Saturday, June 13, 2020

കോവിഡിനോട് പേടി വേണ്ട ജാഗ്രതമതി എന്ന് പറഞ്ഞുകൊണ്ടേയിരിക്കുമ്പോള്‍ തന്നെ മലയാളി ശീലിക്കുന്നത് ആളുകളെ ഒറ്റപ്പെടുത്താനും കുറ്റവാളികളെപ്പോലെ കാണാനും കല്ലെറിയാനും വേണ്ടിവന്നാല്‍ അടിച്ചോടിക്കാനുമാണ്. അടിയന്തരമായി നമ്മുടെ നാട്ടിലെ ജനങ്ങളെ ബോധവത്കരണത്തിന് വിധേയമാക്കുകയാണ് വേണ്ടത്. വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവരോടും നിരീക്ഷണ ഘട്ടം കഴിഞ്ഞവരോടും പോസിറ്റീവായ രോഗികളോടും രോഗമുക്തരായവരോടും എങ്ങനെ പെരുമാറണം എന്ന കാര്യത്തില്‍ വളരെ ആശങ്കാജനകമായ സാഹചര്യമാണ് കേരളത്തിലുള്ളത്.

കോവിഡ് രോഗബാധയേക്കാള്‍ അതിഗുരുതരമായ ഒരവസ്ഥയാണ് ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലനില്‍ക്കുന്നത്. വിശാലമായ സാമൂഹ്യബോധമോ കാര്യങ്ങളെ മനസിലാക്കാനുള്ള അറിവോ തീരെ കുറഞ്ഞ സമൂഹമാണ് കേരളത്തിലുള്ള വലിയൊരു വിഭാഗം. വിദ്യാഭ്യാസം ഉണ്ടോ ഇല്ലയോ എന്നതിന് ഇക്കാര്യത്തില്‍ യാതൊരു പ്രസക്തിയുമില്ല. കേരളത്തിന് പുറത്തുനിന്നെത്തി ക്വാറന്റീനില്‍ കഴിയുന്നവരോട് ഇവിടത്തെ ജനങ്ങള്‍ പെരുമാറുന്നതെങ്ങനെയെന്നത് ചര്‍ച്ചപോലും ആവുന്നില്ല.

ചെന്നൈയില്‍ നിന്ന് നാട്ടിലെത്തി ക്വാറന്റൈനിലാണ് ഞാന്‍. കേരളത്തില്‍ വന്നിറിങ്ങിയ നിമിഷം മുതല്‍ അനുഭവിക്കേണ്ടി വരുന്നത് ഭീകരമായ മാനസിക പീഢനമാണ്. കോഴിക്കോട്ടെ ഫ്‌ളാറ്റിലെത്തി ആറ് ദിവസമായി. വന്ന ദിവസം കാറില്‍ നിന്നിറങ്ങി നോക്കിയപ്പോള്‍ പല ഫ്‌ളാറ്റുകളില്‍ നിന്നുള്ളവരും ജനലില്‍ കൂടി ഒളിഞ്ഞുനോക്കുന്നു. എനിക്ക് പരിചിതരായ ആളുകളായതിനാല്‍ ഞാന്‍ തിരിച്ചുനോക്കിയപ്പോള്‍ ഒരു നികൃഷ്ട ജീവിയെ കണ്ടപോലെ കര്‍ട്ടന്‍ വലിച്ചിട്ടു. വല്ലാത്തൊരു വിഷമത്തോടെയായിരുന്നു ഫ്‌ളാറ്റിലേക്ക് കയറിയത്. കുറച്ച് ദിവസം മുമ്പ്, വരുന്ന കാര്യം ഒരു സൗഹൃദത്തിന്റെ പേരില്‍ വിളിച്ചുപറഞ്ഞിരുന്നു. എന്നാല്‍ തിരിച്ചുചോദിച്ചത് സര്‍ക്കാര്‍ ക്വാറന്‍ൈന്‍ എടുത്തൂടെ ഫ്‌ളാറ്റിലേക്ക് വരേണ്ടതുണ്ടോ എന്നൊക്കെയായിരുന്നു. എനിക്ക് സ്വന്തമായി സൗകര്യങ്ങളുള്ള ഒരു സ്ഥലം ഉണ്ടെങ്കില്‍ ഞാന്‍ എന്തിനാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ പോകുന്നത്. അത് സൗകര്യങ്ങളില്ലാത്ത മറ്റൊരാളുടെ അവസരം ഇല്ലാതാക്കല്‍ കൂടിയല്ലേ. പിന്നീട് അവര്‍ പറഞ്ഞതും നൂറുകൂട്ടം പരാതികളായിരുന്നു, അങ്ങോട്ട് വരാതിരിക്കാനുള്ള കാര്യങ്ങള്‍.

