Saturday, December 04, 2021

 അറുപത്തിനാല്ഗ്രാമങ്ങൾ

(കേരള ചരിത്രം)

:പരശുരാമൻ മഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്നും വീണ്ടെടുത്ത ഭൂമിയാണ് കേരളമെന്നും ആ ഭൂമിയെ അറുപത്തിനാല് ഗ്രാമങ്ങളായി ഭാഗിച്ച് ബ്രാഹ്മണർക്ക് ദാനം നല്കിയെന്നുമാണ് ഐതീഹ്യകഥ, എന്നാൽ ചരിത്രപരമായി പറയുമ്പോൾ കൊടും കാടായിരുന്ന ഈ മലനാടിനെ പരശുരാമനും ശിഷ്യരും കൂടികാട് വെട്ടിതെളിച്ച് ജനവാസ യോഗ്യമാക്കി, പരശു എന്നാൽ മഴു, മഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്ന് കേരളത്തെ സൃഷ്ടിച്ചു എന്ന് പറയുന്നത് കാവ്യാത്മകമാണ്, കൊടും കാടിനെയും കവി ഭാഷയിൽ സമുദ്രം എന്ന് പറയാറുണ്ട്, അങ്ങനെ കൊടും കാടായ ഭൂമിയെ മഴുവിനാൽ വെട്ടിതെളിച്ച്  വീണ്ടെടുത്ത പരശുരാമൻ അന്യദേശങ്ങളിൽ നിന്ന് ജനങ്ങളെ ഇവിടെ കൊണ്ട് വന്ന് കുടിയിരുത്തുകയും ഗ്രാമങ്ങളും ക്ഷേത്രങ്ങളും സ്ഥാപിക്കുകയും ചെയ്തുവെന്ന് പറയാം, പരശുരാമനാൽ വീണ്ടെടുക്കപ്പെട്ട കേരള ഭൂമിയെ പരശുരാമ ക്ഷേത്രമെന്നും പറയുന്നു, കേരളോല്പത്തിയിലും ഇത് പരാമർശിക്കുന്നു, കേരളോല്പത്തി കഥകൾ പ്രകാരം കേരളം പഴയ തുളുനാട് കൂടി ഉൾപ്പെടുന്ന ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള ഭൂപ്രദേശമാണ്, ഗോകർണ്ണം മുതൽ കന്യാകുമാരി വരെയാണ് അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങളായി ഭാഗിച്ചത്.ഇതിൽ മുപ്പത്തിരണ്ട് ഗ്രാമങ്ങൾ ആധുനിക കേരളത്തിൽ ഉൾപ്പെടുന്നു, ബാക്കി മുപ്പത്തിരണ്ട് ഗ്രാമങ്ങൾ ഇന്നത്തെ കർണാടക സംസ്ഥാനത്തിലുമാണ്, എന്നാൽ യഥാർത്ഥ ചരിത്രതെളിവുകളുടെ അടിസ്ഥാനത്തിൽ പറയുമ്പോൾ AD ഏഴാം നൂറ്റാണ്ടോടു കൂടി സംഘടിതമായ ബ്രാഹ്മണ കുടിയേറ്റം 8,9 നൂറ്റാണ്ടുകളോടു കൂടി 64 ഗ്രാമങ്ങൾ സ്ഥാപിച്ചതായി കരുതുന്നു, ആധുനിക ചരിത്രകാരൻമാർ കേരളത്തിലെ മുപ്പത്തിരണ്ട് ബ്രാഹ്മണ ഗ്രാമങ്ങളിൽ നിന്നും ഗ്രാമ ക്ഷേത്രങ്ങളിൽ നിന്നും ലഭിക്കുന്ന രേഖപ്പെടുത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ ചരിത്രം ശരിവെക്കുന്നു, എന്നാൽ എവിടെ നിന്നാണ് ബ്രാഹ്മണ കുടിയേറ്റം ഉണ്ടായത് എന്ന് ചരിത്രകാരൻമാർക്കിടയിലും നമ്പുതിരിമാർക്കിടയിലും തർക്ക വിഷയമാണ്, ആന്ധ്രാപ്രദേശിലെ കൃഷ്ണാനദി തീരം, ഗോദാവരി തീരം, കർണാടകത്തിലെ കുടക് ദേശം വഴി, തഞ്ചാവൂർ വഴി പാലക്കാടൻ ചുരമിറങ്ങി വന്നു എന്ന വാദങ്ങൾ, ഗുജറാത്തിലെ സൗരാഷ്ട്രയിൽ നിന്നും കുടിയേറി എന്ന വാദങളും നിലനില്ക്കുന്നുണ്ട്, ഐതീഹ്യത്തിൽ പരശുരാമൻ ആഡ്രയിലെ ബ്രാഹ്മണരെ ഇവിടെ കൊണ്ട് വന്ന് കുടിയിരുത്തിയതായി പറയുന്നു, എന്നാൽ ചരിത്രകാരൻമാർ കൂടുതൽ ആധികാരികമായി പറയുന്നത് സൗരാഷ്ട്രയിൽ നിന്നുള്ള കുടിയേറ്റം ആണ്.കാരണം അറുപത്തിനാല് ഗ്രാമങ്ങളിൽ അധികവും കടൽക്കര, സമതല പ്രദേശമാണ്, അതുവഴിയുള്ള സഞ്ചാര പാത എളുപ്പവുമാണ്,ആന്ധ്രാ , തമിഴ്കുടിയേറ്റമായിരുന്നെങ്കിൽ അധികവും മലയോര മേഖല ആയിരുന്നേനെ, മാത്രമല്ല അത് പ്രയാസകരവുമാണ്, 


