Friday, August 21, 2020

ഉള്ളിൽ കള്ളമൊന്നും ഒളിക്കാനില്ലാത്തയാൾ സൂര്യനെ പോലെയാണ്! ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് പ്രകാശിച്ചു നിൽക്കും. കാപട്യമാണ് നമ്മുടെ സ്വയം പ്രകാശത്തെ മറയ്ക്കുന്ന മൂടുപടം. കാപട്യം രാഹുവിനെ പോലെ നിഴൽ വീഴ്ത്തുന്നു! മനസ്സിൽ കള്ളത്തരം ഇല്ല എന്നുണ്ടെങ്കിൽ ഏതൊരാൾക്കും നേർക്കു നേർ നോക്കാനും നേർക്കുനേർ സംസാരിക്കാനും സാധിക്കും. ഉള്ളിൽ കള്ളമുണ്ടാകുമ്പോഴാണ് നാം ലോകത്തിനു മുന്നിൽ നിന്ന് ഒളിക്കാൻ തുടങ്ങുന്നത്. നേരായ വഴിയാണ് എപ്പോഴും നല്ലത്. കാപട്യം കടന്നുവരുമ്പോൾ നമ്മുടെ ഓരോ ചലനവും ഓരോ വാക്കും അസ്വാതന്ത്ര്യത്താൽ തടയപ്പെടുന്നു. അങ്ങനെ ഭയംകൊണ്ട് നാം ഇടനിലക്കാരെ നിർത്തി സംസാരിക്കുകയും ലോകത്തിനു മുന്നിൽ നിന്നും മുഖം മറച്ചിരിക്കുകയും ചെയ്യും. നാം എവിടെ നിന്നൊക്കെ ഒളിച്ചോടാൻ ശ്രമിക്കുന്നു? ആരിൽ നിന്നെല്ലാം മുഖംമറയ്ക്കാൻ ശ്രമിക്കുന്നു? അത്രമാത്രം രഹസ്യങ്ങളിൽ പെട്ട് നാം വളഞ്ഞവഴികളിലൂടെ സഞ്ചരിക്കുകയാണ് എന്നർത്ഥം! അങ്ങനെയാണെങ്കിൽ നമുക്ക് ജീവിതത്തിൽ ഒരിക്കലും ശാന്തി കിട്ടുകയില്ല. തലയുയർത്തി നിന്ന് ലോകത്തെ ശാന്തമായി നോക്കാനുള്ള പരിശുദ്ധി നമുക്കുണ്ടാകണം. നമുക്ക് വേണ്ടി ലോകത്തോട് സംസാരിക്കാൻ മറ്റൊരാളെ ഏർപ്പെടുത്തേണ്ടുന്ന ഭയം നമ്മെ ബാധിക്കാതെ നോക്കണം. അതിന് വളഞ്ഞവഴിയേ പോകാതെ നേരായ വഴിയേ പോകണമെന്നുമാത്രം. ഗൃഹനാഥൻ തൻറെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നത് നേരായ വഴിയാണ്. എന്നാൽ ഭാര്യയോട് ഏതു നേരവും നിർദ്ദയമായി പെരുമാറുകയും അന്യസ്ത്രീയോട് പ്രിയം പറയുകയും അനുരക്തനാകുകയും ചെയ്യുന്നുവെങ്കിൽ അത് വളഞ്ഞ വഴിയാണ്. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഭരണം നടത്തുമ്പോൾ അത് നേരായ വഴിയാണ്. എന്നാൽ സ്വന്തം ക്ഷേമത്തിനായി ഭരണം നടത്തുമ്പോൾ അത് വളഞ്ഞ വഴിയാണ്. അങ്ങനെ വളഞ്ഞവഴിയേ പോകുമ്പോഴാണ് നമുക്ക് വേണ്ടി സംസാരിക്കാൻ "യുക്തിപൂർവം കള്ളം പറയാൻ പഠിച്ച ഇടനിലക്കാർ" ആവശ്യമായി വരുന്നത്. കള്ളം ചെയ്യാനും, കള്ളം സ്ഥാപിക്കാനും നമുക്ക് മറ്റുള്ളവരുടെ സഹായം വേണ്ടി വരുന്നു. എന്നാൽ നമ്മിൽ സത്യമുണ്ടെങ്കിലാകട്ടെ എവിടെയും ഒറ്റയ്ക്ക് തലയുയർത്തി നിൽക്കാം, സൂര്യനെപ്പോലെ! അതാണ് ആത്മവിശ്വാസം! "സത്യധർമ്മാദികളിൽ നിഷ്ഠയുള്ളവർക്ക് മൃത്യുഭയം പോലും കാണില്ല" എന്നാണ് വിഭീഷണൻ പറയുന്നത്. നേരായ വഴിയിലൂടെ നമുക്ക് ഈശ്വരൻറെ അടുത്തെത്തിച്ചേരാൻ സാധിക്കുന്നു. വളഞ്ഞവഴിയിലാകട്ടെ ഓരോ നിമിഷവും നമ്മുടെ പരിശുദ്ധിയെ മൂടുന്ന ദുർവാസനകൾ വന്നു നിഴലായ് നിറയുന്നു! പരിശുദ്ധിയിലൂടെയാണല്ലോ ഈശ്വരദർശനം സാദ്ധ്യമാകുന്നത്. ജീവിതത്തിലെപ്പോഴും സത്യം പറയാൻ ശ്രമിക്കുക, സത്യം ചെയ്യാൻ ശ്രമിക്കുക. ഒറ്റയ്ക്കായാൽ പോലും സത്യം വിട്ടുകളയാതിരിക്കുക. സ്വന്തം ദൗർബല്യങ്ങൾക്കു വേണ്ടി സത്യം വിട്ടുകളയുന്നവനില്ല ഈശ്വരദർശനം! ഓം

No comments:

Post a Comment