Friday, June 05, 2020

ഞാൻ ആരാണെന്നു നിനക്കറിയില്ല
എൻറെ കുട്ടികളെ  നിനക്കറിയില്ല
എൻറെ കുടുംബത്തെ നിനക്കറിയില്ല
ഞാൻ എവിടുന്നു വന്നു, എവിടേക്കു പോകുന്നു
ഒന്നും നിനക്കറിയില്ല

നിനക്കു വേണ്ടിയിരുന്നത് ഒരു നിമിഷത്തെ സന്തോഷം
പൈശാചികമായി പൊട്ടിച്ചിരിക്കാൻ ഒരവസരം
സുഹൃത്തുക്കളോടു പറഞ്ഞു രസിക്കാൻ ഒരു നിമിഷം
അതു മാത്രം

എൻറെ വായിൽ നിൻറെ വിനോദം പൊട്ടിച്ചിതറിയപ്പോൾ
എൻറെ കവിളുകളും നാക്കും ഛിന്നഭിന്നമായപ്പോൾ
എൻറെ ദേഹവും ഉള്ളിൽ തുടിക്കുന്ന ജീവനും
പടക്കത്തിൻറെ അഗ്നിയിൽ വെന്തുരുകിയപ്പോൾ
ഞാൻ പ്രാണവേദനകൊണ്ട് അലറി വിളിച്ചപ്പോൾ

നീ ചിരിച്ചു, ആർത്താർത്തു  ചിരിച്ചു
കൈകൾ കൂട്ടിത്തിരുമ്മി നീ ആസ്വദിച്ചു
മേശമേൽ കൈകൾ ഇടിച്ച് നീ ആഘോഷിച്ചു
ഒരു വലിയ കാര്യം ചെയ്തെന്ന് നീ അഹങ്കരിച്ചു

എവിടേക്കെന്നും എന്തിനെന്നും അറിയാതെ ഞാൻ
പ്രാണരക്ഷാർത്ഥം ഓടി മറഞ്ഞപ്പോൾ
ഇന്നുവരെ അറിയാത്ത കഠിന യാതനകളിൽ
ഞാൻ മുങ്ങിയപ്പോൾ, ശ്വാസം മുട്ടിയപ്പോൾ

അപ്പോഴേക്കും നീ എല്ലാം മറന്നിരുന്നു
നിനക്കു വേണ്ടിയിരുന്നത് നിമിഷാർത്ഥ സന്തോഷം
അതു നിനക്കു ലഭിച്ചു കഴിഞ്ഞിരുന്നു
നീ എന്നെ മറന്നു, എൻറെ വേദനകൾ മറന്നു
എൻറെ ഉള്ളിൽ തുടിക്കുന്ന ജീവനെ മറന്നു

ഒരിറ്റു ജലം ഗ്രഹിക്കാനാകാതെ
പച്ചിലയുടെ ഒരു തുമ്പ് ചവക്കാനാകാതെ
ഞാൻ പാഞ്ഞു നടന്നു

ചുറ്റുമുള്ളത് നാടോ കാടോ എന്നറിഞ്ഞില്ല
കൂടെയുള്ളത് മനുഷ്യനോ മൃഗമോ എന്നറിഞ്ഞില്ല
അറിഞ്ഞത്, അനുഭവിച്ചത്, ഒന്നു മാത്രം
വേദന, അസഹ്യമായ വേദന
ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വേദന

ഒരു നിമിഷത്തേക്ക്, ഒരൊറ്റ നിമിഷത്തേക്കെങ്കിലും 
ദുസ്സഹമായ ഈ വേദനയിൽ നിന്നു മുക്തി
തരണമേയെന്നു ഞാൻ നിശ്ശബ്ദമായി പ്രാർത്ഥിച്ചു

വായിലെ വ്രണം പഴുത്തപ്പോൾ
പുഴുക്കൾ അരിച്ചിറങ്ങിയപ്പോൾ
ഉള്ളു മുഴുവൻ ദ്രവിച്ചില്ലാതായപ്പോൾ
പ്രാണവേദനയിൽ നിന്നു മുക്തിയില്ലെന്നു മനസ്സിലായപ്പോൾ
എൻറെ ഉള്ളിലെ ജീവൻറെ തുടിപ്പു നിലച്ചു തുടങ്ങിയപ്പോൾ 

ഒരൽപ്പം ആശ്വാസത്തിനു വേണ്ടി,
അങ്ങനെയൊരു തോന്നലിനെങ്കിലും വേണ്ടി
ഞാൻ ജലസമാധിയിൽ ലയിക്കട്ടെ

ജലദേവനോടു നിശ്ശബ്ദമായി യാചിച്ചു
ഒരൽപ്പം ആശ്വാസം തരൂ

ഇനി ഞാൻ പോകട്ടെ

എന്നെയും നിന്നെയും സൃഷ്ടിച്ചവരുടെ ലോകത്തേക്ക്
സ്വാർത്ഥത ജീവിതചര്യയാക്കാത്തവരുടെ ലോകത്തേക്ക്
അഹങ്കാരം സ്വഭാവമാക്കാത്തവരുടെ ലോകത്തേക്ക്
അപരൻറെ ദുഃഖം ആഘോഷിക്കാത്തവരുടെ ലോകത്തേക്ക്
സ്നേഹിക്കാൻ മാത്രം അറിയാവുന്നവരുടെ ലോകത്തേക്ക്

ഇനി ഞാൻ പോകട്ടെ

വിട!

No comments:

Post a Comment