പുരാണ ഇതിഹാസങ്ങളിലും കേരളത്തെ കുറിച്ചുള്ള പരാമർശങ്ങൾ കാണാൻ കഴിയും, ആദികാവ്യമായരാമായണത്തിലെ കിഷ്കിന്ധാകാണ്ഡം നാല്പത്തിയൊന്നാം സർഗത്തിൽ കേരളത്തെ കുറിച്ച് പരാമർശമുണ്ട്' തെക്കെ ദിക്കിലേക്ക് പോകുന്ന വാനരൻമാരോട് സുഗ്രീവൻ അവിടത്തെ രാജ്യങ്ങളെ കുറിച്ച് പറയുമ്പോൾ "നദീം ഗോദാവരീം ചൈവ 'സർവ മേവാനർവശ്യത' തഥൈവആന്ധ്രാൻ ച 'പൗഡ്രംൻ ച ചോളാൻ പാണ്ഡ്യാൻ കേരളാൻ " എന്നാണ് പറയുന്നത്, മഹാഭാരതത്തിലെ ആദിപർവം, സഭാപർവം, വനപർവം, ദ്രോണപർവം തുടങ്ങിയ വിവിധ അധ്യായങ്ങളിലും കേരളത്തെ പറ്റി പരാമർശമുണ്ട്, ഭാഗവത പുരാണത്തിൽ 'രുക്മണി സ്വയംവരത്തിൽ പങ്കെടുക്കാനായി തെക്കെ ദിക്കിൽ നിന്നും ചോളനും പാണ്ഡ്യനും കേരളനും (ചേരനും) വിദർഭ രാജധാനിയിൽ സന്നിഹിതരായിരിക്കുന്നതായി പറയന്നു, കൂടതെ പതിനെട്ടു പുരാണങ്ങളിൽപ്പെട്ടെ ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെ പറ്റി പരാമർശമുണ്ട്, അത്രത്തോളം കാലപഴക്കം ഉണ്ട് കേരളത്തിൻ്റെ സാമൂഹിക ചരിത്രത്തിന്, ഒന്നാം ചേരസാമ്രാജ്യകാലത്താണ് മഹാഭാരത യുദ്ധം നടന്നതെന്ന് കരുതപ്പെടുന്നു,ചേരമാൻ ഉതിയൻ എന്ന ആദ്യ ചേരരാജാവ് മഹാഭാരത യുദ്ധത്തിൽ പാണ്ഡവരെ സഹായിക്കാനായി കേരളത്തിൽ നിന്ന് സൈന്യത്തെ വിട്ട് കൊടുത്തതായും പറയപ്പെടുന്നു, മറ്റൊരു കഥയുള്ളത് കുരുക്ഷേത്രയുദ്ധത്തിൽ പങ്കെടുത്ത ക്ംരവർക്കും പാണ്ഡവർക്കും ഭക്ഷണം നല്കിയതായും അങ്ങനെ 'ചേരമാൻ ഉതിയന് 'പെരുഞ്ചോറ്റുതിയൻ' എന്ന വിശേഷണം ലഭിച്ചതെന്നും പറയപ്പെടുന്നു, പെരുഞ്ചോറ്റു സദ്യ നടത്തിയതായി സംഘകാല തമിഴ് കൃതിയായ 'അകനാനൂരിൽ ' പ്രസ്താവിച്ചിരിക്കുന്നു, രണ്ടാം ചേരസാമ്രാജ്യകാലത്താണ് ബ്രാഹ്മണ കുടിയേറ്റവും അറുപത്തിനാല് ഗ്രാമ സ്ഥാപനവും ഉണ്ടാകുന്നത്,