വന്നതിന്റെ പിറ്റേ ദിവസം രാവിലെ തന്നെ ഫോണില്‍ വിളിച്ചു. എന്റെ സുഖവിവരം തിരക്കാനോ ഭക്ഷണകാര്യത്തെ കുറിച്ച് അന്വേഷിക്കാനോ ആയിരിക്കും ആ കോള്‍ എന്ന് വിചാരിച്ച എന്നെ ഓര്‍ത്ത് പിന്നീട് എനിക്ക് തന്നെ പുച്ഛം തോന്നി. ഫോണെടുത്തയുടന്‍ ചോദിച്ചത് 'നീ രജിസ്റ്റര്‍ ചെയ്തിട്ട് തന്നെയാണോ വന്നത്' എന്നായിരുന്നു. ഫ്‌ളൈറ്റില്‍ വരുന്ന ഒരാള്‍ക്ക് രജിസ്റ്റര്‍ ചെയ്യാതെ വരാന്‍ കഴിയില്ല എന്നത് അവര്‍ക്കറിയാഞ്ഞിട്ടായിരിക്കുമോ. (ചിലപ്പോള്‍ അറിയാന്‍ വഴിയില്ല. കൊറോണ പകരും എന്ന ഭീതിയില്‍ ഫ്‌ളാറ്റില്‍ എല്ലാവരും പത്രം നിര്‍ത്തിയതായാണ്). രജിസ്റ്റര്‍ ചെയ്യാതെ ആര്‍ക്കും ഇങ്ങോട്ടുവരാന്‍ കഴിയില്ല എന്ന് പറഞ്ഞപ്പോള്‍ മറുപടി, ചിലരൊക്കെ പലവഴികളിലൂടെയും വരുന്നുണ്ട് എന്നൊരു കുനുഷ്ട്. എന്റെ കണ്ണ് നിറഞ്ഞുതുടങ്ങിയിരുന്നു. പിന്നീട് കുറേ ചോദ്യങ്ങളും നിര്‍ദേശങ്ങളും ആയിരുന്നു. എന്താവശ്യമുണ്ടെങ്കിലും ഡോര്‍ തുറക്കണ്ട, മറ്റ് ഫ്‌ളാറ്റുകളില്‍ കുട്ടികള്‍ ഉള്ളതാണ് എന്നൊക്കെ തരത്തില്‍.

എന്നിട്ടും അവരുടെ പ്രശ്‌നം കഴിഞ്ഞില്ല. ഹൗസ് ഓണറെ വിളിച്ച് പരാതി പറഞ്ഞു. ഞാന്‍ ഈ ഫ്‌ളാറ്റില്‍ കഴിയുന്നതുകൊണ്ട് അവര്‍ക്കിവിടെ ജീവിക്കാന്‍ പേടിയാകുന്നു. എന്നെ വിളിച്ചുപറയണം എന്ന തരത്തില്‍. 'അവള്‍ ഒരു ജേര്‍ണലിസ്റ്റല്ലേ, നിങ്ങളെക്കാള്‍ കൂടുതല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ അറിയുക അവള്‍ക്കല്ലേ' എന്നായിരുന്നു അവര്‍ കൊടുത്ത മറുപടി. വീട്ടുടമ സാമാന്യബോധവും അറിവും ഉള്ള സ്ത്രീയായതിനാല്‍ എന്നെ വിളിച്ച് സമാധാനിപ്പിച്ചു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ വിളിച്ചുപറയാനും പറഞ്ഞു. പിറ്റേന്ന് രാവിലെ ഡോറിന് പുറത്ത് സംസാരിക്കുന്നത് കേട്ടപ്പോഴാണ് ശ്രദ്ധിച്ചത്. വെയ്സ്റ്റ് എടുക്കാന്‍ വരുന്ന ചേച്ചിയോട് എന്റെ ഫ്‌ളാറ്റില്‍ കൊറോണയുടെ പ്രശ്‌നം ഉണ്ടെന്നും നമ്പറില്ലാത്തതുകൊണ്ടാണ് വിളിച്ച് പറയാതിരുന്നത് എന്നും പറയുന്നതുകേട്ടു. ക്വാറന്റൈന്‍ ആയതിനാല്‍ ഞാന്‍ പുറത്ത് വെയ്സ്റ്റ് വെച്ചിട്ടുപോലുമില്ല. ആറുദിവസമായി എന്റെ ഫ്‌ലാറ്റില്‍ നിന്ന് വെയ്സ്റ്റ് കൊണ്ടുപോയിട്ട്. ഇതിനെന്താണ് പരിഹാരം എന്ന് ചോദിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ക്വാറന്റൈനില്‍ കഴിയുന്നവര്‍ വെയ്സ്റ്റ് ഉണ്ടാക്കാന്‍ പാടില്ല എന്നാണ്. നിങ്ങളുടെ വെയ്സ്റ്റ് എടുക്കാന്‍ ആരാണ് മെനക്കെടുക, ഞങ്ങള്‍ക്ക് കുടുംബശ്രീക്കാരെ നിര്‍ബന്ധിക്കാന്‍ പറ്റുമോ തുടങ്ങിയ ചോദ്യങ്ങള്‍ അദ്ദേഹം എന്നോട് ചോദിക്കുന്നു. ഇപ്പോഴും അതിനൊരു പരിഹാരമില്ല. സാധനങ്ങള്‍ കൊണ്ടുവരാന്‍ പോലും ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ കുറഞ്ഞ സാധനങ്ങളുമായി മിനിമം ഭക്ഷണം കഴിച്ചാണ് ഓരോ ദിവസവും തീര്‍ക്കുന്നത് തന്നെ.

കഴിഞ്ഞദിവസം അടുത്ത ഫ്‌ളാറ്റില്‍ നിന്ന് വീണ്ടും കോള്‍ വന്നു. ഫ്‌ളാറ്റിന് പുറത്ത് എന്തോ പണി നടക്കുന്നുണ്ട്. എന്റെ ഫ്‌ളാറ്റിന്റെ മറുവശത്തുകൂടി പണിക്കാര്‍ക്ക് ടെറസിലേക്ക് പോകണം.  അതുകൊണ്ട് എന്റെ ജനലുകള്‍ അടച്ചിടണം, പണിക്കാര്‍ക്ക് പേടിയാണ് എന്ന്. ആ ജനലും വഴിയും തമ്മില്‍ യാതൊരു ബന്ധവുമില്ലാത്തതാണ്. 14 ദിവസം ആരെയും കാണാതെ ഒറ്റയ്ക്കിരിക്കുക എന്നത് തന്നെ മാനസികമായി തളര്‍ന്നുപോകുന്ന ഒരേര്‍പ്പാടാണ്. അതിനിടയിലാണ് ആളുകളുടെ മോശമായ വാക്കുകളും പെരുമാറ്റവും. എത്ര ബോള്‍ഡാവാന്‍ ശ്രമിച്ചാലും നിയന്ത്രണവിട്ടുപോകുന്ന അവസ്ഥ. ഓരോ ദിവസവും ഇതുപോലുള്ള മാനസിക പീഢനങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുകയാണ്.

