Wednesday, November 03, 2021

 ദീപാവലി🙏🙏🙏

❤❤❤❤❤❤❤❤

'ദീപാവലി'; പേരു സൂചിപ്പിക്കുന്നപോലെ ദീപങ്ങളുടെ നിര (ദീപം ആവലി). ഏത് ആഘോഷങ്ങള്‍ക്കു പിറകിലും ഒരു കഥയുണ്ടാവുമല്ലോ! ഇവിടെയും  അങ്ങനെതന്നെ. 


ആദ്യമായി ദീപാവലിയാക്കിയത് പാലാഴിമഥനത്തിൽ ചരാചരങ്ങള്‍ക്കു ശ്രീയായി മഹാലക്ഷ്മി ഉയർന്ന ദിവസമാണത്രേ! നഷ്ടമായ ശ്രീയെ തിരിച്ചുലഭിച്ച ആഹ്ലാദത്തിൽ അന്നു മൂലോകവും മഹാലക്ഷ്മിക്കുള്ള ആദരാർത്ഥം ദീപാവലിയാക്കി. 


പിന്നീട് ത്രേതായുഗത്തിൽ ഇതേ ദിവസമാണ് പതിനാലു വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമചന്ദ്രൻ അയോദ്ധ്യയിൽ തിരിച്ചെത്തിയത്. അതും നഷ്ടമായെന്നു കരുതിയ സീതാദേവിക്കും മറ്റു പരിവാരങ്ങൾക്കുമൊപ്പം!   

 

അടുത്തതായി ദ്വാപരയുഗത്തിൽ നരകാസുരനെ നിഗ്രഹം നടന്നതും ഒരു ദീപാവലി ദിവസത്തിലാണ്.

മഹാക്രൂരനായ അസുരനായിരുന്നു നരകാസുരൻ. ബ്രഹ്മാവിൽനിന്നു വിചിത്രമായൊരു വരവും വാങ്ങിയിരുന്നു ആ അസുരൻ. എന്തായിരുന്നെന്നോ ആ വരം; അമ്മയുടെ കൈയാൽ മാത്രമേ വധിക്കപ്പെടാവൂ എന്ന വരം. പക്ഷേ സ്വന്തം അമ്മ എന്നത് പറയാൻ വിട്ടുപോയി ആ ദുരാത്മാവ്‌. ആ അശ്രദ്ധതന്നെ അയാളുടെ അന്ത്യവും കുറിച്ചു. 

ദേവമാതാവായ അദിതിയുടെ കുണ്ഡലങ്ങൾ മോഷ്ടിച്ച നരകാസുരനിൽനിന്നു അതു വീണ്ടെടുക്കാനാണ് ശ്രീകൃഷ്ണൻ സത്യഭാമാസമേതം എത്തുന്നത്‌. ഒപ്പം മറ്റനവധി ദേവവസ്തുക്കളും നരകാസുരൻ കൈക്കലാക്കിയിരുന്നു. എന്നാൽ സൂര്യനു പ്രഭയും ചന്ദ്രന് ശോഭയുമായിരുന്നു ആ കുണ്ഡലങ്ങൾ മോഷ്ടിച്ചപ്പോൾ കഥ മാറി. 

അങ്ങനെ ഭൂദേവിയുടെ അംശമായ സത്യഭാമയാണ് ആ അസുരനെ നിഗ്രഹിക്കുന്നത്. ഭാഗവതത്തിലൊക്കെ ശ്രീകൃഷ്ണൻ സത്യഭാമാസമേതം നിഗ്രഹിച്ചെന്നു കാണാം. പക്ഷേ തന്റെ ഭർത്താവിനെ നരകാസുരൻ ഉപദ്രവിക്കുന്നതുകണ്ടപ്പോള്‍ സഹിക്കാൻ വയ്യാതെ കൃഷ്ണസുദർശന ചക്രത്താൽ സത്യഭാമതന്നെ ആ അസുരന് അന്ത്യം കുറിക്കുകയായിരുന്നു.    

അദിതിയെന്നതു ഭൂമീദേവി. അപ്പോൾ വെളിച്ചം അല്ലെങ്കിൽ അറിവു നഷ്ടമായ വിശ്വത്തിനു വെളിച്ചം ലഭിച്ചത് ഈ ദീപാവലി ദിനത്തിൽ!    

  

അതുകൊണ്ടുതന്നെ ദീപാവലിയുടെ മൂന്നുദിവസങ്ങളാണ് മുഖ്യം. കഥകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇതിലും അന്തർലീനമായ അനവധി തത്ത്വങ്ങള്‍ ഉണ്ട്. വിസ്തരിച്ചാൽ എങ്ങുമെത്തില്ല; അതിനാൽ ചുരുക്കാം..

