Monday, June 08, 2020

*ദത്താത്രേയാവതാരം*


           *_ബ്രഹ്മാവിന്റെ മാനസപുത്രന്മാരായി ജനിച്ചവരിൽ അദ്ദേഹത്തിന്റെ നേത്രത്തിൽ നിന്ന് ഉത്ഭവിച്ച മഹർഷിയായിരുന്നു അത്രി. കർദ്ദമപ്രജാപതിക്ക് ദേവഹൂതിയിൽ ഉണ്ടായ ഒമ്പതു കന്യകമാരെ ഒമ്പത് ബ്രഹ്മപുത്രന്മാർക്കായിരുന്നു വിവാഹം ചെയ്തു കൊടുത്തത്. അവരിൽ അനസൂയയെന്ന കന്യകയെ അത്രിമഹർഷി  വിവാഹം ചെയ്തു._*
*_അത്രിമഹർഷിയോട്, പ്രജാസൃഷ്ടിയിൽ ഏർപ്പെടുവാനായി ബ്രഹ്മാവ് ആവശ്യപ്പെട്ടു. അദ്ദേഹം അനസൂയാസമേതനായി, ഋക്ഷപർവ്വതത്തിൽ പോയി, നൂറുവത്സരക്കാലം ഒറ്റക്കാലിൽ നിന്നുകൊണ്ട് തപസ്സനുഷ്ഠിച്ചു. തപശ്ശക്തികൊണ്ട് മൂന്നുലോകവും ദഹിക്കുമെന്ന മട്ടിലായപ്പോൾ, ത്രിമൂർത്തികളും അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷീഭവിച്ചു. ഹംസാരൂഢനായി ബ്രഹ്മാവും ഗരുഡാരൂഢനായി മഹാവിഷ്ണുവും വൃഷഭാരൂഢനായി ശ്രീപരമേശ്വരനും സ്വചിഹ്നങ്ങളായ കമണ്ഡലു, ചക്രം, ത്രിശൂലം എന്നിവ ധരിച്ചുകൊണ്ട് തന്റെ മുന്നിൽ ആവിർഭവിച്ചതുകണ്ട അത്രി, അവരെ ബഹുമാനപുരസ്സരം നമസ്കരിച്ച്, താൻ സാക്ഷാൽ ഈശ്വരനെ ഉദ്ദേശിച്ച് തപസ്സുചെയ്തതുകൊണ്ടാണോ മൂന്നു മൂർത്തികളും ദർശനം നൽകിയതെന്ന് ചോദിച്ചു. തങ്ങളെല്ലാം ഒരേ ഈശ്വരന്റെ ത്രിഗുണസംബന്ധികളായ വിഭിന്നരൂപങ്ങൾ മാത്രമാണെന്ന് അവർ അദ്ദേഹത്തിനോട് അരുളിച്ചെയ്തു. തങ്ങൾ മൂവരുടേയും അംശങ്ങൾ അദ്ദേഹത്തിന്റെ പുത്രന്മാരായി ജനിക്കുമെന്നും അവർ ലോക, വിശ്രുതന്മാരായിത്തീരുമെന്നും അദ്ദേഹത്തെ അനുഗ്രഹിച്ച്, അവർ തിരോധാനം ചെയ്തു._*
*_ഒരിക്കൽ, മുജ്ജന്മപാപംകൊണ്ട് കുഷ്ഠരോഗിയായിത്തീർന്ന ദുർവൃത്തനായ ഒരു ബ്രാഹ്മണനുണ്ടായിരുന്നു; അദ്ദേഹത്തിന്റെ ഭാര്യയാകട്ടെ മഹാപതിവതയും. തന്നെ ഒരു വേശ്യാഗൃഹത്തിലെത്തിക്കുവാൻ അദ്ദേഹം ഭാര്യയോട് ആവശ്യപ്പെട്ടു. ആ സാധ്വീരത്നം ഭർത്താവിനെ ഒരു ഭാണ്ഡത്തിലാക്കി, രാത്രിസമയത്ത് വേശ്യാഗൃഹത്തിലേക്കു