗപുന്നാഗങ്ങള്‍
കേര പുഗങ്ങളും കോവീദാരങ്ങളും

മാവ്, വാഴ, ഇലഞ്ഞി, പ്ലാവ്, നീര്‍മരുത്, വെറ്റില, ജാതി, തെങ്ങ്, കവുങ്ങ്, മന്ദാരം, ചെമ്പകം, അശോകം എല്ലാം നിറഞ്ഞ ഒരു മനോഹര പ്രദേശമായിരുന്നു ചിത്രകൂടം. ഈ ചിത്രകൂടത്തില്‍ 2 വര്‍ഷത്തില്‍ താഴയേ രാമന്‍ താമസിച്ചുള്ളു അയോദ്ധ്യാ വാസികള്‍ വരുമെന്ന ഭയത്താല്‍ ഈ സ്ഥലവും ഉപേക്ഷിച്ചു.

ചിത്രകൂടത്തിനുശേഷം രാമന്‍ ഘോര വനത്തിലേക്കിറങ്ങി. ആദ്യമായി അത്രിയുടെ ആശ്രമത്തിലെത്തി ഇവിടെ നിന്നും ഇറങ്ങിയ രാമന്‍ വിധാന്‍ എന്ന അസുരനെ വധിച്ചു. ഉത്തര്‍ പ്രദേശിലെ അമരാവതിക്കടുത്ത് വിരാധ്കുണ്ട് ഇപ്പോഴും ഉണ്ട്. ഇവിടെ നിന്നും രാമന്‍ ശരഭംഗ ആശ്രമത്തിലേക്ക് പോകുന്നു. ശരഭംഗാശ്രമം മദ്ധ്യപ്രദേശിലെ സത്‌നായ്ക്കടുത്താനെന്നു പറയപ്പെടുന്നു. ശരഭംഗാശ്രമത്തില്‍ നിന്നും മഹാരാഷ്ട്രയിലെ റാംടെക്കിലേക്കായിരുന്നു രാമന്റെ യാത്ര. കാളിദാസന്റെ മേഘ ദൂത് ഇവിടെ വച്ച് എഴുതിയതാണെന്ന് പറയപ്പെടുന്നു. റാംടെക്കില്‍ നിന്ന് മഹാരാഷ്ട്രയിലെ നാസിക് ഭാഗത്തു കൂടെ സുതിഷ്ണ മുനിയുടെ ആശ്രമത്തില്‍ രാമന്‍ എത്തുന്നു.

നാസിക്കിലെത്തുന്നതിനു മുമ്പുള്ള 10 വര്‍ഷങ്ങള്‍ ദണ്ഡകാരണ്യത്തിലായിരുന്നു രാമന്‍. ഇപ്പോഴത്തെ മദ്ധ്യപ്രദേശ് ചത്തീസ്ഗഡ് ഭാഗങ്ങളാണ് ദണ്ഡകാരുണ്യം. സുതീഷ്ണ മുനിയുടെ ഗുരുവായ അഗസ്ത്യ മുനിയും നാസിക് ഭാഗത്തായിരുന്നു ആശ്രമം വച്ചിരുന്നത്. അഗസ്ത്യരുടെ നിര്‍ദ്ദേശ പ്രകാരം രാമന്‍ പഞ്ചവടിയില്‍ താമസം തുടങ്ങി. അങ്ങനെ രാമന്‍ പഞ്ചവടിയില്‍ താമസിച്ചു വരവേ ലക്ഷ്മണന്‍ ശൂര്‍പ്പണകയുടെ നാസിക അരിഞ്ഞു. ഇതാണ് സ്ഥലത്തിനു ഈ പേരു കിട്ടാന്‍ കാരണമായാത്. സീതയെ തട്ടികൊണ്ടു പോകപ്പെട്ട ശേഷം രാമന്‍ കര്‍ണാടകത്തിലെ ബല്‍ഗാം ഭാഗത്ത് രാംദുര്‍ഗ്ഗയ്ക്കടുത്തുള്ള കബന്ധനെ വധിക്കുന്നു. കബന്ധന്‍ ഗന്ധര്‍വ്വനായി മാറുന്നു. കബന്ധന്റെ നിര്‍ദ്ദേശമനുസരിച്ച് രാമന്‍ ശബരിയുടെ ആശ്രമത്തില്‍ വരുന്നു. ബല്‍ഗാം ഭാഗത്ത് തന്നെയാണ് ശബരീ ആശ്രമം. ശബരി രാമനോട് സുഗ്രീവനെ കാണാന്‍ നിര്‍ദ്ദേശിക്കുന്നു. സ്വയം സ്വാദ് നോക്കിയ ശേഷം പഴം ശബരി രാമനെ കൊണ്ട് കഴിപ്പിക്കുന്നു. ലക്ഷ്മണന്‍ ക്രൂദ്ധനാകുന്നു രാമന്‍ ശാന്തനാക്കുന്നു.

