Friday, May 08, 2020

*ഇന്ന് ചിന്മയ ജയന്തി*

*സ്വാമി ചിന്മയാനന്ദ സരസ്വതി*

  *എറണാകുളത്ത് 1916 മെയ് 8;ന് കുട്ടന്‍ മേനോന്‍ പാറുക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച ബാലകൃഷ്ണ മേനോന്‍ സ്വാമി ചിന്മയാനന്ദനായ കഥ ആശ്ചര്യവും ആവേശവും നല്‍കുന്നതാണ്.*
 *എറണാകുളത്ത് മോഡേണ്‍ ഇംഗ്ലീഷ് സ്‌കൂളിലായിരുന്നു പഠിത്തം. ഒപ്പം മലയാളവും സംസ്‌കൃതവും പഠിച്ചെടുത്തു. 1940;ല്‍ ലഖ്‌നൗ സര്‍വകലാശാലയില്‍ ബാലകൃഷ്ണ മേനോന്‍ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ഥിയായി. കോളേജില്‍ നാടകനടനും സാഹിത്യ സമാജത്തിലെ സജീവാംഗവും സര്‍വകലാശാലാ ടെന്നീസ് ടീം അംഗവുമായിരുന്നു.*
 *1942ല്‍ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ബാലകൃഷ്ണ മേനോന്‍ ജയിലിലടയ്ക്കപ്പെട്ടു. കഠിനമായ ജ്വരം പിടിച്ച ബാലകൃഷ്ണനെ ബ്രിട്ടീഷുകാരനായ ജയിലര്‍ തെരുവില്‍ ഉപേക്ഷിച്ചു. ജീവിതത്തിലേക്ക് തിരിച്ചുവന്ന മേനോന്‍ നിയമത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദമെടുത്തു. 1945;ല്‍ ദല്‍ഹിയിലെത്തിയ അദ്ദേഹം നാഷണല്‍ ഹെറാള്‍ഡ് പത്രത്തില്‍ ലേഖകനായി. ഇക്കാലത്താണ് മേനോന്റെ ജീവിതം മാനസിക പരിവര്‍ത്തനത്തിലോട്ടു വിഹരിച്ചത്. പതുക്കെപ്പതുക്കെ മതവിശ്വാസം അദ്ദേഹത്തില്‍ വര്‍ധിക്കാന്‍ തുടങ്ങി. തത്ത്വചിന്താഗ്രന്ഥങ്ങള്‍ വായിച്ചു പഠിക്കുന്നതിലേക്ക് അദ്ദേഹം നീങ്ങി. ഹിമാലയത്തിലെ സന്ന്യാസി സ്വാമി ശിവാനന്ദനാണ് മേനോനെ കൂടുതല്‍ ആകര്‍ഷിച്ചത്.*

 *1947;ല്‍ സ്വാമി ശിവാനന്ദനെ കാണാനായി ബാലകൃഷ്ണന്‍ ഹിമാലയത്തിലെ ഋഷികേശിലേക്ക് പോയി. ശിവാനന്ദനുമായി ദീര്‍ഘസംഭാഷണങ്ങളില്‍ മേനോന്‍ മുഴുകി. ഒരു മാസത്തിനു ശേഷം ദല്‍ഹിയിലേക്ക് മടങ്ങി. ഒരു വര്‍ഷത്തിനു ശേഷം വീണ്ടും ഋഷികേശിലെത്തി. യാത്രകള്‍ ആവര്‍ത്തിച്ചു. 1949 ഫെബ്രുവരി 25ന് ശിവാനന്ദാശ്രമത്തില്‍ അന്തേവാസിയായി. സ്വാമി ചിന്മയാനന്ദ സരസ്വതി എന്ന പേരോട് കൂടി അദ്ദേഹത്തിന് സ്വാമി ശിവാനന്ദന്‍ സന്ന്യാസ ദീക്ഷ നല്‍കി. കുറച്ചു കാലത്തിനു ശേഷം ഉത്തരകാശിയില്‍ തപോവനം എന്ന ആശ്രമം സ്ഥാപിച്ചു കഴിയുന്ന മലയാളിയായ തപോവന സ്വാമികളുടെ കീഴില്‍ ഭഗവദ്ഗീതയും ഉപനിഷത്തുകളും ബ്രഹ്മസൂത്രവും പഠിച്ചു. അതിനു ശേഷം ഗുരുവിന്റെ അനുവാദത്തോടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പോയി ആത്മീയസന്ദേശപ്രചാരണം നടത്തി. ആറു മാസത്തിനു ശേഷം 1951 നവംബറില്‍ ഗുരുവിന്റെ അടുത്തേക്ക് മടങ്ങിച്ചെന്നു. രാജ്യം മുഴുവന്‍ ഭിക്ഷുവായി അലഞ്ഞും ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും ഉറങ്ങിയുമാണ് ആറുമാസം കഴിച്ചു കൂട്ടിയത്. വേദാന്ത തത്ത്വചിന്തയുടെ പ്രചാരണത്തിനു വേണ്ടി ഗീതാപ്രഭാഷണങ്ങള്‍ നടത്താനുള്ള ആഗ്രഹം ഗുരുവിനെ അറിയിച്ചു. പ്രഭാഷകനുള്‍പ്പടെ നാലുശ്രോതാക്കളെ കിട്ടുകയാണെങ്കില്‍ പ്രഭാഷണം ആകാമെന്നായിരുന്നു തപോവനസ്വാമിയുടെ ഉപദേശം. ഗുരുവിന്റെ വാക്ക് സത്യമായി. നാലു കേള്‍വിക്കാരുമായാണ് പൂനെയില്‍ സ്വാമി ചിന്മയാനന്ദന്‍ തന്റെ ആദ്യത്തെ ഗീതാജ്ഞാന യജ്ഞം ആരംഭിച്ചത്.*