പുറപ്പെട്ടു. വഴിവക്കിൽ, ശൂലത്തിൽ തറച്ച നിലയിൽ ഇരിപ്പുണ്ടായിരുന്ന മാണ്ഡവ്യമഹർഷിയെ ആ ബ്രാഹ്മണൻ സ്പർശിച്ചു. കോപിഷ്ഠനായ മഹർഷി സൂര്യോദയത്തിന്നു മുമ്പ് ആ ബ്രാഹ്മണൻ മരിച്ചുപോകട്ടെയെന്ന് ശപിച്ചു. ഇതുകേട്ട ബ്രാഹ്മണപത്നി, സ്വന്തം പാതിവ്രത്യശക്തികൊണ്ട് സൂര്യനെ സ്തംഭിപ്പിച്ചു. സൂര്യൻ ഉദിക്കാതെ ദിവസങ്ങൾ കഴിഞ്ഞു. യാഗാദികൾ മുടങ്ങി; ദേവന്മാർ കുഴങ്ങി. അവർ ബ്രഹ്മാവിനെ സമീപിച്ച് വിവരം പറഞ്ഞു. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം അവർ അനസൂയയുടെ സമീപത്തുചെന്ന്, സൂര്യോദയത്തിന്ന് അനുവാദം നൽകുവാൻ ബ്രാഹ്മണപത്നിയെ പ്രേരിപ്പിക്കുവാൻ അപേക്ഷിച്ചു. അപ്രകാരം ബ്രാഹ്മണപത്നി അനുവാദം നൽകി. സൂര്യൻ ഉദിക്കുകയും ചെയ്തു.മാണ്ഡവ്യന്റെ ശാപഫലമായി ആ ബ്രാഹ്മണൻ മരിച്ചു. എന്നാൽ അനസൂയ തന്റെ പാതിവ്രത്യശക്തികൊണ്ട് അദ്ദേഹത്തെ ജീവിപ്പിച്ചു. മാത്രമല്ല; അദ്ദേഹത്തെ യൗവനയുക്തനും, അരോഗിയും സുന്ദരനുമാക്കിത്തീർക്കുകയും ചെയ്തു. സന്തുഷ്ടരായ ദേവന്മാർ അനസൂയയോട് എന്തുവരം വേണമെന്ന് ചോദിക്കുകയും ത്രിമൂർത്തികൾ പുത്രന്മാരായി ജനിക്കണമെന്ന വരം നൽകുകയും ചെയ്തു._*
*_അത്രിമഹർഷിക്കും അനസൂയയ്ക്കും ഇപ്രകാരം ഒരേ വരം ലഭിച്ചു. തൽഫലമായി വിഷ്ണുഭഗവാൻ ദത്തൻ എന്ന നാമധേയത്തോടും പരമേശ്വരൻ ദുർവ്വാസാവ് എന്ന നാമത്തോടും ബ്രഹ്മാവ് സോമൻ എന്നപേരോടും അവരുടെ പുത്രന്മാരായി ജനിച്ചു. ദത്തൻ അത്രിയുടെ പുതനാകയാൽ ദത്താത്രേയൻ എന്നപേരിൽ പ്രസിദ്ധനായി._*
*_ദത്തൻ വിരക്തനായ ഒരു യോഗിവര്യനായിരുന്നു. അതിസുന്ദരനായ അദ്ദേഹത്തെ സദാ മുനികുമാരന്മാർ ചുറ്റുംകൂടി ശല്യംചെയ്തുകൊണ്ടിരുന്നു. ആ ശല്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുവാൻ അദ്ദേഹം ഒരു സരസ്സിൽ മുങ്ങി കുറെക്കാലം ജലാന്തർഭാഗത്തു കഴിച്ചുകൂട്ടി. എങ്കിലും മുനികുമാരന്മാർ വിട്ടില്ല. ഒടുവിൽ അദ്ദേഹം ഒരു സുന്ദരിയോടുകൂടി സരസ്സിൽ നിന്ന് പൊങ്ങിവന്നു. ശിഷ്യത്വം കാംക്ഷിക്കുന്ന മുനികുമാരന്മാർ ഇതുകണ്ടാൽ തന്നെ വിട്ടുമാറുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. എന്നാൽ അതുകൊണ്ട് ഫലമുണ്ടായില്ല. ഒടുവിൽ അദ്ദേഹം ആ സ്ത്രീയോടൊത്ത് മദ്യപാനം ചെയ്തുവത്രെ. ഇതുകണ്ടമുനികുമാരന്മാർ അദ്ദേഹത്തെ നിന്ദിച്ചുകൊണ്ട് വിട്ടുമാറി. പിന്നീട് അദ്ദേഹത്തിന്റെ സഞ്ചാരം ആ സ്ത്രീയോടുകൂടിയായിരുന്നു. അതിനിടയിൽ അദ്ദേഹം ഹേഹയനെന്ന കാർത്തവീര്യാർജ്ജുനനുമായി കണ്ടുമുട്ടി._*
*_ഭഗവാനെ പുത്രഭാവത്തിൽ കാംക്ഷിച്ച അത്രിമഹർഷിക്ക് ഭഗവാൻ “ഇതാ ഞാൻ തന്നെ അങ്ങയുടെ പുത്രനായി, ദത്തനായിരിക്കുന്നു” എന്ന് അരുളിച്ചെയ്കയാലാണത്രെ അദ്ദേഹത്തിന്ന് ദത്തൻ എന്ന നാമം സിദ്ധിച്ചത്.
*_അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന സ്ത്രീയും പാനംചെയ്ത മദ്യവും അദ്ദേഹത്തിന്റെ യോഗശക്തിയാൽ സൃഷ്ടിക്കപ്പെട്ടവയായിരുന്നുവത്രെ. അതിനാൽ ആ സ്ത്രീസംഗമംകൊണ്ടോ, മദ്യപാനം കൊണ്ടോ അദ്ദേഹത്തിന്ന് യാതൊരു പതിത്വവും സംഭവിച്ചില്ല. ശിഷ്യന്മാരെ ഒഴിവാക്കുവാൻ അദ്ദേഹം സ്വീകരിച്ച മായാവിദ്യമാത്രമായിരുന്നുഅത്._*
*_ശിഷ്യന്മാരെ ഒഴിവാക്കിയെങ്കിലും അവർക്കന്ന് അദ്ദേഹം ജ്ഞാനോപദേശം നൽകിയത്രെ. അലർക്കൻ അനേകകാലം രാജ്യം വാണുവെങ്കിലും അദ്ദേഹത്തിന്ന് വിരക്തി വന്നില്ല. അങ്ങനെയിരിക്കെ കാശിരാജാവ് അദ്ദേഹത്തിന്റെ രാജ്യം ആക്രമിച്ച് അദ്ദേഹത്തെ പരാജയപ്പെടുത്തി. ആ സന്ദർഭത്തിൽ അദ്ദേഹം മാതാവിന്റെ മോതിരത്തിൽ എഴുതിയിരുന്ന വാക്യങ്ങൾ വായിക്കാനിടയായി._*
*_വിഷയസുഖം ത്യാജ്യമാണെന്നും അതിന്നു കഴിയാത്തവർ സജ്ജനസംസർഗ്ഗം ചെയ്യണമെന്നും അതാണ് ഉത്തമമാർഗ്ഗം എന്നുമായിരുന്നു മോതിരത്തിലെ ലിഖിതം. അലർക്കൻ ദത്താത്രേയനെ സമീപിച്ച് അദ്ദേഹത്തിൽനിന്ന് ആത്മജ്ഞാനം നേടി._*
