Wednesday, August 19, 2020

എത്ര ഭംഗിയുള്ള കടലാസുകൊണ്ട് പൊതിഞ്ഞാലും മാലിന്യമാണതിനുള്ളിലെങ്കിൽ നാം അതിൽ ആകൃഷ്ടരാകില്ലല്ലോ! അതുപോലെയാണ് ശരീരത്തിൻറെ കാര്യവും. കറുപ്പെന്നോ വെളുപ്പെന്നോ സുന്ദരമെന്നോ വിരൂപമെന്നോ ഉള്ള വ്യത്യാസമില്ല, എല്ലാ ശരീരവും മാലിന്യത്തിൻറെ പുറംമോടിയാണ്. ശരീരത്തിനുള്ളിലുള്ള മാലിന്യങ്ങളെ തൊലികൊണ്ട് മൂടിയിരിക്കുന്നു. മാലിന്യത്തെ മൂടിയിരിക്കുന്ന ചർമ്മത്തെയാണ് നാം കണ്ട് മോഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നത്! മനസ്സിനുള്ളിലെ മാലിന്യത്തെ ഭംഗിവാക്കുകൾ കൊണ്ടും പുഞ്ചിരികൊണ്ടും മൂടുന്നു. അങ്ങനെ നാം ലോകത്തിൻറെ ഉള്ളറിയാതെ കാണുന്ന പുറംമോടികളിൽ ആകൃഷ്ടരാകുന്നു! സ്വാർത്ഥമായി പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. സ്വന്തം ഉള്ള് ലോകത്തെ അറിയിക്കാതിരിക്കാനുള്ള പുറംമോടികൾ കൂട്ടുന്നതിൽ നമ്മളും ശ്രദ്ധിക്കുന്നു. പ്രായത്തെയും മാലിന്യത്തെയും മറയ്ക്കാനുള്ള ശ്രമം മാത്രമാണ് മാനസികവും ശാരീരികവുമായ എല്ലാ സൗന്ദര്യവർദ്ധക ശ്രമങ്ങളും! ശരീരത്തെ നാം എത്ര സ്നേഹിക്കാൻ ശ്രമിക്കുമോ അത്രമാത്രം അത് വിരക്തി സമ്മാനിക്കുകയേയുള്ളൂ. ഒന്നുകിൽ ദുർഗന്ധം കൊണ്ട് അല്ലെങ്കിൽ പ്രായംകൊണ്ട് അതുമല്ലെങ്കിൽ മരണംകൊണ്ട് അത് വിരക്തിയാണ് സമ്മാനിക്കുക. അതിനാൽ പ്രായത്തെയും സൗന്ദര്യത്തെയും ശ്രദ്ധിച്ച് ശരീരത്തെ സംബന്ധിച്ചുള്ള അമിതമായ ആശങ്കകളും മോഹങ്ങളും നിരാശകളും വളർത്തുന്നത് അവിവേകമായിരിക്കും! "ശരീരമാണ് ഞാൻ" എന്ന തോന്നലാണ് മനസ്സിലെ ഒന്നാമത്തെ അശുദ്ധി! ''ഞാൻ ശുദ്ധവും അനശ്വരവുമായ ആത്മചൈതന്യമാണ്'' എന്ന മന്ത്രമാണ് വിശുദ്ധിയിലേയ്ക്കുള്ള വഴി. പുണ്യപാപങ്ങൾ രോഗദുഃഖങ്ങളായി നമ്മുടെ ശരീരത്തിനും മനസ്സിനും ഏറ്റുകൊണ്ടിരിക്കും. കർമ്മബന്ധം ഒടുങ്ങുന്നതിനനുസരിച്ച് ഇന്ദ്രിയങ്ങൾ അല്പാല്പമായി ക്ഷയിച്ചു ശരീരം നശിച്ചുകൊണ്ടിരിക്കുകയാണ്. മലിനവും നാശോന്മുഖവുമായ ഈ ശരീരത്തെ മിനുക്കുവാൻ എടുക്കുന്ന സമയം വ്യർത്ഥമാണെന്നറിഞ്ഞ് അധികം സമയം ആത്മാവിൻറെ വിശുദ്ധി അറിയുവാൻ ചെലവഴിക്കേണ്ടതുണ്ട്. ശരീരത്തിനു വേണ്ടി 'നിത്യകർമ്മങ്ങൾ' ചെയ്യാം എന്നല്ലാതെ 'കാമ്യകർമ്മങ്ങൾ'ക്കുവേണ്ടി അമിതമായി ശരീരത്തെ ആശ്രയിക്കുന്നത് അജ്ഞതയാണെന്ന് വ്യക്തമാകുന്നു. അത് നിരാശയ്ക്കും ആശങ്കയ്ക്കും സ്വാർത്ഥതയ്ക്കും വഴിവയ്ക്കും. മലിനമായ ശരീരവും മലിനമായ മനസ്സും അശാന്തമാണ്! ശരീരത്തിലല്ല, ആത്മാവിലാണ് സ്വസ്ഥത! ശരീരത്തിലല്ല ആത്മാവിലാണ് സൗന്ദര്യം! അവിടെയാണ് സത്യം! അവിടെയാണ് ഈശ്വരൻ! ആത്മവിശുദ്ധിയെ പ്രാപിക്കാനുള്ള അസ്വസ്ഥതയാണ് ഉണ്ടാകേണ്ടത്! മറ്റ് അസ്വസ്ഥതകളെല്ലാം അജ്ഞാനജന്യമാണ്. ശരീരത്തെ കർമ്മഗതിക്കനുസരിച്ച് നാം സൃഷ്ടിച്ചതാണ്. ആത്മസത്യമാകട്ടെ സൃഷ്ടിക്കപ്പെട്ടതല്ല, അത് നിത്യസത്യമായിരിക്കുന്നു. എന്നതിനാൽ നശിച്ചുകൊണ്ടിരിക്കുന്ന, ഉണ്ടായി നിലനിന്ന് മറയുന്ന ശരീരത്തിലല്ല ആശ്രയം, ഒരേയൊരാശ്രയം അനശ്വരചൈതന്യമായ ആത്മകേന്ദ്രത്തിലാണ്! ഓം krishnakumar

No comments:

Post a Comment