Thursday, October 08, 2020

വ്യാധ ഗീത ചെറുപ്പക്കാരനായ ഒരു ബ്രാഹ്മണയുവാവിന് ഒരിക്കല്‍ തോന്നി, സംസാരത്തില്‍ കിടന്ന് വട്ടം കറങ്ങുന്നതിനേക്കാള്‍ നല്ലത് തപസ്സു ചെയ്ത് പുണ്യലോകങ്ങള്‍ നേടുന്നതാണെന്ന്. അയാള്‍ പിന്നീടൊന്നും ആലോചിക്കാതെ വൃദ്ധരും അശരണരുമായ മാതാപിതാക്കളെ ഉപേക്ഷിച്ച് കാടുകയറി. വര്‍ഷങ്ങളുടെ കഠിനതപസ്സുകൊണ്ട് അയാള്‍ക്ക് പല സിദ്ധികളും കൈവരികയും ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം ആ താപസന്‍ ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ ധ്യാനനിരതനായിരിക്കുമ്പോള്‍ ആ വൃക്ഷത്തിന്റെ മുകളില്‍ ഒരു കാക്കയും കൊക്കും ശണ്ഠകൂടുന്നുണ്ടായിരുന്നു. യദൃച്ഛയാ ആ പക്ഷികളിലൊന്നിന്റെ ഒരു തൂവല്‍ യുവതാപസന്റെ നിറുകയില്‍ വീഴാനിടയായി. ധ്യാനത്തിനു വിഘ്‌നം നേരിടുകയാല്‍ വര്‍ദ്ധിച്ച കോപത്തോടുകൂടി അയാള്‍ മുകളിലേക്കു നോക്കി. അപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നും പുറപ്പെട്ട തീയില്‍ ആ പക്ഷികള്‍ വെന്തുചാമ്പലായി. തനിക്ക് അസാമാന്യ തപഃശക്തി കൈവന്നിട്ടുണ്ടെന്നു മനസ്സിലായ താപസന്‍ ഉള്ളാലെ ഒന്നു ചിരിച്ചു. അന്നും പതിവുപോലെ അയാള്‍ ഉച്ചതിരിഞ്ഞപ്പോള്‍ അടുത്തുള്ളൊരു ഗ്രാമത്തിലേക്ക് ഭിക്ഷക്കുപോയി. ആദ്യം കണ്ട വീടിനു മുന്നില്‍ ചെന്ന് അയാള്‍ ”അമ്മേ, ഭിക്ഷാംദേഹി!” എന്നു വിളിച്ചു പറഞ്ഞപ്പോള്‍ വീട്ടിനുള്ളില്‍ നിന്നും ഒരു സ്ത്രീ മറുപടി പറഞ്ഞു: ”മകനേ, കുറച്ചുനേരം നില്‍ ക്കൂ, ഞാന്‍ ഭിക്ഷ കൊണ്ടുവരാം.” ഈ മറുപടി യുവതാപസന് രസിച്ചില്ല. അദ്ദേഹം കരുതി ‘ഒരു സ്ത്രീ യുടെ അഹങ്കാരവും അജ്ഞതയും കണ്ടി ല്ലേ? വിഡ്ഢികളുടെ പെരുമാറ്റങ്ങള്‍ വിചിത്രം തന്നെ! ക്രോധാഗ്നി വീഴ്ത്താന്‍ തക്ക തപഃശക്തിയാര്‍ജ്ജിച്ച താപസനാണ് ഞാനെന്ന് അടുക്കളയില്‍ കിടന്നു തിരിയുന്ന ഈ മൂഢസ്ത്രീക്ക് മനസ്സിലായിക്കാണില്ല. എന്റെ ശബ്ദം കേട്ടാലുടന്‍ പുറത്തുവന്ന് എന്നെ സ്വീകരിച്ചു പൂജിക്കേണ്ടതിനുപകരം എന്നെ കാത്തുനിര്‍ത്തി വൈകിപ്പിച്ച ഈ സ്ത്രീക്ക് ഞാനെന്റെ തപഃശക്തി കാണിച്ചുകൊടുക്കുന്നുണ്ട്.’ യുവതാപസന്‍ ഇത്രയും ചിന്തിച്ചപ്പോഴേയ്ക്കും വീടിനുള്ളില്‍ നിന്നും വീണ്ടും ആ സ്ത്രീ വിളിച്ചു പറഞ്ഞു: ”കുഞ്ഞേ, ഇവിടെ ദഹിപ്പിക്കാന്‍ കാക്കയും കൊറ്റിയുമൊന്നുമില്ല. കുറച്ചുനേരം കൂടി നിന്നാല്‍ ഭിക്ഷയും കൊണ്ടുപോകാം.” ഇതുകേട്ട യുവതാപസന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചു. കാട്ടില്‍ വിജനമായൊരിടത്തുവെച്ച് താന്‍ ക്രോധാഗ്നിയില്‍ പക്ഷികളെ ദഹിപ്പിച്ച വിവരം വീടിനുള്ളില്‍ കഴിയുന്ന ആ സ്ത്രീ എങ്ങിനെ അറിഞ്ഞെന്ന് എത്ര ആലോചിച്ചിട്ടും അയാള്‍ക്കു മനസ്സിലായില്ല. എന്നാലിനി അതിനുത്തരം കിട്ടിയേ മടങ്ങുന്നുള്ളൂ എന്നു കരുതി താപസനവിടെത്തന്നെ നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഭിക്ഷയുമായി ഒരു സ്ത്രീ വീടിനുള്ളില്‍ നിന്നും ഇറങ്ങിവന്നു. യുവതാപസന്‍ അവരെ നമസ്‌കരിച്ചിട്ടു ചോദിച്ചു: ”അമ്മേ! അവിടുന്നാരാണ്? മനുഷ്യസ്ത്രീയോ, ദേവതയോ? കാട്ടില്‍ വെച്ച് ഞാന്‍ പക്ഷികളെ ദഹിപ്പിച്ച വിവരം അമ്മക്കെങ്ങിനെ മനസ്സിലായി?” അതിന് ആ സ്ത്രീ മറുപടി പറഞ്ഞു: ”മകനേ! ഞാന്‍ ദേവതയൊന്നുമല്ല, ഒരു സാധാരണ സ്ത്രീയാണ്. അങ്ങു വന്ന സമയത്ത് ഞാനെന്റെ ഭര്‍ത്താവിനെ ശുശ്രൂഷിക്കയായിരുന്നു. അതുകൊണ്ടാണ് നില്‍ക്കാന്‍ പറഞ്ഞത്….” ഇതുകേട്ട യുവതാപസന്‍ കോപിഷ്ഠനായി ഇടയില്‍ കടന്നു ചോദിച്ചു: ”എന്ത്? നീ നിന്റെ ഭര്‍ത്താവിനെ ബ്രാഹ്മണരെക്കാള്‍ മേലെയായി കരുതുന്നുവെന്നോ?!” ആ സ്ത്രീ സൗമ്യതയോടെ പറഞ്ഞു: ”മകനേ! നീ എന്തിനാണ് കോപിക്കുന്നത്? മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അവന്റെ ഉള്ളിലുള്ള ക്രോധമാണെന്ന് നിനക്കിനിയും മനസ്സിലായിട്ടില്ലേ? സത്യനിഷ്ഠയുള്ള, ക്രോധലോഭങ്ങള്‍വിട്ട, ഏതവസ്ഥയിലും ദ്രോഹചിന്ത മനസ്സില്‍ തോന്നാത്തവനാണ് ബ്രാഹ്മണന്‍. ഈ ഗുണങ്ങളൊന്നുമില്ലാത്തവന്‍ ബ്രാഹ്മണകുലത്തില്‍ പിറന്നാലും ചണ്ഡാലനാണെന്നാണ് ബുധമതം. അതുപോലെ ഈ ഗുണങ്ങളെല്ലാം തികഞ്ഞവന്‍ ചണ്ഡാലകുലത്തില്‍ പിറന്നവനായാലും അവനെ ബ്രാഹ്മണനായി കരുതിക്കൊള്ളണം. കുഞ്ഞേ, വിവാഹം കഴിക്കുന്നതുവരെ ഞാനെന്റെ മാതാപിതാക്കളെ ഭക്തിപൂര്‍വ്വം സേവിച്ചു. വിവാഹത്തിനുശേഷം ഞാനെന്റെ ഭര്‍ത്താവിനെ ഈശ്വരതുല്യം ആരാധിച്ചു ശുശ്രൂഷിക്കുന്നു. ഏകാഗ്രമനസ്സോടെ മാതാപിതാക്കളെയും ഭര്‍ത്താവിനെയും ശുശ്രുഷിച്ചതില്‍ നിന്നും ലഭിച്ച പുണ്യം കൊണ്ടാണ് ഭവാന്‍ കാട്ടില്‍ വെച്ച് ക്രോധാഗ്നിയില്‍ പക്ഷികളെക്കൊന്നത് എനിയ്ക്കറിയാന്‍ കഴിഞ്ഞത്. അപ്രിയം തോന്നരുത്. ഞാനൊരുകാര്യം കൂടി പറയാം. കുഞ്ഞേ, നിനക്കു ധര്‍മ്മതത്വം മനസ്സിലായിട്ടില്ല. അതറിയണമെന്നാഗ്രഹമുണ്ടെങ്കില്‍ മിഥിലയില്‍ ചെന്ന് ധര്‍മ്മവ്യാധനെ കാണുക. അദ്ദേഹം നിനക്കു ധര്‍മ്മതത്വം പറഞ്ഞുതരും. നിനക്കു നല്ലതു വരട്ടെ!” യുവ താപസന്‍ ആ സ്ത്രീയെ വീണ്ടും നമസ്‌കരിച്ച് അവിടെ നിന്നും മിഥിലയിലേക്ക് പുറപ്പെട്ടു. അനേകദിവസത്തെ യാത്രക്കുശേഷം യുവതാപസന്‍ രാജര്‍ഷിയായ ജനകമഹാരാജാവിന്റെ രാജ്യത്തെത്തി. പലരോടും ചോദിച്ചറിഞ്ഞ് അവസാനം അയാള്‍ മാംസം വില്‍ക്കുന്ന ഒരു തെരുവില്‍ ചെന്നെത്തി. മനംമടുപ്പിക്കുന്ന കാഴ്ചയും നാറ്റവും! അവിടെയതാ ഒരാളിരുന്ന് മാംസം മുറിച്ച് തൂക്കിവില്‍ക്കുന്നു. അയാള്‍ മാംസം വാങ്ങാന്‍ എത്തിയവരോട് തട്ടിക്കയറുന്നുണ്ട്. പണം കണക്കു പറഞ്ഞുവാങ്ങി എണ്ണിനോക്കി തിട്ടപ്പെടുത്തുന്നുണ്ട്. അതിനിടയിലദ്ദേഹം കുറച്ചകലെ മൂക്കുപൊത്തിനില്‍ക്കുന്ന യുവതാപസനെ കണ്ടു എഴുന്നേറ്റു ചെന്ന് തൊഴുതുകൊണ്ടു പറഞ്ഞു: ”ബ്രാഹ്മണോത്തമാ! താങ്കള്‍ അന്വേഷിക്കുന്ന വ്യാധന്‍ ഞാനാണ്. പതിവ്രതയല്ലേ താങ്കളെ ഇങ്ങോട്ടയച്ചത്? താങ്കളിവിടെ എത്താനുണ്ടായ എല്ലാ കാരണങ്ങളും ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു. ഇവിടെ കുറച്ചു നേരംകൂടി നില്‍ക്കുക. എന്റെ ജോലി കഴിയാറായി. അതിനുശേഷം, താങ്കള്‍ക്കിഷ്ടമാണെങ്കില്‍ നമുക്കൊരുമിച്ച് എന്റെ വീട്ടിലേക്കു പോകാം.” വ്യാധന്‍ പറഞ്ഞതുകേട്ട് യുവതാപസന്‍ ഉള്ളാലെ ഞെട്ടിവിറച്ചു. ബ്രാഹ്മണകുലത്തില്‍ പിറന്ന് വേദാദ്ധ്യയനവും തപസ്സും ചെയ്ത തനിയ്ക്ക് മനസ്സിലാകാത്ത പലതുമുണ്ടെന്ന് അദ്ദേഹത്തിന് ബോദ്ധ്യമായി. അയാളവിടെ ഒന്നും മിണ്ടാതെ നിന്നു. അന്നത്തെ കച്ചവടം കഴിഞ്ഞപ്പോള്‍ വ്യാധന്‍ പണമെണ്ണി മടിയില്‍ വെച്ച് യുവതാപസനോടുകൂടി വീട്ടിലേക്കു തിരിച്ചു. വീട്ടിലെത്തിയ ഉടനെ യുവതാപസന് നല്ല ആസനം നല്‍കി ഇരുത്തിയശേഷം, ”ഞാനിതാ വരുന്നു. ഭവാനിവിടെ ഇരിയ്ക്കുക.” എന്നു പറഞ്ഞ് വ്യാധന്‍ വീടിനുള്ളിലേക്ക് പോയി. തന്റെ വൃദ്ധരായ മാതാപിതാക്കളെ വേണ്ടുംവണ്ണം ശുശ്രുഷിച്ച് സന്തോഷിപ്പിച്ചതിനുശേഷം മടങ്ങിവന്ന് യുവതാപസനോടു പറഞ്ഞു: ”ബ്രാഹ്മണോത്തമാ! താങ്കളെ കുറച്ചുനേരം ഒറ്റക്ക് ഇരുത്തേണ്ടി വന്നതില്‍ ക്ഷമിക്കണം. പറയൂ, ഞാനെന്താണ് താങ്കള്‍ക്കു