സുഗ്രീവന്റെ ആശ്രിതനായിരുന്ന ഹനുമാന്‍ രാമനെയും ലക്ഷ്മണനെയും വന്നു കാണുന്ന സ്ഥലം ഹനുമാന്‍ ഹംപി, കൊപാല്‍ എന്നാണറിയപ്പെടുന്നത്. സുഗ്രീവന്‍ ഋഷ്യമുകാചലത്തില്‍ ബാലിയെ ഭയന്ന് കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ രാജ്യമായിരുന്നു കിഷ്‌കിന്ധ. ഇത് ഹംപിയില്‍ നിന്ന് 4 കി.മി മാത്രം ദൂരമുള്ള സ്ഥലമാണ്. തുടര്‍ന്ന് രാമന്‍ തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകുകയാണ്. കാവേരി നദിയുടെ തീരത്തുള്ള മനോഹരമായ ശിവക്ഷേത്രത്തില്‍ ചെന്ന് രാമന്‍ പ്രാര്‍ത്ഥിക്കുന്നുമുണ്ട്. തുടര്‍ന്ന് രാമന്‍ തൃച്ചിക്കും തെക്കുള്ള വേദാരണ്യമെന്ന സ്ഥലത്തേക്ക് പോകുന്നു. ഈ സ്ഥലത്തിന് ഇപ്പോള്‍ കോടിക്കര എന്നാണ് പറയുന്നത്. കൃഷ്ണമൃഗങ്ങളുടെ സാംക്ച്വറിയാണിത്. കടലിനോട് ചേര്‍ന്ന് കണ്ടല്‍ വനം നിറഞ്ഞ സ്ഥലം ദൂരെ ജാഫ്‌ന (ശ്രീ ലങ്ക) കാണാം ഈ യാത്രയില്‍ ആദ്യമായി രാമന്‍ കടല്‍ കാണുന്നത് ഇവിടെ വച്ചാണ്. ഈ കാറ്റില്‍ രാമന്റെ പാദമുദ്രകളുണ്ടെന്ന് ചിലര്‍ വിചാരിക്കുന്നു.

തുടര്‍ന്ന് രാമന്‍ രാമേശ്വരത്തിനു പോകുന്നു ഇവിടെ ചേടുകര എന്ന ഗ്രാമത്തില്‍ രാമസേതുവിന്റെ ആദ്യത്തെ കാല്‍ പാകി എന്നാണ് പറയുന്നത്. വിഭീഷണന്‍ ലങ്കയില്‍ നിന്ന് ഓടി രാമന്റെ അടുത്ത് രക്ഷതേടുന്നത് ഈ സ്ഥലത്ത് വച്ചാണ്. കടലിലെ മണല്‍ എടുത്തു ശ്രീ രാമന്‍ സ്ഥാപിച്ച ശിവ ക്ഷേത്രമാണത്രേ രാമേശ്വരം. ഈ ക്ഷേത്രത്തില്‍ നിന്ന് 1 കി.മി കഴിഞ്ഞുള്ള സ്ഥലത്താണ് വാനരന്മാര്‍ കടല്‍ പാലം ലങ്കയിലേക്ക് ഉണ്ടാക്കിയത്. NASA കടലിനടിയില്‍ ഈ ഒരു പാലമുണ്ടായിരുന്നു എന്ന് ഇപ്പോള്‍ അംഗീകരിക്കുന്നുണ്ട്.

ഇപ്രകാരം ഉത്തരോത്തരമായ നേപ്പാള്‍ തുടങ്ങി ഏറ്റവും ദക്ഷിണ പ്രദേശത്തുള്ള രാമേശ്വരം വരെ നീണ്ട പൂര്‍ണ്ണഭാരത പ്രയാണമായിരുന്നു രാമന്റെത്. യാത്രയില്‍ ധര്‍മ്മ രക്ഷക്കായി ആശ്രമങ്ങളെ സംരക്ഷിച്ചും അധാര്‍മ്മികളെ ഇല്ലായ്മ ചെയ്തും വര്‍ഷങ്ങള്‍ രാമന്‍ വനസഞ്ചാരം ചെയ്തു എന്ന് ചിന്തിക്കാം.

No comments:

Post a Comment