 *ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഭാരതത്തിന്റെ ആദ്ധ്യാത്മികനഭോമണ്ഡലത്തില്‍ ഉദിച്ചുയര്‍ന്ന്, അജ്ഞാനാന്ധകാരത്തില്‍ വഴികാണാതെ അലഞ്ഞിരുന്ന ഒരു ജനതയെ ശ്രേയോമാര്‍ഗ്ഗത്തിലേക്കുള്ള വഴികാട്ടിയ ജ്ഞാനസൂര്യനായിരുന്നു സംപൂജ്യ ചിന്മയാനന്ദസ്വാമികള്‍.*
 *വിവേകാനന്ദസ്വാമികള്‍ വിഭാവനം ചെയ്തിരുന്ന വേദോപനിഷത്തുകളിലെ ജ്ഞാനം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന് സ്വാമി ചിന്മയാനന്ദന്‍ ഗണ്യമായ സംഭാവനയാണ് നല്കിയിട്ടുള്ളത്. ഉപനിഷത്തുകളിലെ ഋഷിമാരുടെ ദിവ്യസന്ദേശം ജനഹൃദയങ്ങളിലെത്തിക്കുവാനും, പാശ്ചാത്യസംസ്‌കാരത്തിന്റെ പുറംമോടിയില്‍ മതിമറന്ന് പൈതൃകസംസ്‌കാരത്തെ തികച്ചും വിസ്മരിച്ചു ജീവിതം നയിച്ചിരുന്ന വിദ്യാസമ്പന്നരില്‍ നല്ലൊരു പറ്റം ആളുകളെ ഗീതാജ്ഞാനയജ്ഞങ്ങളിലൂടെ അജ്ഞാനനിദ്രയില്‍ നിന്നുണര്‍ത്തുന്നതിനും, വേദാന്തദര്‍ശനത്തിലേക്ക് ആകര്‍ഷിക്കുന്നതിനും അദ്ദേഹത്തിനു സാധിച്ചു. 1953ല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ചേര്‍ന്ന് ചിന്മയ ഫൌണ്ടേഷന്‍ സ്ഥാപിച്ചു. ആത്മീയം, വിദ്യാഭ്യാസം, ജീവകാരുണ്യം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ലക്ഷ്യം. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചിന്മയമിഷന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ശാഖകളുണ്ട്. കുട്ടികളുടെ മാനസിക വികാസം ലക്ഷ്യമാക്കി ബാലവിഹാര്‍, യുവകേന്ദ്ര എന്നീ ക്ലാസ്സുകളും സ്വാമി ആരംഭിച്ചു. ഇന്ന് ഇന്ത്യയില്‍ പല ഭാഗങ്ങളിലായി സ്‌കൂളുകള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍, ആശ്രമങ്ങള്‍ എന്നിവയുമുണ്ട്. 1992ല്‍ ഐക്യരാഷ്ട്ര സഭയില്‍ ‘ഭൂമി പ്രതിസന്ധിയില്‍’ എന്ന പ്രഭാഷണം ചിന്മയാനന്ദന്‍ നടത്തി. ഓഗസ്റ്റ് മൂന്നിനു സ്വാമി ചിന്മയാനന്ദന്‍ സമാധിയായി. ഷിക്കാഗോവില്‍ വച്ചായിരുന്നു അന്ത്യം. ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഭൗതികശരീരം ഹിമാലയത്തിലെ സിദ്ധബാഡിയിലുള്ള ആശ്രമത്തില്‍ സമാധി ഇരുത്തി.*

*പൂർവകാല പേര് : ബാലകൃഷ്ണ മേനോൻ (ബാലൻ)*

*ജനനം : 1916 മേയ് 8 എറണാകുളം, കേരളം*

*മരണം : 1993 ഓഗസ്റ്റ് 3 (പ്രായം 77) സാൻ ഡിയഗോ, കാലിഫോർണിയ*

*ഗുരു:*
*ശിവാനന്ദ സരസ്വതി തപോവൻ മഹരാജ്*

*ആദ്ധ്യാത്മിക നേതാവ്, ആധ്യാപകൻ എന്നീ നിലയിൽ പ്രശസ്തി. വേദാന്തത്തിൻ്റെ പ്രചാരണത്തിനായി 1953 ൽ ചിന്മയ മിഷൻ സ്ഥാപിച്ചു. ചിന്മയാ മിഷൻ, ഇന്ത്യയിലൊട്ടാകെ 300 ഓളം ശാഖകളുമായി വ്യാപിച്ചു കിടക്കുന്നു.*

*🌸=🌺=🌸=🌺=🌸*
 *"വികാസപ്രതിരോധകങ്ങളായ എല്ലാ നിഷേധാത്മക ചിന്തകളും നമ്മളിൽ ഉദിച്ചുയരുന്നത്‌ നമ്മെപ്പറ്റിയുള്ള നമ്മുടെ അബദ്ധധാരണകളും ആശയക്കുഴപ്പങ്ങളും കൊണ്ടാണ്‌.*


*🕉️=============🕉️*

*🪔"ഭഗവദ് ഗീത"യുടെ മഹാപ്രചാരകന് പ്രണാമങ്ങൾ.🪔*

*സ്വാമിജിയുടെ ജീവിതം ഏവർക്കും പ്രേരണ ആകട്ടെ..*

 🙏

No comments:

Post a Comment