വേണ്ടി ചെയ്യേണ്ടത്?” യുവതാപസന്‍ ഈശ്വരനെയും ആത്മാവിനെയും കുറിച്ച് വ്യാധനോടു ചോദിച്ചു. അതിനദ്ദേഹം വളരെ വിസ്തരിച്ച് മറുപടി നല്‍കി. വ്യാധന്റെ ഉപദേശം അവസാനിച്ചപ്പോള്‍ അത്ഭുതാധീനനായ യുവതാപസന്‍ വ്യാധനോട്, ഇത്ര വിശിഷ്ടമായ ജ്ഞാനവും വച്ച് അങ്ങെന്തിനാണ് ഈ ശരീരത്തിലിരുന്നുകൊണ്ട് ഇത്ര നിന്ദ്യവും നികൃഷ്ടവുമായ പണി ചെയ്യുന്നത്?” എന്ന് ചോദിച്ചതിന് വ്യാധന്‍ മറുപടി പറഞ്ഞു: ”വത്സാ, ഒരു ജോലിയും നിന്ദ്യമല്ല, നികൃഷ്ടവുമല്ല. എന്റെ അച്ഛനപ്പൂപ്പന്മാരുടെ കാലം മുതല്‍ ചെയ്തുവരുന്ന കര്‍മ്മമാണിത്. സ്വധര്‍മ്മത്തില്‍ നിലകൊള്ളുന്ന എന്നെപ്പറ്റി അങ്ങു വ്യസനിക്കേണ്ട. ഹേ ബ്രാഹ്മണോത്തമാ, ഞാനെന്റെ വൃദ്ധരായ മാതാപിതാക്കളെ പ്രയത്‌നിച്ചു ശുശ്രൂഷിക്കുന്നു, സത്യം പറയുന്നു; അസൂയയെനിക്കില്ല; കഴിവിനനുസരിച്ച് ദാനം ചെയ്യും. ദേവത, അതിഥി, ഭൃത്യജനങ്ങള്‍ എന്നിവരുടെ കാര്യങ്ങള്‍ നോക്കിയതിനു ശേഷം അവശിഷ്ടംകൊണ്ടാണ് ഞാന്‍ കഴിയുന്നത്. ഞാന്‍ ആരെയും നിന്ദിക്കുന്നില്ല, ബലവാനെ വെറുക്കുന്നുമില്ല. സ്വര്‍ഗ്ഗനരകങ്ങള്‍ എന്നു പറയുന്നതു ഇന്ദ്രിയങ്ങളാണ്. ഒതുക്കി നിര്‍ത്തിയാല്‍ സ്വര്‍ഗ്ഗം, വിടര്‍ത്തിവിട്ടാല്‍ നരകം. അനുകമ്പയാണ് പരമ ധര്‍മ്മം; പരമ ബലം ക്ഷമയും വ്രതങ്ങളില്‍ ശ്രേഷ്ഠം സത്യവും അങ്ങേ അറ്റത്തെ ജ്ഞാനം ആത്മജ്ഞാനവുമാണ്. ഗൃഹസ്ഥന്റെ നിലയിലുള്ള കര്‍ത്തവ്യങ്ങള്‍ നന്നായി ചെയ്യാന്‍ ഞാന്‍ യത്‌നിക്കുന്നു; അച്ഛനമ്മമാരെ സന്തോഷിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്ന എനിക്ക് നിങ്ങളുടെ യോഗവും തപസ്സുമൊന്നും അറിയുകയില്ല. ഞാന്‍ സന്ന്യാസിയല്ല, ലോകം ഉപേക്ഷിച്ചു കാട്ടിലേക്കു പോയിട്ടുമില്ല. എങ്കിലും നിങ്ങളിപ്പോള്‍ കണ്ടതും കേട്ടതും എന്റെ സ്ഥാനത്തിനു ചേര്‍ന്ന കര്‍ത്തവ്യങ്ങളെ നിഃസംഗമായി ചെയ്തതുമൂലം എനിക്കു സ്വയംസിദ്ധമായി…” (കുട്ടികളേ ഇതാണ് മഹാഭാരതത്തിലെ പ്രസിദ്ധമായ വ്യാധഗീത എന്നറിയപ്പെടുന്ന ഭാഗം. വേദാന്തത്തിലെ അത്യുച്ചതത്വജ്ഞാനം നിറഞ്ഞതാണ് ഈ വ്യാധഗീത) Tags: മഹാഭാരതം കേസരി

2 comments:

  1. വളരെ നന്നായി കഥ വിവരിച്ചു പറഞ്ഞിരിക്കുന്നു... വളരെ നന്ദി സാർ

    ReplyDelete
  2. നമസ്തേ.. നന്നായിരിക്കുന്നു

    ReplyDelete