*_കാർത്തവീര്യാർജുനൻ, ഗർഗ്ഗമുനിയുടെ ഉപദേശപ്രകാരം ദത്താത്രേയന്റെ ആശ്രമത്തിൽ ചെന്ന്, അദ്ദേഹത്തെ വന്ദിച്ച്, അധർമം കൂടാതെ എങ്ങനെ പ്രജാപരിപാലനം നടത്താം എന്ന് ഉപദേശിക്കുവാൻ അപേക്ഷിച്ചു. ദത്താത്രേയൻ നൽകിയ ഉപദേശത്തിന്നനുസൃതമായിട്ടായിരുന്നു അർജ്ജുനൻ രാജ്യസംരക്ഷണം നടത്തിയത്, അദ്ദേഹം അങ്ങനെ ഒരു യോഗ്യനായ ചക്രവർത്തിയായിത്തീർന്നു, മാത്രമല്ല,അദ്ദേഹത്തിന് ഭഗവദനുഗ്രഹത്താൽ അഷ്ടൈശ്വര്യസിഡികളും കൈവന്നു. അദ്ദേഹം ഓരോ വർഷവും ആ ദിവസത്തിന്റെ ഓർമയ് ക്കായി ഓരോ യാഗവും കഴിച്ചു. കാർത്തവീര്യൻ, ദത്താത്രേയനെ രണ്ടുകെെകളും കൂപ്പിത്തൊഴുതപ്പോൾ "ഈ കൈകൾ ആയിരമായിത്തീരട്ടെ''യെന്ന് മഹർഷി അനുഗ്രഹിച്ചതിന്റെ ഫലമായിട്ടാണത്രെ അദ്ദേഹത്തിന്നു ആയിരം കൈകൾ ഉണ്ടായത്. ഭഗവാന്റെ കൈകൊണ്ടുതന്നെ തന്റെ മരണം സംഭവിക്കണമെന്ന അദ്ദേഹത്തിന്റെ പ്രാർത്ഥനയുടെ ഫലമായി, ഭഗവാന്റെ അവതാരമൂർത്തിയായ പരശുരാമനാൽ അദ്ദേഹം വധിക്കപ്പെട്ടു. ഭഗവാൻ സ്വചക്രംതന്നെ അദ്ദേഹത്തിന്ന് നൽകിയിരുന്നുവത്രെ._*
*_പരമഹംസപദവിയിലെത്തിയ ഒരു യതിവര്യനായിരുന്നു ദത്താത്രേയൻ. ഭാഗവതം ഏകാദശസ്കന്ധത്തിൽ, യദുവുമായി സംവാദത്തിലേർപ്പെട്ടുവെന്നു പറയപ്പെടുന്ന അവധൂതൻ ദത്താത്രയനായിരുന്നുവെന്ന് നാരദീയപുരാണത്തിൽ ഭാഗവതാദ്ധ്യായത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പൃഥിവ്യാദി ഇരുപത്തിനാല് ഗുരുക്കന്മാർ പ്രകൃതിയിലുള്ളതായും, ഓരോരുത്തനിൽ നിന്നു നാം പഠിക്കേണ്ടുന്ന തത്ത്വമെന്തെന്നും ഈ അവധൂതൻ യദുവിന് ഉപദേശിക്കുകയുണ്ടായി. ഈ ഉപദേശംകേട്ട യദു സർവ്വസംഗവിമുക്തനായിത്തീർന്നു. അവധൂതൻ വന്നവഴിയെ തിരിച്ചുപോകുകയും ചെയ്തു. ശ്രീകൃഷ്ണഭഗവാൻ ഉദ്ധവന്ന്ഉപദേശിച്ചതാണിത്._*
*_മാർഗ്ഗശീർഷത്തിലെ മകയിരം നക്ഷത്രവും പൗർണ്ണമാസിയും ബുധനാഴ്ചയും ഒത്തുചേർന്ന ദിവസമായിരുന്നുവത്രെ ദത്താത്രേയാവതാരം
➖➖➖➖➖➖➖➖➖➖➖
      *അജ്ഞാന തിമിരാന്ധസ്യ*
      *ജ്ഞാനാഞ്ജന ശലാകയാ*
      *ചക്ഷുരുന്മീലിതം യേന*
      *തസ്മൈ ശ്രീ ഗുരവേ നമഃ*

No comments:

Post a Comment