Saturday, June 13, 2020

Sree lalithamaaya group.
ഇരുപത്തിഒന്നാം ദിവസം.

ഇവിടെ ആദ്യം ഭഗവതിയെ അമ്മയായി കാണുന്നു. (ശ്രീ മാതാ) അങ്ങനെ സാധകന് മാതാവിനോടുള്ള സ്വാതന്ത്ര്യവും അടുപ്പവും സ്ഥാപിക്കുന്നു. തുടർന്ന് അമ്മയുടെ മഹാരാജ്ഞി എന്ന പദവിയെ ബഹുമാനിച്ച് അതിനനുസരിച്ച സിംഹാസനത്തിൽ വിരാജിക്കുന്നതായി കാണുന്നു. അനന്തരം ഭഗവതിയുടെ ഉത്ഭവം ചിദഗ്നികുണ്ഡത്തിൽ നിന്നെന്നു പറയുന്നു. അതിനു കാരണം ദേവകാര്യം സാധിക്കുന്നതിനാണ്. തുടർന്ന് ഭഗവതിയെ ആയിരം ഉദയസൂര്യ പ്രഭയോടെ ദർശിക്കുന്നു. ആ തേജോപുഞ്ഛത്തിൽ ഭഗവതിയുടെ സ്വരൂപം വെളിവാകുന്നു. നാലു കൈളും അവയിലെ ആയുധങ്ങളുമാണ് ആദ്യം വെളിവാകുന്നത്. സ്വന്തം അരുണപ്രഭാപൂരത്താൽ സകല ബ്രഹ്മാണ്ഡങ്ങളെയും മജ്ജനം ചെയ്യുന്ന ഭഗവതിയെ കൂടുതൽ വ്യക്തമായി കണ്ട് കേശാദിപാദ വർണ്ണനം നടത്തുകയാണ് പിന്നീട്. പുഷ്പങ്ങൾ ചൂടിയ തലമുടി, പത്മരാഗക്കിരീടം, അഷ്ടമിത്തിങ്കളൊടൊത്ത നെറ്റിത്തടം, കസ്തൂരീതിലകം, കാമദേവന്റെ കളിപ്പന്തലിനു തോരണം പോലെ ശോഭിക്കുന്ന ഇളകുന്ന പുരികക്കൊടികൾ, മുഖകാന്തീപ്രവാഹത്തിൽ നീന്തിക്കളിക്കുന്ന മീനുകളോ എന്നും തോന്നും വിധമുള്ള ചഞ്ചലമിഴികൾ, വിടർന്നു വരുന്ന ചെമ്പക പൂവിന്റെ ചേലുള്ള നാസിക, അതിൽ നക്ഷത്രങ്ങളെയും വെന്ന് തിളങ്ങുന്ന മൂക്കുത്തി, കദംബകുസുമങ്ങൾ ചൂടിയ മേക്കാത്, തോടകളായി ശോഭിക്കുന്ന സൂര്യചന്ദ്രന്മാർ, പത്മരാഗരത്നക്കണ്ണാടിയെയും തോൽപ്പിക്കുന്ന തിളക്കമേറിയ ചുവന്ന കവിൾത്തടങ്ങൾ, പുത്തൻ പവിഴത്തിന്റെയും തൊണ്ടിപ്പഴത്തിന്റെയും കാന്തിയെ വെല്ലുന്ന അധരോഷ്ഠങ്ങൾ, പരിശുദ്ധ ജ്ഞാനത്തിന്റെ അങ്കുരങ്ങളോ എന്നു തോന്നും വിധം വെണ്മയേറിയ ദന്തനിരകൾ, അഷ്ടദിക്പാലകരേയും ആകർഷിച്ച് അടുപ്പിക്കുന്ന താംബൂല സുഗന്ധം, സരസ്വതീ ദേവിയുടെ കച്ഛപീവിണാ നാദത്തെയും വെല്ലുന്ന സല്ലാപമാധുര്യം, കാമേശനായ ശ്രീ പരമേശ്വരന്റെ മാനസത്തെ മയക്കുന്നു മന്ദസ്മിത പ്രഭാപൂരം, സാദൃശ്യം പറയാനാവാത്ത താടിത്തടം, ശ്രീപരമേശ്വരൻ കെട്ടിയ മാംഗല്യസൂത്രത്താൽ ശോഭിക്കുന്ന കഴുത്ത്, സ്വർണ്ണത്തിൽ തീർത്ത അംഗദത്താലും കേയൂരത്താലും ശോഭിക്കുന്ന തോൾ പ്രദേശം, രത്നം പതിച്ച ഗ്രൈവേയവും ഇളകുന്ന മുത്തു ലോലാക്കുകളോടും കൂടിയ ചിന്താകവും ധരിച്ച കഴുത്ത്, കാമേശ്വരന്റെ പ്രേമരത്നത്തിനു പ്രതിഫലമായ സ്തന രത്നങ്ങൾ, അവയാകട്ടെ നാഭീ തടാകത്തിൽ നിന്നും ഉയർന്നു മേലോട്ടു പടർന്നു കയറിയ രോമലതയിൽ കായ്ച്ച ഫലങ്ങളാണ്. കാണപ്പെടുത്ത രോമലതയാൽ ഊഹിച്ചെടുക്കുവാൻ മാത്രം സാധിക്കും വിധത്തിൽ നേർത്ത ഇടമദ്ധ്യം, സ്തനങ്ങളുടെ ഭാരത്താൽ നേർത്ത മദ്ധ്യപ്രദേശം ഒടിഞ്ഞു പോകാതിരിക്കാൻ വലിച്ചു കെട്ടിയ പട്ടബന്ധസൂത്രം പോലെ തോന്നിക്കുന്ന ത്രിവലികൾ, അരുണനെ പോലെ ചുവന്നതും കൗസുംഭച്ചാറിൽ മുക്കിയെടുത്ത് അത്യന്തം ചുവപ്പാക്കിയതുമായ വസ്ത്രത്താൽ ശോഭിക്കുന്ന അരക്കെട്ട്, രത്ന കിങ്കിണികളോടു കൂടിയ മനോഹരമായ അരഞ്ഞാണം, കാമേശനുമാത്രം അറിയുവാൻ സാധിക്കുന്ന മാർദ്ദവവും ലാവണ്യവുമുള്ള ഇരുതുടക്കാമ്പുകൾ, മാണിക്യ കിരീടത്തിന്റ ആകാരമുള്ള കാൽമുട്ടുകൾ, ഇന്ദ്രഗോപത്താൽ പൊതിഞ്ഞ കാമന്റെ തൂണീരം പോലെ തോന്നുന്ന കണങ്കാലുകൾ, പുറത്തു കാണാനാവാത്തവിധം മാംസളമായ ഞെരിയാണികൾ, ആമയുടെ പുറംതോടിന്റെ ആകൃതിയെ ജയിക്കുന്ന പുറംകാൽ വടിവ്, നമസ്കരിക്കുന്ന ജനങ്ങളുടെ അജ്ഞാനാന്ധകാരത്തെ ദൂരികരിക്കുന്ന കാൽനഖ മരീചികൾ, താമരപ്പൂവിന്റെ കാന്തിയെ വെല്ലുന്ന പദദ്വയപ്രഭാജാലം, കിലുങ്ങുന്ന കാൽത്തളകൾ, അരയന്നപ്പിടയ്ക്കൊത്ത ഗമനം എന്നിങ്ങനെ ഭഗവതി സകലസൗന്ദര്യസാരസവർവ്വസ്വവും അന്യൂനമായ അംഗഭംഗിയോടു കൂടിയവളും സർവ്വാഭരണ ഭൂഷിതയും ശിവനാകുന്ന കാമേശ്വരന്റെ അങ്കതലത്തിൽ സ്ഥിതി ചെയ്യുന്ന ശിവാ (ശിവാനി ) യും സ്വാധീന വല്ലഭയും ആണെന്നു പറഞ്ഞിരിക്കുന്നു.

