Wednesday, July 15, 2020


🙏🏻🙏🏻🙏🏻🙏🏻🕉🔥🕉🙏🏻🙏🏻🙏🏻🙏🏻 *ശ്രീമദ് ദേവീഭാഗവതം* *നിത്യപാരായണം* *ദിവസം 187* *7- 29. ഗൗരീവൃത്താന്ത കഥനം* *ഇത്യേവം സൂര്യവംശ്യാനാം രാജ്ഞാം ചരിതമുത്തമം* *സോമവംശോദ് ഭവാനാം ച വർണ്ണനീയം മയാ കിയത്* *പരാശക്തിപ്രസാദേന മഹത്വം പ്രതിപേദിരേ* *രാജൻ സുനിശ്ചിതം വിദ്ധി പരാശക്തിപ്രസാദത:* വ്യാസൻ പറഞ്ഞു: ‘രവി വംശത്തിലെ രാജാക്കൻമാരുടെ കഥകളാണ് ഇതുവരെ പറഞ്ഞത്. ചന്ദ്രവംശ രാജാക്കൻമാരും പരാശക്തി പ്രസാദമുള്ള മഹത്തുക്കൾ ആയിരുന്നു. അമ്മയുടെ അനുഗ്രഹം ഒന്നു മാത്രമാണ് അവരുടെ പ്രാഭവത്തിനു നിദാനം. ഭൂതി, മികവ്, ശ്രീത്വം, ശക്തി, മുതലായ എല്ലാ പ്രാഭവങ്ങളും ദേവിയുടെ അംശഭൂതങ്ങൾ മാത്രമാണെന്ന് അറിയുക. ചന്ദ്രവംശത്തിലെ രാജാക്കൻമാർ ദേവീ ഉപാസകരാണ്. സംസാരവൃക്ഷത്തിന്റെ വേരറുക്കാൻ ഈ ഉപാസന കൊണ്ടു് സാധിക്കും. ധാന്യം വിളയിക്കുന്ന കർഷകൻ വൈക്കോൽ കളയുന്നതു പോലെ ഭുവനേശ്വരിയിൽ നിന്നും അന്യമായ എല്ലാം സാധകൻ ഉപേക്ഷിക്കണം. രാജാവേ, പാൽക്കടൽ കടയുന്നേരം എനിക്ക് ദേവിയുടെ പദമലര്‍ എന്ന അപൂർവ്വമായൊരു രത്നം ലഭിച്ചതിനാൽ ഞാനിപ്പോൾ കൃതാർത്ഥനാണ്. ദേവി ഇരുന്നരുളുന്ന പഞ്ചബ്രഹ്മാസനത്തിന്റെ നാലു കാലുകൾ ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ, ഈശ്വരൻ, എന്നിവയാണ്. സദാശിവനാണ് ആസനത്തിന്റെ പലക. ഇങ്ങിനെയൊരാസനത്തിന് അധികാരിയായി പരാശക്തിയല്ലാതെ മറ്റൊരാളില്ലതന്നെ. വേദങ്ങൾ പറയുന്നത് ഇപ്പറഞ്ഞ അഞ്ചിനുമപ്പുറം അവ്യക്തമാണെന്നാണ്. അവ്യക്തമെന്ന മായോപാധികമായ ബ്രഹ്മത്തിന്റെ ഊടും പാവും ശ്രീ ഭുവനേശ്വരിയാണ്. മനുഷ്യന് മുക്തനാകാൻ ഈ ദേവിയെ അറിയണം. ആകാശത്തെ കേവലം ഒരു തോലുറകൊണ്ടു് മൂടാമെങ്കിൽ മാത്രമേ ദേവിയുടെ സഹായമില്ലാതെ മനുഷ്യന് ദു:ഖനിവൃത്തി സാദ്ധ്യമാവൂ.  