ഇത് എന്റെ മാത്രം അനുഭവമല്ല. ഒറ്റപ്പെടുത്തിയും വീടിന് കല്ലെറിഞ്ഞും കടകള്‍ അടിച്ചുപൊളിച്ചും തെറിവിളിച്ചും അവരവരുടെ ജീവിതം 'സുരക്ഷിതവും ആനന്ദകര'വുമാക്കുന്ന ഒരു സമൂഹം കേരളത്തില്‍ ഉണ്ടായിവന്നിട്ടുണ്ട്. ക്വാറന്റൈനില്‍ കഴിയുന്ന പയ്യോളിയിലെ സുഹൃത്ത് പറഞ്ഞത് വീടിന്റെ വാതില്‍ തുറന്നാല്‍ അടുത്ത വീട്ടില്‍ നിന്നും തെറിവിളിയാണ് എന്നാണ്. മുറ്റത്തെ കിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ പോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. വന്ന ദിവസം വീട്ടില്‍ കയറാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞ് നാട്ടുകാര്‍ തടയുന്ന സ്ഥിതിയുമുണ്ടായി. ഒരുതരം അക്രമിക്കാന്‍ നില്‍ക്കുന്ന കൂട്ടത്തിന്റെ മുന്നിലകപ്പെട്ട അവസ്ഥയാണ് പുറത്ത് നിന്ന് വരുന്നവര്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്.

നാട്ടുകാരുടെ, സുഹൃത്തുക്കളുടെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ, ആരോഗ്യപ്രവര്‍ത്തകരുടെ ഒക്കെ മുന്നില്‍ വലിയ പാതകം ചെയ്തവരെ പോലെ നില്‍ക്കേണ്ടി വരികയാണ്. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച മലയാളി നഴ്‌സും ചെന്നെയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന കോഴിക്കോട് സ്വദേശി ബിനീഷും ആത്മഹ്ത്യ ചെയ്തത് എന്തുകൊണ്ടായിരുന്നു എന്ന് കൃത്യമായി ബോധ്യപ്പെട്ട ദിവസങ്ങളായിരുന്നു ഇത്. കോവിഡ് ചികിത്സയിലും നിരീക്ഷണത്തിലുമിരിക്കുന്നവര്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നു എന്ന് ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. പലവിധ പ്രശ്‌നങ്ങള്‍ നേരിടുന്ന ആളുകളെ ആത്മഹത്യയിലേക്ക് നയിക്കാന്‍ പാകത്തിന് കേരളത്തിലെ മലയാളികളുടെ മനോഭാവം മാറിയിരിക്കുന്നു. അടിയന്തിരമായി ഒരു ബോധവത്കരണത്തിന് കേരളത്തില്‍ ജീവിക്കുന്ന മലയാളികളെ വിധേയരാക്കേണ്ടതുണ്ട്. അതിനൊപ്പം തരംതിരിച്ചുള്ള കണക്കുപറച്ചിലുകളും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഓരോ ദിവസവും ഇത്രപേര്‍ രോഗബാധിതരായി, അതില്‍ ഇത്രപേര്‍ പുറത്ത് നിന്ന് വന്നവര്‍ എന്ന രീതിയിലുള്ള കണക്ക് അത് ഉള്‍കൊള്ളാന്‍ പാകപ്പെട്ട ഒരു സമൂഹത്തോടല്ല നിങ്ങള്‍ പറയുന്നത് എന്നോര്‍ക്കുക. ആളുകളെ കൂടുതല്‍ അക്രമത്തിന് പ്രേരിപ്പിക്കുകയാണ് നിങ്ങളുടെ കണക്കുകളും പറച്ചിലുകളും


Posted by a women journalist.

No comments:

Post a Comment