തുടർന്ന് ഭഗവതിയുടെ വാസസ്ഥാനമാണ് വർണ്ണിക്കുന്നത്.

സുമേരുമദ്ധ്യശൃംഗസ്ഥാ
ശ്രീമന്നഗരനായികാ
ചിന്താമണിഗൃഹാന്തഃസ്ഥാ
പഞ്ചബ്രഹ്‌മാസനസ്ഥിതാ.

55. സുമേരുമദ്ധ്യശൃംഗസ്ഥാ.

സുമേരു മദ്ധ്യ ശൃംഗ സ്ഥാ
സുമേരുവിന്റെ മദ്ധ്യത്തിലുള്ള ശൃംഗത്തിൽ സ്ഥിതി ചെയ്യുന്നവൾ.
മഹാമേരു പർവ്വതത്തിന്റെ മുകളിലായി മൂന്നു കോണിലായി ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ ശൃംഗങ്ങൾക്കു നടുവിലായി വസിക്കുന്നു.

56. ശ്രീമന്നഗരനായികാ.

ശ്രീമത് നഗര നായികാ.
ശ്രീമത്തായിരിക്കുന്ന നഗരത്തിന്റെ നായിക. ഇത് വിദ്യാനഗരം എന്നു പ്രസിദ്ധം. ഇത് ശ്രീചക്രമാണ്.

57. ചിന്താമണിഗൃഹാന്തഃസ്ഥാ.

ചിന്താമണി ഗൃഹ അന്തഃസ്ഥാ.

ചിന്താമണിഗൃഹത്തിന്റെ അകത്തു സ്ഥിതി ചെയ്യുന്നവൾ. ചിന്തിത ഫലം നൽകുവാൻ പ്രാപ്തിയുള്ളതാണ്
ചിന്താരത്നം. ശ്രീശങ്കരാചാര്യസ്വാമികളും ഗൌഡപാദാചാര്യരും ഭഗവതിയുടെ ചിന്താമണിഗൃഹം ശ്രീചക്രം തന്നെയാണെന്നു പറഞ്ഞിട്ടുണ്ട്.

58. പഞ്ചബ്രഹ്മാസനസ്ഥിതാ.
പഞ്ച ബ്രഹ്മ ആസന സ്ഥിതാ.
പഞ്ചബ്രഹ്മാക്കന്മാരാകുന്ന ആസനത്തിൽ സ്ഥിതി ചെയ്യുന്നവൾ. "ബ്രഹ്മാവിഷ്ണുരുദ്രശ്ച
ഈശ്വരശ്ചസദാശിവഃ " - ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ, ഈശ്വരൻ, സദാശിവൻ ഇവർ ദേവിയുടെ ഇരിപ്പിടത്തിന് തൂണുകളായി സദാ ധ്യാനനിമഗ്നരായി വസിക്കുന്നു. ഇവിടെ ശിവതത്വം പ്രവർത്തിവിശേഷം ഹേതുമായി വിവിധ ഭാവം കൈക്കുള്ളുന്നു എന്നു മനസ്സിലാക്കണം.

മഹാപത്മാടവീസംസ്ഥാ
കദംബവനവാസിനീ
സുധാസാഗരമദ്ധ്യസ്ഥാ
കാമാക്ഷീ കാമദായിനീ.

59. മഹാപത്മാടവീസംസ്ഥാ.
മഹാപത്മ അടവീ സംസ്ഥാ.
മഹത്തുക്കളായ പത്മങ്ങൾ നിറഞ്ഞ അടവിയിൽ (കാട്ടിൽ) സ്ഥിതി ചെയ്യുന്നവൾ. ഇവിടെ പത്മങ്ങൾ അതീവ മഹത്തുക്കൾ എന്നു പറഞ്ഞിരിക്കയാൽ അവ സഹസ്രാരപത്മം തന്നെ എന്നു മനസ്സിലാക്കാം.

60. കദംബവനവാസിനീ.
കദംബവനത്തിൽ വസിക്കുന്നവൾ. ചിന്താമണിഗൃഹത്തിന്റെ ചുറ്റും മണിമയമണ്ഡപവും അതിനെച്ചുറ്റി കദംബവനവും (കടമ്പിൻ കാട് ) ആണ്.
ഭഗവതി കർണ്ണപുരത്തിൽ
കദംബകുസുമം അണിഞ്ഞതായി പറഞ്ഞിട്ടുണ്ടല്ലോ.

61. സുധാസാഗരമദ്ധ്യസ്ഥാ.
സുധാ സാഗര മദ്ധ്യസ്ഥാ.
സുധാസാഗരത്തിന്റെ മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്നവൾ. സുധാസാഗരം അമൃത സാഗരം,അതിന്റെ നടുവിലാണ് ഭഗവതിയുടെ വാസസ്ഥാനം. സാധകന്റെ പ്രാണശക്തി സഹസ്രാരപത്മത്തിൽ എത്തിച്ചേരുമ്പോൾ അനുഭവവേദ്യമാകുന്നതാണ് സുധാസാഗരം.
62.കാമാക്ഷീ.
കാമ അക്ഷീ.
കമനീയങ്ങളായ കണ്ണുകളോടു കൂടിയവൾ.

63. കാമദായിനീ.
കാമ ദായിനീ.
കാമങ്ങളെ ദാനം ചെയ്യുന്നവൾ. കാമ്യമായതാണ് കാമം. മനസ്സിൽ ഉദയം ചെയ്യുന്ന അഗ്രഹങ്ങൾ എല്ലാം കാമ്യമാവില്ല.

No comments:

Post a Comment