Tuesday, July 14, 2020


*🌹കാട്ടാളന്റെ ഭാര്യ🌹* രാമായണത്തിന്റെ താളുകളില്‍ മുഖം തരാത്ത ഒരു സ്ത്രീകഥാപാത്രമുണ്ട്- വാല്മീകിയുടെ പൂര്‍വാശ്രമത്തിലെ രത്‌നാകരനെന്ന കാട്ടാളന്റെ ഭാര്യ. വാല്മീകിയുടെ വാങ്മയത്തിലൂടെ മാത്രം നമ്മളറിയുന്ന ഒരു സ്ത്രീ സാന്നിദ്ധ്യമാണ്, പേരുപോലും പരാമര്‍ശിക്കപ്പെടാത്ത ആ കാട്ടാള സ്ത്രീ. നിരക്ഷരയായ ഒരു വെറും വീട്ടമ്മ! ശബരിപോലും മഹര്‍ഷിമാരുടെ പാദസേവയുടെ സംസ്‌ക്കാര സൗഖ്യം അനുഭവിച്ചപ്പോള്‍, കാടകങ്ങളിലെ കുടിലുകളിലിരുന്ന് കാട്ടുകള്ളനായ ഭര്‍ത്താവിനും കുട്ടികള്‍ക്കും വെച്ചുവിളമ്പി ജീവിതം നയിച്ചവളാണ് ഈ അമ്മ. പക്ഷേ, അവളുടെ സവിശേഷമായ സര്‍ഗശക്തി പുറത്തുവന്ന ഒരു മുഹൂര്‍ത്തമുണ്ടായി. പിടിച്ചുപറിക്കു ശ്രമിച്ച രത്‌നാകരനോട് മഹര്‍ഷിമാര്‍ ആരായുകയാണ്; ”നിന്റെ പാപത്തിന്റെ പങ്ക് നിന്റെ ഭാര്യയും കുട്ടികളും ഏറ്റെടുക്കുമോ?” താപസരുടെ ചോദ്യത്തിന് മുന്നില്‍ പതറിയ രത്‌നാകരന് ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളൂ; സ്വന്തം ഭാര്യയോട് നേരിട്ടു ചോദിക്കുക തന്നെ. *പക്ഷേ, ചോദ്യവുമായി ഭാര്യയെ അഭിമുഖീകരിച്ച ആ കാട്ടാളന് കിട്ടിയ മറുപടി അവന്റെ ജീവിതത്തെത്തന്നെ കീഴ്‌മേല്‍ മറിക്കുന്നതായിരുന്നു. എട്ടുംപൊട്ടും തിരിയാത്ത ആ ഭാര്യ ഭാരതത്തിന്റെ മഹത്തായ ഒരു സിദ്ധാന്തമാണ് അവാങ്മുഖിയാകാതെ അവതരിപ്പിച്ചത്. നിത്യവും ചെയ്യുന്ന കര്‍മഗുണഫലം കര്‍ത്താവൊഴിച്ച് മറ്റന്യന്‍ ഭുജിക്കുമോ...?* *"താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്‍ താനനുഭവിച്ചീടുകെന്നേ വരൂ!”* *കര്‍മഫല സിദ്ധാന്തത്തിന്റെ ഐതിഹാസികമായ ഒരു പ്രഖ്യാപനമായി മാറുകയാണ് അവളുടെ വാക്കുകള്‍.* വിസ്മയഭരിതനായ കാട്ടാളന്‍ മഹര്‍ഷിമാരെ വീണ്ടും സമീപിക്കുകയും ‘രാമ’മന്ത്രം സ്വീകരിച്ച് തപസ്സു ചെയ്യുകയും ചെയ്തത് പിന്നീടുള്ള കഥ. അങ്ങനെ തപസ്സിലൂടെ ബ്രഹ്മസാക്ഷാത്കാരം നേടിയ രത്‌നാകരന്‍, ‘അഹം ബ്രഹ്മാസ്മി’യുടെ പൊരുളറിഞ്ഞവനായി. *ശരീരബോധത്തിന്റെ മണ്‍പുറ്റ് തട്ടിയകറ്റിക്കൊണ്ട് ആത്മബോധത്തിന്റെ ഋഷിഭാവത്തിലെത്തിയപ്പോള്‍ രത്‌നാകരനെന്ന കാട്ടാളന്‍ വാല്മീകിയെന്ന മഹര്‍ഷിയായി മാറി.* *സ്വന്തം ഭര്‍ത്താവിനെ അധര്‍മത്തിന്റെ പാപത്തറയില്‍നിന്ന് ധര്‍മബോധത്തിന്റെ ദിവ്യാചലത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ആ ഭാര്യ അവിടെ ധര്‍മപത്‌നിയെന്ന പദത്തിനര്‍ഹയായി*. ഒരേ ജീവിതത്തില്‍ തന്നെ, കാട്ടാളജന്മത്തില്‍നിന്ന് മഹര്‍ഷിയുടെ രണ്ടാം ജന്മത്തിലേക്ക് ഭര്‍ത്താവിന് പിറവി നല്‍കിയ ആ ധര്‍മപത്‌നി, അവിടെ ഭാര്യയും അമ്മയുമായി മാറുകയാണ്. *ധര്‍മരക്ഷകയുടെ രൂപത്തിലേക്ക് മാറുന്ന ആ ഭാര്യതന്നെയാണ് സമൂഹത്തിന്റെ ധര്‍മചാലകനാകാന്‍ വാല്മീകിയെ പ്രേരിപ്പിച്ചതും അസാധാരണത്വത്തിലേക്ക് കണ്‍തുറന്ന വാല്മീകി, ആദ്യം ശ്രദ്ധിച്ചതും ഒരു കുടുംബദുരന്തത്തെത്തന്നെയാണ്. ഇണക്കിളികളിലൊന്നിനെ അമ്പെയ്ത് വീഴ്ത്തിയ കാടത്തം, ഹിംസയുടെ ക്രൂരത, വാല്മീകിയുടെ മുന്നില്‍ വെളിപ്പെടുത്തി.* ഇണകളുടെ വേര്‍പാടിന്റെ വേദനയും ആ കവിമനസ്സനുഭവിച്ചു. ഭാര്യ പകര്‍ന്ന ധര്‍മബോധത്തിന്റെ കണ്ണടയിലൂടെ വേടസാന്നിദ്ധ്യത്തിന്റെ ക്രൂരത കണ്ടപ്പോള്‍ ആ കാട്ടാളത്തിനെതിരെ കൈവിരല്‍ ചൂണ്ടിക്കൊണ്ട് ആ മഹര്‍ഷി ആക്രോശിക്കുകയാണ് ‘മാനിഷാദ’, (അരുത് കാട്ടാളാ…) *അകത്തും പുറത്തുമുള്ള കാരണങ്ങളെ പര്‍വതീകരിച്ച് വിവാഹമോചനത്തിനും കുടുംബഛിദ്രത്തിനും വഴിയൊരുക്കുന്ന ഇന്നത്തെ യുവതലമുറക്ക് ചൊല്ലിക്കൊടുക്കാനുള്ള നാലക്ഷരത്തിന്റെ മന്ത്രമായി മാറുകയാണ്, ‘മാനിഷാദ’.* *കടപ്പാട് ഃ- ഗുരു പരമ്പരകളോട്* 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

No comments:

Post a Comment