ബ്രാഹ്മണ ഗ്രാമ സ്ഥാപനവുമായി ബന്ധപ്പെട്ട പ്രധാന ചരിത്രരേഖകളിൽ ഒന്ന് തിരുവട്ടൂർ ലിഖിതമാണ്, തളിപ്പറമ്പിനടുത്ത് തിരുവട്ടൂർ ശിവക്ഷേത്രത്തിലെ സോപാനപടിയുടെ ഇരുവശത്താണ് ഈ ശിലാലിഖിതം ഉള്ളത്, ഈ ശിലാശാസനം പത്താം ശതകത്തിലേതാണ്, "മധ്യകേരളത്തിലെ വൈക്കം, ഇരിങ്ങാലക്കുട, പെരുവനം തുടങ്ങിയ ബ്രാഹ്മണ ഗ്രാമങ്ങളിൽ നിന്ന് 24 ബ്രാഹ്മണരെ കൊണ്ട് വന്ന് ഇവിടെ കുടിയിരുത്തിയതായി ഇതിൽ പറയുന്നു ", ബ്രാഹ്മണ ഗ്രാമ സ്ഥാപനത്തെ കുറിച്ചുള്ള പ്രധാന ചരിത്രരേഖയാണിത്, പുതിയ ബ്രാഹ്മണ ഗ്രാമങ്ങൾ നിലവിൽ വരുന്ന രീതിയെ കുറിച്ച് ഈ ലിഖിതത്തിൽ നിന്ന് മനസിലാക്കാം, ലിഖിതത്തിൻ്റെ ആദ്യഭാഗം നഷ്ടപ്പെട്ട് പോയിട്ടുള്ളതിനാൽ ആരാണ് ഗ്രാമം സ്ഥാപിച്ചത് എന്നോ കൃത്യമായ കാലം ഏതൊന്നോ അറിയാൻ കഴിയില്ല, ഈ ശിലാശാസനത്തിൽ രാമൻ ചേമാനി എന്ന മൂഷികവംശ രാജാവിനെ കുറിച്ച് പരാമർശമുണ്ട്,


AD 1100 ന് ശേഷം അതായത് പെരുമാക്കാൻ മാരുടെ ഭരണത്തിന് ശേഷം പൂർണ്ണമായി ബ്രാഹ്മണ മേധാവിത്വം നിലവിൽ വരുകയും അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങൾ സ്ഥാപിക്കപ്പെടുകയും ചെയ്തു എന്ന് കണക്കാക്കാം,, അങ്ങനെ ഭൂമിയും ക്ഷേത്ര വകകൾ ദേവസ്വം എന്ന പേരിലും ബ്രാഹ്മണരുടെ ആധിപത്യത്തിൽ വരികയും, പുതിയ നിയമ സംഹിതകൾ ഉണ്ടാക്കുകയും ചെയ്തു. ജാതി വ്യവസ്ഥകൾ നിർണയിക്കപ്പെടുകയും ചെയ്തു, കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണ ഗ്രാമമായി പരിഗണിക്കുന്ന പെരുംഞ്ചെല്ലൂരിനെ (തളിപ്പറമ്പ്)യാഗഭൂമിയായി സംഘകാല തമിഴ് കൃതിയായ 'അകനാനൂറിൽ 'പരാമർശിക്കുന്നുണ്ട്, 

അറുപത്തിനാല് ഗ്രാമങ്ങളെ പറ്റി ഐതീഹ്യങ്ങളും ചരിത്രങ്ങളും ഇങ്ങനെ വാദപ്രതിവാദതർക്കങ്ങളായി ചരിത്രകാരൻ മാർക്കിടയിൽനിലനില്ക്കുന്നു, അതിനെ എല്ലാം മാറ്റി നിർത്തി കൊണ്ട് നമുക്ക് ആ പ്രാചീന ഗ്രാമങ്ങൾ ഏതൊക്കെയെന്ന് അറിയാൻ ശ്രമിക്കാം, പലർക്കും അത് അറിയില്ല. ചിലത്കേട്ടിട്ടുണ്ടാകാം.എന്നാൽ അറുപത്തിനാല് ഗ്രാമപേരും നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്, പൗരാണിക കേരളത്തിലെ ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള ആ പ്രാചീന ബ്രാഹ്മണ ഗ്രാമങ്ങളുടെ പേര് പുതിയ തലമുറയുടെ അറിവിലേക്കായി പങ്ക് വെയ്ക്കുന്നു,