മുകളിലെ കഥകളൊക്കെ ശ്രദ്ധിച്ചാൽ നഷ്ടങ്ങളിൽനിന്നുള്ള ഉയർതെഴുന്നേല്പാണ് ദീപാവലിയെന്നു കാണാം. ജൈനമത സ്ഥാപകനായ വർദ്ധമാനമഹാവീരനു നിർവ്വാണപ്രാപ്തിയുണ്ടായതും ഒരു ദീപാവലീനാളിലന്നെയാണ്.    

അഞ്ചു ദിവസമാണ് ദീപാവലിയുടെ യഥാർത്ഥ ആഘോഷം. സാധാരണയായി നവരാത്രീമഹോത്സവം  കഴിഞ്ഞു പതിനെട്ടു(18) ദിവസങ്ങൾക്കുശേഷമാണ് ദീപാവലിയുടെ ആദ്യനാളായ ധനത്രയോദശിയെത്തുന്നത്(തനിക്കുവേണ്ടിയുള്ള ദിനം). പിന്നെ നരകചതുർദ്ദശി(സമൂഹത്തിനായുള്ള ദിനം). മൂന്നാംനാൾ അമാവാസി ദിനത്തിലാണ് പ്രധാന ദീപാവലി (അച്ഛനുമമ്മയ്ക്കും). അടുത്ത ദിവസമാണ് ബലിപദ്യമി (ദമ്പതികൾക്കായുള്ള ദിനം). അവിടെ ഹൃദയാവർജ്ജകമായ ഒരു സ്നേഹത്തിന്റെ കഥയുണ്ട്.

 

ഹിമ മഹാരാജാവിന്‍റെ പുത്രൻ ഹൈമനു പതിനാറു വയസ്സില്‍ മരണം സംഭവിക്കുമെന്ന് പ്രവചനമുണ്ടായിരുന്നു . അതുകൊണ്ടു രാജാവ് മകനെ പെട്ടെന്നുതന്നെ വിവാഹം കഴിപ്പിച്ചു. പക്ഷേ മകന്റെ ഭാര്യ എങ്ങനെയോ ഈ വിവരം അറിഞ്ഞു; പക്ഷേ ആ സാധ്വി ആകുലപ്പെട്ടില്ല. പതിനാറു വയസ്സ് തികയുന്ന ദിവസം അവൾ വീടിനുചുറ്റും ധാരാളം ദീപങ്ങള്‍ തെളിയിച്ചു. വാതില്‍ക്കല്‍ ധാരാളം സ്വര്‍ണ്ണനാണയങ്ങളും കൂട്ടിയിട്ടു . ഉറങ്ങാതെ പുരാണകഥകളും പ്രാര്‍ത്ഥനകളുമായി സമയം കഴിച്ചു . സര്‍പ്പത്തിന്‍റെ രൂപത്തില്‍ ഹൈമന്റെ ജീവനെടുക്കാൻ വന്ന യമദേവന്‍ പുരാണാലാപനത്തിൽ മയങ്ങി  സ്വര്‍ണ്ണനാണയത്തിന്മേല്‍ കിടന്നു . അങ്ങനെ മരണദിവസം കഴിഞ്ഞപ്പോള്‍ ഇനി തന്റെ ഭർത്താവിന്റെ ജീവൻ എടുക്കാൻ അധികാരമില്ലെന്ന് യമനെ ബോധ്യപ്പെടുത്തി അയച്ചത്രേ! അതിനുശേഷമാണ് ദീപാവലിയുടെ നാലാംനാൾ ദമ്പതികൾക്കായുള്ള ദിനമായി പെരുമനേടിയത്.  

അഞ്ചാം ദിവസം ഭഗിനീഹസ്തഭോജനം (സഹോദരീസഹോദരരുടെ ദിവസം). 

നവരാത്രിക്കു ഉപവാസമാണ് പ്രധാനമെങ്കിൽ ദീപാവലി ഭക്ഷണം സ്വീകരിച്ചുകൊണ്ടാണ് ആചരിക്കേണ്ടത്. എല്ലാം ശ്രദ്ധയും, സ്നേഹവും, ഭക്തിയും, ഐക്യവും, സാഹോദര്യവും വിളിച്ചോതുന്ന ആഘോഷങ്ങൾ. പക്ഷേ കേരളത്തിൽ ദീപാവലി മെല്ലെ എത്തിനോക്കുന്നതേയുള്ളൂ. അതും അന്ധമായ ഒരാചാരം എന്നതിലുപരി മറ്റൊന്നുമില്ല.  


നഷ്ടങ്ങൾ മനസ്സിലാക്കി, അതിൽനിന്നു നേട്ടങ്ങളിലേക്കുള്ള ഒരു യാത്രയാണ് ദീപാവലി. ഈ സുദിനം നേട്ടത്തിലേക്കുള്ളതാവട്ടെ എന്നാശംസിച്ചുകൊണ്ട്,

പ്രിയ മിത്രങ്ങൾക്കെല്ലാം ദീപാവലി ആശംസകൾ നേർന്നുകൊണ്ട്,

സസ്നേഹം...🙏

💟💟💟💟💟💟💟💟💟💟💟💟💟

No comments:

Post a Comment