Saturday, August 13, 2022

 *വാല്മീകിരാമായണ യജ്ഞം* - 

*ഇരുപത്തി എട്ടാം ദിവസം*

*സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി*


ഏറെ ഉദ്വേഗം നൽകാതെ രഘുകുല മഹത്വം ചൊല്ലി വൈദേഹിയുടെ സമ്മതി നേടിയ

മാരുതി മുഖ്യ ദൗത്യം സഫലമാക്കി. അതിനു ശേഷം ഉപവനം നശിപ്പിച്ചു, രക്ഷോഗണത്തെ ഹനിച്ചു.

ബ്രഹ്മാസ്ത്രത്തിനു വഴങ്ങി ബന്ധനസ്ഥനായി ലങ്കേശ്വരന്റെ സഭയിൽ

ആനയിക്കപ്പെട്ടു. ശ്രീരാമ സന്ദേശവുമായെത്തിയ സുഗ്രീവന്റെ

ദൂതനെന്നു പരിചയെപ്പെടുത്തി, വാനര

പ്രകൃതത്താൽ ഉദ്യാനം നശിപ്പിച്ചു,

സ്വാത്മരക്ഷാർത്ഥം രാക്ഷസരെ വധിച്ചു.


രാവണന് ശ്രേയസ്കരമായ ഒരു

കാര്യത്തെ പറയാം. വരബലം കൊണ്ടുള്ള

രാവണന്റെ അവധ്യത രാമനും സുഗ്രീവനും

മുന്നിൽ നിലനില്ക്കില്ല. ധർമ്മഫലമെല്ലാം

അനുഭവിച്ചു തീർന്ന രാവണനെ ഇനി കാത്തിരിക്കുന്നത് അധർമ്മങ്ങളുടെ ഫലമാണ്. രക്ഷയ്ക്കുള്ള ഏക ഉപായം

ജാനകിയെ തിരിച്ചു നൽകി, സമസ്താപരാധങ്ങളും ഏറ്റു പറഞ്ഞ്

രാമനിൽ ആശ്രയം തേടുക മാത്രമാണ്.

ഹനുമാനെ വധിക്കാനായിരുന്നു രാവണന്റെ

ആജ്ഞ. 


വീരം ദൂതനോടു പ്രകാശിപ്പിക്കാനുള്ളതല്ല;

അംഗഭംഗം ഏൽപ്പിക്കാം, വിഭീഷണൻ ഇടപെടുന്നു.  വാനരന് മുഖ്യം

വാലാകയാൽ അതിൽ തീ കൊളുത്തി

വിടാം. വാലിൽ തുണി ചുറ്റി  തീ കൊടുത്ത്

നഗര പ്രദക്ഷിണം നടത്തുന്നു. 

നഗര പര്യവേക്ഷണാവസരം മാരുതി

ഫലപ്രദമായി നിർവ്വഹിക്കുന്നുണ്ട്.


പാതിവ്രത്യവും ധർമ്മനിഷ്ഠയും 

സദ്‌വൃത്തിയും നല്കിയ ബലത്താൽ

ജാനകി ഹനുമാനെ അഗ്നിയുടെ ചൂടിൽ

നിന്ന് രക്ഷിക്കുന്നു. ശ്രീരാമ പ്രഭാവവും

പിതാവിന്റെ അനുഗ്രഹവും സഹായിക്കുന്നു.

ബന്ധമുക്തി നേടി വാലിൽ തീയുമായി

ലങ്കയെ ദ്രോഹിച്ചതിൽ വിഭീഷണ ഗൃഹം

മാത്രം ഒഴിവാക്കി. സമുദ്രത്തിലെത്തി

വാലിലെ അഗ്നി കെടുത്തി.


ലങ്ക കത്തിയതിൽ സീതാദേവിയെക്കരുതി

ആശങ്ക ഉണരുന്നു; ദേവി സുരക്ഷിത

എന്നറിഞ്ഞു ആശ്വസിക്കുന്നു. ഒരിക്കൽ കൂടി സീതാദേവിയെ സമീപിച്ച് വിട വാങ്ങുന്നു.


മഹേന്ദ്രപർവ്വതത്തെ ലക്ഷ്യമാക്കി

മേഘഗർജ്ജനം നടത്തി മാരുതിയുടെ

പ്രത്യാഗമനം നടന്നു; തീരത്തണഞ്ഞു.