ശേതാശ്വരശാഖയിൽ ദേവൻമാർ സ്വഗുണങ്ങളെ ധ്യാനിച്ച് ചിച്ഛക്തിയെ കണ്ടെത്തുന്ന രീതിയുണ്ട്. മാർഗ്ഗം ഏതായാലും, ലജ്ജ കൊണ്ടോ, ഭയം കൊണ്ടോ, പ്രേമഭക്തിയാലോ, സംഗം വെടിഞ്ഞ് ദേവീനിഷ്ഠനാവാൻ വേദങ്ങൾ ആഹ്വാനിക്കുന്നു. ഊണിലും ഉറക്കത്തിലും കിടപ്പിലും നടപ്പിലും ദേവിയെ സ്മരിക്കുന്ന ഒരുവൻ സംസാരബന്ധനത്തിൽ കുടുങ്ങിപ്പോവുകയില്ല. ആദ്യം വിരാഡ് രൂപിണിയായി സ്ഥൂല പ്രപഞ്ച ഭാവത്തിൽ അമ്മയെ ആരാധിക്കുക. അടുത്ത പടി സൂത്ര രൂപത്തിലുള്ള ആരാധനയാണ്. ഇതിൽ സമഷ്ടിയും വൃഷ്ടിയും പെടും. പിന്നീടു് സർവ്വാന്തര്യാമിയായ ദേവിയെ ഭജിക്കുക. മായാശബള ബ്രഹ്മരൂപമാണിത്. ഇങ്ങിനെ ക്രമീകമായ ഉപാസനയിലൂടെ നിർമലമാക്കിയ മനസ്സ് നിർഗുണബ്രഹ്മസ്വരൂപയായ ദേവിയെ ഉപാസിക്കാൻ യോഗ്യമാവുന്നു. ബ്രഹ്മസ്വരൂപമായ ദേവിയിൽ മനസ്സ് ലയിക്കുന്നതാണ് ശരിയായ ആരാധന.' വ്യാസന്‍ ചോദിച്ചു: ‘ധർമനിഷ്ഠരായ പരാശക്തീഭക്തൻമാർ സൂര്യവംശത്തിലും ചാന്ദ്രവംശത്തിലും നിറയെ ഉണ്ടായിരുന്നു. അവരുടെ ചരിതങ്ങളും നാം കേട്ടു. ഇനിയെന്താണ് അങ്ങേയ്ക്ക് കേൾക്കാൻ താല്പര്യം?’ ജനമേജയൻ പറഞ്ഞു. ‘ ജഗദംബിക, ഗൗരി, ലക്ഷ്മി, സരസ്വതി, എന്നീ ദേവിമാരെ, ഹരനും ഹരിക്കും വിരിഞ്ചനും കൂട്ടായി നല്‍കിയിരുന്നു എന്ന് നേരത്തേ പറഞ്ഞുവല്ലോ. ഗൗരി ഹിമവാന്റെ പുത്രിയാണെന്നത് പ്രസിദ്ധം. അതു പോലെ ലക്ഷ്മീദേവി  പാലാഴി മങ്കയാണ് എന്നുമെല്ലാവര്‍ക്കുമറിയാം. ആദിപരാശക്തിയാണ് അവരുടെയെല്ലാം മാതാവെങ്കിൽ അവരെ മറ്റുള്ളവരുടെ പുത്രിമാരായി കണക്കാക്കുന്നത് എന്തുകൊണ്ടാണ്? എന്നിലെ സംശയങ്ങളെല്ലാം വേരോടെ അറുക്കാൻ അങ്ങയെപ്പോലെ മറ്റാരുണ്ട്?’ വ്യാസൻ പറഞ്ഞു. ‘അത്ഭുതകരമായ ഒരു കാര്യമാണത്. അതിരഹസ്യമാണെങ്കിലും അങ്ങയോടു ഞാനത്  പറയാം. ത്രിമൂർത്തികൾക്ക് കൂട്ടായി അമ്മ മൂന്നു ദേവിമാരെ നൽകിയപ്പോൾ മുതൽ അവർ സൃഷ്ടി ആരംഭിച്ചു. ഒരിക്കല്‍  ഹാലാഹലർ എന്നു പേരുള്ള അസുരൻമാർ അതിശക്തരായി മൂന്നു ലോകങ്ങളും കീഴടക്കി വരവേ കൈലാസവും വൈകുണ്ഡവും പോലും അവർ വളഞ്ഞു. ഹരിഹരൻമാർ അവരുമായി നീണ്ടൊരു യുദ്ധം ചെയ്തു. ആറായിരം കൊല്ലം ആ സംഗരം നീണ്ടുനിന്നു. ഒടുവിൽ രാക്ഷസൻമാർ പരാജയപ്പെട്ടു. ഹരിഹരൻമാർ തങ്ങളുടെ വിജയത്തിൽ അഹങ്കാരത്തോടെ ആഹ്ലാദിച്ചു. ആരുടെ പ്രഭാവം കൊണ്ടാണോ അവർക്കീ ശക്തി കൈവന്നത് ആ ദേവിമാർ, ഗൗരിയും ലക്ഷ്മിയും, ഒരു കള്ളച്ചിരിയോടെ അവരുടെ ആഘോഷങ്ങൾ കണ്ട് ആസ്വദിച്ചു. എന്നാൽ സഹധര്‍മ്മിണിമാരുടെ പരിഹാസരൂപേണയുള്ള ചിരി കണ്ടു് മായാബദ്ധരായ ഹരിഹരൻമാർ കോപിഷ്ഠരായി. അവർ ക്രോധത്തോടെ കൊള്ളിവാക്കുകൾ പറഞ്ഞപ്പോൾ ദേവിമാർ അവരെ ഉപേക്ഷിച്ച് പോയി. ശക്തിയും ബുദ്ധിയും കൂടെയില്ലാതെ തേജസ്സറ്റ ഹരിഹരൻമാരെക്കണ്ടു് ബ്രഹ്മാവ് ആകുലപ്പെട്ടു. ‘ഇവരാണ് ദേവന്മാരുടെ കൂട്ടത്തിൽ കേമൻമാർ. എന്നാലിപ്പോള്‍ എന്താണിങ്ങിനെ സംഭവിക്കാൻ കാരണം?’ എന്നദ്ദേഹം ആലോചിച്ചു. കണ്ണടച്ചു ധ്യാനിക്കേ പരാശക്തിയുടെ കോപമാണ് പരിഹരൻമാരെ നിസ്തേജരാക്കിയത് എന്നദ്ദേഹം മനസ്സിലാക്കി. ബ്രഹ്മാവ് തന്റെ ശക്തിയുമായി ചേർന്ന് ഹരിഹരൻമാരുടെ ജോലികൾ കൂടി ചെയ്തുവന്നു. ഒടുവില്‍ ബ്രഹ്മാവ് ഹരിഹരൻമാർക്കു വേണ്ടി എന്തെങ്കിലും സഹായം ചെയ്യണമെന്ന ഉദ്ദേശത്തോടെ സ്വപുത്രൻമാരായ സനകാദികളെയും മന്വാദികളെയും വിളിച്ചുകൂട്ടി.   ‘ഹരിഹരൻമാർ പരാശക്തിയുടെ കോപത്തിനു പാത്രങ്ങളായി ശക്തിഹീനരായിരിക്കുന്നു. എനിക്കിപ്പോൾ അവരുടെ ജേലികൾ കൂടി ചെയ്യുവാനുണ്ടു്. അതുകൊണ്ടു് തപം ചെയ്യാനുളള സമയമില്ല'. അതിനാൽ നിങ്ങൾ തപസ്സിലൂടെ പരാശക്തിയെ സംപ്രീതയാക്കുക. ഹരിഹരൻമാരെ പഴയതുപോലെ ഭക്തരായും ശക്തരായും മാറ്റാനായി നിങ്ങൾ പൂർണ്ണഭക്തിയോടെ വർത്തിക്കുക. നിങ്ങൾ കീർത്തിമാൻമാരാവട്ടെ. ഹരിഹരൻമാരെ പിരിഞ്ഞു പോയ ശക്തികൾ അവരെ വീണ്ടും സന്ധിക്കാൻ അവർ വീണ്ടും ജനിക്കേണ്ടതുണ്ട്. അവരുടെ ജനനം കൊണ്ട് ആ കുലങ്ങൾ മൂന്നു ലോകത്തെയും പാവനമാക്കിത്തീർക്കും.’ ബ്രഹ്മാവിന്റെ പുത്രൻമാർ പിതൃവാക്യത്താൽ പ്രചോദിതരായി തപസ്സാരംഭിച്ചു. *തുടരും ...* 🙏🏻🙏🏻🙏🏻🙏🏻🕉🔥🕉🙏🏻🙏🏻🙏🏻🙏🏻

No comments:

Post a Comment