Saturday, August 15, 2020

⭐⭐⭐⭐⭐⭐⭐⭐⭐ *അവതാര കീർത്തനം* ====================== അംബുജായത ലോചന കോമള കംബുധാരണ കാരുണ്യവാരിധേ കന്മാഷാപഹ പിൻപാദപങ്കജം ചെമ്മേ കാണുമാറാകണം ഗോവിന്ദ .... ആഴിതന്നിൽമുഴുകിയ വേദത്തെ മീ ളുവാനൊരു മീനായിച്ചെന്നുടൻ ഏഴു സാഗരം ചൂഴെ നിന്നീടുന്ന വേഷമൻപൊടു കാണണം ഗോവിന്ദ.... ഇച്ഛയോടെ സുരാസുരസഞ്ചയം സ്വച്ഛവാരിധി തോയം കടയുമ്പോൾ കച്ഛ പാകൃതി കൈകൊണ്ടുമേവിടും വിശ്വവ്യാപിയെ കാണുമാറാകണം ... ഈഷലെന്നിയേ സൂകര വേഷമായ് ദ്വേഷിച്ചിടും ഹിരണ്യാക്ഷനെ ക്കൊന്നു ധാത്രിചക്രത്തെ വീണ്ടു കൊണ്ടെന്നോടു ഗാത്രമമ്പൊടു കാണണം ഗോവിന്ദ .... ഉഗ്രനായ ഹിരണ്യകശിപുവെ നിഗ്രഹിച്ച നരസിംഹമൂർത്തിയെ അഗ്രെപ്രഹ്ലാദ സേവിതനായിട്ടു വ്യഗ്രം കൂടാതെ കാണണം ഗോവിന്ദ .... ഊഢമോദം മഹാബലി തന്നൊടു ഗൂഢമായി ചെന്ന് മൂന്നടി ഭൂമിയെ യാചിച്ചീടുന്ന വാമനമൂർത്തിയെ സേവിച്ചീടുമാറാകണം ഗോവിന്ദ .... എണ്ണിക്കൊണ്ടിരുപത്തൊന്നു പ്രാവശ്യം എണ്ണമില്ലാത്ത ക്ഷത്രിയവംശത്തെ ദണ്ഡിപ്പിച്ച പരശുരാമാ കൃതി കണ്ണിൽ കാണുമാറാകണം ഗോവിന്ദ ... ഏണനേർമിഴി ജാനകീചോരനെ ബാണമെയ്തു വധിച്ച ശ്രീരാമനെ കാണുംനേരം പിരിയാതെ യെൻ മുൻപിൽ കാണുമാറരുളീടണം ഗോവിന്ദ ... ഐയ്യോ ഹസ്തിനമായ പുരിപുക്കു കയ്യിൽമേവും കലപ്പയിൽ കോരീട്ടു പയ്യവേ എറിവാൻ തുനിയും ബല ഭദ്രരാമനെ കാണണം ഗോവിന്ദ ... ഒട്ടൊഴിയാതെ ഭൂഭാരം തീർപ്പാനായ് ദുഷ്ടഭൂപരെക്കൊന്നു മുടിച്ചതും പെട്ടെന്നൻപോടു കാട്ടിയതൊക്കെയും കൃഷ്ണരൂപമേ കാണണം ഗോവിന്ദ .... ഓർക്കിലെത്രയും പേടിയാമിനിമേൽ കൽക്കിയായിട്ടവതരിക്കുന്നതും ഖഡ്ഗവുമേന്തി മ്ലേച്ഛ രെയൊക്കെയും വെക്കം കൊൽവതും കാണണം ഗോവിന്ദ ... ഔവ്വിധമായ പത്തവതാരവും ചൊവ്വോടെ ചൊൽവനാർക്കു കഴിയുന്നു ദൈവമേ താവകാരുണ്യം കൊണ്ടു മേ കൈവരേണമേ കൈവല്യം ഗോവിന്ദ ..... അന്തമില്ലാതെ ഞാൻ ചെയ്ത പാപത്തെ നിന്തിരുവടി നീക്കിക്കളഞ്ഞുടൻ അന്ത്യകാലത്തു മുക്തിയെ നൽകുവാൻ ബന്ധുനീയല്ലാതില്ലമേ ഗോവിന്ദ .... അച്യുതാനന്ദ ഗോവിന്ദ മാധവ സച്ചിതാനന്ദ രൂപ സനാതന ഉച്ചരിക്കയായ് വരേണം നിൻ നാമങ്ങൾ വിശ്വനായക വിഷ്ണോ നമോസ്തുതേ.... ⭐⭐⭐⭐⭐⭐

No comments:

Post a Comment