നൽകേണ്ട സന്ദേശത്തെ ഏറ്റവും സംഗ്രഹിച്ച്  " സീതയെ കണ്ടു ...." എന്ന

വാക്കുകളിൽ പ്രകാശിപ്പിച്ചത് വാനര സംഘത്തിന്റെ ഹർഷാരവങ്ങളോടെ

സ്വീകരിക്കപ്പെട്ടു.

അവിടെ കണ്ടതിൽ തന്റെ മനസ്സിൽ

പാടുണ്ടാക്കാൻ  യോഗ്യമല്ലാത്തവ

ഒഴിവാക്കി കൊണ്ട് എല്ലാം പറഞ്ഞു.


മടക്കത്തിൽ മധുവനത്തിലെ ആഘോഷവാർത്ത കേട്ട സുഗ്രീവൻ

അത് ശുഭസൂചനയായി കണ്ടു.

" ദേവിയെ കണ്ടു " എന്ന അമൃതോപമമായ

വാർത്ത രാമ ലക്ഷ്മണന്മാരെയും

സുഗ്രീവനെയും അറിയിച്ചു.അടയാളങ്ങൾ

കൈമാറി.

ദേവിയുടെ കൈവിടാത്ത പ്രത്യാശയും

അറിയിച്ചു. ഉത്തമ ദൂതന്റെ യാത്രാസാഫല്യം

കേട്ട്  സംതൃപ്തനായ രാഘവൻ

മാരുതിയെ ഗാഢമായി ആലിംഗനം ചെയ്തു


ഇവിടെ മാരുതി നല്കുന്ന പാഠത്തെ

സ്വാമിജി വിശദമാക്കുന്നു.

ശ്രദ്ധയ്ക്ക് വേദാന്ത ദൃഷ്ട്യാ വിശ്വാസമെന്നാണ് അർത്ഥം.

ഗുരുവേദാന്തവാക്യങ്ങളിൽ പുലർത്തുന്ന

വിശ്വാസം. അവരവരിൽത്തന്നെയും

ഗുരു കാരുണ്യത്തിലും ശാസ്ത്രഗ്രന്ഥങ്ങളിലുെമൊക്കെയുളള

വിശ്വാസം ജന്മത്തെ സഫലമാക്കും.

ആസ്തിക്യബുദ്ധി എന്നാണ് ശ്രദ്ധയ്ക്ക്

ഭഗവദ്പാദർ നൽകുന്ന അർത്ഥം. ഉണ്ട് 

എന്നുള്ള  ബോദ്ധ്യം. 

ഉണ്ട് എന്നു തീരുമാനിച്ചവർക്ക് ആ തത്വ പ്രസാദം ലഭിക്കുന്നു.

രാവണന്റെ പ്രതാപവും പ്രലോഭനങ്ങളും

തൃണസമാനം നിരാകരിച്ച ജാനകി ഈ

ശ്രദ്ധയുടെ നിദർശനമാണ്. പ്രതീക്ഷയ്ക്ക്

വകയില്ലാത്തിടത്തും പ്രത്യാശ പുലർത്തുന്ന

സീത ശ്രദ്ധയുടെ ഗംഭീര മാതൃകയാവുന്നു.

നിഷേധാത്മക സമീപനത്തിനു പകരം

ശ്രദ്ധകൊണ്ട് അനുഗൃഹീതരാവണം..

" ആത്മനോ മോക്ഷാർത്ഥം 

ജഗത് ഹിതായ ച " എന്നും ഇതോടൊപ്പം

ഓർക്കാം.


സുന്ദരകാണ്ഡം അവസാനിച്ചു. 

യുദ്ധകാണ്ഡത്തിലേക്കു പ്രവേശിക്കുന്നു.

സാഗര സംതരണത്തെക്കുറിച്ചുള് 

ആലോചനകൾ തുടങ്ങുന്നു.

രാവണന്റെ ബലത്തെക്കുറിച്ചും

സൈന്യസംവിധാനത്തെക്കുറിച്ചും

മാരുതി സൂചന നൽകുന്നു. പർവ്വതവും

സാഗരവും കൂറുള്ള രാക്ഷസന്മാരും

നാലു ദിക്കുകളിലെ സൈന്യ വിന്യാസവും

വിവരിച്ച ശേഷം, നീലൻ നയിക്കുന്ന

സംഘമായി എല്ലാവരും  സമുദ്രതീരത്തേക്കു തിരിച്ചു.


തുടർന്ന് നാളെ ......


പ്രണാമം സ്വാമിജി,

 സംഗ്രഹം:

വിജയകുമാരൻ വി

SF Palakkad

9446815250

13.08.2022

No comments:

Post a Comment