1) ഗോകർണം

2) ഗോമടം

3) കാരാവള്ളി

4) കല്ലൂർ

5) എപ്പാത്തൂർ

6) ചെപ്പാനൂർ (ചെമ്പന്നൂർ)

7) കാടലൂർ

8 ) കല്ലന്നൂർ

9 ) ആര്യഞ്ചെറ(കാര്യച്ചിറ)

10) വാര്യഞ്ചെറ(വൈയ്യർച്ചിറ)

11 ) തൃക്കണ്ണി (തൃക്കാണി)

12 ) തൃക്കട്ട (തൃത്താടം)

13 ) തൃക്കൺ പാലം

14) തൃച്ചോല (തൃച്ചമ്പേരൂർ)

15) കൊല്ലൂർ

16) കോമളം (കോമലം)

17 ) വെള്ളാര

18) വെങ്ങാട്

19) പെൻകരം (പെവെത്തട്)

20) ചൊങ്ങൊട് ( ചെങ്ങോടം)

21 ) കോടീശ്വരം (കോഡടീശ്വരം)

22) മഞ്ചേശ്വരം (മഞ്ചീശ്വരം)

23) ഉടുപ്പ് ( ഉടുപ്പി)

24)ശങ്കരനാരായണം

25) കോട്ട (കൊട്ടം)

26) ശ്രിവല്ലി

27) മൊറ

28) പഞ്ച

29 ) പിട്ടല (ഇട്ടലി)

30 ) കുമാരമംഗലം

31) അനന്തപുരം

32) കഞ്ചുപുരം (കർണ്ണപുരം)

( ഈ 32 ഗ്രാമങ്ങൾ ഇന്ന് കർണാടകത്തിലാണ് )

33) പയ്യന്നൂർ

34) കരിക്കാട്

35 ) പെരുഞ്ചെല്ലൂർ (തളിപറമ്പ്)

36 ) ഈശാനമംഗലം

37) ആലത്തൂർ

38) കരിങ്കോളം (കരിത്തൊളം )

39) ശുകപുരം ( പന്നിയൂർ, മാണിയൂർ)

40) ചൊവ്വരം

41) ശിവപുരം (തൃശ്ശിവപേരൂർ, തൃശൂർ)

42) പെരുമനം (പെരുവനം)

43) ഇരിങ്ങാണിക്കുടം (ഇരിഞ്ഞാലക്കുട)

44) പറപ്പൂർ (പറവൂർ)

45 ) ഐരാണിക്കുളം

46) മൂഷികക്കുടം (മൂഴിക്കുളം)

47 ) അടവൂർ (അടപ്പൂർ)

48) ചെങ്ങനാട് (ചെങ്ങമനാട്)

49) ഉളിയന്നൂർ

50 ) കലുതനാട് ( കഴുതനാട്)

51) കുഴയൂർ (കളപ്പൂർ)

52 ) ഇളിഭിയം (ഇളിഭ്യം)

53) ചമ്മുന്ദ ( ചെമ്മണ്ട)

54) ആവട്ടിപ്പുത്തൂർ (ആവട്ടത്തൂർ)

55) കാടക്കറുക (കാടമറുക് ,കാടമുറി)

56) കിടങ്ങൂർ

57) കാരനെല്ലൂർ (കുമാരനെല്ലൂർ)

58) കവിയൂർ

59) ഏറ്റുമാണിയൂർ (ഏറ്റുമാനൂർ)

60 ) നിമ്മണ്ണ ( നിൽമണ്ണ)

61) അൻമണി ( വെൺമണി)

62 ) അൻമലം (ആറൻമുള )

63) തിരുവില്ലായി (തിരുവല്ല)

64 ) ചെങ്ങണിയൂർ (ചെങ്ങന്നൂർ)

 (കേരളത്തെ അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങളായി ഭാഗിച്ച് ബ്രാഹ്മണർ ആ ഗ്രാമങ്ങളിൽ ആധിപത്യവും അധികാരവും സ്ഥാപിച്ചതിനെ പറ്റിയും ഗ്രാമങ്ങളുടെ പേരും വിവരിക്കുന്നതാണ് ഈ ലേഖനം ,അല്ലാതെ കേരളത്തിലെ ആദിമ മനുഷ്യരെ പറ്റിയോ. കേരളത്തിൽ മനുഷ്യരുടെ ഉത്ഭവത്തെ പറ്റിയോ അല്ല ലേഖനം, തെറ്റിദ്ധാരണകൾ വേണ്ട, ബ്രാഹ്മണ ഗ്രാമ സ്ഥാപനത്തെ കുറിച്ച് മാത്രമാണ് പോസ്റ്റ്, )

(അനീഷ് PG, ചാലക്കുടി)

No comments:

Post a Comment